ADVERTISEMENT

പത്തു വർഷം മുമ്പ്, നടന്മാരായ റിച്ചാർഡിനെയും നീരജ് മാധവിനെയും വളഞ്ഞിട്ട് കുത്തിയതാണ് ചെന്നൈയിലെ കൊതുകുകൾ.ആ കഥ റിച്ചാർഡ് പറയുന്നു.

"പത്തു വർഷം മുമ്പാണ്. ഒരു തമിഴ് സിനിമയുടെ ആലോചനയുമായി ബന്ധപ്പെട്ട് ഞാനും നീരജ് മാധവും ചെന്നൈയിലെ ഒരു ഫ്ലാറ്റിലാണ് താമസം.സംവിധായകനും തിരക്കഥാകൃത്തും ഒക്കെ അതേ ഫ്ലാറ്റിൽ തന്നെയാണ്. എട്ടാം നിലയിലോ മറ്റോ ആണെന്നു തോന്നുന്നു ഫ്ലാറ്റ്.

നല്ല കൊതുക് ശല്യവുമുണ്ട് ഫ്ലാറ്റിൽ. ഒരു രാത്രി എനിക്കും നീരജിനും ഒരു ഐഡിയ. ടെറസ്സിൽ പോയി കിടന്നാലോ? പന്ത്രണ്ടാം നിലയിലോ മറ്റോ ആണ് ടെറസ്സ്. "എന്തായാലും ... അത്രയും ഉയരത്തിൽ കൊതുക് വരത്തില്ല " നീരജ് പറഞ്ഞു.

അക്കാര്യത്തിൽ എനിക്കും ഉറപ്പ് ആയിരുന്നു. മാനം നോക്കി കിടക്കുകയും ചെയ്യാം.

"ആഹാ.. വെറൈറ്റി " പിന്നെ, വൈകിയില്ല.

ഞങ്ങൾ രാത്രി നേരെ ടെറസ്സിലേക്ക്‌ വച്ചു പിടിച്ചു. താഴെ, എല്ലാവരും ഫ്ലാറ്റ് പൂട്ടി കിടന്നു. കൊതുക് വരില്ല എന്ന ധാരണയിൽ ഞങ്ങൾ മാനം നോക്കി കിടക്കുകയാണ്. കുറച്ചു കഴിഞ്ഞു. അപ്പോൾ അതാ മൂളൽ. പിന്നീടത് ഒരു ഇരമ്പലായി. കൊതുകൾ വരികയാണ്. ഒന്നും രണ്ടുമല്ല. കൊതുകുകളുടെ ഒരു കൂട്ടം.

ഞങ്ങളെ എടുത്തിട്ട് കുത്തിക്കളഞ്ഞു. മേലാസകലം ചൊറിഞ്ഞിട്ട് ഞങ്ങൾ എണീറ്റിരുന്നു. താഴെ പോയി ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി ഫ്ലാറ്റ് തുറന്ന് അകത്തു കയറുന്നത് എങ്ങനെ? വെളുപ്പിന് രണ്ടു മണി വരെ ഞങ്ങൾ കൊതുകുകളുമായി യുദ്ധം ചെയ്ത് ഒരു വിധം പിടിച്ചു നിന്നു. പിന്നെ, രണ്ടും കല്പിച്ച് താഴേക്ക് പോന്നു. ഇല്ലെങ്കിൽ കൊതുകുകൾ എല്ലാം കൂടി കൊല്ലും എന്ന് തോന്നി.

ധൈര്യം സംഭരിച്ച് ഫ്ലാറ്റിന്റെ വാതിലിൽ തട്ടി. വാതിൽ തുറന്നത് സംവിധായകൻ. ‘വെളുപ്പാൻ കാലം വരെ എവിടെ ആയിരുന്നു?’ എന്നു ചോദിച്ച് ബഹളം. ടെറസിൽ ആയിരുന്നു എന്നു പറഞ്ഞപ്പോൾ അതിനു വേറെ വഴക്ക്. എന്തായാലും കൊതുകിന്റെ കുത്തും സംവിധായകന്റെ ചീത്ത വിളിയും കേട്ട ആ രാത്രി മറക്കക്കാനാവില്ല

അന്ന്, എനിക്ക് ഒരു കാര്യം ഉറപ്പായി. ചന്ദ്രനിൽ ആണെങ്കിലും കൊതുക് വരും, വന്നിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com