ADVERTISEMENT

ബാങ്ക് മാനേജരായ കാർട്ടൂണിസ്റ്റ്– എസ്ബിഐ കൊച്ചി  ലയബിലിറ്റി സെന്റർ പ്രോസസിങ് സെന്റർ (എൽസിപിസി) ചീഫ് മാനേജരായ എ.സതീഷ് കുമാറിന് ഏറ്റവും ഇണങ്ങുന്ന വിശേഷണമാണിത്. ചിത്രകാരൻ, അഭിനേതാവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും കാർട്ടൂൺ രചനയോട് ഇദ്ദേഹത്തിന് ഒരിഷ്ടക്കൂടുതലുണ്ട്. രണ്ടായിരത്തിൽ അധികം കാർട്ടൂണുകളാണ് ഇദ്ദേഹം വരച്ചിട്ടുള്ളത്.

അമച്വർ നാടക രംഗത്തു മികച്ച നടനും സംവിധായകനുമടക്കം സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ശ്രീവരാഹം അച്യുതൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. നാടകത്തിന്റെ സെറ്റുകൾ വരയ്ക്കുന്നതും നാടകം പരിശീലിക്കുന്നതും സതീഷിനു ചെറുപ്പം മുതലുള്ള കാഴ്ചയാണ്. ജഗതി എൻ.കെ ആചരിയുടെ ‘താജ്മഹൽ അഥവാ രാജശിൽപി’ എന്ന നാടകത്തിനു വേണ്ടി വെള്ളത്തുണിയിൽ താജ്മഹൽ വരച്ച് 12ാം വയസ്സിലാണു സതീഷ് കലാരംഗത്തേക്കു കടക്കുന്നത്. കൊട്ടാരവും കുടിലും കാടും മേടും തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ നാടക സെറ്റുകൾക്കായി ഇദ്ദേഹം വരച്ചു. നാടകങ്ങളിൽ അഭിനയിച്ചു.

ജോലി കിട്ടുന്നതോടെ കലാ പ്രവർത്തനങ്ങളോടു വിടപറയുന്ന പതിവു രീതിക്കു വിപരീതമാണ് ഇദ്ദേഹത്തിന്റെ കഥ. എസ്ബിടി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബുകളിലെ നാടകാവതരണങ്ങളിൽ സതീഷ് സജീവമായിരുന്നു. അതുപോലെ പെയിന്റിങ്ങിലും. 

ഇദ്ദേഹം വരച്ച ചിത്രം കണ്ട് ഒരു സഹപ്രവർത്തകനാണു കാർട്ടൂൺ വരയ്ക്കാൻ ആവശ്യപ്പെട്ടത്.  വരച്ചതു കണ്ടപ്പോൾ സഹപ്രവർത്തകർ അഭിനന്ദിച്ചു. ലളിതകലാ അക്കാദമി എക്സിക്യുട്ടീവ് മെംബറായ കാരയ്ക്കമണ്ഡപം വിജയകുമാറാണു കാർട്ടൂൺ പ്രസിദ്ധീകരിക്കാം എന്നു പറയുന്നത്.  അതൊരു മാസികയിൽ അച്ചടിച്ചു. പ്രതിഫലമായി 25 രൂപയും കിട്ടി.

cartoon-2

ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ തുടർന്നു കാർട്ടൂണുകൾ വരച്ചു. 2002ൽ ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ബിസിനസ് പേജിൽ കാർട്ടൂണുകൾ വരയ്ക്കാൻ അവസരം ലഭിച്ചു. 

1995ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓൾ ഇന്ത്യ കാർട്ടൂൺ മത്സരത്തിൽ പുരസ്കാരം നേടി. എസ്ബിടി യുടെ മിലേനിയം അവാർഡും ലഭിച്ചിട്ടുണ്ട്.

തിരക്കുൾക്കിടയിൽ എങ്ങനെ കലയും പ്രഫഷനും ഒരുമിച്ചു കൊണ്ടുപോകുന്നു എന്നുചോദിച്ചാൽ അതിനു പിന്നിലും സതീഷിനു പറയാൻ ഒരു ഓർമയുണ്ട്. ‘ അന്നു ബാങ്ക് മാനേജരൊന്നുമല്ല, ചിത്രരചനും പോസ്റ്ററെഴുത്തു അഭിനയവുമൊക്കെയായി കഴിയുന്ന കാലം.  കെ.ജി. ജയിംസ് എന്ന ട്രേഡ് യൂണിയൻ നേതാവ് ഒരു ബാനർ എഴുതാൻ ഏൽപിച്ചു. 

പക്ഷെ, കൃത്യ സമയത്തു കൊടുക്കാൻ സാധിച്ചില്ല. സമയം കിട്ടിയില്ലെന്ന പതിവ് ന്യായീകരണം പറ‍ഞ്ഞപ്പോൾ സമയം ഇല്ലാത്തതല്ല പ്രശ്നം, സമയം കണ്ടെത്താത്തതാണ് എന്നായിരുന്നു ജയിംസിന്റെ മറുപടി. അതെന്നെ ഇരുത്തി ചിന്തിപ്പിച്ചു.അന്നുമുതൽ 2 മണിക്കൂർ വീതം എല്ലാദിവസവും കലാജീവിതത്തിനായി മാറ്റി വയ്ക്കാറുണ്ട്.’’–സതീഷ് പറഞ്ഞു.

കലാരംഗത്തു സജീവമായി പ്രവർത്തിക്കുമ്പോഴും ബാങ്കിലെ ജോലിയിൽ ഒരു മുടക്കവും വരുത്താറില്ല. മികച്ച പ്രകടനത്തിനുള്ള പുരസ്കാരങ്ങൾ ഒട്ടേറെത്തവണ ലഭിച്ചിട്ടുണ്ട്. 

എസ്ബിടി ദേശീയതലത്തിൽ നടത്തിയ ബാങ്ക് ഫെസ്റ്റിൽ 9 തവണ സതീഷ് കുമാറായിരുന്നു കലാപ്രതിഭ. ഇദ്ദേഹം വരച്ച കാർട്ടൂൺ ദേശീയ തലത്തിൽ പത്രങ്ങളിൽ പരസ്യ കാർട്ടൂണുകളായി ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 കൃതി അടക്കുമുള്ള രാജ്യാന്തര മേളകളിൽ ലൈവ് കാരിക്കേച്ചർ ആർട്ടിസ്റ്റായും സതീഷ് കുമാർ സാന്നിധ്യം അറിയിക്കാറുണ്ട്. 

കാർട്ടൂണുകളിലെ അടിക്കുറിപ്പുകൾ വടിവൊത്ത അക്ഷരങ്ങളിൽ സ്വയം എഴുതുകയാണ് പതിവ്. ജയശ്രീയാണു ഭാര്യ .മകൻ അർജുൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസറാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com