‘സാക്ഷി സൈലൻസ് എന്നു പറഞ്ഞാൽ മതി’; സെറ്റിൽ ചിരി പടർത്തി ധോണി

HIGHLIGHTS
  • ഗ്രൗണ്ടിലെപ്പോലെ തന്നെ വളരെ കൂളായിരുന്നു ധോണി
  • 4 പരസ്യങ്ങളിൽ അഭിനയിച്ചാണ് ധോണി മടങ്ങിയത്
mahendra-singh-dhoni-advertisement-shoot-in-goa
ധോണി പരസ്യചിത്രീകരണത്തിനിടെ. സമീപം സംവിധായകൻ മഹേഷ് വെട്ടിയാർ
SHARE

ലോകകപ്പിനു പുറപ്പെടും മുൻപ്  വിരാട് കോഹ്‍ലിയുൾപ്പെടെ ഇന്ത്യയുടെ മുൻനിര ക്രിക്കറ്റ് താരങ്ങൾ ഭാര്യമാർക്കൊപ്പം വിദേശങ്ങളിൽ അവധിയാഘോഷത്തിലായിരുന്നു. പക്ഷേ പഴയ നായകൻ മഹേന്ദ്ര സിങ് ധോണി  എവിടെയായിരുന്നു ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് കൗതുകരമായ ഒരു കാര്യം തെളിയുന്നത്. ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പ് ഗോവയിൽ ഒരു മലയാളിയുടെ സംവിധാനത്തിൻ കീഴിൽ പരസ്യചിത്രത്തിൽ അഭിനയിക്കുകയായിരുന്നു ധോണി.

മൊബൈലുകളിൽ ഉപയോഗിക്കുന്നതിനുള്ള, വാർഡ് വിസ് എന്ന ആന്റിവൈറസ് സോഫ്റ്റ് വെയറിന്റെ പരസ്യത്തിലാണ് ധോണി നായകനായത്. ഇതിന്റെ സംവിധായകനാകട്ടെ മലയാളിയായ മഹേഷ് വെട്ടിയാറും. 'ഗ്രൗണ്ടിലെപ്പോലെ തന്നെ വളരെ കൂളായിരുന്നു ധോണി. പരസ്യത്തിലെ സംഭാഷണങ്ങൾ മന:പാഠമാക്കിപ്പറയാൻ അദ്ദേഹത്തിന് അധികനേരം വേണ്ടിവന്നില്ല. തികഞ്ഞ ഒരു പ്രഫഷനലിനെയാണ് ധോണിയിൽ കാണാൻ കഴിഞ്ഞത്.'- മഹേഷ് പറയുന്നു.

ലോകകപ്പിന് പോകുന്നതിന്റെ ടെൻഷനൊന്നും അദ്ദേഹത്തിലില്ലായിരുന്നുവെന്നും മഹേഷ് ഓർമിക്കുന്നു. ചുരുങ്ങിയ സമയംകൊണ്ട് 4 പരസ്യങ്ങളിൽ അഭിനയിച്ചാണ് ധോണി മടങ്ങിയത്. ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു തമാശയും മഹേഷ് പങ്കുവയ്ക്കുന്നു.

ലോകകപ്പ് തിരക്കിലായതിനാൽ ധോണിക്ക് ഡബ്ബിങ്ങിനായി സമയം നീക്കിവയ്ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ട് സിങ്ക് സൗണ്ടിലായിരുന്നു ഷൂട്ട്. ഷൂട്ടിങ്ങിനിടെ സംവിധായകൻ സൈലൻസ് പറഞ്ഞപ്പോൾ സെറ്റിന്റെ പിറകിൽനിന്നാരോ സംസാരിക്കുന്നതുകേട്ടു. സെറ്റിന്റെ പിറകിൽ ശബ്ദമുണ്ടെന്ന് സൗണ്ട് ക്രൂ വിളിച്ചുപറഞ്ഞു. ഉടനായിരുന്നു ധോനിയുടെ സൂപ്പർ കൂൾ കമന്റ്: 'അങ്ങനെ പിറകിൽ നിന്നാരെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ വേറെ ആരെയും സംശയിക്കേണ്ട അതെന്റെ ഭാര്യയായിരിക്കും. സാക്ഷി സൈലൻസ് എന്നു പറഞ്ഞാൽ മതി...' ധോണിയുടെ ഈ 'ഹെലികോപ്റ്റർ ഷോട്ട്' –സെറ്റിൽ ചിരി പടർത്തി.

ലോകകപ്പിന് പുറപ്പെടും മുമ്പുള്ള 5 ദിവസങ്ങൾ വിവിധ പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായാണ് ധോണി മാറ്റിവച്ചത്. ചാർട്ടേഡ് വിമാനത്തിൽ ഭാര്യ സാക്ഷിക്കൊപ്പം ഗോവയിലെത്തിയ അദ്ദേഹം ഒരു സ്വകാര്യച്ചടങ്ങിലും പങ്കെടുത്തു. മകൾ സിവ ഒപ്പമുണ്ടായിരുന്നില്ല. ധോണിയുടെ സൗകര്യാർഥമാണ് മുംബൈയിൽനിന്ന് ഷൂട്ടിങ് ഗോവയിലേക്ക് മാറ്റിയത്. മകളെ കാണാനായി ഗോവയിൽ നിന്നു റാഞ്ചിയിലേക്ക് പോയ ധോണി അവിടെനിന്നാണ് ടീമിനൊപ്പം ചേർന്നത്. സംവിധായകന്റെയും ക്യാമറാമാന്റെയും മക്കൾക്കായി ബാറ്റിൽ ഓട്ടോഗ്രാഫ് നല്കിയാണു ധോണി മടങ്ങിയത്.

mahi-bat-autograph

മലയാളികളുടെ ഒരു കൂട്ടായ്മയാണ് ഈ പരസ്യത്തിന് പിന്നിലെന്നതും മറ്റൊരു സവിശേഷത. മുംബൈയിൽ സ്ഥിര താമസമാക്കിയ,കേരളത്തിൽ വേരുകളുള്ള സതീഷ് ഫെന്നിന്റെയും ഭാര്യ ഷൈലജ ദേശായിയുടെയും നേതൃത്വത്തിലുള്ള ആർട്ടിസ്റ്റ് മാനേജ്‌മെന്റ്/ഡൂഡിൽബഗ് എന്ന ഏജൻസിയാണ് പരസ്യനിർമാണത്തിന് ചുക്കാൻ പിടിച്ചത്. പ്രമുഖ ഛായാഗ്രാഹകൻ മധു നീലകണ്ഠനായിരുന്നു ക്യാമറ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA