ADVERTISEMENT

പ്രളയം ദുരിതം തീർത്തപ്പോള്‍ തന്റെ കടയിലുള്ള വസ്ത്രങ്ങൾ ചാക്കിൽ നിറച്ചു നൽകിയാണ് നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ കേരളത്തിനു മാതൃകയായത്. നിരവധിപ്പേർക്ക് ഉൗർജമായ ആ പ്രവൃത്തി കേരളത്തിന്റെ കാർട്ടൂൺ മാൻ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷയേയും ചിന്തിപ്പിച്ചു. തന്റെ കയ്യിലുള്ളത് എന്തോ അത് പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുക. ആ മഹനീയ മാതൃക ഉള്‍കൊള്ളാൻ ബാദുഷ വൈകിയില്ല. വരയ്ക്കാനുള്ള കഴിവ് നാടിനു വേണ്ടി, ദുരിതത്തിൽ‌ അകപ്പെട്ടവർക്കു വേണ്ടി ഉപയോഗിച്ചു.

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരുടെ ചിത്രങ്ങൾ വരച്ചു നൽകും’ ബാദുഷ പ്രഖ്യാപിച്ചു. സംഭാവന നൽകി അതിന്റെ റസിപ്റ്റ് ഫെയ്സ്ബുക്കിലൂടെ അയച്ചു നൽകിയാൽ മതി. കേരളത്തിന്റെ ഭൂപടം പിടിച്ചു നിൽക്കുന്ന നിങ്ങളുടെ കാർട്ടൂൺ ബാദുഷ തിരിച്ചയയ്ക്കും. 150ൽ പരം ആളുകളുടെ ചിത്രങ്ങളാണ് ഇങ്ങനെ ഡിജിറ്റലായി വരച്ചയച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ കുട്ടികൾ മുതൽ വ്യവസായികൾ വരെ റസിപ്റ്റുകൾ അയച്ചു. ചെറിയതും വലിയതുമായ തുകകളുടെ റസീപ്റ്റ് കാണുമ്പോൾ കല നല്ലൊരു കാര്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതിന്റെ സന്തോഷം മനസ്സിൽ നിറഞ്ഞു.

നൗഷാദിന്റെ ചിത്രം വരച്ചാണ് ഈ ക്യാംപെയ്ന്‍ ബാദുഷ അവസാനിപ്പിച്ചത്. അദ്ദേഹത്തിന് ചിത്രം സമ്മാനിച്ച് ആ നല്ല മാതൃകയ്ക്ക് ആദരമേകി. നിലമ്പൂര്‍ ക്യാംപിലെ കുട്ടികൾക്ക് ആശ്വാസമായും ലൈവ് ഷോകൾ നടത്തി. കാർട്ടൂൺ ക്ലബിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തൽസമയ കാരിക്കേച്ചറുകളിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുകകൾ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി വരയ്ക്കുമ്പോൾ ഈ കലാകാരന് പറയാനുള്ളത് ഒന്നുമാത്രം ‘ഒന്നിച്ച് അതിജീവിക്കാം നമുക്ക്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com