ADVERTISEMENT

‘പട്ടാളക്കാർക്കില്ലാത്ത ഡിസിപ്ലിനും പൊലീസുകാർക്കില്ലാത്ത മുൻശുണ്ഠിയും’. ഈ ഡയലോഗിലൂടെയായിരുന്നു ആനന്ദം സിനിമയിലൂടെ അരുൺ കുര്യൻ എന്ന ‘ചൂടനെ’ മലയാളികൾ ആദ്യം പരിചയപ്പെട്ടത്. അന്നത്തെ ആ ‘ചൂടൻ’ ഇന്നു മലയാളികൾക്ക് അപരിചിതനല്ല. കൈനിറയെ ചിത്രങ്ങളുമായി മലയാളികളുടെ മനം കവരുന്നതിനിടയിലും അരുണിനുമുണ്ട് ഫാഷന്റെ കാര്യത്തിൽ ഇത്തിരി ‘ഡിസിപ്ലിൻ’. അതേക്കുറിച്ച് അരുൺ മനസ്സ് തുറക്കുന്നു

ഫാഷൻ ‘തമാശ’യല്ല

ഓരോ മനുഷ്യരുടെയും സ്വഭാവം വ്യത്യസ്തമാണെന്നു പറയുന്നതു പോലെയാണ് ഫാഷൻ സെൻസിന്റെ കാര്യവും. ചിലർക്ക് എന്തു ധരിച്ചാലും ചേരും ചിലർക്ക് മറിച്ചും. ‘ബീ കംഫർട്ടബിൾ, ബീ ഒറിജിനൽ’ അതാണ് എന്റെ ഫാഷൻ മോട്ടോ. നമ്മൾക്കു ചേരുന്നതും സുഖപ്രദവുമായ വസ്ത്രധാരണം നൽകുന്ന സംതൃപ്തി നിസ്സാരമല്ല.

ലിനൻ എന്ന ‘ആനന്ദം’

ആനന്ദം സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ലിനൻ ഷർട്സ് ആൻഡ് പാന്റസിനോട് എനിക്ക് പ്രിയമേറുന്നത്. ആ സിനിമയിൽ എനിക്കേറെയും ലിനൻ കോസ്റ്റ്യൂംസ് ആയിരുന്നു. അത്രയും നാളും ടീ ഷർട്ട്സ്, കോട്ടൺ ഷർട്ട്സ് എന്നിവയായിരുന്നു ഒരാൾക്ക് എറ്റവും കംഫർട്ടബിൾ എന്ന വിശ്വാസത്തലായിരുന്നു ഞാൻ. ആ ചിന്ത അന്നത്തോടെ മാറി. മാൻഡറിൻ കോളർ മുതൽ വി കട്ടിൽ വരെ ലിനൻ ഷർട്സ് കിട്ടിയപ്പോൾ പിന്നെ മറ്റൊന്നിലേക്കും കണ്ണ് പോയിട്ടില്ലെന്നതാണ് സത്യം. ഫോർമൽ, സെമീ വെയറിന് എറ്റവും അനുയോജ്യമാണ് ഇവയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

ഇന്നു ജീൻസ് പോലും വലപ്പോഴുമേ ഉപയോഗിക്കുകയുള്ളു. കൂടുതലും ലിനൻ ഷർട്സ് ആൻഡ് പാന്റസ് ആണ് ഞാൻ ഉപയോഗിക്കുന്നത്.

 ഇഷ്ടമാണ് ടീ ഷർട്‌സ്

‘മീനവിയൽ’ എന്ന വെബ്സീരിസ്സിൽ ഞാൻ കൂടുതലും ടീ ഷർട്സ് ആണ് അണിഞ്ഞിരിക്കുന്നത്. ആ ടീ ഷർട്സിനോട് പ്രത്യേക ഇഷ്ടമുണ്ട്. എല്ലാം ഗ്രാഫിക് പ്രിന്റ‍ഡ് ടീ ഷർട്സ് ആണ്. അൽപ്പം കുസൃതിത്തരം തോന്നിപ്പിക്കുന്നവയാണ് അത്തരം ടീ ഷർട്ടുകൾ. ആ കഥാപാത്രവും അങ്ങനെയാണല്ലോ. മനസ്സിനും ശരീരത്തിനും ചെറുപ്പത്തിന്റെ കുസൃതി തരങ്ങളിലേക്ക് ഇടയ്ക്കിടെ മടങ്ങി പോകണമെന്ന ആശയുള്ളതിനാൽ ഏത് യാത്രയിലും ടീ ഷർട്ട്സും ഒപ്പമുണ്ടാകും. എല്ലാവർക്കുമുള്ള ആക്സസറീസ് മാത്രമേ എനിക്കുമുള്ളു. ഫുട്‌വെയേഴ്സിൽ സ്നീക്കേഴ്സ് ആൻഡ് സാൻഡൽസ് ആണ് ആദ്യ ചോയ്സ്. വാച്ചും ഷേഡ്സുമാണ് എപ്പോഴും കൂടെയുണ്ടാവുന്ന രണ്ട് ആത്മ മിത്രങ്ങൾ.

 നോ ക്രേസ് ഫോർ ഷോപ്പിങ്

ആവശ്യത്തിനു മാത്രം ഷോപ് ചെയ്യുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇഷ്ടമുള്ളത് കൊക്കിലൊതുങ്ങുന്നതാണെങ്കിൽ വാങ്ങാനും മടിക്കില്ല. സെയിലിനടക്കം പോയി വസ്ത്രം വാങ്ങുന്നതിൽ മടിയൊന്നുമില്ല. പിന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ടെങ്കിലെ വാങ്ങൂയെന്ന് മാത്രം. ഓൺലൈൻ ഷോപ്പിങ്ങിനോട് അത്ര ഹരമൊന്നുമില്ല. തുണിയാണെങ്കിലും ഫുട്‌വെയർ ആണെങ്കിലും കടയിൽ കയറി കണ്ട് വാങ്ങിയെങ്കിലേ മനസ്സിനൊരു സംതൃപ്തി ലഭിക്കൂ. പിന്നെ അവാർഡ് ഫംക്​ഷനുകൾക്ക് ഒക്കെ പോകുമ്പോൾ സുഹൃത്തുക്കളായ ഡിസൈനർമാർ ഒരുപാട് ആളുകളുണ്ട്. അവരുടെ നിർദേശങ്ങളും സ്വീകരിക്കാറുണ്ട്.

ഡിക്യൂ ദ് ഫാഷനിസ്റ്റ്

ഫാഷന്റെ കാര്യത്തിൽ ഞാൻ ഏറെ ഉറ്റുനോക്കുന്ന വ്യക്തിത്വമാണ് ദുൽഖർ സൽമാൻ. ഒരു ആർഭാടവുമില്ലാതെ സിംപിൾ ആയി ഡ്രസ് ചെയ്ത് കയ്യടി മേടിക്കുകയെന്നതാണ് ദുൽഖർ സ്റ്റൈൽ. ഷൂട്ടിനടക്കം വരുമ്പോൾ സാധാരണ ഷർട്ടും പാന്റസും അണിഞ്ഞാവും എത്തുക. എന്നാൽ അതിലും കാണുമൊരു ഡിക്യൂ മാജിക്. സന്ദർഭങ്ങൾക്ക് അനുസൃതമായിട്ടാണ് ദുൽഖർ ഡ്രസ് ചെയ്യുന്നത്, ഒപ്പം നല്ല കളർ സെൻസുമുണ്ട്. അതിനാൽ അണിയുന്നതെന്തും പെർഫെക്ട് ആയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com