sections
MORE

അഭിനയമോഹം ‘കോടതി‌ കയറാത്ത’ വക്കീലാക്കി; ഭാഗ്യതാരമായി ബാലാജി

actor-balaji-sharma-interview
ബാലാജി ശർമ
SHARE

മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികൾക്കു സുപരിചിതനാണ് ബാലാജി ശർമ. അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടൻ. സിനിമാ ലോകത്തും ബാലാജി ശ്രദ്ധ നേടി. സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായതോടെ വെള്ളിത്തിരയിലെ പുതിയ ഭാഗ്യ നക്ഷത്രമായി ബാലാജി. അനായാസ അഭിനയവും ഒഴുക്കോടെയുള്ള സംഭാഷണവുമാണ് ഇദ്ദേഹത്തിന്റെ കൈമുതൽ. ബാലാജി ശർമയുടെ വിശേഷങ്ങൾ.

തുടക്കം

സ്കൂളിൽ പഠിക്കുമ്പോഴേ കലാരംഗത്ത് ഉണ്ട്. അഭിനയം തന്നെ ആയിരുന്നു കുട്ടിക്കാലം മുതലേ ലക്ഷ്യം. അച്ഛൻ ഹരിഹര ശർമ്മയ്ക്കും അമ്മ പർവ്വതി അമ്മാളിനും ഞാൻ ഏക മകനാണ്. വീട്ടിൽ നിന്നു നല്ല പ്രോത്സാഹനം ലഭിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ദൂരദർശനിൽ ഒരു നാടകം അവതരിപ്പിച്ചു. ഒരു അമ്മാവൻ കഥാപാത്രമായിരുന്നു. ‘വെള്ളിക്കപ്പ്’ എന്നായിരുന്നു നാടകത്തിന്റെ പേര്

എയർ ഫോഴ്സിലേക്ക്

പതിനാറാമത്തെ വയസ്സിൽ എയർഫോഴ്സിൽ ജോലി കിട്ടി. ആഗ്രഹിച്ചു പോയി പരീക്ഷ എഴുതിയതല്ല. കൂട്ടുകാർക്ക് ഒപ്പം കൊച്ചിയിലേക്ക് ഒരു യാത്ര എന്നേ കരുതിയുള്ളു. പക്ഷേ, എനിക്കു ജോലി കിട്ടി.

വക്കീൽ കുപ്പായം

എയർ ഫോഴ്സിൽ ജോലി ചെയ്യുമ്പോൾ തന്നെ ഡിഗ്രിയും എൽഎൽബിയും എടുത്തു. അപ്പോഴും സിനിമ മനസ്സിൽ കിടന്ന് തിളയ്ക്കുകയാണ്. ഇതിനിടെ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ‘മീൻ തോണി’ എന്നൊരു അവാർഡ് സിനിമയിൽ അഭിനയിച്ചു. ആലപ്പുഴ ആയിരുന്നു ഷൂട്ടിങ്.

ജോലി രാജിവെച്ച് സിനിമയിലേക്ക്

സിനിമയോടുള്ള കൊതി കൂടിയതും എൽഎൽബി എടുത്തതും രാജി എളുപ്പമാക്കി. നാട്ടിലെത്തി. എൽഎൽബി ഒരു ധൈര്യത്തിന് കയ്യിലുണ്ട് എന്നേയുള്ളൂ. കോടതിയിൽ പോക്കില്ല. അങ്ങനെയിരിക്കെ, എഴുത്തുകാരനും പരിചയക്കാരനുമായ മഹേഷ് മിത്ര വഴി, രാജസേനൻ സംവിധാനം ചെയ്ത‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ എന്ന സിനിമയിൽ ഒരു വേഷം കിട്ടി.

സീരിയലിലും മഹേഷ് മിത്ര വഴി ആയിരുന്നു തുടക്കം. ആർ.എസ് നായർ സംവിധാനം ചെയ്ത ‘പടയൊരുക്കം’  എന്ന സീരിയൽ. ദൂരദർശനിൽ ആഴ്ചതോറും വരുന്ന സീരിയൽ ആയിരുന്നു അത്.

balaji-sarma

വഴിത്തിരിവായ  ‘അലകൾ

ദുരദർശനിലെ മെഗാ പരമ്പര ‘അലകൾ’ ആണ് ഒരു നടൻ എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടാൻ അവസരം ഒരുക്കിയത്. കടപ്പുറത്തുകാരനായ മുരുകൻ എന്ന കഥാപാത്രം ആയിരുന്നു എന്റേത്. നെഗറ്റീവ് സ്വഭാവമുള്ള ഒരു പരുക്കൻ കഥാപാത്രം. സി.എൻ ശ്രീവത്സൻ ആയിരുന്നു സംവിധാനയകൻ. ജനങ്ങൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് ആ സീരിയലിലൂടെയാണ്.

സിനിമയിലെ ‘ഒഴിമുറി’

സിനിമയിൽ ചെറുവേഷങ്ങൾ ചെയ്തെങ്കിലും ബ്രേക്ക് ആയത് മധുപാൽ സംവിധാനം ചെയ്ത ‘ഒഴിമുറി’ ആയിരുന്നു. ഐഎഫ്എഫ്കെയിൽ വച്ച് ഒഴിമുറി കണ്ടതിനു ശേഷം ഷാജി കൈലാസ് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ‘നിനക്ക് നല്ല ഭാവി ഉണ്ടെന്ന്’ പറഞ്ഞ് അനുഗ്രഹിച്ചു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയ നിമിഷങ്ങൾ ആയിരുന്നു അത്.

കായംകുളം കൊച്ചുണ്ണി, മൂന്നു മണി എന്നീ സീരിയലുകളിൽ ചെയ്ത വേഷങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട്, സിനിമകളിൽ തിരക്ക് ആയതോടെ മിനി സ്ക്രീനിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു.

പ്രധാന സിനിമകൾ

‘ദൃശ്യം, അമർ അക്ബർ അന്തോണി, മെമ്മറീസ്, ദ് ഗ്രേറ്റ് ഫാദർ , ഒപ്പം, എന്നു നിന്റെ മൊയ്തീൻ എന്നിവയാണ് പ്രധാന സിനിമകൾ. എം.ബി പദ്മകുമാർ സംവിധാനം ചെയ്ത ‘ടെലിസ്‌കോപ്പ്’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.

മറക്കാനാവാത്ത അനുഭവം

അലകൾ സീരിയൽ സംപ്രേഷണം നടക്കുമ്പോൾ ചക്കുളത്ത് കാവ് അമ്പലത്തിൽ തൊഴാൻ പോയി. ബസിലാണ് യാത്ര. ബസിൽ കയറിയപ്പോൾ മുതൽ ആളുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്പലത്തിൽ ചെന്നപ്പോഴും ഇതു തന്നെ അവസ്ഥ. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാനങ്ങനെ അമ്പരന്നു നിൽക്കുമ്പോൾ ഒരു അമ്മ വന്ന് എന്നോടു ചോദിച്ചു;‘‘മക്കളേ, നീ മുരുകൻ അല്ലിയോടാ?’’ ഞാൻ തലയാട്ടി. അതോടെ ആളുകൾ ചുറ്റും കൂടി. ഒരു സെലിബ്രറ്റി എന്ന നിലയിൽ ഞാൻ അംഗീകരിക്കപ്പെട്ട ആദ്യ നിമിഷം അതായിരുന്നു.

കുടുംബം

ഭാര്യ സ്മിത. മകൾ നവോമിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA