ADVERTISEMENT

കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിന്റെ  സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്. 

ചങ്ങനാശ്ശേരിയിലെ ഒരു ആർട് സ്റ്റുഡിയോ ഉദ്ഘാടനത്തിനു എത്തിയപ്പോൾ അവിടെ കൂടിയവർക്കു വേണ്ടി ജിതേഷ്ജി നടത്തിയ പ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫെയ്സ്ബുക്കിലെ വിവിധ പേജുകളിൽ മാത്രം 25 ലക്ഷത്തോളം കാഴ്ചക്കാരെ നേടി ഈ വിഡിയോ. 30 വർഷം പൂർത്തിയാകുന്ന കലാജീവിതത്തിൽ കേരളത്തിലെ അനേകം വേദികളില്‍ വര വിസ്മയം തീർത്തു. പക്ഷേ, ഈ വിഡിയോ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഇത്രേയറെ അഭിനന്ദനങ്ങൾ ഇദ്ദേഹത്തെ തേടി എത്തുന്നത്. കാർട്ടൂണിസ്റ്റ് ജിതേഷ്ജി കലാജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?

കാർട്ടൂണിസ്റ്റ് യേശുദാസ് സർ ആണ് ഈ രംഗത്തേക്ക് ആകർഷിച്ചത്. അന്ന് എനിക്ക് ആറു വയസ്സുണ്ട്. അദ്ദേഹം ഇഎംഎസിനെ ആവിഷ്കരിക്കുന്ന രീതി എന്നിൽ കൗതുകം ഉണർത്തി. അദ്ദേഹം കാർട്ടൂണുകളിൽ തലയിൽ എന്തോ വീണ് ചളങ്ങിയതു പോലെയാണ് ഇഎംഎസിനെ വരയ്ക്കുക. ആക്ഷേപഹാസ്യം അവതരിപ്പിക്കാൻ സ്വീകരിച്ചിരുന്ന രീതി. അങ്ങനെ ആർട്ടിസ്റ്റ് വല്യത്താന്റെ കീഴിൽ ഞാൻ ചിത്രരചന അഭ്യസിക്കാൻ തുടങ്ങി.

speed-cartoonist-jitheshji-4

1990ൽ ചങ്ങനാശ്ശേരി എസ്ബി കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. പുതിയ വിദ്യാർഥികൾ വേദിയിൽ എന്തെങ്കിലും അവതരിപ്പിക്കണം. എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് കാവുക്കാട്ടെ ഹാളിൽ ഒരു ബോർഡ് ഇരിക്കുന്നത് കണ്ടത്. സുഹൃത്തുക്കളോട് അതെടുത്ത് വേദിയിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. ഒരേസമയം രണ്ടു കൈകൾ ഉപയോഗിച്ച് വരയ്ക്കാനുള്ള കഴിവ് ജന്മനാ ലഭിച്ചിട്ടുണ്ട്. അമിതാബ് ബച്ചൻ രജനികാന്ത്, മൈക്കൽ ജാക്സൺ, കപിൽ ദേവ് തുടങ്ങി അക്കാലത്തെ പ്രശസ്തരെ അതിവേഗം വേദിയിൽ നിന്നു വരച്ചു. അങ്ങനെയാണ് വരയെ ആദ്യമായി വേദിയിൽ എത്തിക്കുന്നത്. വേഗ വര, വരവേഗ വിസ്മയം, സ്പീഡ് കാർട്ടൂണിങ് എന്നീ പേരുകളിൽ വേദികളില്‍ പരിപാടി മുന്നോട്ടു പോയി. പിന്നീട് വരയരങ്ങ് എന്ന പേര് സ്വീകരിച്ചു.

കവിയരങ്ങ് ആണോ വരയരങ്ങ് ആയത്?

ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂണ്‍ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങള്‍ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റന്റും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു.

വരയരങ്ങിന്റെ സവിശേഷതകൾ എന്തെല്ലാമാണ്? 

പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമന്റ്സിന്റെ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും. അനുയോജ്യമായ സംഗീതവും നൽകും. അനുകരണം ചെയ്യുന്ന ഇരുപതോളം ആളുകൾ എനിക്കൊപ്പം ഉണ്ട്.

speed-cartoonist-jitheshji-2

ചിത്രങ്ങൾക്ക് ജീവൻ നൽകുക. ഈ ആശയം ലഭിച്ചത് എങ്ങനെയാണ്?

ഒരിക്കൽ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ കാണാനുള്ള അവസരം ലഭിച്ചു. ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നവർ ആരാണ് എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. തിരുമേനിമാരും വൈദികരും ആയിരിക്കും എന്നു ഞാൻ പറഞ്ഞു. ദൈവം സൃഷ്ടിച്ചതിനെ അതുപോലെ നിർമിക്കാൻ സാധിക്കുന്നവര്‍ കലാകാരന്മാരാണ്. ജീവൻ നൽകാൻ കഴിയില്ല എന്നു മാത്രം. അതിനാൽ കലാകാരന്മാരാണ് ദൈവത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്നവർ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവൻ നൽകിയാലോ എന്ന ചിന്ത വരുന്നത് അങ്ങനെയാണ്. യുഗപുരുഷൻ സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട ജോർജ് പോളിനെയാണ് ആദ്യം ഇങ്ങനെ പരീക്ഷിച്ചത്.

5 മിനിറ്റിൽ 50 ചിത്രങ്ങൾ? ഇങ്ങനെ ഒരു ലോക റെക്കോർഡ് ഉണ്ടോ?

5 മിനിറ്റിൽ 50 പ്രശസ്തരുടെ കാർട്ടൂൺ ചിത്രങ്ങൾ വരയ്ക്കാൻ എനിക്കാവും. ഒബാമ, എബ്രഹാം ലിങ്കണ്‍ ചെഗുവേര, ചാര്‍ലിൻ ചാപ്ലിൻ, സ്വാമി വിവേകാന്ദൻ, ഗാന്ധിജി എന്നിങ്ങനെ ലോകത്തിനു സുപരിചിതമായി മുഖങ്ങളാണ് വരച്ചത്.

എന്നാൽ സാങ്കേതികമായി ചില പ്രശ്നങ്ങളുണ്ട്. ഇങ്ങനെ ചെയ്യുന്ന മറ്റാരും ഇതുവരെ രംഗത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മത്സരം സംഘടിപ്പിക്കാൻ സാധ്യമല്ല. എനിക്ക് രണ്ടു കൈകൾ കൊണ്ടു വരയ്ക്കാൻ സാധിക്കും.. മറ്റൊന്ന് പലരും വരയ്ക്കുന്നത് പല വലുപ്പത്തിലുള്ള കാൻവാസുകളിലാണ്. ഇതിന് അനുസരിച്ച് സമയം വ്യത്യാസപ്പെടാം.

speed-cartoonist-jitheshji-7

ഇതെല്ലാം കൊണ്ട് ഒരു റെക്കോർഡായി രേഖപ്പെടുത്താൻ സാധ്യമല്ല. ‘ലോകത്തിലെ ഏറ്റവും വേഗമേറിയ കാർട്ടൂണിസ്റ്റ്’ എന്ന് പേരിൽ ഗിന്നസ് ഒരു ഫീച്ചർ ചെയ്യുകയായിരുന്നു.

യുവതലമുറ കാർട്ടൂണുകളോട് താൽപര്യം കാണിക്കുന്നുണ്ടോ? അവരുടെ അഭിരുചിയിൽ മാറ്റങ്ങൾ പ്രകടമല്ലേ?

മുൻപ് രാഷ്ട്രീയ കാർട്ടൂണുകൾക്ക് വളരെ സ്വീകാര്യത ഉണ്ടായിരുന്നു. ആർ.കെ ലക്ഷ്മണനും ശങ്കറും അക്കാലത്ത് കത്തി നിന്നിരുന്നു. എന്നാൽ ഈ തലമുറക്ക് രാഷ്ട്രീയ കാർട്ടൂണുകളോടുള്ള താൽപര്യം കുറഞ്ഞു വരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ആരാണെന്നു ചോദിച്ചാൽ അറിയാത്ത കുട്ടികൾ നമ്മുടെ സ്കൂളുകളിൽ ഉണ്ട്. പരിപാടികൾ അവതരിപ്പിക്കാൻ പോകുമ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 

കാലത്തിനനുസരിച്ച് മാറുക എന്നതാണ് നയം. പണ്ട് ക്യാംപസുകളിൽ പോകുമ്പോൾ ഒ.വി വിജയൻ, ബഷീർ, എൻ.എസ് മാധവന്‍, എം.സുകുമാരൻ എന്നീ എഴുത്തുകാരുടെ ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെടും. ഇന്ന് വിജയ്, സൂര്യ, പ്രഭാസ്, മെസി, റൊണാൾഡോ എന്നിവരെ വരയ്ക്കാനാണ് ആവശ്യം. നമ്മൾ അത് വരയ്ക്കും. അല്ലാതെ ഞാൻ ഇയാളെ മാത്രമേ വരയ്ക്കൂ എന്നു ശാഠ്യം പിടിക്കാൻ ആവില്ലല്ലോ.

speed-cartoonist-jitheshji-9

വരയ്ക്കിടയിൽ വായന വികസിപ്പിക്കേണ്ടതിന്റെയും സമൂഹവുമായി ചേർന്നു പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യങ്ങളും മറ്റും വിശദീകരിച്ചു കൊടുക്കും. കാണുകയോ കേൾക്കുകയോ മാത്രം ചെയ്യുന്നതല്ല ചിന്തിപ്പിക്കുന്നതും കൂടിയാകണം കല. കലയിൽ എപ്പോഴും പുതുക്കലുകള്‍ നടക്കണം. കലാകാരൻ സ്വയം മാറണം..

ലളിത കലകൾക്ക് കേരളത്തിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കലകളെ ഫൈൻ ആർട് എന്നാണു പറയുക. എന്നാൽ മലയാളത്തിൽ അത് ‘ലളിത കല’ എന്നാണ്. ഫൈൻ എന്നതിന്റെ അർഥം ലളിതം എന്നാണോ? തുച്ഛമായ എന്തോ ഒരു സാധനം എന്ന ഭാവമാണ് ലളിത കല എന്ന വാക്കിനുള്ളത്. ഈ ഒരു മനോഭാവം തീർച്ചയായും പ്രകടമാണ്. മലയാളത്തിലേക്ക് മാറ്റുമ്പോൾ ‘ശ്രേഷ്ഠ കല’ എന്ന വാക്കാണ് കൂടുതൽ അനുയോജ്യം. അങ്ങനെയാണെങ്കിൽ കലാകാരന്മാർക്ക് കുറച്ച് അഭിമാനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.

ഒരിക്കൽ കുവൈറ്റിൽ പരിപാടി അവതരിപ്പിക്കുമ്പോൾ അന്നത്തെ ഇന്ത്യൻ അംബാസഡർ സുനിൽ ജെയ്ൻ എല്ലാ തിരക്കുകളും മാറ്റി വച്ചു വന്നിരുന്നു. അദ്ദേഹം പരിപാടി കഴിഞ്ഞ് എഴുന്നേറ്റ് നിന്നു കയ്യടിച്ചു. ഒരു രാജ്യത്ത് പരിപാടി കഴിഞ്ഞപ്പോൾ കാണികളിൽ ഒരാള്‍ ഫോൺ സമ്മാനമായി തന്നു. അഭിനന്ദനങ്ങളും അംഗീകാരങ്ങളും നൽകുന്നതിൽ ഈ വ്യത്യാസങ്ങൾ പ്രകടമാണ്. 

അഞ്ചാം തീയതി ഓസ്ട്രേലിയയിലേക്ക് പോവുകയാണ്. അവർ എനിക്ക് സൗജന്യ പ്രവേശന വിസ നല്‍കിയിട്ടുണ്ട്. 2020 ഓഗസ്റ്റ് വരെ എത്ര തവണ വേണമെങ്കിലും അവിടേക്കു പോകാനാകും. സാംസ്കാരിക പ്രവർത്തനങ്ങളും വരയരങ്ങും സംഘടിപ്പിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്.

അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് വരയരങ്ങുമായി മുന്നോട്ടു പോയത് അല്ലേ? എതിർപ്പുകൾ ഉണ്ടായിരുന്നോ?

അമ്മ സബ് റജിസ്ട്രാർ ആയിരുന്നു. അവർക്കൊന്നും മകൻ ഇങ്ങനെ ഒരു മേഖല തിരഞ്ഞെടുക്കുന്നത് ചിന്തിക്കാൻ കൂടി സാധ്യമല്ലായിരുന്നു. വീട്ടിൽ നിന്ന് ഇറക്കി വിടുക വരെ ചെയ്തിട്ടുണ്ട്. 

speed-cartoonist-jitheshji-5

ഏതാണോ നിങ്ങളുടെ പാഷൻ അതിനെ പ്രഫഷൻ ആക്കുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തായ ജോലി എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. ഏതെങ്കിലും ജോലി മറ്റൊന്നിനേക്കാൾ മികച്ചതാണ് എന്നു ഞാൻ പറയില്ല. പക്ഷേ ഇഷ്ടമുള്ളതായിരിക്കണം ചെയ്യേണ്ടത്. എങ്കിൽ മാത്രമേ സമാധാനം ലഭിക്കൂ. എനിക്കിഷ്ടം വരയ്ക്കുന്നതാണ്. അതും വേഗത്തിൽ വരയ്ക്കുന്നത്. കാർട്ടൂണ്‍ വരയ്ക്കമ്പോൾ ഈ വേദിയിൽ മാത്രമേ വേഗതയ്ക്ക് പ്രാധാന്യമുള്ളത്. അല്ലാതെ വേഗത കലയ്ക്ക് ഒരു മാനദണ്ഡമേയല്ല.

ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?

ജിതേഷ്ജി എന്നത് എന്റെ പേരാണ്. ജി എന്നത് കൂട്ടിച്ചേർത്തതല്ല. അച്ഛനും അമ്മയും ജനിച്ചപ്പോൾ ഇട്ട പേരാണ്. ചെറുപ്പത്തിൽ പലരും കളിയാക്കിയിരുന്നതു കൊണ്ട് ഞാൻ ജിതേഷ് എന്നേ പറയുമായിരുന്നുള്ളൂ. പക്ഷേ, പിന്നീട് ജിതേഷ്ജി പറയാൻ തുടങ്ങി. പക്ഷേ മിക്കവരും കരുതുന്നത് ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ‘ജി’ ആണെന്ന് ആണ്. ഒരിക്കൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഈ സംശയം ചോദിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജിതേഷ് എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ‘ജി’ എന്ന പേരാണ് പരിപാടികൾക്ക് ഉപയോഗിക്കുന്നത്.

വീട്, കുടുംബം, ജീവിതം 

ഭാര്യ ഉണ്ണിമായ. നിരഞ്ജൻ, ശിവാനി എന്നിവരാണ് മക്കൾ. പത്തനംതിട്ടയിലെ പന്തളത്താണ് വീട്. ചുറ്റിലും മരങ്ങളുള്ള ഒരു വീട്. ആടുകൾ കോഴികള്‍ അരയന്നങ്ങൾ, താറാവുകൾ ഇതെല്ലാം വീട്ടിലുണ്ട്. എല്ലാം സ്വതന്ത്ര്യമായി വിഹരിക്കുന്നു. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയാണ് ജീവിതരീതിക്കു പ്രചോദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com