sections
MORE

സ്ത്രീകൾ എന്തിനാണ് അണിഞ്ഞൊരുങ്ങുന്നത്?

sabyasachi-845
SHARE

നന്നായി അണിഞ്ഞൊരുങ്ങിയ സ്ത്രീയെ കണ്ടാൽ എന്തുതോന്നും? ഡിസൈനർ സബ്യസാചി മുഖർജി ഇൻസ്റ്റഗ്രാമിൽ ഇങ്ങനെയെഴുതി, ‘‘ ഓവർഡ്രസ് ചെയ്ത, മുഖത്തു പുട്ടിയിട്ട, നിറയെ ആഭരണങ്ങൾ ധരിച്ച സ്ത്രീയെ കണ്ടാൽ അനുതാപമുള്ളവരാകണം നമ്മൾ. അവരുടെ ഹൃദയം തകർന്നാണിരിക്കുന്നത്. ഹൃദയത്തിലെ നിശബ്ദതയിൽ രക്തമൊലിക്കുമ്പോഴും അവർ പുറംലോകത്തിനു വേണ്ടി സ്വയം തിളങ്ങുന്നു’’.

പോസ്റ്റ് ഷെയർ ചെയ്തു മണിക്കൂറുകൾക്കകം അതിലെ സ്ത്രീവിരുദ്ധതയെ  പൊളിച്ചെഴുതി സാമൂഹിക മാധ്യമങ്ങൾ. ട്രോളുകൾ ഒഴുകിയതോടെ മാപ്പു പറഞ്ഞു ഡിസൈനർ വീണ്ടും രംഗത്തെത്തി. പക്ഷേ വിശദീകരണം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നായി നെറ്റിസൺസ്.

പരസ്യം നെഗറ്റിവ് ആകുമ്പോൾ

ലോകം ആരാധിക്കുന്ന ഡിസൈനർ എന്നതിനൊപ്പം മികച്ച ബിസിനസുകാരൻ കൂടിയാണ് സബ്യസാചിയെന്നു ഫാഷൻലോകം പണ്ടേ സമ്മതിച്ചതാണ്. അദ്ദേഹത്തിന്റെ പുതിയ ആഭരണ ശേഖരവുമായി ബന്ധപ്പെട്ട ക്യാംപെയിൻ ആണ് വിവാദം ക്ഷണിച്ചുവരുത്തിയത്. ‘പാരഡൈസ് ലോസ്റ്റ്’ ആഭരണ കലക്ഷന്റെ ചിത്രങ്ങൾ തന്നെ ഡാർക്ക് ടോണിൽ പ്രത്യേകമായി ചെയ്തെടുത്തതാണ്. ഇതിനൊപ്പം ചാൾസ് ഡിക്കെൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്റ്റേഷൻ’ എന്ന നോവലിലെ മിസ് ഹവിഷാമിനെ ക്വോട്ട് ചെയ്താണ് സബ്യസാചി കലക്‌ഷന്റെ അടിക്കുറിപ്പ്. 

‘‘The agony is exquisite, is it not ? A broken heart. You think you will die. But you just keep living”. ഇതിനോടനുബന്ധമായി സ്ത്രീകളെക്കുറിച്ചുള്ള നിരീക്ഷണം ഡിസൈനർ പങ്കുവയ്ക്കുന്നു. ‘ ആ സ്ത്രീകൾക്കു നൽകേണ്ടത് നിങ്ങളുടെ കൂട്ടാണ്, അനുതാപമാണ്, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല, വിലപിടിച്ച രത്നാഭരണങ്ങൾക്കു  പോലും കഴിയില്ല’, പങ്കുവയ്്ക്കുന്ന വികാരം എംപതി ആണെങ്കിലും ഒറ്റവായനയിൽ തന്നെ ആ വാക്കുകളിലെ സ്ത്രീവിരുദ്ധത കല്ലുകടിയായി. “ Over dressed”, “caked with make up” എന്നീ പ്രയോഗങ്ങള്‍ക്കു നേരെ വിമർശന ശരങ്ങളായി.

സ്ത്രീകളുടെ പ്രിയപ്പെട്ട ഡിസൈനർ എന്നു പേരെടുത്തയാൾ ഇക്കാലമത്രയും വിപണിയിലെത്തിച്ചത്  അലങ്കാരത്തുന്നലുകളുടെ ‘റിച്ച്നെസ്’ നിറഞ്ഞ ‘‘ഓവർപ്രൈസ്ഡ്’’ ആയ വസ്ത്രങ്ങളല്ലേ എന്നായി വിമർശകർ. വിലകൂടിയ ഈ വസ്ത്രങ്ങൾ വാങ്ങി ധരിക്കാൻ പ്രേരിപ്പിച്ച ശേഷം, അതു വാങ്ങിയ  സ്ത്രീകളെല്ലാം മാനസികപ്രശ്നങ്ങളുള്ളവരാണെന്നു പറഞ്ഞുവയ്ക്കുകയല്ലേ ചെയ്തത് എന്നു മറചോദ്യമെറിഞ്ഞു ചിലർ. ഐശ്വര്യയും ദീപികയും ഉൾപ്പെടെയുള്ള സബ്യസാചി ഉപഭോക്താക്കളെല്ലാം മാനസികമായി തകർന്നവരാണെന്നാണോ എന്നും ട്രോളുകളിൽ നിറഞ്ഞു. 

HER life, her CHOICE

ഏതൊരു കാര്യത്തിനും സ്വന്തമായ അഭിപ്രായത്തോടെ സ്ത്രീകൾ എഴുന്നേറ്റു നിൽക്കുന്ന ഇക്കാലത്ത് ഡ്രസ് അപ് ചെയ്യുന്നത് എന്തിനുവേണ്ടിയെന്ന ചോദ്യം പോലും അപ്രസക്തം. കണ്ണെഴുതിയാൽ, നല്ലൊരു വസ്ത്രം ധരിച്ചാൽ, അഞ്ചു മിനിറ്റ് കൂടുതൽ കണ്ണാടിക്കു മുന്നിൽ നിന്നാൽ ‘ആരെ കാണിക്കാനെടീ, ഈ ഒരുക്കം’ എന്നൊരു കമന്റ് സ്വന്തം വീട്ടിൽ നിന്നു തന്നെ കിട്ടും ചിലർക്കെങ്കിലും. അങ്ങനെയൊരു കമന്റിനു മുന്നിൽ ചൂളിനിന്ന കാലം വിട്ട്, എനിക്കിഷ്ടമാണ് ഒരുങ്ങാൻ എന്ന് പറയുന്ന ആത്മവിശ്വാസത്തിലേക്ക് വളർന്ന കഥയുണ്ടാകും മറ്റു ചിലർക്ക്. 

Opinions

ഒരു വ്യക്തിയുടെ വസ്ത്രധാരണം അവരുടെ വ്യക്തിപരമായ ചോയ്സ് ആണ്. നമ്മുടെ നാട്ടിൽ അതിനുളള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടല്ലോ. അതു ഡിപ്രഷനുമായി ബന്ധപ്പെടുത്തുന്നതു തീരെ ശരിയല്ല. പലരും സന്തോഷമുള്ളപ്പോൾ നന്നായി ഡ്രസ് ചെയ്യുന്നവരാണ്. മൂഡ് അനുസരിച്ചു വസ്ത്രം ധരിക്കുന്നവർ ഉണ്ടായേക്കാം. പക്ഷേ, ഓവർ ഡ്രസ്ഡ് എന്ന രീതിയിൽ പരാമർശിക്കുന്നതു ശരിയല്ല എന്നാണ് അഭിപ്രായം. ഡിസൈനർ എന്ന നിലയിൽ എന്റെ വസ്ത്രം വാങ്ങുന്നവർ അതു വളരെ നന്നായി ധരിച്ചു കാണുന്നതാണ് എനിക്കു സന്തോഷം. 

– രേവതി ഉണ്ണിക്കൃഷ്ണൻ,ഡിസൈനർ, ജുഗൽബന്ദി, വൈറ്റില


ചിലർ വസ്ത്രം ധരിക്കുന്നത് മൂഡ് അനുസരിച്ചാകും. സന്തോഷമുള്ളപ്പോൾ വളരെ നന്നായും അല്ലെങ്കിൽ വലിയ ശ്രദ്ധ കൊടുക്കാതെയും വസ്ത്രം ധരിക്കുന്നവരുണ്ടെന്ന് എനിക്കു തോന്നുന്നു. പക്ഷേ എല്ലാവരും അങ്ങനെയല്ല. വ്യക്തിത്വത്തിനു മുൻതൂക്കം നൽകുന്നവരുണ്ട്. ഞാൻ എന്താണ് എന്നതാണ് എന്റെ ഡ്രസിങ് പ്രതിഫലിപ്പിക്കുക. എന്റെ വ്യക്തിത്വം അനുസരിച്ചാണ് എന്റെ തിരഞ്ഞെടുപ്പുകൾ. 

– ജ്യോതി ജവഹർ, സുകൃതി, പനമ്പിള്ളി നഗർ


ഞാൻ എനിക്കു വേണ്ടിയാണ് വസ്ത്രം ധരിക്കുന്നത്. To feel good, confident and beautiful. Its an extension of my happiness. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്നതും അഭിനന്ദനം ലഭിക്കുന്നതുംഎനിക്കിഷ്ടമാണ്, പക്ഷേ എനിക്കു ചുറ്റും ആളുകൂടണമെന്നത് എന്റെ ലക്ഷ്യമല്ല. Ofcourse I dont dress up for men. ഒരാൾ ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതെന്തുകൊണ്ടാണ്, അതു മറ്റാർക്കു വേണ്ടിയല്ലല്ലോ. അതുപോലെ ഞാൻ ഡ്രസ് അപ് ചെയ്യുന്നതും എനിക്കു വേണ്ടിത്തന്നെ

– ജെന്നിറോസ്, കോട്ടയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA