കപ്പലണ്ടി വറുക്കാൻ 18,000 രൂപയുടെ യന്ത്രക്കൈ; റഹീം സേട്ടിന് ഇനിയെല്ലാം സിംപിൾ

HIGHLIGHTS
  • കപ്പലണ്ടി ചീനച്ചട്ടിയിലിട്ടു വെറുതേ നോക്കി നിന്നാൽ മതി
  • നാലുചക്ര വണ്ടിയിലാണ് ഈ കപ്പലണ്ടി വറക്കും യന്ത്രക്കൈ
peanut-parch-machine-is-part-of-raheem-s-life
ആലപ്പുഴ ബീച്ചിൽ നാലുചക്ര വണ്ടിയിൽ ഒരുക്കിയ യന്ത്രക്കൈ ഉപയോഗിച്ച് കപ്പലണ്ടി വറുക്കുന്ന റഹീം സേട്ട്
SHARE

റഹീമിന് ഇനി കപ്പലണ്ടി ചീനച്ചട്ടിയിലിട്ടു വെറുതേ നോക്കി നിന്നാൽ മതി. കൊറിക്കാൻ പാകത്തിനു കപ്പലണ്ടി മറിച്ചും തിരിച്ചുമിട്ടു വറക്കുന്ന ജോലി യന്ത്രക്കൈ ഏറ്റു. 18 വർഷമായി ബീച്ചിൽ കച്ചവടം നടത്തുന്ന ആലിശേരി തങ്ങൾവക പുരയിടത്തിലെ റഹീം സേട്ടിന്റെ(64) നാലുചക്ര വണ്ടിയിലാണ് ഈ കപ്പലണ്ടി വറക്കും യന്ത്രക്കൈ.

ഐസ് പ്ലാന്റിലും ചുമടു ചുമന്നുമൊക്കെ കഴിഞ്ഞ കാലം ശരീരത്തിനു സമ്മാനിച്ച അസ്വസ്ഥകൾ കപ്പലണ്ടി വറക്കാൻ ത‌ടസ്സമായപ്പോഴാണു റഹീം പരിഹാരം തേടി അന്വേഷണം തുടങ്ങിയത്. ഒടുവിൽ പരിഹാരം കണ്ടെത്തിയതു കണ്ണൂരിൽ. മോട്ടോറിൽ സ്റ്റീൽ കൈകൾ വെൽഡു ചെയ്തു ഘടിപ്പിച്ചു ജനറേറ്ററിലാണ് പ്രവർത്തനം. കപ്പലണ്ടി മറിച്ചിടലിനു വേഗം കൂട്ടാനും കുറയ്ക്കാനും സ്വിച്ചുണ്ട്. പണി തുടങ്ങി 5 മിനിറ്റിൽ കപ്പലണ്ടി ചുമന്നു തുടുക്കും.

‘‘പ്രതിദിനം 20 കിലോ കപ്പലണ്ടി വീതം വറത്തെടുക്കുക ശ്രമകരമാണ്. മണിക്കൂറുകൾ ഒരേനിൽപു നിന്നിളക്കണം. ചുമലും കൈക്കുഴയുമെല്ലാം വേദനിക്കും. ഇനി അതു വേണ്ട. 18,000 രൂപയോളം ചെലവായി. എങ്കിലും കപ്പലണ്ടി വാങ്ങാൻ തന്നെ തേടി വരുന്നവർക്കു നല്ല കപ്പലണ്ടി നൽകാമല്ലോ’’സേട്ട് ആശ്വസിക്കുന്നു. 

തന്നെ തേടിയെത്തുന്നവർക്ക് ആദ്യം സാംപിൾ കപ്പലണ്ടി നൽകും. ഇഷ്ടപ്പെട്ടാൽ കൂടുതൽ വീണ്ടും നൽകും. അധികലാഭം വേണ്ടെന്നും സേട്ട്.  ബീച്ചിലെത്തുന്ന വിദേശികളുൾപ്പെടെ കപ്പലണ്ടി വാങ്ങാൻ സേട്ടിനെ തേടുന്നതിന്റെ കാരണം കാപട്യമില്ലാത്ത ഈ കച്ചവടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA