sections
MORE

എല്ലാ അച്ഛന്മാരും ഇതുപോലാകണം; വൈറലായ ഭദ്രയുടെയും അച്ഛന്റെയും കഥ പറഞ്ഞ ക്യാമറക്കണ്ണുകളുടെ ഉടമ പറയുന്നു

HIGHLIGHTS
  • എല്ലാ അച്ഛന്മാരും ഇതുപോലാകണം
  • ഫൊട്ടോഗ്രഫി ഒരിക്കലും പ്രഫഷനാക്കില്ല
interview-with-the-photograper-shyam-sathyam
SHARE

''ഭദ്രേ.... എന്റെ കുട്ടിക്ക് അച്ഛനിതുവരെ പറഞ്ഞു തരാത്തൊരു കഥ പറഞ്ഞു തരാം. ദുഷ്ടനായ അസുരനെ നിഗ്രഹിച്ച സംഹാര രൂപിയായ  ദേവിയുടെ കഥ. ഒരേ സമയം തേജസ്വിനിയായ ദേവിയാകാനും അസുരര്‍ക്കെതിരെ സംഹാര രൂപിയാകാനും കഴിയുന്ന ഭദ്രയുടെ കഥ'' മകളെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ ഇല്ലാതാക്കി, ഏറെ സ്നേഹത്തോടെ മകളെ അരികിൽ ചേർത്തു പിടിച്ച് അവളെ ശക്തയാക്കുന്ന അച്ഛന്റേയും മകളുടേയും കഥപറയുന്ന ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമാവുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ശ്യാം സത്യന്റെ ഭാവനയിൽ പിറന്ന ആശയമാണ് 31 ചിത്രങ്ങളിലൂടെ ഒരു ഹ്രസ്വ ചിത്രത്തിന്റെ കഥ വിശദീകരിക്കുന്ന ഫോട്ടോ സീരീസ്. 

ഇനിയൊരുത്തനും നിന്നെ കാമ വെറിയോടെ സ്പര്‍ശിക്കില്ല. എന്റെ മകള്‍ക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന ക്യാപ്ഷനോടു കൂടി ശ്യാം സത്യൻ പറഞ്ഞു വയ്ക്കുന്നത് കാമവെറിയയോടെ കുട്ടികളെ വേട്ടയാടുന്നവരുള്ള ഈ  ലോകത്ത് ഓരോ പെൺകുട്ടിയേയും ധൈര്യവതിയായി വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. പെണ്‍മക്കൾക്കു വേണ്ടിയുള്ള  ദിനത്തിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ പറയുകയാണ് ശ്യാം. ഫോട്ടോ സീരീസിന്റെ വിശേഷങ്ങൾ ശ്യാം സത്യൻ പങ്കുവക്കുന്നു 

Achan-03

പ്രഫഷനൽ ഫൊട്ടോഗ്രഫറല്ല ഞാൻ 

ഞാൻ ഒരു പ്രഫഷനൽ ഫൊട്ടോഗ്രഫറല്ല, ഫൊട്ടോഗ്രാഫി പാഷനായി കൊണ്ടുനടക്കുന്ന വ്യക്തി മാത്രമാണ്. പ്രഫഷനലി ഞാൻ ഒരു ടെക്‌നീഷ്യനാണ്. അങ്കമാലി കാങ്കർ ഇൻക്രീഡിയൻസിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഒരു ക്യാമറ കൂട്ടിനുണ്ട്. അതുപയോഗിച്ച് ഇഷ്ടാനുസരണം ചിത്രങ്ങൾ എടുക്കും അത്രമാത്രം. എന്നാൽ എന്റെ ക്യാമറക്കണ്ണുകളിലൂടെ ഏതെങ്കിലും തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കണം എന്ന ചിന്തയിൽ നിന്നുമാണ് ഭദ്ര എന്ന ഫോട്ടോ സീരീസ് ജനിക്കുന്നത്. 

Achan-02

ഭാര്യ തന്ന ആശയം 

വ്യത്യസ്തമായി എന്തെങ്കിലും ചിത്രങ്ങൾ എടുക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും അതിനായി മാത്രം വികസിപ്പിച്ചെടുത്ത ഒരു ആശയമല്ല അച്ഛന്റേത്. വീട്ടിൽ ഞങ്ങൾ രണ്ട് ആൺകുട്ടികളാണ്. അപ്പോൾ അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധം എങ്ങനെയാണെന്ന് അറിയുന്നതിനുള്ള ഒരവസരം ലഭിച്ചിട്ടില്ല. മൂന്നുമാസം മുൻപാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗ്രീഷ്മയും അവളുടെ അച്ഛനും തമ്മിലുള്ള സ്നേഹവും ആത്മബന്ധവുമെല്ലാം കണ്ടപ്പോഴാണ് എനിക്ക് തന്നെ അത്ഭുതമായത്. അവൾക്ക് അച്ഛനെന്നാൽ എല്ലാവരേക്കാളും പ്രിയപ്പെട്ടതാണ്. അവൾക്കു വേണ്ടി അച്ഛൻ എന്തും ചെയ്യും. അവർ തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നുമാണ് ഭദ്രയുടെ ആശയം ഞാൻ വികസിപ്പിക്കുന്നത്.

Achan-01

കലാമണ്ഡലം ഗോപിയാശാൻ പ്രചോദനമായി 

31  വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ഭദ്രയുടെ കഥ പറയാൻ തീരുമാനിച്ചു. എന്നാൽ 'അച്ഛൻ' എന്ന് പേരിട്ട സീരീസിൽ അച്ഛന് മുഖം നൽകുന്നത് എങ്ങനെയെന്ന ചോദ്യം ബാക്കിയായി. കാരണം ചിത്രങ്ങൾ കാണുന്ന ഓരോ വ്യക്തിക്കും ആ ചിത്രങ്ങളിൽ തന്റെ അച്ഛനെ കാണാൻ കഴിയണം. എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോഴാണ് കുറച്ചു കാലങ്ങൾക്ക് മുൻപ് ഞാൻ എടുത്ത കലാമണ്ഡലം ഗോപിയാശാന്റെ അടുത്തിരിക്കുന്ന ഒരു പെൺകുഞ്ഞിന്റെ ചിത്രം ഓർമയിലേക്ക് വന്നത്. അങ്ങനെയാണ് അച്ഛന് കഥകളി മുഖം നൽകാൻ തീരുമാനിക്കുന്നത്. കരുണയുടെയും സഹനത്തിന്ററെയും പ്രതീകമായ പച്ചവേഷത്തിൽ എത്തിച്ചേർന്നത് അങ്ങനെയാണ്.

പരിചയക്കാർ തന്നെ മോഡലുകൾ 

ഫോട്ടോ സീരീസിന് വേണ്ടി മോഡലുകളെ കണ്ടെത്തുക ഏറെ പ്രയാസമായിരുന്നു. കാരണം ജോലി കഴിഞ്ഞു വീടെത്തുന്ന സമയത്താണ് ഞാൻ ചിത്രങ്ങളെടുത്തത്. അതിനാൽ ഏത് സമയത്തും ഷൂട്ടിന് തയ്യാറാകുന്ന മോഡലുകളെ കിട്ടുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഇതിനായി മുടക്കാൻ എന്റെ കയ്യിൽ പണമില്ല എന്നതായിരുന്നു മറ്റൊരു കാര്യം. അങ്ങനെയാണ് വീടിന്റെ 100  മീറ്റർ ചുറ്റളവിൽ ഉള്ള ആളുകളെത്തന്നെ മോഡലുകളായി തെരെഞ്ഞെടുത്തത്. അടുത്ത സുഹൃത്തായ ജിത്തു ചന്ദ്രനാണ് അച്ഛന്റെ വേഷത്തിലെത്തിയത്. ഭദ്രയും അവളെ ദ്രോഹിക്കുന്ന അധ്യാപകൻ സുബ്രഹ്മണ്യനുമായി എത്തിയത് യഥാർഥ അച്ഛനും മകളും തന്നെയാണ്. സംവിധായകനായ ദീപു ബാലകൃഷ്ണനും മകൾ പ്രാർഥനയുമായിരുന്നു അവർ. 

ഷൂട്ട് നടന്നത് ഇരിങ്ങലക്കുടയിൽ 

ഇരിങ്ങാലക്കുടയിൽ എന്റെ വീടിനടുത്തായിത്തന്നെയാണ് ഷൂട്ട് നടന്നത്. എനിക്കു ചിരപരിചിതമായ സ്ഥലങ്ങൾ തന്നെയാണ് അതിനായി തിരഞ്ഞെടുത്തത്. എന്തിനും ഏതിനും പൂർണ പിന്തുണയുമായി മോഡലുകൾ നിന്നു. 500  മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് ഷൂട്ട് മുഴുവൻ നടന്നത്.

Achan-04

ആകെ ചെലവ് 1500  രൂപ 

അച്ഛൻ എന്ന ഫോട്ടോ സീരീസ് ഷൂട്ടിന്റെ ആകെ ചെലവ് 1500  രൂപയാണ്. ഭദ്രയുടെ വേഷത്തിലെത്തിയ പ്രാർത്ഥനക്ക് പാട്ടുപാവാട, കരാട്ടെ വസ്ത്രം എന്നിവ വാങ്ങുന്നതിനു വേണ്ടി മാത്രമാണ് പണം ചെലവായത്. ഇത്ര കുറഞ്ഞ ചെലവിൽ നല്ലൊരു സന്ദേശം ജനങ്ങൾക്ക് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. 

ഫൊട്ടോഗ്രഫി ഒരിക്കലും പ്രഫഷനാക്കില്ല 

എനിക്ക് ക്യാമറയെന്നാൽ ജീവനാണ്. എന്നാൽ ഒരിക്കലും ഞാൻ അത് പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നും അത് പാഷനായി കൊണ്ട് നടക്കും. കാരണം നല്ല ചിത്രങ്ങൾ എടുക്കണമെങ്കിൽ സ്വാതന്ത്ര്യം വേണം. പ്രഷനാക്കുമ്പോൾ നാം ചട്ടക്കൂടുകളിൽ പെടുന്നു. അതിനാൽ എന്നും ഫൊട്ടോഗ്രാഫി എനിക്ക് പാഷനായിരിക്കും 

എല്ലാ അച്ഛന്മാരും ഇതുപോലാകണം 

പെൺ​മക്കളുള്ള എല്ലാ അച്ഛന്മാരും ഭദ്രയുടെ അച്ഛനെ പോലെയാകണം എന്നാണ് എനിക്ക് പറയാനുള്ളത്. ഒരേ സമയം തേജസ്വിനിയായ ദേവിയാകാനും അസുരര്‍ക്കെതിരെ സംഹാര രൂപിയാകാനും കഴിയുന്ന ഭദ്രയുടെ കഥ വേണം ഓരോ അച്ഛനും മകൾക്ക് പഠിപ്പിക്കാൻ . പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാനും പ്രതികരിക്കാനും പഠിപ്പിക്കുക. മകൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാകുമത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA