sections
MORE

ഫാഷനല്ല, പോരാട്ടവും അവകാശവുമാണ് ഹീൽസ്; ക്യുടൂ പടരുമ്പോൾ

HIGHLIGHTS
  • ഹീൽസ് നിർബന്ധമാക്കിയതോടെ പ്രതിഷേധവും വ്യാപകം
  • രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഹീൽസ് പ്രശസ്തിയിലേക്കുയർന്നത്.
koo-too-protest-spreading-heels-controversy
SHARE

ഫാഷൻ കുടുംബത്തിലെ മിന്നും താരമാണ് ഹീൽസ്. ഒരോ കാലഘട്ടങ്ങളിലെയും ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുസൃതമായി ഉയരാൻ സാധിച്ചതോടെ തന്റേതായ ഇടം വിപണി കയ്യടക്കാൻ ഹീൽസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. എന്നാൽ കാലിൽ അണിയുന്നവർ അൽപം വേദന കൂടി സഹിക്കണമെന്ന ഹീൽസിന്റെ പിടിവാശിയാണ് വിവാദത്തിന്റെ മൂലകാരണം. മണിക്കൂറുകളോളം ഹീൽസ് അണിയുന്ന സ്ത്രീകളുടെ കാൽപ്പാദങ്ങൾക്കു നീരും പേശി വേദനയും സമ്മാനിച്ചതോടെ കണ്ണിലുണ്ണിയായിരുന്ന ഹീൽസ് കണ്ണിലെ കരടായി.

ആത്മവിശ്വാസത്തിന്റെ ‘ഉയരം’ കൂട്ടാൻ ഹീൽസിനാകുമെന്ന മിഥ്യാധാരണ തെല്ലൊന്നുമല്ല ഹീൽസിനെ വളർത്തിയത്. വിവിധ ജോലിക്കൾക്ക് ഉചിതമായ ഡ്രെസ്കോഡിലും ഹീൽസ് തന്റെ ‘നിർബന്ധ’ ഇടം നേടിയെടുത്തതോടെ ഹീൽസ് വിവാദതാരമായി. തൊഴിലിടങ്ങളിൽ ഹീൽസ് നിർബന്ധമാക്കിയതോടെ പ്രതിഷേധവും വ്യാപകമായി.

പ്രതിഷേധത്തിന്റെ  അലയൊലിയായി ‘ക്യുടൂ’

ഹാഷ്ടാഗുകളിൽ കൊത്തിവലിക്കും മുൻപേ ഹീൽസിനെതിരെ കനത്ത പ്രതിഷേധം ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറിയിട്ടുണ്ട്. എങ്കിലും നാടും നാട്ടാരും മാധ്യമങ്ങളും ഹീൽസിന്റെ ലീലാവിലാസങ്ങളെക്കുറിച്ച് അറിയാനിടയായത് സമൂഹ മാധ്യമത്തിലൂടെയാണ്. ജപ്പാനിൽ കൊടിമ്പിരി കൊണ്ടിരിക്കുന്ന ക്യൂടു പ്രതിഷേധം ലോകമെങ്ങും ആളിക്കത്താനിടയായത് യുമി ഇഷികാവ എന്ന യുവതി സമൂഹ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ്. 

koo-too
യുമി ഇഷികാവ

ജോലിയുടെ ഭാഗമായി ഹീൽസ് ധരിക്കാൻ നിർബന്ധിക്കുന്നതിനെതിരെ സർക്കാരിനു സമർപ്പിക്കാൻ യൂമി ഇഷികാവ ആരംഭിച്ച ഓൺലൈൻ പരാതിയിൽ ഇരുപതിനായിരത്തിധികം സ്ത്രീകളാണ് ഒപ്പു വച്ചത്. മുൻപ് ബ്രിട്ടനിലും സമാന മുന്നേറ്റത്തിൽ ഒന്നര ലക്ഷത്തിലധികം സ്ത്രീകൾ പരാതിയിൽ ഒപ്പു വച്ചിരുന്നു. 

കാന്‍ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തുന്നവർ നിർബന്ധമായും ഹീൽസ് അണിയണമെന്ന ‘പിടിവാശിക്കു’ മുന്നിൽ താരങ്ങൾ പ്രതിഷേധിച്ചത് ഹീൽസ് കൈകളിലേന്തിയായിരുന്നു. ഫിലിപ്പീൻസിലും ബ്രിട്ടിഷ് കൊളംബിയയിലും തൊഴിലിടങ്ങളിൽ ഹൈ ഹീൽഡ് ചെരിപ്പുകൾ അണിയാൻ നിർബന്ധിക്കുന്നതിനെതിരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

പുരുഷന്മാർക്ക് ഇത്തരം നിബന്ധനകളില്ലാത്തതിലുള്ള പ്രതിഷേധം കനക്കുമ്പോഴും പുരുഷന്മാർക്കും ഹീൽസിനും തമ്മിലുള്ള ബന്ധം അധികമാർക്കുമറിയില്ലെന്നതാണ് വാസ്തവം. ആ പിന്നാമ്പുറ കഥകൾ അറിയണമെങ്കിൽ ഹീൽസിന്റെ ചരിത്രം പരിശോധിക്കണം

kristen-stewart-cannes-heels

സ്ത്രീകൾക്കോ പുരുഷന്മാർക്കോ

ഹൈ ഹീൽഡ് ചെരിപ്പുകൾ ആദ്യമായി നിർമിച്ചത് സ്ത്രീകൾക്കല്ല, മറിച്ച് പുരുഷന്മാർക്കാണെന്നു പറഞ്ഞാൽ വിശ്വസിക്കാന്‍ അൽപം പ്രയാസമാണ്. എങ്കിലും വിശ്വസിച്ചേ മതിയാവൂ. പെൺ അഴകിന്റെയും സ്ത്രീത്വത്തിന്റെയും ബിംബമായി ഇന്നു നിലകൊള്ളുന്ന ഹീൽഡ് ചെരിപ്പുകൾ ആദ്യമായി ഉപയോഗിച്ചത് പുരുഷന്മാരായ പടയാളികളും നായാട്ടുവീരന്മാരുമാണ്. 15ാം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് കുടിയേറിയ പേർഷ്യൻസാണ് ഹീൽഡ് ചെരിപ്പുകളുടെ വ്യാപനത്തിന് പിന്നിലെന്നു കരുതപ്പെടുന്നു. പിന്നീട് രാജവംശവും പ്രഭു കുടുംബങ്ങളും മാത്രമണിയുന്ന ആഡംബര വസ്തുവായി ഹീൽഡ് ചെരിപ്പുകൾ മാറി. 

ഹീല്‍സ് അണിയുന്നത് പ്രൗഡിയുടെ ഭാഗമായിട്ടാണ് അന്ന് പുരുഷന്മാർ കണ്ടിരുന്നത്. ലൂയി പതിനാലാമന്റെ കാലത്ത് ഹീല്‍ഡ് ഷൂസ് പുരുഷ ഫാഷനിലെ അഭിവാജ്യ ഘടകമായിരുന്നു. ഇന്നും ഫാഷൻ വിദഗ്ധർക്കിടയിൽ ‘ ലൂയി ഹീൽസ്’ പ്രശസ്തമാണ്. ഇതിനിടയിൽ പല സ്ത്രീകളും ഉയരം കൂട്ടുവാനായി ഹീൽസിനെ കൂട്ടുപിടിച്ചിരുന്നെങ്കിലും 17ാം നൂറ്റാണ്ടിലാണ് സ്ത്രീകളുടെ ഇടയിൽ ഹീൽഡ് ചെരുപ്പുകൾ പ്രിയംനേടിത്തുടങ്ങിയത്. എന്നാൽ സ്റ്റിലെറ്റോസ്, പംപ്സ്, കിറ്റൻ അടക്കമുള്ള വിവിധ രൂപത്തിലും തരത്തിലുമുള്ള വരവോടെ ഹീൽസ് പൂർണമായും സ്ത്രീകൾക്കു വേണ്ടി മാത്രമായി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഹീൽസ് ഇന്നത്തെ പ്രശസ്തിയിലേക്കുയർന്നത്.

പോരാട്ടമാണ്  അവകാശമാണ്

വിവാദങ്ങള്‍ ഏറെയാണെങ്കിലും ഹീൽസ് ധരിക്കുവാൻ ഇഷ്ടപ്പെടുന്നവർ ഒട്ടേറെ. പ്രതിഷേധം ഹീൽസ് ധരിക്കണമെന്ന നിർബന്ധത്തിന് നേരെയാണങ്കിലും ആ ‘നിർബന്ധത്തിൽ’ ഒളിഞ്ഞിരിക്കുന്ന വേർതിരിവു കണ്ടില്ലെന്ന് നടിക്കാതിരിക്കാനാവില്ല. തിരഞ്ഞെടുപ്പും നിർബന്ധവും തമ്മിലുള്ള വൈരുധ്യം ലോകത്തെ മനസ്സിലാക്കിക്കാനാണ് യുമി ഇഷികാവ അടക്കമുള്ള ലക്ഷക്കണക്കിനു സ്ത്രീകൾ ശ്രമിക്കുന്നത്. അതിനു ചെരിപ്പൊരു നിമിത്തമായെന്നു മാത്രം. 

നഗ്നമായ നേത്രങ്ങൾക്കും മനോവിചാരങ്ങൾക്കും സർവ സാധാരണമെന്ന് കരുതുന്ന പലതിന്റെയും പിന്നിൽ ഉറങ്ങികിടക്കുന്ന അജൻഡകൾക്കെതിരെയുമാണ് ഈ പോരാട്ടം. എല്ലാം കണ്ണടച്ചു വിശ്വസിക്കാതെ ഓരോ നിര്‍ബന്ധങ്ങൾക്കും പിന്നിലെ കാരണങ്ങളിലേക്കുള്ള അന്വേഷണം കൂടിയാണ് ഈ പ്രതിഷേധം ലക്ഷ്യമിടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA