സ്നേഹവും കരുതലും നിറയുന്ന കാരുണ്യാർച്ചന

HIGHLIGHTS
  • വനിതാ കൂട്ടായ്മകളെ ആദരിക്കാൻ മലയാള മനോരമ ഏർപ്പെടുത്തിയ 'പെണ്ണൊരുമ' പുരസ്കാരം
  • ഒന്നാം സ്ഥാനത്ത് കടുത്തുരുത്തി അർച്ചന റീജനൽ സെന്റർ
malayala-manorama-pennoruma-award
അർച്ചന വിമൻസ് സെന്റർ കടുത്തുരുത്തി റീജനൽ സെന്ററിലെ അംഗങ്ങൾ തയ്യൽ യൂണിറ്റിനു മുന്നിൽ.
SHARE

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ. കഴിഞ്ഞകൊല്ലത്തെ പ്രളയത്തിൽ പൂർണമായി ഒറ്റപ്പെട്ടുപോയി അവിടം. ഭക്ഷണമില്ല, ഉടുതുണിക്കു മറുതുണിയില്ല, തല ചായ്ക്കാൻ ഇടമില്ല. അവിടേക്കാണ്, അർച്ചന വിമൻസ് സെന്റർ കടുത്തുരുത്തി റീജനൽ ശാഖയ്ക്കു നേതൃത്വം നൽകുന്ന കോതനല്ലൂർ സ്വദേശിനി ഷൈനി ജോഷി എത്തിയത്. 

ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു വീട്ടിലേക്ക് കയറിയ ഷൈനി കരഞ്ഞുപോയി. കാൻസർ രോഗിയായ വയോധികയും മനോദൗർബല്യമുള്ള മകളും. കിടക്കാനൊരു പായ ഇല്ല, ഭക്ഷണമോ വസ്ത്രങ്ങളോ ഇല്ല. ശുചിമുറി പോലുമില്ല. 

അർച്ചനയ്ക്കു നേതൃത്വം നല്കുന്ന സിസ്റ്റർ ത്രേസ്യാമ്മ മാത്യുവുമായി കൂടിയാലോചിച്ച് ഉടൻ അവർക്കു വേണ്ട അവശ്യവസ്തുക്കൾ എത്തിച്ചു. പിന്നീട് ആ വീട് നന്നാക്കുന്നതിനും ശുചിമുറി നിർമിച്ചു നൽകുന്നതിനും സഹായം നൽകി.

മുണ്ടാറിന്റെ പോറ്റമ്മമാർ

അതൊരു തുടക്കമായിരുന്നു.  പ്രവർത്തനം ആരംഭിച്ച് ഒരു വർഷം മാത്രമായ അർച്ചന റീജനൽ സെന്ററിലെ ആയിരത്തിലേറെ അംഗങ്ങൾ സേവന സന്നദ്ധരായി മുന്നോട്ടുവന്നു. 

ഷൈനിയുടെയും പെൺകൂട്ടായ്മയുടെയും നിസ്വാർഥമായ സേവനം കണ്ടറിഞ്ഞ് പുണെയിൽനിന്ന് എസ്എസ്പി, ഡൽഹിയിൽനിന്ന് ഗൂഞ്ച് എന്നീ സന്നദ്ധ സംഘടനകൾ സഹായവുമായെത്തി. ലക്സംബർഗ് സ്വദേശിനി ഡെന്നിസ് റിച്ചഡ് എന്ന മനുഷ്യസ്നേഹിയും മുണ്ടാറിന്റെ കണ്ണീരൊപ്പാൻ കൂടി. 

ഇവരുടെയെല്ലാം സഹകരണത്തോടെ 40 വീടുകൾ വിവിധ പ്രദേശങ്ങളിലായി അർച്ചനയുടെ മേൽനോട്ടത്തിൽ ഒരുങ്ങുന്നു. പ്രളയത്തെ നേരിടാൻ കഴിയുന്ന സാങ്കേതികവിദ്യ വീടുനിർമാണത്തിനു പകർന്നു നൽകിയത് ഹോളണ്ടിൽനിന്നെത്തിയ പീറ്റർ ഹോഗൻബർഗും സംഘവുമാണ്. 

അർച്ചനയിൽനിന്നു മരപ്പണിയിലും മേസ്തിരിപ്പണിയിലും പരിശീലനം ലഭിച്ച സ്ത്രീകൾ വീടുനിർമാണത്തിൽ സജീവ പങ്കാളികളാണ്.

മുണ്ടാറിലെ സ്ത്രീകൾക്കു വിവിധ ഉപജീവന മാർഗങ്ങളും അർച്ചന പരിചയപ്പെടുത്തി. ഗൂഞ്ചിന്റെ സഹായത്തോടെ 40 തയ്യൽ മെഷീൻ വിതരണം ചെയ്തു. തുണി സഞ്ചി നിർമാണം, പാചക സംരംഭങ്ങൾ, പായ നെയ്ത്ത്, ബാഗ് നിർമാണം, ആടു വളർത്തൽ, മീൻ വളർത്തൽ, എൽഇഡി ബൾബ് നിർമാണ യൂണിറ്റ് എന്നിവയും ഇവിടെ തുടങ്ങിയിട്ടുണ്ട്.

വള്ളത്തിലെത്തി,പുഴയെ തെളിനീരാക്കി

പ്രളയശേഷം മാലിന്യവാഹികളായ നദികളും കായലുകളും കനാലുകളും ജീവിതം ദുരിതമയമാക്കിയിരുന്നു. ഇവിടേക്കാണ് അർച്ചനയിലെ ആയിരത്തിലേറെ അംഗങ്ങൾ ചെറുവള്ളങ്ങളിലേറി എത്തിയത്. കടുത്തുരുത്തി, വൈക്കം, ഉഴവൂർ, പാമ്പാക്കുട ബ്ലോക്കുകളിലെ 3 ആറുകൾ, 12 കനാലുകൾ, 18 തോടുകൾ എന്നിവയിൽനിന്നു മാലിന്യം വാരിനീക്കി. ഇവ വേർതിരിച്ചു സംസ്കരിക്കാനും നൽകി. 

ഒപ്പമുണ്ട്, ഇവർ

ദുരിതമനുഭവിക്കുന്ന ഓരോ സ്ത്രീയുടെയും കൂടെ അർച്ചനയുണ്ട്. സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ രോഗമോ മറ്റെന്തു ദുരിതമോ ആയാലും ഇവർ എത്തും. പ്രശ്നങ്ങൾ പരിഹരിച്ച്, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാറാകും വരെ കൂടെയുണ്ടാകും. 

സ്വയം തൊഴിലിനും മറ്റുമായി സർക്കാരിൽനിന്ന് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർ ഇടപെട്ട് ലഭ്യമാക്കുന്നു. അനേകം വനിതാസംരംഭങ്ങൾ വിജയകരമായി നടപ്പാക്കുന്നുമുണ്ട്.

സ്ത്രീകൾക്കായി ബോധവത്കരണ ക്ലാസുകളും സജീവം. അർച്ചന വിമൻസ് സെന്റർ ഹെഡ് ഓഫിസിന്റെ സഹകരണത്തോടെ വനിതകളുടെ അവകാശങ്ങളെ കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനായി ‘സുഭദ്രയുടെ ജീവിതം’ എന്ന നാടകവും അരങ്ങിലെത്തിച്ചു. 

അർച്ചനയുടെ പ്രവർത്തനങ്ങളൊന്നും കൂട്ടായ്മയുടെ വരുമാനം വർധിപ്പിക്കാനുള്ളതല്ല, അംഗങ്ങളായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 

എന്നിട്ടും ലാഭത്തിൽ ബാക്കിയാകുന്ന തുകയിൽനിന്നു നല്ലൊരു പങ്ക് രോഗികൾക്കു ചികിത്സാസഹായത്തിനായി നൽകുന്നു. കടുത്തുരുത്തി റീജനൽ സെന്ററിന്റെ ഭാഗമായി 156 ഗ്രൂപ്പുകളിലായി 2352 വനിതകളാണ് അർച്ചനയിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA