പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിനും തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം നൽകി മാതൃകയായ നൗഷാദിനും ആദരവുമായി ജിത്തു എ.ബി എന്ന കലാകാരി. കുപ്പിയില്‍ വരച്ച ഇവരുടെ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുപ്പിക്കുന്ന എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ ഗ്ലാസ് പെയിന്റിങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
‘ഉടൽ സമർപ്പിതം...
ഉയിർ സമർപ്പിതം..
എന്തു ഞാൻ ഇനിയേകിടാവൂ...
ലിനുച്ചേട്ടന് ശതകോടി പ്രണാമം!’
ലിനുവിന്റെ ചിത്രത്തിനൊപ്പം കുപ്പിയിൽ എഴുതിയിരിക്കുന്നു.
തുണിക്കെട്ടുമായി ഓടുന്ന നൗഷാദിന്റെ ചിത്രവും സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ നേടി. ‘ദൈവമാകാൻ മനുഷ്യനും കഴിയും, നമ്മുടെ സ്വന്തം നൗഷാദിക്ക’ എന്നാണ് കുപ്പിയിൽ എഴുതിയിരിക്കുന്നത് ‘‘വരച്ചു കൊണ്ടിരുന്നപ്പോൾ മോൾ ചോദിച്ചൂ എന്താ അമ്മേ വരക്കുന്നതെന്ന്. ഞാൻ പറഞ്ഞു ദൈവത്തെയെന്ന്...’’ നൗഷാദിന്റെ ചിത്രമുള്ള കുപ്പിയ്ക്കൊപ്പം ജീത്തു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉപയോഗശൂന്യമായ കുപ്പികളിലാണ് ജീത്തു പെയിന്റിങ് ചെയ്യുന്നത്. നിരവധിപ്പേർ കലാകാരിക്ക് അഭിനന്ദനങ്ങളുമായി എത്തി. ഇതുപോലെ കുപ്പി ചെയ്തു തരാൻ ആവശ്യപ്പെടുന്നവരും ധാരാളമുണ്ട്.