മറക്കാനാവാത്ത ഒരു ‘കൊതുക് രാത്രി’

ajay-thomas-funny-experience-mosquito
അജയ് തോമസും കുടുംബവും
SHARE

'മൂന്നുമണി 'എന്ന മെഗാഹിറ്റ് സീരിയലിലൂടെ മിനിസ്ക്രീനിൽ ശക്തമായ സാന്നിധ്യം അറിയിച്ച നടനാണ് അജയ് തോമസ്. പിന്നീട്, 'അരുന്ധതി' എന്ന സീരിയലിലെ നായകനായി തിളങ്ങി. കൊതുകുകൾ ഉറക്കം കളഞ്ഞ ഒരു രാത്രിയുടെ കഥ അജയ് പറയുന്നു.

"രണ്ടു വർഷം മുമ്പാണ്. മൂന്നു മണി സീരിയലിലെ നായികയായ ലയയുടെ കല്യാണ ദിവസം. കണ്ണൂരിലെ പയ്യാവൂരിലാണ് വിവാഹം. എന്റെ നാടായ തൊടുപുഴയിൽ നിന്ന് തലേന്ന് തന്നെ ഞാൻ കാറിൽ പുറപ്പെട്ടു. ഭാര്യയും മോനും എന്റെ കൂടെ ഉണ്ടായിരുന്നു. മോന് അന്ന് ആറു മാസമാണ് പ്രായം. അങ്ങോട്ട് പോയപ്പോൾ ഞാൻ മട്ടന്നൂരിലെ ഒരു ഹോട്ടലിൽ തങ്ങി. 

ഓൺലൈൻ വഴി ബുക്ക് ചെയ്ത ഹോട്ടൽ ആയിരുന്നു. നല്ല സ്ഥലം. പിറ്റേന്ന്, കല്യാണം കൂടി. രാത്രി ദീർഘ ദൂര ഡ്രൈവിങ് വേണ്ട എന്നു കരുതി നേരത്തെ തന്നെ കണ്ണൂരിലെ ഒരു ഹോട്ടലിൽ ഓൺലൈൻ വഴി പേയ്മെന്റ് നടത്തി മുറി ബുക്ക്‌ ചെയ്തിരുന്നു. സന്ധ്യക്ക് പയ്യാമ്പലം ബീച്ചിലൊക്കെ പോയിട്ട് രാത്രിയാണ് ഹോട്ടലിൽ എത്തി ചെക്ക് ഇൻ ചെയ്തത്. ഹോട്ടലിൽ ചെന്നപ്പോൾ തന്നെ എനിക്ക് അത്ര സുഖമായി തോന്നിയില്ല. അവിടെ എന്തൊക്കെയോ അറ്റകുറ്റപ്പണികൾ നടക്കുന്നു. മുറിയിൽ ആവട്ടെ എസിക്ക് തീരെ തണുപ്പും ഇല്ല. എങ്ങനെയെങ്കിലും രാത്രി കഴിച്ചുകൂട്ടി വെളുപ്പിനെ തന്നെ സ്ഥലം വിടാം എന്നു കരുതി ഞങ്ങൾ ഉറങ്ങാൻ കിടന്നു.

ഒന്നു മയങ്ങിയതും മുറി മുഴുവൻ കൊതുകുകൾ. ഒരു കൂട്ട ആക്രമണം. കുഞ്ഞിനെ കൊതുക് കുത്താതിരിക്കാൻ ഞാനും ഭാര്യയും ഉണർന്നിരുന്ന് കൊതുകുകളെ കൊല്ലാൻ തുടങ്ങി. ലൈറ്റ് ഇട്ടാൽ മോൻ ഉണർന്നാലോ എന്നു കരുതി മൊബൈൽ ഫോണിന്റെ വെട്ടത്തിലായിരുന്നു കൊതുക് വേട്ട. എന്നിട്ടും, രാവിലെ കുഞ്ഞിന്റെ ദേഹത്തെല്ലാം കൊതുക് കുത്തിയ ചുവന്നു തിണർത്ത പാടുകൾ കണ്ടു. ഞങ്ങളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ. ഒറ്റ പോള കണ്ണടയ്ക്കാത്ത ഒരു രാത്രി.

ജീവനും കൊണ്ട് വെളുപ്പിനെ രക്ഷപ്പെട്ടു എന്ന് പറയേണ്ടി വരും. ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കില്ല ആ രാത്രി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA