sections
MORE

ഇത് സ്നേഹത്തിന്റെ ‘താടി’ സന്ദേശം

HIGHLIGHTS
  • താടിക്കു പിന്നിലൊരു വലിയ ലക്ഷ്യമുണ്ട്
  • അംഗങ്ങളിൽ ഡോക്ടർമാർ മുതൽ കൂലിപ്പണിക്കാർ വരെയുണ്ട്
kerala-beard-society-success-story
SHARE

നിരാശയോ, സങ്കടമോ, പക്വതാബോധമോ അല്ല ഈ താടി. ആരെയും പേടിപ്പിക്കാനുമല്ല. പിന്നെ എന്തിനിതു വളർത്തുന്നു എന്ന് കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങളോടു ചോദിച്ചാൽ അവർ പറയും താടിക്കു പിന്നിലൊരു വലിയ ലക്ഷ്യമുണ്ട്. ഈ താടി വെറുമൊരു താടിയല്ല, മറിച്ചു സന്ദേശമാണ്.

കെബിഎസ് എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന സംഘടനയിലെ കട്ട താടിയുള്ള അംഗങ്ങൾ ലഹരിക്ക് അടിമകളും തീവ്രവാദികളും അല്ല. കാരുണ്യത്തിന്റെ രൂപങ്ങളായ അവർക്ക് താടിയാണു മതം, താടിയാണ് സ്നേഹം. കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കെബിഎസിന്റെ തനി ‘താടി’ വിശേഷങ്ങളിലേക്ക്...

ഉപദ്രവിക്കരുത്, മനുഷ്യനാണു സർ!

‘നിനക്കീ താടിയും മുടിയും വെട്ടി മനുഷ്യക്കോലത്തിൽ നടന്നൂടേ...’-വീട്ടുകാരുടെ ഈ സ്ഥിരം പരാതി കേൾക്കാത്തവർ ആരുമില്ല താടി കൂട്ടായ്മയിൽ. താടിയും മുടിയും നീട്ടി വളർത്തുന്നവരേക്കാൾ അതു കാണുന്നവർക്കാണു കൂടുതൽ അസ്വസ്ഥത. കെബിഎസ് എന്ന സംഘടനയുടെ പിറവിക്കു കാരണം ഇത്തരം നാട്ടുകാരും പൊലീസുമാണ്. താടിക്കാരെ സംശയത്തിന്റെ മുനയിൽ നിർത്തിയുള്ള പരിഹാസങ്ങളിൽ നിന്നാണു കൂട്ടായ്മ പിറക്കുന്നത്.

മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശിയും വ്യവസായിയുമായ അനസ് അബ്ദുല്ലയാണ് കെബിഎസ് സ്ഥാപകൻ. താടിയും മുടിയും നീട്ടിവളർത്തിയ അനസ് ബൈക്കിൽ യാത്രചെയ്യുമ്പോൾ പൊലീസ് പലപ്പോഴും കൈ കാണിച്ച് നിർത്തും. ബാഗ് പരിശോധിക്കും. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും വിരട്ടി വിടും.

ഇങ്ങനെ പൊലീസിന്റെ പരിശോധനയും നാട്ടുകാരുടെ പരാതികളും കേട്ടു മടുത്തപ്പോഴാണ് അനസ് അബ്ദുല്ല താടിക്കാരുടെ ചീത്തപ്പേര് ഇല്ലാതാക്കാൻ വഴി തേടിയത്. അങ്ങനെയാണ് സമാന പ്രതിസന്ധികൾ നേരിടുന്ന താടിക്കാരെല്ലാം കേരള ബിയേഡ്‌ സൊസൈറ്റിയെന്ന കാരുണ്യ കൂട്ടായ്മയിൽ ഒന്നിക്കുന്നത്.

താടി കൂട്ടായ്മയിൽ ലഹരി ഔട്ട്!

ഫെയ്‌സ്ബുക്കും വാട്‌സാപ്പും വഴി അംഗങ്ങളായവരെ ചേർത്ത് തൃശൂർ ആസ്ഥാനമായി 2017-ൽ ആണ് ജീവകാരുണ്യ സംഘടന ‘കേരള ബിയേഡ്‌ സൊസൈറ്റി ’ രൂപീകരിച്ചത്. തളിക്കുളം സ്നേഹതീരം ബീച്ചിലായിരുന്നു താടിക്കാരുടെ ആദ്യം സംഗമം. താടിക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അന്നു 10 പേരേ എത്തിയുള്ളൂ.

tadikkar-1

പിന്നീട് ചാവക്കാട് സ്വദേശി സഫീർ അഫയൻ‍സാണു താടിയുടമകളെ സംഘടനയുടെ രൂപത്തിൽ വെട്ടിയൊതുക്കാൻ നേതൃത്വം നൽകിയത്. സംഘടന രൂപപ്പെട്ടെങ്കിലും താടിക്കാരിൽ പലരും നിരാശരായിരുന്നു. ലഹരിക്കാരുടെ തണലാണു താടിയെന്നുള്ള പലരുടെയും മുൻവിധിയായിരുന്നു തിരിച്ചടി. പൊലീസ് പരിശോധന നടത്തുമ്പോഴും നാട്ടിലൊരു പ്രശ്നമുണ്ടായാലും പലരും സംശയത്തോടെ നോക്കുന്നതു കൂട്ടത്തിലെ താടിക്കാരനെ തന്നെ.

ആ മനോവേദന ഉൾക്കൊണ്ട് സംഘടനയുടെ ബൈലോയിൽ ഇങ്ങനെകൂടെ എഴുതിച്ചേർത്തു: ലഹരി ഉപയോഗിക്കുന്നരും ക്രിമിനൽ സ്വഭാവമുള്ളവരും താടിക്കൂട്ടായ്മയിൽ വേണ്ട. ഒരുകാലത്ത് ചീത്തപ്പേര് സമ്മാനിച്ച താടി ഇവർക്കിപ്പോൾ അഭിമാനത്തിന്റെ പ്രതീകമാണ്. താടിവച്ചവരെ കണ്ടാൽ കെബിഎസ് അംഗമാണോയെന്നു ചോദിക്കുന്ന നിലയിലേക്കു സൊസൈറ്റി വളർന്നു.

കേരളത്തിൽ 700 അംഗങ്ങളുമായി കേരള ബിയേഡ്‌ സൊസൈറ്റി രണ്ടാം വർഷത്തിലേക്കു കടക്കുകയാണ്. അംഗങ്ങളിൽ ഡോക്ടർമാർ മുതൽ കൂലിപ്പണിക്കാർ വരെയുണ്ട്.

കാരുണ്യത്തിന്റെ ‘താടി’വഴി

കെബിഎസിന്റെ കാരുണ്യ പ്രവർത്തനങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ജില്ലാ കമ്മിറ്റികളിലൂടെ വർഷം മുഴുവൻ വിവിധ പരിപാടികളാണ്. അട്ടപ്പാടിയിലെ ആദിവാസി സ്‌കൂൾ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് കാണിക്കാൻ കൊണ്ടുപോയതാണ് അംഗങ്ങൾക്ക് ഇന്നും മറക്കാനാവാത്ത അനുഭവം.

കോഴിക്കോട് ചെറൂപ്പയിൽ ശരീരം തളർന്ന രാജീവെന്ന കലാകാരന്റെ വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്, വീട് താമസയോഗ്യമാക്കിയതു സൊസൈറ്റിയാണ്. വെളിയങ്കോട് ജിഎസ്എൽപി സ്‌കൂളിനു ലൈബ്രറി നിർമിച്ചുകൊടുത്തു. കണ്ണൂർ ജില്ലയിലെ വൃദ്ധസദനത്തിലേക്കു കട്ടിലും കിടക്കയും സമ്മാനിച്ചു. അംഗങ്ങൾ ചേർന്നാണു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുക കണ്ടെത്തുന്നത്. കഴിഞ്ഞ പുതുവർഷാഘോഷം ചേറൂരിലെ ഓട്ടിസം ബാധിച്ചവർക്കൊപ്പമായിരുന്നു. 

നോ ഷേവ് നവംബർ

വിദേശ രാജ്യങ്ങളിൽ സാധാരണമാണു നോ ഷേവ് നവംബർ ചാലഞ്ച്. ഈ ചാലഞ്ച് കേരളത്തിലും വിജയകരമായി പൂർത്തിയാക്കിയവരാണ് ഈ താടിക്കാർ. ഒരുമാസം താടിയും മുടിയും മോടിപിടിപ്പിക്കാൻ ചെലവഴിക്കുന്ന തുക കാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുന്നതാണു ചാലഞ്ച്. കഴിഞ്ഞ നവംബറിൽ 2 ലക്ഷം രൂപയാണു രോഗികൾക്ക് കൈമാറിയത്.

അംഗമാകണോ? താടി മാത്രം പോരാ!

അംഗത്വമെടുക്കാൻ കേരള ബിയേർഡ്‌ സൊസൈറ്റിക്കു  മാനദണ്ഡങ്ങളുണ്ട്. അതാതു ജില്ലകളിലെ സൊസൈറ്റി ഭാരവാഹികളാണു പുതിയ അംഗങ്ങളെ ചേർക്കുക.

താടിക്കാരന്റെ ജീവിതരേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷമേ കൂട്ടായ്മയിലേക്ക് എടുക്കൂ. താടി വളർത്തലല്ല കൂട്ടായ്മയുടെ ലക്ഷ്യം. അർഹിക്കുന്നവരിലേക്കു കാരുണ്യത്തിന്റെ സ്നേഹത്താടി എത്തിക്കുക എന്നുള്ളതാണ്. 

അനസ് അബ്ദുല്ലയ്ക്കു പുറമേ കോ-ഫൗണ്ടർ ഫഹദ് റൊസാരിയോ, പ്രസിഡന്റ് സഫീർ അഫയൻസ്, വൈസ് പ്രസിഡന്റ് രവി ജയറാം, സെക്രട്ടറി പി.ടി. വിനു, ട്രഷറർ ഫെബി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണു സൊസൈറ്റിയുടെ പ്രവർത്തനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA