കേരളത്തെ തൊട്ടറിയാൻ ആശ ശരത്തിന്റെ ‘ദേവഭൂമിക’

HIGHLIGHTS
  • ശബ്ദരൂപം നൽകുന്നത് മോഹൻലാൽ
  • ചിലവ് കഴിച്ചുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്
asha-saraths-devabhoomika
SHARE

ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന നൃത്ത–സംഗീത രൂപമായ ‘ദേവഭൂമിക’യ്ക്ക് അനുഗ്രഹം തേടി ആശ ശരത്ത്. കേരളത്തിലെ വിവിധ ജില്ലകളിൽ അവതരിപ്പിക്കുന്ന ദേവഭൂമികയുടെ ആദ്യവേദി എറണാകുളത്തെ ദർബാർ ഗ്രൗണ്ട് ആണ്. സെപ്റ്റംബർ  8ന് വൈകുന്നേരം ഏഴു മണിക്കാണ് പരിപാടി. കേരളത്തെയും മലയാളിയെയും തൊട്ടറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള ദൃശ്യവിരുന്നായിരിക്കും ദേവഭൂമികയെന്ന് ആശ ശരത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. മോഹൻലാലാണ് പരിപാടിക്ക് ശബ്ദം നൽകുന്നത്. ചെലവു കഴിച്ച് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം.

ആശ ശരത്ത് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം;

"ദേവഭൂമിക"

ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ ഭാഗമായിട്ടുള്ള കലാപരിപാടികളുടെ കൂട്ടത്തിൽ ഞാനും എന്റെ 40ൽ അധികം വരുന്ന സഹപ്രവർത്തകരും കൂടിയൊരുക്കുന്ന നൃത്തസംഗീതശില്പം ‘ദേവഭൂമിക’യുമായി എത്തുകയാണ്. ‘ദേവഭൂമിക’ ചരിത്രത്തിന്‍റെ സൂക്ഷ്മാംശങ്ങൾ തേടിയെടുത്തു ഒന്നൊഴിയാതെ തയ്യാറാക്കിയ ഒരു ചരിത്രമാപിനിയല്ല. കേരളത്തെയും മലയാളിയെയും മലയാളത്തെയും ഒന്ന് കണ്ടറിയാൻ, തൊട്ടറിയാൻ ആഗ്രഹിക്കുന്നവർക്കു മുൻപിൽ പ്രദർശിപ്പിക്കാവുന്ന ലളിതമായ ഒരു ദൃശ്യവിരുന്നാണ്. മലയാളികൾക്കോ, അവരുടെ ഭൂതകാലത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓർമ്മകളുണർത്തുന്ന ഒരു ഓർമ്മപ്പെടുത്തലുമാണ്. 

കേരളം കടന്നു വന്ന വഴികൾ, കേരളത്തിന്റെ കലകളുടെയും സാംസ്കാരിക രൂപീകരണത്തിന്റെയും ധാരകൾ, വൈവിധ്യമാർന്ന ഭാഷാസവിശേഷത, മലയാളികളുടെ ജീവിതത്തിന്റെ വ്യത്യസ്ഥത, നമ്മുടെ ഭൂമിശാസ്ത്രത്തിന്റെ, പ്രകൃതിയുടെ, സംഗീതത്തിന്റെ അങ്ങനെ എല്ലാം ചേർന്ന് ഒരുക്കുന്ന ഈ ഒരു ‘കേരളകാഴ്ച്ച’ ശബ്ദരൂപത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ മഹാനടൻ ശ്രീ 'മോഹൻലാൽ' ആണ്. ലോകത്ത് എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും മുൻപിൽ പ്രദർശിപ്പിക്കാവുന്ന ഒരു കേരളമാണ് "ദേവഭൂമിക".

ദേവഭൂമികയുടെ അവതരണം ചിലവുകൾ മാത്രം സ്വീകരിച്ചുകൊണ്ടാണ് നിർവഹിക്കുന്നതെന്നും പ്രതിഫലം സ്വീകരിക്കാതെ ഇതെന്‍റെ നാടിനോടുള്ള കടമയാണ് എന്ന ഉത്തമ ബോധ്യത്തോടു കൂടിയാണ് ഞാൻ ഈ ഉദ്യമത്തിൽ പങ്കാളിയാകുന്നത് എന്നറിയിക്കേണ്ടതും ഈ ഘട്ടത്തിൽ അനിവാര്യമാണ് എന്ന് തോന്നുന്നു.

പ്രളയം വിഷമത്തിലാക്കിയ കേരളത്തിന്റെ ദുരിതപർവ്വത്തിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ് നമ്മൾ. ദേവഭൂമികയുടെ പ്രദർശനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനത്തിന്റെ ചിലവുകഴിച്ചുള്ള എല്ലാ തുകയും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ശ്രമിച്ചുകൊണ്ടുകൂടി ചെയ്യുന്ന ഒന്നാണ്. അതിലേക്ക് ലഭ്യമാകുന്ന സംഭാവനകൾ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട ജില്ലാഭരണാധികാരികളുടെ മുൻകൈയോടുകൂടി നടക്കുന്ന ദുരിതാശ്വാസനിധിയിലേയ്ക്ക് ഞങ്ങളാൽ കഴിയുന്ന ഒരു സഹായം കൂടി അർപ്പിക്കാൻ കഴിഞ്ഞാൽ അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ കേരളകാഴ്ച നമ്മുടെ പ്രാദേശിക സംസാരത്തിന്റെ ഒരു പ്രതീകമായി വിലയിരുത്തണം എന്ന് നിങ്ങൾ ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു....

വൈകുന്നേരം 7 മണിയ്ക്ക് (08/09) എറണാകുളം ജില്ലയിലെ ദർബാർ ഗ്രൗണ്ട് ,നാളെ(09/09) കോഴിക്കോട് ജില്ലയിൽ ടാഗോർ തീയേറ്റർ, 10/09 ന് തൃശൂർ തേക്കിൻകാട് മൈതാനം , 14/09 ന് മലപ്പുറം തിരൂർ, 16/09 ന് തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് ദേവഭൂമിക ഞങ്ങൾ അവതരിപ്പിക്കുന്നത്. എല്ലാവരെയും ദേവഭൂമികയുടെ ഭാഗമാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..

സ്നേഹപൂർവ്വം,

ആശ ശരത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA