ADVERTISEMENT

കഥകൾ പറയുന്ന, ഓർമ്മകൾ അയവിറക്കുന്ന, വ്യക്തിതാൽപര്യങ്ങളെ സ്വഭാവസവിശേഷതകളെ പ്രണയത്തെ വിളിച്ചു പറയുന്ന വളകളാണ് ഇന്നത്തെ യുവജനതയെ അടയാളപ്പെടുത്തുന്നത്. കേട്ടിട്ട്, അത്ഭുതം തോന്നുന്നുണ്ടോ? ടെന്നീസ് കളി ഇഷ്ടപ്പെടുന്ന കൂട്ടുകാരിക്ക് വേണ്ടി പിറന്നാൾ സമ്മാനം വാങ്ങാനായി ഇറ്റാലിയൻ സുഹൃത്ത് അഡ്രിയാനയ്ക്കൊപ്പം കടയിൽ പോയപ്പോഴാണ് യുവാക്കളുടെ ഇടയിൽ ഹരമായിക്കൊണ്ടിരിക്കുന്ന പുതുപുത്തൻ ട്രെന്റിനെ കുറിച്ചറിഞ്ഞത്. വെള്ളിയിൽ നിർമിച്ച ടെന്നീസ് റാക്കിന്റെ രൂപത്തിലുള്ള ചെറിയ ലോക്കറ്റ് പോലെയൊരു സമ്മാനം കൂട്ടുകാരിയ്ക്കായി തിരഞ്ഞെടുത്തത് അത്ഭുതത്തോടെ നോക്കി നിന്ന എന്നോടവൾ മാറുന്ന ഫാഷൻ ട്രെന്‍ഡിനെ കുറിച്ചു വാചാലയായി. 

വെള്ളിയിലോ സ്വർണ്ണത്തിലോ നിർമിച്ച ചെറിയ ബ്രേസ്ലെറ്റുകളിൽ, ചാമ്സ് (Charms) എന്ന പേരിൽ അറിയപ്പെടുന്ന ചെറിയ ലോക്കറ്റുകളോ ക്രിസ്റ്റൽ മുത്തുകളോ ചേർക്കുന്നതാണ് ലേറ്റസ്റ്റ് ട്രെൻഡ്. ജീവിതത്തിലെ ഓരോ സംഭവങ്ങളും ഓരോ മുത്തുകളിലൂടെ, അല്ലെങ്കിൽ ഓരോ ലോക്കറ്റുകളിലൂടെ കൈത്തണ്ടയിൽ അടയാളപ്പെടുത്തുകയാണത്രേ. അതായത്, പിറന്നാളുകൾ, ആനിവേഴ്‌സറികൾ, ഗ്രേഡ്വേഷൻ, എന്നിങ്ങനെ ഓരോ പ്രധാന ആഘോഷവേളകളിലും ആ വ്യക്തിയുടെ താല്പര്യം മനസിലാക്കി ഓരോ charms അല്ലെങ്കിൽ ലോക്കറ്റുകൾ സമ്മാനിക്കുക. ഓരോരുത്തരുടെയും താൽപര്യങ്ങളെ അടയാളപ്പെടുത്തുന്ന വിധത്തിൽ നൂറുകണക്കിന് ചാമ്സ് ആണ് ഓരോ കമ്പനികളും വിപണിയിൽ ഇറക്കുന്നത്. തന്റെ കൈത്തണ്ടയിൽ കിടക്കുന്ന ‘സ്യൂട്ട് കേസ്’ രൂപത്തിലുള്ള ലോക്കറ്റിൽ തൊട്ടുകൊണ്ട്, ഇത് എന്റെ യാത്രാ പ്രാന്ത് അറിയാവുന്ന കൂട്ടുകാരി ഇക്കഴിഞ്ഞ പിറന്നാളിന് സമ്മാനിച്ച charm ആണെന്ന് വെളിപ്പെടുത്തി. കുതിര സവാരി നടത്തുക എന്ന സ്വപ്നം സാക്ഷാത്കരിച്ച ഓർമയ്ക്കായി ഒരു കുതിര കുളംമ്പ് ആകൃതിയിലുള്ള ലോക്കറ്റും ഗ്രാഡ്വേഷൻ സെറിമണിക്ക് സഹോദരൻ സമ്മാനിച്ച പുസ്തക ആകൃതിയിലുള്ള ലോക്കറ്റും അവളുടെ കണ്ണുകളിൽ അഭിമാനം ചാർത്തി. ബ്രേസ്ലേറ്റിൽ കിടന്നിരുന്ന ഓരോ ലോക്കറ്റുകളും ഓരോ സംഭവങ്ങളെ അടയാളപ്പെടുത്തുന്നവയായിരുന്നു. ഏറ്റവും നടുവിലായി കിടന്ന ചുവന്ന ഹൃദയം അവൾ പറയാതെ തന്നെ അവളുടെ കവിളിലെ പ്രണയച്ചുവപ്പ് വിളിച്ചു പറഞ്ഞു…

western-trends-2

ഇത്തരം ലോക്കറ്റുകൾ നിറഞ്ഞ ബ്രെയ്‌സ്ലെറ്റുകൾ പുതിയ കണ്ടുപിടുത്തമല്ല. നൂറ്റാണ്ടുകൾക്ക് മുൻപ് മുതലേ, മനുഷ്യർക്കിടയിൽ നിലനിന്നിരുന്ന ഫാഷൻ സങ്കല്പങ്ങളുടെ കഥകൾ പറയുന്നുണ്ട് ഈ ബ്രെസ്ലേറ്റുകൾ. ലോഹം കണ്ടെത്തിയ നാൾ മുതൽ ലിംഗഭേദമില്ലാതെ, മനുഷ്യന്റെ കൈത്തണ്ടയിൽ അലങ്കാരമായി ഇത്തരം വളകൾ ചാർത്തിയിരുന്നുവത്രേ. ഈജിപ്റ്റ് ആണ് ഇത്തരം വളകളുടെ ഉത്ഭവകേന്ദ്രം.  പലപ്പോഴും ജാതി-മത-സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളുടെ അടയാളപ്പെടുത്തൽ എന്നവണ്ണമായിരുന്നു കരുതപ്പെട്ടിരുന്നത്. പിന്നീട് എപ്പോഴോ, അതിൽ ചേർക്കുന്ന ലോകറ്റുകൾക്ക് അതിമനുഷിക അല്ലെങ്കിൽ മാന്ത്രിക ശക്തി ഉള്ളതായി വിശ്വസിക്കപ്പെട്ടു. കാലക്രമേണ, രൂപത്തിലും ഭാവത്തിലും അവ ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായി മാറി. 

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആകമാനം ഇത്തരം charms bracelet കൾ ട്രെൻഡിങ് ആയി. അതിന് പ്രധാന കാരണം, ഇംഗ്ലണ്ട് ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ആഭരണമായി ആ കൈത്തണ്ടയിൽ കിടന്നിരുന്ന ചാമ്സ് ബ്രേസിലെറ്റ് ആണ്. രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത ചാമ്സ് ആയിരുന്നു വിക്ടോറിയ രാജ്ഞി അണിഞ്ഞവയിൽ ഏറ്റവും ശ്രദ്ധേയമായത്. രാജ്ഞിയുടെ ബ്രേസ്ലെറ്റുകളെ അനുകരിച്ച് പല രീതിയിലുള്ള ബ്രെസ്ലേറ്റുകൾ യൂറോപ്യൻ യുവജനതയുടെ കൈതടങ്ങളിൽ തിളങ്ങി നിന്നു. ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ അമേരിക്കൻ പട്ടാളക്കാർ, മടക്കയാത്രയിൽ, താങ്കളുടെ പ്രിയപ്പെട്ടവർക്കായി ഇത്തരം ചാമ്സ് ബ്രേസ്ലെറ്റുകൾ സമ്മാനമായി കരുതിയതോടെ അമേരിക്കയിലും ഇത്തരം ബ്രേസ്ലെറ്റുകൾക്ക് വലിയ പ്രചാരം ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ നഷ്ടപ്പെട്ട ചാമ്സ് ബ്രേസ്‌ലറ്റുകളുടെ ‘ചാം’ ഇപ്പോൾ തിരികെ വന്നിരക്കുകയാണ്… പൂർവാധികം ശക്തിയോടെ. 

western-trends-1

ആഭരണ മേഖലയിൽ ലോകപ്രശസ്തമായ പല ബ്രാന്‍ഡുകളും സ്വർണ്ണത്തിലും വെള്ളിയിലും സ്റ്റീലിലും മറ്റു ലോഹങ്ങളിലും നിർമിച്ച ചാമ്സ് ബ്രേസ്‌ലറ്റുകളുമായി വിപണിയിൽ എത്തിക്കഴിഞ്ഞു. ആദ്യം ബ്രേസ്‌ലെറ്റ് സമ്മാനിക്കുക, പിന്നീട് ഓരോ ആഘോഷങ്ങൾക്കും അവയിൽ ചാർത്താനുള്ള ചാമ്സ് സമ്മാനിച്ച്, കൈതണ്ടകൾ ഓർമ്മച്ചെപ്പുകളാകുക എന്നതാണ് ഓരോ കമ്പനികളും മുന്നോട്ട് വെക്കുന്ന ആശയം. 

പെണ്ണിന്റെ കൈത്തണ്ടയിലെ കുപ്പിവള കിലുക്കം എത്രയോ കവിതകളിലും കഥകളിലും കാലാകാലങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നു. കൈത്തണ്ടയിൽ കിലുങ്ങുന്ന ഓർമ്മതുണ്ടുകളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും ആധുനിക ലോകത്ത് പുതുപുത്തൻ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com