ഇതൊരു പുതിയ തുടക്കം, എല്ലാവരുടെയും പ്രാർഥന വേണം: ആഡിസ് ആന്റണി

HIGHLIGHTS
  • ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്
  • ഇത് സ്വപ്നമാണോ എന്നുപോലും ‍ഞാൻ ചിന്തിക്കാറുണ്ട്
Addis-antony-on-padam-namukku-padam-realityshow-mazhavilo-manorama
ആഡിസ് ആന്റണി
SHARE

സംഗീതപ്രതിഭകൾക്കായി മഴവിൽ മനോരമ ആരംഭിക്കുന്ന പാടാം നമുക്കു പാടാം റിയാലിറ്റി ഷോയിലൂടെ അവതാരക വേഷമണിയുകയാണ് ആഡിസ് ആന്റണി. നായികാ നായകനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആഡിസ് പുതിയ ദൗത്യം ഏറെ പ്രതീക്ഷകളോടെയാണു കാണുന്നത്.

എട്ടു മുതൽ 62 വയസ്സുവരെ പ്രായമുള്ള മത്സരാർഥികൾ മാറ്റുരയ്ക്കുന്ന പരിപാടിയുടെ സംപ്രേഷണം ഏപ്രിൽ 15 മുതല്‍ ആരംഭിക്കും. ഷോയെ കുറിച്ചും തന്റെ പുതിയ തുടക്കത്തെക്കുറിച്ചും ആഡിസ് മനസ്സു തുറക്കുന്നു

അവതാരകനായി ആഡിസ്

നായികാ നായകന്റെ സംവിധായകൻ അബ്രഹാം ചുങ്കത്താണ് ഈ ഷോയുടെയും സംവിധായകൻ. മഴവിൽ മനോരമയിലൂടെ തുടങ്ങിയ ആളാണു ഞാൻ. എനിക്കിതൊരു സ്കൂളാണ്. ഇവിടെ ഞാൻ പഠനം തുടരുകയാണ്. ഇപ്പോൾ പുതിയൊരു വേഷത്തിലാണെന്നു മാത്രം.

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് പലപ്പോഴും കടന്നു പോകുന്നത്. അത് എന്റെ മുഖത്ത് കാണാനുമാകും. സുരേഷേട്ടനാണ് (സുരേഷ് ഗോപി) ആദ്യ ദിവസത്തെ അതിഥി. അദ്ദേഹം അടുത്തു വന്നു നിന്നത് എനിക്കു വിശ്വസിക്കാനായില്ല. ടിവിയിൽ കണ്ട് ഒരുപാടു കയ്യടിച്ച ഒരാൾ ഇത്രയും അടുത്തു നിൽക്കുന്നു. അതുപോലെ ചിത്ര ചേച്ചി, ശരത്തേട്ടൻ, റിമി ചേച്ചി. ഇവരെല്ലാം ഷോയുടെ ഭാഗമാണ്. സത്യത്തിൽ ഇതു സ്വപ്നമാണോ എന്നുപോലും ‍ഞാൻ ചിന്തിച്ചിട്ടുണ്ട്.

പാടാം നമുക്ക് പാടാം

26 മത്സരാർഥികളാണ് ഷോയുടെ പങ്കെടുക്കുന്നത്. എല്ലാവരും നല്ല കഴിവുള്ളവരാണ്. മികച്ച വിധികർത്താക്കൾ. രശ്മി ചൊവല്ലൂർ ആണ് എനിക്കൊപ്പം അവതാരകയായി എത്തുന്നത്. ഒരുപാടു സംസാരിക്കുന്ന, പിന്തുണ നൽകുന്ന ഒരാളാണ് രശ്മി. മികച്ച ഒരു ടീം ഷോയുടെ പുറകിലുണ്ട്. എന്തുകൊണ്ടും നല്ലൊരു ഷോയായിരിക്കും എന്നതിൽ സംശയമില്ല.

വിന്‍സിയും അവതാരകയായി 

മഴവില്‍ മനോരമയിലെ ഡി 5 ജൂനിയറിലൂടെ വിൻസിയും അവതാരകയായി. വിൻസിയുടെ പ്രകടനം എല്ലാവരും കണ്ടു കാണും. അവള്‍ സൂപ്പറാണ്, വേറെ ലെവലാണ്. ആത്മവിശ്വാസം നിറഞ്ഞുനിൽക്കുന്നതാണു വിൻസിയുടെ അവതരണം. അതുപോലെ മാളവികയും തേജസ്സും മനോരമയിൽ പുതിയൊരു പരിപാടിയുമായി എത്തുന്നുണ്ട്.

സത്യത്തിൽ മഴവിൽ മനോരമ ഞങ്ങളെ ഓരോരുത്തരേയും വളരെയധികം പിന്തുണയ്ക്കുന്നു. അതുകൊണ്ടാണ് ഇത്രയും നല്ല അവസരങ്ങൾ  ലഭിക്കുന്നത്.

പ്രേക്ഷകരോടു പറയാനുള്ളത്

ലാൽ ജോസ് സാറിന്റെ സിനിമ കുറച്ചു മാസങ്ങൾക്കുള്ളിൽ തുടങ്ങും. അതിന്റെ ഭാഗമായാണു താടി വളർത്തുന്നത്. അതിനു മുൻപു എനിക്കു ലഭിച്ച മികച്ച അവസരമാണ് പാടാം നമുക്കു പാടാം. എന്റെ കഴിവിന്റെ പരമാവധി നന്നാക്കാൻ ഞാൻ ശ്രമിക്കും. ഇതൊരു പുതിയ വേഷമാണ്. തെറ്റുകളുണ്ടാവും. നിങ്ങൾ അതു ക്ഷമിക്കണം, എനിക്കു വേണ്ടി പ്രാർഥിക്കണം.

മലയാളം പറയുന്നതിൽ നായികാ നായകനിലേക്കാൾ മാറ്റം ഉണ്ടാകും. ഞാൻ അങ്ങനെ മലയാളം സംസാരിക്കുന്നതാണ് ഇഷ്ടമെന്നു പലരും പറയാറുണ്ട്. പക്ഷേ അതുകൊണ്ട് മലയാളം പഠിക്കാതിരിക്കാൻ ആകില്ലല്ലോ. ഒരിക്കൽ കൂടി പറയുന്നു എല്ലാവരുടെയും പ്രാർഥന ഒപ്പമുണ്ടാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA