ADVERTISEMENT

1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയലാണ് പകിട പകിട പമ്പരം. ദൂരദർശനിൽ ബുധനാഴ്ച വെകിട്ട് 7.15ന് ‘പമ്പരം തിരിയാൻ’ തുടങ്ങും. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തു. പ്രായഭേദമന്യേ ടിവിക്കു മുമ്പിൽ ആളുകൾ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോർ‌ഡുകളിൽ ‘പമ്പരം’ പുതുചരിത്രം എഴുതി. ‘പമ്പര’മായി തുടങ്ങി ‘പകിട പകിട പമ്പര’ത്തിലൂടെ തിരിച്ചു വന്ന സീരിയൽ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്.

ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. പ്രേക്ഷക പ്രീതി കണക്കിലെടുത്ത് വർഷങ്ങള്‍ക്കുശേഷം പകിട പകിട പമ്പരത്തിന്റെ സംപ്രേഷണം യൂട്യൂബിലൂടെ ആരംഭിച്ചിരിക്കുകയാണ് ടോം ജേക്കബ്. പകിട പകിട പമ്പരത്തിന്റെയും ടോം ജേക്കബിന്റെയും വിശേഷങ്ങളിലൂടെ....

കലാരംഗത്തേക്ക്

കൊല്ലം ജില്ലയിലെ പുനലൂരാണ് സ്വദേശം. അവിടെ എംഎംഎച്ച്എസ് വിളക്കുടി എന്ന പ്രശസ്തമായ സ്കൂളിലാണ് പഠിച്ചത്. കേരളത്തിൽ എവിടെ സമരം നടന്നാലും അവിടെ അവധി കാണില്ല. പി.എന്‍ ഗംഗാധരൻ നായർ എന്ന ഹെഡ്മാഷിനെ പേടിച്ച് സമരം നടത്തണമെന്ന ആവശ്യവുമായി ആരും വരാറില്ലായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സംഭവമുണ്ടായി. സ്കൂളിലെ യുവജനോത്സവത്തിന് മോണോആക്ടിനും പ്രച്ഛന്ന വേഷത്തിനും  എന്റെ പേര് വിജയൻ എന്ന സഹപാഠി കൊടുത്തു. അന്നേ ദിവസം ഇനങ്ങളും മത്സരിക്കുന്നവരുടെ പേരു വിവരങ്ങളും വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത്. 

പേരു കൊടുത്തത് അവനാണെങ്കിലും പോകാതിരുന്നാൽ എനിക്ക് അടി കൊള്ളും. തുടയിൽ 32 അടിയാണ് ഗംഗാധരൻ സാറിന്റെ കുറഞ്ഞ എണ്ണം. അടി കിട്ടിയ പാടുമായി വീട്ടിൽ ചെന്നാൽ അമ്മയും അടിക്കും. ഞാൻ പേടിച്ചു കരയാൻ തുടങ്ങി.

ഇതു കണ്ടപ്പോൾ വിജയൻ ആശ്വസിപ്പിച്ചു. എന്നിട്ടു കുറച്ച് ഉമിക്കരി പല്ലിലും മുഖത്തും തേച്ച്, പഴയൊരു ഷർട്ടും മുണ്ടും ഒക്കെ തന്ന് എന്നെ ഒരു കോലത്തിലാക്കി. നീ ഭ്രാന്തനയാണ് ഫാൻസി ഡ്രസ് ചെയ്യുന്നതെന്നും ഇടയ്ക്കിടെ ‘വല്ലതും തരണേ’ എന്നു പറയാനും ആവശ്യപ്പെട്ടു. അങ്ങനെ ഒരു വിധത്തിൽ പ്രച്ഛന്ന വേഷം തീർന്നപ്പോഴാണ് മോണോ ആക്ടിനു മത്സരിക്കുന്നവരുടെ ലിസ്റ്റ് വിളിക്കുന്നത്. ഞാൻ വീണ്ടും കരയാൻ തുടങ്ങി. 

വേഗം പോയി ഒരു കടലാസ് എടുത്തുകൊണ്ടു വരാൻ വിജയൻ എന്നോടു പറഞ്ഞു. അതിൽ അവൻ എന്തൊക്കെയോ എഴുതി. എന്നോടു വായിച്ചു നോക്കാനും മനസ്സിലാകുന്നത് അവതരിപ്പിക്കാനും പറഞ്ഞു. ഒരു മീറ്റിങ്ങിനെക്കുറിച്ചാണ് എഴുതിയിരുന്നത്. സ്വാഗതം പറയുന്നതിനനുസരിച്ച് മീറ്റിങ്ങിനായി ആളുകൾ വേദിയിലിേക്ക് വരുന്നതും പ്രസംഗിക്കുന്നതുമാണ് ഞാൻ അഭിനയിക്കേണ്ടത്. അതു വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചു ധൈര്യം കിട്ടി. അധ്യക്ഷൻ, പ്രാർഥന ആലപിക്കാൻ വരുന്ന സ്ത്രീ, നർത്തകി എന്നിവരെ അവതരിപ്പിക്കണം.

അഭിനയം തുടങ്ങി. അതിനിടയിൽ ഇംഗ്ലിഷ് അധ്യാപകൻ പ്രഭാകരൻ സർ വേദിയിലൂടെ കടന്നു പോവുകയും എന്റെ തോളിലിരുന്ന തോർത്ത് എടുക്കുകയും ചെയ്തു. ഉടനെ ഞാൻ അധ്യക്ഷനെ പോലെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ‘ആക്ഷേപിക്കുന്നോ’ എന്നു ചോദിച്ചു. അദ്ദേഹം ഞെട്ടി എന്നിട്ട് വേഗം തോർത്തു തിരികെ തന്ന് മാപ്പു പറഞ്ഞു. ഇതെല്ലാം കുട്ടികളെ വല്ലാതെ രസിപ്പിച്ചു. സദസ്സിലാകെ ചിരി. അന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി എന്നു വേണമെങ്കിൽ പറയാം. അതാണ് കലാരംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനം. 

അധ്യക്ഷനു മുറുക്കുന്ന ഒരു ശീലമുണ്ടായിരുന്നു. ഞാൻ നന്നായി മുറുക്കുന്നതായും സദസ്സിലേക്ക് നീട്ടി തുപ്പുന്നതായും കാണിച്ചപ്പോൾ മുൻപിലിരുന്ന കുട്ടികൾ പേടിച്ചു മാറി. അതുകണ്ട് ഗംഗാധരൻ സർ ചിരിക്കുന്നു. അതോടെ എന്റെ ശ്വാസം നേരെ വീണു. ആ മത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനം കിട്ടി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും ചെയ്തു. അങ്ങനെ നാട്ടിൽ ഞാനൊരു ഹാസ്യ താരമായി അറിയപ്പെടാൻ തുടങ്ങി.

പിന്നീട് പ്രീഡിഗ്രിക്ക് പഠിക്കാൻ എസ്എൻ കോളജിലെത്തി. ആദ്യ വർഷം ഏകാംഗനാടകത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സമ്മാനം ലഭിച്ചു. അതോടെ ഇതാണ് എന്റെ വഴി എന്നുറപ്പിച്ചു. ഇതിനെല്ലാം കാരണക്കാരനായി വിജയനെ സ്കൂളിൽ നിന്ന് ഇറങ്ങിയതിനുശേഷം ഞാനിതുവരെ കണ്ടിട്ടില്ല. 

ആഗ്രഹങ്ങളെ വെല്ലുവിളിച്ച് വിധി

കലാരംഗത്ത് ഉറച്ചു നിൽക്കണമെന്ന തീരുമാനം എടുത്തിരുന്നു. സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം മികച്ച പിന്തുണ തന്നു. പൂണെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ നമ്മൾ ആ​ഗ്രഹിക്കുന്നതു തന്നെ സംഭവിക്കണമെന്നില്ലല്ലോ. അപ്രതീക്ഷിതമായി അച്ഛൻ കിടപ്പിലായി. ഒരു പ്ലൈവുഡ് ഫാക്ടറി ഉണ്ടായിരുന്നു. സമരം കാരണം അതു പൂട്ടി. അങ്ങനെ വീട്ടിലെ കാര്യങ്ങൾ പരുങ്ങലിലായി. ഞാൻ സിവിൽ ഡിപ്ലോമയ്ക്ക് ചേർന്നു. പാസായി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നതിനു മുൻപ് എനിക്കൊരു ടെലിഗ്രാം കിട്ടി. മൈസൂരിൽ ഉള്ള എന്റെ ഒരു കസിൻ സഹോദരനാണ്. ഞാൻ നാടകം കളിച്ച് നശിക്കാൻ പോകുന്നു എന്ന് ആരോ അദ്ദേഹത്തോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് മൈസൂരിൽ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ശരിയാക്കി. വേഗം വന്നു ജോലിക്ക് ചേരാനായിരുന്നു ആവശ്യം

അന്നു നാട്ടിൽ നല്ല മത്സരങ്ങളൊക്കെ ഉണ്ട്. അതിൽ പങ്കെടുക്കാൻ പദ്ധതികൾ തയാറാക്കുകയായിരുന്നു ഞാൻ. പക്ഷേ അച്ഛന്റെ അവസ്ഥയും വീട്ടിലെ കാര്യങ്ങളുമൊക്കെ ആലോചിച്ചപ്പോൾ ചിന്താകുഴപ്പത്തിലായി. വീടിന്റെ അടുത്തൊരു പാറയുണ്ട്. ‘മൂങ്ങാ പാറ’ എന്നാണു പറയുക. അന്നു ഞാൻ ഓടി അതിന്റെ മുകളിലെത്തി. രണ്ടു കയ്യും ഉയർത്തി കർത്താവിനോടു പറഞ്ഞു. ‘‘ഈ ടെലിഗ്രാം നീ കണ്ടില്ലേ. എന്റെ ആഗ്രഹം അങ്ങേക്ക് അറിയാം. പക്ഷേ എന്റെ കുടുംബത്തിന്റെ അവസ്ഥയും അറിയാമല്ലോ? അതുകൊണ്ട് ആഗ്രഹങ്ങൾ ഉപേക്ഷിച്ച് ഞാൻ കർണാടകയിലേക്ക് പോവുകയാണ്. എന്നെങ്കിലും എന്നെ ഇഷ്ടപ്പെട്ട മേഖലയിലേക്ക് എത്തിക്കണം.’’ അങ്ങനെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി കർണാടകത്തിലേക്ക് പോയി. 

തിരിച്ചു വരവ്

9 വർഷങ്ങൾ കഴിഞ്ഞു. അതിനിടയിൽ ജീവിതം മെച്ചപ്പെട്ടു. വിവാഹിതനായി. സ്വന്തമായി എന്തെങ്കിലും ചെയ്യാം എന്ന അവസ്ഥയിലെത്തി. ആ സമയത്താണ് തിരുവന്തപുരത്ത് ചലച്ചിത്ര കലാലയം ആരംഭിക്കുന്നു എന്ന പരസ്യം പത്രത്തിൽ കാണുന്നത്. സംവിധാനം പഠിക്കാന്‍ ഞാനും അപേക്ഷിച്ചു. ഉടനെ വരാന്‍ പറഞ്ഞ് ടെലിഗ്രാം ലഭിച്ചു. അവിടെയെത്തി അഭിമുഖത്തിൽ പങ്കെടുത്തു. അന്ന് എനിക്ക് 28 വയസ്സുണ്ട്. അങ്ങനെ ഞാൻ തിരുവനന്തപുരത്ത് എത്തി. ഞാൻ പോലും മറന്നിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായ ഒരു തിരിച്ചു വരവ്.

tom-jacob-in-pakita-pakita-pambaram
പകിട പകിട പമ്പരത്തിലെ രംഗം

പിന്നെ എങ്ങനെയെങ്കിലും ദൂരദർശനിൽ കയറിപറ്റാനായിരുന്നു ശ്രമം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. അകത്തു കടക്കണമെങ്കില്‍ അവിടെ ആരെയെങ്കിലും പരിചയം വേണം. ഡയറക്ടറെ കാണാന്‍ കുറേ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നീട് ഏതെങ്കിലും സിനിമയുടെ സംവിധാന സഹായി ആകാനായി ശ്രമം.

ആയിടക്കാണ് രാമു മംഗലപ്പള്ളി എന്ന പ്രൊഡക്ഷൻ മാനേജറെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ഒരു പ്രൊഡക്ഷൻ സഹായി ആയി. അങ്ങനെ ‘ആയിരം പറ’ എന്ന സിനിമയുടെ പ്രൊഡക്ഷനിലെത്തി. അതിലെ ഒരു പാട്ടു രംഗത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു ലാടനായി ഞാൻ അഭിനയിക്കുകയും ചെയ്തു. അതു കണ്ട് ഇഷ്ടപ്പെട്ട വേണു നാഗവള്ളി ചേട്ടന്‍ അടുത്ത സിനിമയിൽ ഒരു അവസരം വാഗ്ദാനം ചെയ്തു. എന്നാൽ ചില കാരണങ്ങളാൽ അതു മുടങ്ങി.

ദൂരദർശനിലേക്ക്

ആ അവസരം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഇരിക്കുമ്പോഴാണ് ഒരു ഫോൺ വരുന്നത്. രാമു വഴി പരിചയപ്പെട്ട ദൂരദർശനിലെ കണ്ണനാണ്. അദ്ദേഹം ദിലീപിനെയും ഹരിശ്രീ അശോകനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രൊഡക്ഷൻ ചെയ്യണമെന്ന് രാമുവിനോടു പറഞ്ഞിരുന്നു. എന്നാൽ രാമു സിനിമയുടെ ഷൂട്ടിനായി ഊട്ടിയിലേക്ക് പോയതിനാൽ ആ അവസരം എനിക്കു കിട്ടി. പ്രൊഡക്ഷനു പറ്റിയ ഒരു വണ്ടിയെടുത്ത് ദൂരദർശനിലേക്ക് വരാനായിരുന്നു കണ്ണൻ ആവശ്യപ്പെട്ടത്. അങ്ങനെ ദൂരദർശനിലേക്ക്...

വട്ടം ചുറ്റിച്ച പമ്പരം

1999 വരെ ഷോട്ഫിലിമുകളും മറ്റു പരിപാടികളുമായി മുന്നോട്ടു പോയി. പ്രൊഡക്ഷൻ മാനേജറും അഭിനേതാവും ആയി.  ഇതിനിടയിലാണ് പമ്പരം എന്നൊരു പ്രൊജക്ട് മനസ്സിൽ വരുന്നത്. ഏഴു മണി മുതല്‍ 7.15 വരെ വാർത്തയാണ്. അടുത്ത 15 മിനിറ്റിൽ കോമഡി പ്രോഗ്രാം എന്ന ആശയമാണ് മുന്നോട്ടു വച്ചത്. വ്യാഴാഴ്ച വാർത്തയ്ക്കുശേഷമുള്ള സമയം അനുമതി കിട്ടി. 13 എപ്പിസോഡിനാണ് അനുവാദം ലഭിച്ചത്.

പ്രൊജക്ട് ഹെഡ് ഞാനായിരുന്നു. പി.എസ് മനുവാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഹാരിസാണ് സംവിധായകൻ. അന്നു കാലത്ത് 10 മിനിറ്റ് സംപ്രേഷണം ചെയ്യണമെങ്കിൽ രാവിലെ മുതൽ പുലര്‍ച്ചെ വരെ ഷൂട്ട് ചെയ്യണം. സാങ്കേതിക കാര്യങ്ങളിലെല്ലാം ഹാരിസണ്‍ മിടുക്കനായിരുന്നു. അന്നത്തെ പ്രശസ്തരായവരെല്ലാം പലപ്പോഴായി പമ്പരത്തിന്റെ ഭാഗമായിട്ടുണ്ട്. പൂജപ്പുര രവി, കൊല്ലം തുളസി, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, കൊച്ചു പ്രേമൻ, കുട്ടിയേടത്തി വിലാസിനി, അടൂര്‍ പങ്കജം സത്യത്തിൽ ഞാൻ മാത്രമായിരുന്നു പുതുമുഖം. നായികമാരായി തെസ്നി ഖാൻ, സീമാ.ജി.നായർ, സംഗീതാ രാജേന്ദ്രൻ,മായാ മൗഷ്മി എന്നിവർ അഭിനയിച്ചു.

അതിനിടയിൽ റേറ്റിങ്ങില്‍ പമ്പരം ചരിത്രം കുറിച്ചു. സർക്കാരിന്റെ ടാം റേറ്റിങ് ആണ് ഉപയോഗിക്കുന്നത്. പരസ്യമൊക്കെ ലഭിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. അന്നു മലയാളത്തിൽ സിനിമ, വാർത്ത, ചിത്രഗീതം ഇതൊക്കെയാണ് റേറ്റിങ്ങില്‍ മുന്നിലുള്ളത്. 17–ാമത്തെ എപ്പിസോഡിൽ പമ്പരം മലയാള സിനിമയെ മറികടന്ന് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. അങ്ങനെ 52 എപ്പിസോഡ് മുന്നോട്ടു പോയി. 

അതിനിടയില്‍ ഈ സ്ലോട്ടു കിട്ടാന്‍ പിടിവലിയായി. പല പ്രൊഡ്യൂര്‍മാരും പ്രോജക്ടുകൾ സമർപ്പിച്ചു. കൊടിയേറ്റം ഗോപി ചേട്ടന്റെ സംവിധാനത്തിൽ നർമപുരാണം എന്ന പരിപാടിക്ക് അനുമതി കിട്ടി. അതോടെ പമ്പരം നിന്നു. പക്ഷേ നർമപുരാണം പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല.

അടുത്ത ഒന്നര വർഷത്തേക്കു ഞാൻ ഒന്നും ചെയ്തില്ല. പിന്നീട് ‘പകിട പകിട പമ്പരം’ എന്നൊരു പ്രൊജക്ട് സമര്‍പ്പിച്ചു. പക്ഷേ 5.30 നാണ് അനുമതി കിട്ടിയത്. അതൊരു നോൺ പ്രൈം ടൈം ആയിരുന്നു. ആരും സീരിയലിന്റെ കാര്യം അറിഞ്ഞില്ല. 20 എപ്പിസോഡുകൾ അങ്ങനെ മുന്നോട്ടു പോയി. പിന്നെ വീണ്ടും 7.15 ന്റെ സ്ലോട്ടു കിട്ടി.

‘ഭൂലോകം ഒരു പമ്പരം ആരോ കറക്കിവിട്ട പമ്പരം’ എന്നായിരുന്നു ആദ്യത്തെ ടൈറ്റിൽ സോങ്. തിരക്കഥാകൃത്ത് മനു തന്നെയാണ് എഴുതിയത്. അതിനുശേഷം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘പകിട പകിട പകിട പമ്പരം’ എന്ന ഗാനം ഉപയോഗിക്കാൻ തുടങ്ങി. 

വീണ്ടും ഹിറ്റായതോടെ സ്ലോട്ടിനു വേണ്ടി വീണ്ടും പിടിവലിയായി. അങ്ങനെ 2005ൽ പകിട പകിട പമ്പരം നിർത്തി. പിന്നീട് ‘പകിട പന്ത്രണ്ട്, മറുപുറം’ എന്നിങ്ങനെ ചിലതൊക്കെ തുടങ്ങിയെങ്കിലും ഇതുപോലെ വിജയം കൈവരിക്കാനായില്ല.

പ്രേക്ഷക സ്വീകരണം

ഇക്കാലയളവിൽ ഒരുപാട് സ്കൂളുകളിലും കോളജുകളിലും ഉദ്ഘാടനത്തിനു പോയി. പല സ്ഥലങ്ങളിലും ആളുകൾ എന്നെ പൊതിഞ്ഞു. അത്രയ്ക്ക് സ്നേഹമാണ് ‘പമ്പരം’ നേടി തന്നത്. ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ സീരിയലിലൂടെയാണ്.അങ്ങനെ സീരിയൽ രംഗത്തു ചില ദുരനുഭവങ്ങൾ നേരിട്ടതോടെ പഴയ തൊഴിലിലേക്കു തിരിച്ചു പോകാന്‍ ഞാൻ തീരുമാനിച്ചു. കോൺട്രാക്ടര്‍ ലൈസന്‍സ് എടുത്ത് ജലസേചന വകുപ്പിലെ പണികൾ‌ ചെയ്യാൻ തുടങ്ങി.

tom-jacob-pambaram

വീണ്ടും പമ്പരം

ഇപ്പോൾ യൂട്യുബിൽ ‘പകിട പകിട പമ്പരം’ സംപ്രേഷണം ചെയ്യുന്നുണ്ട്. അന്ന് ബീറ്റാ ക്യാമറയിലായിരുന്നു എല്ലാം ഷൂട്ട് ചെയ്തത്. അതെല്ലാം വീണ്ടും പൊടി തട്ടിയെടുത്തു. ഇന്നും പകിടപകിട പമ്പരം കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവർക്കു വേണ്ടിയാണ് വീണ്ടും സംപ്രേഷണം തുടങ്ങിയത്.

യൂട്യൂബിലെ കമന്റുകളിലൂടെ ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഒരു വെബ്സീരിസ് മനസ്സിലുണ്ട്. പുതിയ കാലത്തെ പിള്ളേരെയും പഴയ തലമുറയിലെ അഭിനേതാക്കളെയും കോർത്തിണക്കിയാകും ഒരുക്കുന്നത്.

ലോഹിതദാസ് രാജ്യാന്തര ഹ്രസ്വചിത്ര മേളയിൽ ഞാൻ പ്രൊഡ്യൂസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്ത രാജസൂത്രം എന്ന ഷോട്ട്ഫിലിമിന് അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച നടനുള്ള അവാർഡാണ് ലഭിച്ചത്. ശ്രീജിത്ത് നമ്പൂതിരിയാണ് അത് സംവിധാനം ചെയ്തത്.കലാരംഗത്തു നിന്ന് അധികകാലം വിട്ടു നിൽക്കാൻ എനിക്കു സാധിക്കില്ല. കറങ്ങി തിരിഞ്ഞ് ഒടുവിൽ അവിടെ തന്നെ എത്തും.

കുടുംബം

ഭാര്യ ലൂസി. പ്ലസ് ടുവിന് എന്റെ ഒപ്പം പഠിച്ചിട്ടുണ്ട്. പക്ഷേ വിവാഹശേഷമാണ് അക്കാര്യം ഞാൻ അറിയുന്നത് എന്നു മാത്രം. ക്ലാസിലെ പഠിപ്പിസ്റ്റ് പെൺകുട്ടികളിൽ ഒരാളായിരുന്നു ലൂസി. അതുകൊണ്ട് എനിക്ക് ഓർമയില്ല. ഞാൻ അധ്യാപകരെ അനുകരിക്കലും കുറച്ച് ബഹളവുമൊക്കെ വയ്ക്കുന്ന കൂട്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് നല്ല ഓർമയുണ്ട്. എന്തായാലും എനിക്ക് ദൈവം തന്നെ സമ്മാനമാണ് അവൾ. കലാരംഗത്ത് അമ്മയാണ് എനിക്ക് ദൈവം തന്ന സമ്മാനം. അത്രയേറെ പിന്തുണച്ചിട്ടുണ്ട് അമ്മ.

tom-jacob-family-photo

മൂന്നു മക്കൾ. മൂത്തമകൾ ആൻമരിയ. അവളുടെ (ആൻമരിയ പ്രസന്റേഷൻസ്) പേരിലാണ് എന്റെ ബാനർ. നേഴ്സിങ് പഠിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ജൂലൈ 14 ന് ആയിരുന്നു അവളുടെ വിവാഹം. മരുമകന്‍ അനൂപും അതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ മകൾ ജയ്ൻ മരിയ ചെന്നൈയിൽ സിഎയ്ക്ക് പഠിക്കുന്നു. മൂന്നമത്തെ മകനാണ്. റോക്കി ടോം, ഇന്റര്‍നാഷനൽ സിഎ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com