സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി, ദേഷ്യത്തോടെ മോഹൻലാൽ‍; ആ ചിത്രങ്ങൾക്കു പിന്നിൽ

HIGHLIGHTS
  • വിജയ് സേതുപതിയുടെയും രണ്ടു ഷോട്ടുകൾ എടുത്തു
  • നിക്കി ഗൽറാണിയുടെ ഫോട്ടോ ഷൂട്ട് അൽപം അപകടസാധ്യത ഉള്ളതായിരുന്നു
manorama-calendar-mohanlal-vijay-sethupathy-photo-shoot-fashion-monger-achu
SHARE

ഓരോ ഫോട്ടോയ്ക്കും പിന്നിൽ ഒരു കഥയുണ്ടാകും. അതെടുക്കുന്നവർക്കു മാത്രം അറിയാവുന്ന ഒന്ന്. ഒരു നല്ല ഫോട്ടോ ലഭിക്കാൻ ചിലപ്പോൾ ദിവസങ്ങളോളം നീണ്ട പ്രയത്നം വേണ്ടിവരും. അത് സെലിബ്രിറ്റികളുടെതാണെങ്കിൽ അധിക സമയമെടുക്കാതെ പൂർത്തിയാക്കുകയും വേണം. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മലയാള മനോരമ പുറത്തിറക്കുന്ന കലണ്ടറിന്റെ ഫോട്ടോഷൂട്ടിനു പ്രശസ്ത സിനിമാ താരങ്ങളായ മോഹൻലാൽ, വിജയ് സേതുപതി, ഇന്ദ്രജിത്ത്, നിക്കി ഗൽറാണി, ഐശ്വര്യ ലക്ഷ്മി, മംമ്ത മോഹൻദാസ് തുടങ്ങിയവരുടെ ചിത്രങ്ങൾ എടുത്തപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഫോട്ടോ കൺസെപ്റ്റ് ഡയറക്ടര്‍ ഫാഷൻ മോങ്കർ അച്ചു.

ഓരോ ഫ്രെയിമിനും ഓരോ കഥ

കഴിഞ്ഞ വർഷത്തെ മനോരമ കലണ്ടർ ഓട്ടോമൊബൈൽ എന്ന കൺസപ്റ്റ് ആസ്പദമാക്കിയായിരുന്നു. ഇത്തവണ സിനിമ വിഷയം. സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തു എല്ലാ ഫ്രെയിമിലും ഉണ്ടാവണം. ആ ഫ്രെയിലൂടെയാണ് കണക്ട് ചെയ്യുന്നത്. 

കലണ്ടറിനായി മോഹൻലാലിന്റെ രണ്ടു ഷോട്ടുകൾ എടുത്തു. ഒന്നിൽ പഴയ സിനിമയുടെ ഫിലിം റോൾസും, രണ്ടാമത്തേതിൽ വലിയ പ്രൊപ്പല്ലർ ഫാനുമാണ് ഉപയോഗിച്ചത്. പിന്നെ വിഡിയോ ലൈറ്റ്സും ഫ്രെയിമിൽ ഉൾപ്പെടുത്തി. അതുപോലെ വിജയ് സേതുപതിയുടെയും രണ്ടു ഷോട്ടുകൾ എടുത്തു. ഒന്നിൽ അദ്ദേഹത്തിന്റെ കയ്യിൽ പഴയ ക്യാമറ നൽകി. ക്ലിപ് ബോർഡിന്റെ മുകളിൽ കൈ വച്ചിരിക്കുന്ന രീതിയിലാണു രണ്ടാമത്തെ ഷോട്ട്. 

mohanlal-achuu
ഫാഷൻ മോങ്കർ അച്ചു മോഹൻലാലിനൊപ്പം

മംമ്തയുടെ ഷോട്ടിൽ ഫോട്ടോയുടെ പ്രിന്റ് ഔട്ട്സ് പുറകിൽ തൂക്കിയിട്ടിട്ടുണ്ട്. മംമ്തയുടെ തന്നെ ഫോട്ടോകളുടെ പ്രിന്റുകളാണ് അവ. ഇന്ദ്രജിത്തിന്റെ ഷോട്ടിൽ അദ്ദേഹത്തിന്റെ  കയ്യിലും നിലത്തും ഗ്രാമഫോണിൽ ഉപയോഗിക്കുന്ന ഡിസ്ക് ഉണ്ട്. സംയുക്തയുടേത് വുഡൻ ടച്ചിലാണ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഫ്രെയിമിന്റെ സൈഡിൽ ഒരു പ്രൊജക്ടർ ഉണ്ട്. അതിൽ നിന്ന് പ്രൊജക്ട് ചെയ്യുന്ന ഇമേജ് ആണ് ബാക്ക് ഗ്രൗണ്ടിൽ വന്നിരിക്കുന്നത്.

നിക്കി ഗൽറാണിയുടെ പിറകിൽ മരത്തിലുണ്ടാക്കിയ വിഡിയോ ലൈറ്റുണ്ട്. ഐശ്വര്യയുടെ കൈയിലുള്ളത് പഴയൊരു വിഡിയോ ക്യാമറയാണ്. ഹണി റോസിന്റെതാകട്ടെ ഒരു മേക്ക് അപ് ടേബിളും. കാർത്തിയുടെ ഷോട്ടിൽ നിയോൺ ലൈറ്റ്സിൽ സിനിമ എന്ന് എഴുതിയിട്ടുണ്ട്. റെട്രോ സിനിമാ മൂഡിൽ തന്നെയുള്ള ഒരു ഫ്രെയിമാണ് അത്. ഇങ്ങനെയാണ് 12 ഷോട്ട്സും ചെയ്തിരിക്കുന്നത്. 

ലാലേട്ടനെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല

ഓരോ ഫോട്ടോയും തികച്ചും വ്യത്യസ്തമാണ്. ഈ താരങ്ങൾക്കെല്ലാം സ്ഥിരമായി കണ്ടു വരുന്ന ലുക്കിൽ നിന്നും മേക്ക് ഓവർ വേണമെന്നു കോസ്റ്റ്യൂം ഡിസൈനർ അമൃതയോടു പറഞ്ഞിരുന്നു. താരങ്ങളിൽ മോഹൻലാലിനും വിജയ് സേതുപതിക്കും മാത്രമാണു രണ്ടു ലുക്ക് നൽകിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ലുക്ക്. മോഹൻലാലിനെ ആരാധകർ ഇതുവരെ ഇങ്ങനെ കണ്ടുകാണില്ല.

mohan-lal

അദ്ദേഹത്തിനു നീളത്തിലുള്ള ഗ്രീൻ ലെതർ ജാക്കറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ജാക്കറ്റിനുള്ളില്‍ പിങ്ക് ടീഷർട്ട്, പ്രത്യേക ടോൺ ജീൻസുമാണ് ഔട്ട് ലുക്ക്. ഇത്തരം ടോൺഡ് നിറത്തിലുള്ള ജീൻസുമിട്ട് ലാലേട്ടൻ ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ഉറപ്പാണ്. മോഡേൺ രീതിയിൽ നെക്ക് കളർ ഫോർ മെയിൽ ഇപ്പോഴാണു വരുന്നത്. ഇത്രയും നാൾ പിങ്കിനെ സ്ത്രീകൾക്കുള്ള നിറമായിട്ടാണു നമ്മൾ കരുതിയിരുന്നത്. പക്ഷേ മുംബൈയിലൊക്കെ പുരുഷന്മാരാണ് പിങ്ക് നിറം ഉപയോഗിക്കുന്നത്. 

രണ്ടാമത്തേതിൽ കറുപ്പു മുണ്ടും കറുപ്പു ഷർട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്. ലാലേട്ടന്റെ നെഞ്ചില്‍ ഒരു മെറ്റാലിക് ബാഡ്ജ് ഉണ്ട്. ഷർട്ടിന്റെ പാറ്റേണിൽ കുറച്ചു സ്ലീവ്സുണ്ട്. അങ്ങനെ കുറച്ചേറെ വേരിയേഷൻസ് നൽകിയിരിക്കുന്നു. ആദ്യത്തെ ലുക്കിൽ നിന്ന് തികച്ചും വ്യത്യസ്തം.

ആ ഭാവങ്ങള്‍, ആ ലുക്ക് അതിലാണ് എല്ലാം

ഒരു ചെറുപ്പക്കാരനെപ്പോലെ സന്തുഷ്ടമായ മുഖഭാവമായിരുന്നു ആദ്യത്തെ ഷോട്ടിൽ മോഹന്‍ലാലിന്റേത്. രണ്ടാമത്തെ ഷോട്ടിൽ സോളിഡ് ലുക്ക് ആണ്. പല സിനിമകളുമായി ബന്ധിപ്പിക്കാവുന്ന ദേഷ്യം നിറഞ്ഞ ഒരു മുഖഭാവം. 

vijay-sethupathy
കോസ്റ്റ്യൂം ഡിസൈനർ അ‌മൃതയും ഫാഷൻ മോങ്കർ അച്ചുവും വിജയ് സേതുപതിക്കൊപ്പം

വിജയ് സേതുപതിക്കും രണ്ടു ഗെറ്റപ്പുകളുണ്ട്. ആദ്യത്തേതിൽ സ്യൂട്ടും ഷാളുമൊക്കെ ധരിച്ച ഫൊട്ടോഗ്രാഫർ. ഒരു ക്യാമറ കയ്യിൽ നൽകിയിരിക്കുന്നു. അതൊരു മോഡേൺ ലുക്കാണ്. രണ്ടാമത്തെ ഷോട്ടിൽ ദോത്തിയും കഴുത്തിലും കയ്യിലും രുദ്രാക്ഷമാലയും. അദ്ദേഹം തമിഴ് ആക്ടർ ആണല്ലോ. അതുകൊണ്ടു തന്നെ ആ കൾച്ചറുമായി വേഷവിധാനങ്ങൾ ബന്ധപ്പെടുത്തിയിരിക്കുന്നു. ഫൊട്ടോഗ്രാഫി ചെയ്തിരിക്കുന്നത് ടിജോ ജോൺ ആണ്. 

ഇവരെല്ലാം പരസ്യങ്ങൾ ചെയ്യുന്നവരാണ്. അപ്പോൾ അങ്ങനെയൊരു ഫീലില്ലാതെ വളരെ സമാധാനപരമായ രീതിയിൽ ഷൂട്ടു ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഒരു മോഡലിങ് പോസിലേക്കു പോകരുതെന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഫെയറിടെയിൽ വസ്ത്രത്തിൽമംമ്തയെ കൊണ്ടു വരണം എന്നു കരുതി. അതിനു സാധിച്ചു. മംമ്തയുടെ ഗൗണിൽ ഫ്ളോറൽ പ്രിന്റുണ്ട്. അതുകൂടാതെ ഹാൻഡ് മെയ്ഡ് ഫ്ളവേഴ്സും ഗൗണിൽ  ചേർത്തിരിക്കുന്നു.

ഷോട്ട്സിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ ഫോട്ടോ. അതു നന്നാവുമോ എന്നൊരു സംശയമുണ്ടായിരുന്നു. കാരണം ഫോട്ടോ സെഷനൊന്നും അദ്ദേഹം ഷോർട്ട്സിട്ട് ചെയ്തിട്ടില്ല. പക്ഷേ ഷൂട്ടു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അദ്ദേഹം വളരെ ഈസിയായി പുതിയ ലുക്ക് കൈകാര്യം ചെയ്തു.

shoot-845
ഐശ്വര്യ ലക്ഷ്മി

സംയുക്ത മേനോൻ  എന്നു പറയുമ്പോൾ ആദ്യം ഓർമ്മയിലെത്തുക തീവണ്ടി ആയിരിക്കും. സാരിയുടുത്ത് നീണ്ട മുടിയുള്ള നാടൻ പെൺകുട്ടി. അതൊന്നു ബ്രേക്ക് ചെയ്യണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പരമ്പരാഗത വസ്ത്രധാരണം ഒഴിവാക്കുക. ഹെയര്‍ സ്റ്റൈലിലും മാറ്റം കൊണ്ടുവരിക. ഒരു ഷാർപ് എക്സ്പ്രഷനാണ് മുഖത്തുള്ളത്.

‘റിസ്ക്’ എടുത്ത് നിക്കി 

ഇതിൽ നിക്കി ഗൽറാണിയുടെ ഫോട്ടോ ഷൂട്ട് അൽപം അപകടസാധ്യത ഉള്ളതായിരുന്നു. നിക്കി സൈക്കിളിൽ ഇരുന്നായിരുന്നു പോസ് ചെയ്തത്. സൈക്കിൾ ഉറപ്പിച്ചു നിർത്തിയിരുന്നു. പക്ഷെ, താഴെ വീഴാൻ ഏറെ സാധ്യതയുള്ള ഷോട്ടായിരുന്നു അത്. ഇതേക്കുറിച്ച് നിക്കിയോടു  നേരത്തെ പറഞ്ഞു. ആ റിസ്ക് ഏറ്റെടുക്കാൻ അവർ തയാറായി. നിക്കിയുടെ ഊർജവും താൽപര്യവുമാണ് ആ ഫോട്ടോ ഇത്രയും ഭംഗിയാക്കിയത്.

ഐശ്വര്യ ലക്ഷ്മി എല്ലാ സിനിമയിലും മോഡേണായിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിനു മാറ്റം വരുത്താനായിരുന്നു സാരി. ഹണി റോസിന്റേത് പുതിയൊരു ഐഡന്റിറ്റി കൊടുത്തുള്ള രീതിയായിരുന്നു. 

nikki
നിക്കി ഗൽറാണി

അങ്ങനെ കാണുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തികച്ചും വ്യത്യസ്തമായി ഓരോ ഫ്രെയിമും ഒരുക്കാൻ സാധിച്ചു എന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു. 

ഉയരും തോറും ലാലേട്ടന്റെ എളിമ കൂടുന്നു

ഏതൊരു ആർട്ടിസ്റ്റിനെക്കാളും സിംപിളായിരുന്നു മോഹൻലാൽ. ആശയവിനിയമായാലും മറ്റു കാര്യങ്ങളായാലും അങ്ങനെ തന്നെ. മോഹൻലാൽ നൂറുശതമാനവും ഒരു ഡയറക്ടേഴ്സ് ആക്ടർ ആയത് അതുകൊണ്ടാണ്. എത്ര തവണ ആശയം വിവരിച്ചു കൊടുത്താലും അദ്ദേഹം കേൾക്കും.‌ അദ്ദേഹത്തിന്റെ വീട്ടിലെത്തിയും ട്രയൽ ഷൂട്ടിനും ഷോട്ടിനിടയിൽ ഞാൻ വിവരിച്ചു കൊടുത്തിരുന്നു. മികച്ച കേൾവിക്കാരനാണ് അദ്ദേഹം. നമ്മുടെ ആവശ്യങ്ങളെ ഇതുപോലെ ബഹുമാനിക്കുന്ന മറ്റൊരു കലാകാരൻ വേറെയുണ്ടാകില്ല. അദ്ദേഹത്തിന്റെ രീതിയിലേക്ക് നമ്മളെ കൊണ്ടു പോകാനല്ല ശ്രമിക്കുന്നത്. കോസ്റ്റ്യൂമിനെക്കുറിച്ചു പോലും അഭിപ്രായം ചോദിക്കും. ഇഷ്ടമായോ, ഉദ്ദേശിച്ച രീതിയിലാണേ വന്നിരിക്കുന്നത് എന്നു നമ്മളോടു ചോദിക്കും. അതിനുശേഷമായിരിക്കും അദ്ദേഹം കണ്ണാടിയിൽ നോക്കുന്നത്.

achu

എനിക്കപ്പോൾ അദ്ദേഹത്തോടു ബഹുമാനം തോന്നും. നമ്മുടെ സന്തോഷമാണ് ആദ്യം അന്വേഷിക്കുന്നത്. ലാലേട്ടാ ഫോട്ടോ കാണിക്കട്ടെ എന്ന് ചോദിക്കുമ്പോൾ അച്ചുവിന് ആവശ്യമുള്ള സാധനം കിട്ടുന്നുണ്ടോ എന്ന് അദ്ദേഹം തിരിച്ചു ചോദിക്കും. രണ്ടു ഷോട്ടും എടുത്തു കഴിഞ്ഞാണ് അദ്ദേഹം കംപ്യൂട്ടറിൽ വന്നു ചിത്രങ്ങൾ കണ്ടത്. അതുവരെ എങ്ങനെ നന്നാക്കാം എന്നാണ് അദ്ദേഹം നോക്കിയിരുന്നത്.

ലാലേട്ടന്റെ രണ്ടാമത്തെ ഗെറ്റപ്പിൽ കറുപ്പു ഷർട്ടിന്റെ കൂടെ ഗ്രേ താടിയും മീശയും മുടിയുമൊക്കെയുണ്ട്. അതിനുവേണ്ടിയുള്ള സമയവും സാഹചര്യവും ലഭ്യമാക്കാൻ അദ്ദേഹം തയാറായിരുന്നു. നമുക്കു വേണ്ടത് എന്തെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചാൽ അതിനുവേണ്ടി അദ്ദേഹം എന്തും ചെയ്യും. അത്രയും ആത്മാർഥതയാണ്. 

ആർട്ടിസ്റ്റിനെ കംഫർട്ടബിളാക്കി നമ്മൾ വർക്ക് ചെയ്യുന്ന സാധാരണ രീതിയിൽ നിന്നും മാറി, ആർട്ടിസ്റ്റ് നമ്മളെ കംഫർട്ടബിളാക്കി വർക്ക് ചെയ്യുകയായിരുന്നു. അത് അദ്ദേഹത്തിന്റെ അനുഭവപരിചയത്തിന്റെയാണ്. സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം കൂടെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹത്തിനറിയാം.

www.manoramaonline.com/calendar എന്ന ലിങ്കിൽ നിന്ന് വായനക്കാർക്ക് ഇൗ കലണ്ടർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ഫോണുകൾക്കും ടാബ് ലറ്റുകൾക്കും മാത്രമായി ഒരുക്കിയിരിക്കുന്ന കലണ്ടർ ആപ്പിൽ കഴിഞ്ഞ തവണ മമ്മൂട്ടിയും ദുൽക്കറും ഉൾപ്പടെയുള്ള മിന്നും താരങ്ങൾ അണി നിരന്നിരുന്നു. പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഒാർഗ​െെനസറായും ആപ് പ്രവർത്തിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. പ്രാർഥനാ സമയങ്ങൾ, മുഹൂർത്തം, പൊതു അവധികൾ, കാലാവസ്ഥ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. 

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സമൂഹമാധ്യമങ്ങളിൽ‌ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ആൻഡ്രോയിഡ്, െഎ ഫോണ്‍ എന്നിവയിൽ ആപ് ഡൗൺലോഡ് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA