ADVERTISEMENT

ഡിസൈനർ വസ്ത്രം ധരിച്ചും ചേരുന്ന ആക്സസറീസ് തിരഞ്ഞെടുത്തും ശീലിച്ചവരാണു നമ്മൾ. കണ്ട് ഇഷ്ടപ്പെട്ടതാണു വാങ്ങുന്നത്. നിറവും ഗുണവും കാഴ്ചയിൽ അറിയുന്നു, ട്രയൽ ചെയ്താൽ കൃത്യമായ ഫിറ്റിങ് തന്നെ തിരഞ്ഞെടുക്കാം. കണ്ടറിഞ്ഞതിനുശേഷമാണ് ആ തിരഞ്ഞെടുപ്പുകൾ. അപ്പോൾ കാഴ്ചയില്ലെങ്കിലോ ?

ധരിച്ച വസ്ത്രം തൊട്ടുനോക്കി, ഹായ് ഇതു പുതിയതാണ്, എന്ന തിരിച്ചറിയും കാഴ്ചയില്ലാത്തയാൾ. നിറം അവർ കാണുന്നില്ലല്ലോ എന്നാകും, പക്ഷേ ഒരു നിറത്തിന്റെ പേരിനൊപ്പം അവർ മനസിൽ ചേർത്തുവയ്ക്കുന്ന കാണാലോകമുണ്ട്. ദൈനംദിന ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടും മറ്റുള്ളവരെ ആശ്രയിച്ചും മുന്നോട്ടുനീങ്ങുന്ന ജീവിതമാണവരുടേത്. കാഴ്ച പരിമിതിയുള്ളവരുടെ ആവശ്യങ്ങൾ സാധ്യമാക്കുന്ന ഡിസൈനർ ബാഗ് ഒരുക്കിയിരിക്കുകയാണ് നിഫ്റ്റ് കണ്ണൂർ മൂന്നാം വർഷ വിദ്യാർ‌ഥി മുസ്കാൻ അംബ്ര.

ചേന്ദമംഗലത്തെ ഖാദി മുണ്ട് ഉപയോഗിച്ചാണ് മുസ്ക ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൈൻഡ് സ്കൂൾ സന്ദർശിച്ച് അവരുമായി ഇടപഴകി ആവശ്യങ്ങൾ മനസിലാക്കിയാണ് ബാഗ് രൂപകൽപന ചെയ്തത്. കാഴ്ചയില്ലാത്തവർക്ക് എളുപ്പം കൈകാര്യം െചയ്യാനാകും വിധം സിബ്ബുകൾ ഒഴിവാക്കിയ ടോട് ബാഗ് ആണിത്. ബാക്ക് പാക്ക് ആയും ഉപയോഗിക്കാം. ചരടു വലിച്ച് കെട്ടിവയ്ക്കാവുന്ന രീതിയിലുള്ളതാണ് ഡിസൈൻ.

മുസ്കയുടെ ബാഗിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ടാഗ് ആണ്. ബ്രെയിൽ ലിപിയിൽ ചേർത്ത ടാഗ് ഒരുപക്ഷേ ഡിസൈനർ ലോകത്തെ പുതിയൊരു കാൽവയ്പാകുമെന്നാണ് മുസ്കയുടെ പ്രതീക്ഷ. ‘‘ ആ ബാഗുകൾ ചെയ്യുന്നതിനു മുമ്പ് കാഴ്ച പരിമിതിയുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ ബ്ലൈൻഡ് സ്കൂളിൽ പോയിരുന്നു. ആദ്യമൊക്കെ എന്നോടു സംസാരിക്കാൻ പോലും അവർ തയാറായില്ല. ആർക്കും അവരെ കബളിപ്പിക്കാം എന്നൊരു തോന്നലാണ് അവർക്ക് ആദ്യമേയുള്ളത്. പക്ഷേ പിന്നീട് കൂടുതൽ നന്നായി അവരോട് ഇടപഴകാനായി. അങ്ങനെ മനസിലാക്കിയതാണ് അവരുടെ പല പ്രശ്നങ്ങളും. അവർ ഷോപ്പിങ്ങിനു മറ്റും പോകുമ്പോഴുള്ള വലിയ പ്രശ്നം, അവർക്ക് ഒരു സാധനത്തിന്റെ വില തിരിച്ചറിയാനാകില്ല എന്നതാണ്. അവർക്കതു വായിച്ചു മനസിലാക്കാനാകില്ലല്ലോ. ആ ഒരു കാര്യത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോഴാണ് ബാഗിന്റെ ടാഗ് ബ്രെയിൽ ലിപിയിൽ ചെയ്യാമെന്ന ആശയമുണ്ടായത്. മൂന്നു ടാഗുകളാണ്, ഒന്നിൽ വില, മറ്റൊന്ന് ബാഗിന്റെ നിറം തുടങ്ങിയ വിശദാംശങ്ങൾ, ഒടുവിലായി ‘Specially made for you" എന്ന വാചകമാണ്.’’

ambra-bag

കൊച്ചി ബിനാലെക്കാലത്ത് കണ്ണൂർ നിഫ്റ്റിലെ കൂട്ടുകാർക്കൊപ്പം ഫോർട്ട്കൊച്ചിയിലെത്തിയതാണ് ഡിസൈനർ വിദ്യാർഥിയായ മുസ്കാൻ അംബ്രയുെട ചിന്തകളെ വഴിതിരിച്ചുവിട്ടത്. ‘‘ അവിടെ സേവ് ദ ലൂം നടത്തുന്ന ‘വൺ സീറോ എയ്റ്റ്’ എന്ന പോപ് അപ് ഷോപിലെത്തി. ചേന്ദമംഗലത്തെ പ്രളയത്തിന്റെ കഥകളും കൈത്തറിയും ഖാദിയുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളും മനസിലാക്കാനായി. ഡിസൈനർ വിദ്യാർഥിയെന്ന നിലയിൽ അതിന്റ ഭാഗമാകാൻ കഴിയുമോയെന്ന് അതിന്റെ പിന്നണിയിലുള്ളവരോട് ചോദിച്ചു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്ത് അയക്കാനാണു പറഞ്ഞ്.

ഞാൻ പിന്നീട് മുംബൈയിലേക്കു തിരിച്ചു പോയി. അത് അവധിക്കാലമായിരുന്നു. പക്ഷേ എനിക്ക് എങ്ങനെയും അതു ചെയ്യണമെന്നായിരുന്നു. അങ്ങനെ ഉടൻ തന്നെ തിരിച്ചുവന്നു. രണ്ട് ഫാബ്രിക് ബാഗ് ചെയ്ത്, വീണ്ടും അവരെ കാണാൻ പോയി. ഫാഷൻ കൺസൽട്ടന്റായിരുന്ന രമേഷ് മേനോൻ പക്ഷേ അന്ന് എന്റെ ബാഗുകൾ കണ്ട്, നിരുത്സാഹപ്പെടുത്തി. അതിലെന്താണ് പ്രത്യേകത, എല്ലാവരും ചെയ്യാത്തതായി എന്തുണ്ട്, ടാഗ് എവിടെ, എന്താണ് അതിന്റെ വില എന്നൊക്കെ ചോദിച്ചു. ഒന്നിനും എനിക്കു മറുപടിയുണ്ടായില്ല. പിന്നീട് അദ്ദേഹം പറഞ്ഞു, യൂണിക് ആയി എന്തെങ്കിലും െചയ്യണം. എനിക്ക് രണ്ട് ഖാദി മുണ്ടും തന്നുവിട്ടു. അന്ന് അദ്ദേഹവുമായി സംസാരിച്ചതിനെ തുടർന്നാണ് കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടി എന്തു ചെയ്യാം എന്ന ചിന്തയിലേക്ക് ഞാനെത്തിയത്’’, മുസ്കാൻ അംബ്ര പറഞ്ഞു.

കർണാടക സ്വദേശിയായ മുക്സാൻ അംബ്ര മുംബൈയിലാണ് താമസം. നിഫ്റ്റിലെ കോഴ്സ് പൂർത്തിയാക്കിയശേഷം ഭാവിയിലും അഡാപ്റ്റിവ് ഡിൈസനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണ് മുസ്കയുടെ ആഗ്രഹം.

‘‘അഡാപ്റ്റിവ് ഫാഷൻ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പക്ഷേ വളരെ കുറച്ചുപേരെ ഇവിടെ അതു ചെയ്യുന്നുള്ളൂ. ഡിസൈൻ എന്നാൽ ഒരു പ്രോബ്ലം സോൾവിങ് എക്സർസൈസ് ആയാണ് എൻഐഡി അഹമ്മദാബാദിൽ പഠിപ്പിക്കുന്നത്. ഡിസൈൻ ഒരു ടൂൾ ആണ്, ആവശ്യകതകൾക്കനുസരിച്ച് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതാണ് ഡിസൈൻ. എങ്ങനെ സിംപിൾ ആക്കാം എന്നതാണ് ശ്രമിക്കേണ്ടത്. പക്ഷേ ഇക്കാലത്ത് ഡിസൈൻ എന്നാൽ ഫാൻസിയായത്, വിലയേറിയത് എന്നിങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയാണ്.

മുസ്കാൻ അംബ്ര ആദ്യം ബാഗു ചെയ്തു കൊണ്ടുവരുമ്പോൾ അതിൽ പ്രത്യേകതകളില്ല, ആർക്കും ചെയ്യാം ഒരു ഫാബ്രിക് ബാഗ്. അതിൽ കാര്യമില്ല. പുതുതായി എന്തെങ്കിലു ചെയ്യാൻ പ്രേരിപ്പിച്ചു. അന്നു തിരിച്ചുപോയതിനുശേഷം അവർ അതിൽ കൂടുതൽ അന്വേഷണം നടത്തി ബ്ലൈൻഡ് ഫ്രണ്ട്‌ലിയായ ഡിസൈനുമായാണ് വന്നത്. ഒപ്പം ബ്രെയിലി ടാഗ് പോലുള്ള മികച്ച കണ്ടെത്തലുകളും അത്തരത്തിലുള്ള ശ്രമങ്ങളാണ് ആവശ്യം.’’ – രമേഷ് മേനോൻ, ഫാഷൻ കൺസൽട്ടന്റ്

അഡാപ്റ്റീവ് ഫാഷൻ

ഓരോ ദിവസവും എന്തു ധരിക്കാം, ഓരോ അവസരത്തിനും എങ്ങനെ അണിഞ്ഞൊരുങ്ങാം എന്നിങ്ങനെ ഒട്ടേറെ സാധ്യതകളാണു കൺമുന്നിൽ. ആവശ്യമനുസരിച്ചുള്ള ഡിസൈനർ തിരഞ്ഞെടുപ്പുകളും ലഭ്യം. പക്ഷേ ഇതെല്ലാം ഒരു വിഭാഗത്തിനു മാത്രമാണ് ലഭിക്കുന്നതെന്ന സത്യം തിരിച്ചറിയുന്നില്ല ഏറെപ്പേരും. കാഴ്ചയില്ലാത്തൊരാൾക്കു വേണ്ടി വസ്ത്രം തിരഞ്ഞെടുക്കുന്നത് മറ്റുള്ളവരാണ്. പ്രത്യേക ശാരീരിക പരിതസ്ഥിതിയിലുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല.  

ഡിസൈനർ ഫാഷൻ എന്നത് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാവുന്നത് നീതിയില്ല എന്ന തിരിച്ചറിയുകയാണ് ഫാഷൻ ലോകം. അഡാപ്റ്റിവ് ഫാഷൻ‌ എന്ന വിപണിയിലേക്ക് ഇന്ത്യന്‍ ലേബലുകളും പിച്ചവച്ചു തുടങ്ങി. വയോജനങ്ങൾക്കു വേണ്ടിയും ശാരീരിക പരിമിതികളുള്ളവർക്കു വേണ്ടിയും ചലനങ്ങൾ‍ അനായാസമാക്കുന്ന, അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഡിസൈനുകളാണ് അഡാപ്റ്റിവ് ഫാഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com