sections
MORE

5 വർഷം കേരളത്തിലെ ഷാപ്പുകളിൽ കയറിയിറങ്ങി: കിഷോർ

HIGHLIGHTS
  • അവാർഡ് ഒരു അംഗീകാരം
  • ഭക്ഷണശാല സ്വപ്ന പദ്ധതി
shappile-kariyum-navile-ruchiyum-actor-kishore-nk-life-story
SHARE

മിമിക്രിയിലൂടെ മിനിസ്ക്രീനിലെത്തി. അവിടെ തൊട്ടതെല്ലാം പൊന്നാക്കി. കഥാപാത്രങ്ങൾ മാത്രമല്ല, വ്യത്യസ്തമായ അവതരണശൈലിയും കിഷോറിനെ ശ്രദ്ധേയനാക്കി. ഷാപ്പുകളിൽ രുചി തേടി കിഷോർ നടന്നപ്പോൾ അവതരണത്തിന്റെ പുത്തൻ രുചിയാണ് പ്രേക്ഷകർക്കു ലഭിച്ചത്. അധ്യാപനം, കൃഷി, മോട്ടിവേഷൻ സ്പീക്കിങ്, എഴുത്ത്, പാചകം എന്നിങ്ങനെ പല മേഖലകളിലേക്ക് പടർന്ന ജീവിതം. എന്തും വഴങ്ങുമെന്ന് കിഷോർ തെളിയിച്ചു.

സീരിയൽ രംഗത്തെ മികച്ച ഹാസ്യനടനുള്ള കേരള സർക്കാരിന്റെ 2018 ലെ അവാർഡ് തേടിയെത്തിയപ്പോൾ രണ്ടു പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിന് ലഭിച്ച അംഗീകാരമായി. സാധാരണക്കാർക്കിടയിൽ ഒരാളായി ജീവിക്കുന്ന കിഷോറിന്റെ വിശേഷങ്ങളിലൂടെ...

കലയും ജീവിതവും

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉഴമലയ്ക്കൽ ആണ് സ്വദേശം. അച്ഛന്‍ കേശവൻ ആശാരിപട്ടാളത്തിൽ നിന്നു വിരമിച്ചതിനുശേഷം പൊലീസ് ഡിപ്പാർട്ട്മെന്റിൽ അഡിമിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആയി. അമ്മ നളിനി രാഷ്ട്രീയപ്രവർത്തക ആയിരുന്നു. നാലു മക്കളിൽ ഇളയവനായിരുന്നു ഞാൻ.

തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ സ്വപ്നം മക്കളെ സർക്കാർ ഉദ്യോഗസ്ഥരാക്കുക എന്നതാണ്. ആ ദിശയിലൂടെ സ‍ഞ്ചരിച്ചെങ്കിലും കലാകാരാനാകാനായിരുന്നു എന്റെ വിധി.

അച്ഛനും കലയോട് അഭിനിവേശമുണ്ടായിരുന്നു. ജോലിക്കിടയില്‍ അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ പോയിരുന്നു. സ്കൂൾ കാലം മുതലേ ഞാനും മിമിക്രിയും നാടകവുമൊക്കെ തുടങ്ങി.

പ്രഫഷനലായി മിനിസ്ക്രീനിൽ

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അവതരിപ്പിച്ച ഒരു പരിപാടി നടൻ കൃഷ്ണൻകുട്ടി നായർ‌ കാണുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘കലാസാഗർ’ എന്ന സമതിയില്‍ എനിക്ക് അവസരം നൽകുകയും ചെയ്തു. അങ്ങനെയാണ് പ്രഫഷനൽ മിമിക്രി രംഗത്ത് എത്തുന്നത്. പിന്നീട് ഞാനും കലാഭവൻ റിയാസും ചേർന്ന് ‘നർമകല’ എന്ന പേരിൽ ഒരു സമതി തുടങ്ങി. 

പതിയെ മിനിസ്ക്രീനിലും അവസരം ലഭിച്ചു. ‘നുറുങ്ങുകൾ’ ആയിരുന്നു ആദ്യ പരിപാടി. ജോബി ചേട്ടന്‍, മോനീലാല്‍, പ്രദീപ് പ്രഭാകര്‍, സുൽഫിക്കർ എന്നിവർക്ക് ഒപ്പമായിരുന്നു അത്. പിന്നീട് സീരിയലുകളിൽ ചെറിയ വേഷങ്ങൾ. രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത ‘ഇന്ദുമുഖി ചന്ദ്രമതി’ എന്ന കോമഡി സീരിയലിലൂടെയാണ് ബ്രേക്ക് ലഭിച്ചത്. ‘കാര്യം നിസാരം’ എന്ന സീരിയലും ശ്രദ്ധിക്കപ്പെട്ടു.

kishore-nk-1

ഷാപ്പിലെ കറിയും നാവിലെ രുചിയും

ഒരുപാട് അഭിനന്ദനങ്ങളും ജനപ്രീതിയും നേടിത്തന്ന പരിപാടിയാണ് ‘ഷാപ്പിലെ കറിയും നാവിലെ രുചിയും’. ഷാപ്പിലെ കറികൾ മാത്രം പരിചയപ്പെടുത്തുന്ന ഒരു ഷോ. അവിടെ സാധാരണക്കാരനായി എത്തുന്ന അവതാരകനായി ഞാൻ. ആ സമയത്ത് കുക്കറി ഷോ കൂടുതലും ചെയ്തു കൊണ്ടിരുന്നത് സ്ത്രീകളായിരുന്നു. രാജ്കലേഷ് മാത്രമായിരുന്നു ഏക ആൺതരി എന്നുപറയാം. 

കണ്ടു പഴകിയ രീതികളിൽ നിന്നു വ്യത്യസ്തമായിരുന്നു ആ ഷോ. സാധാരണക്കാരോട് സാധരണപോലെ സംസാരിക്കുന്ന ഒരു സാധാരണക്കാരൻ. ആ ഷോ എനിക്ക് നിരവധി അഭിനന്ദനങ്ങൾ നേടിത്തന്നു. ഏകദേശം അഞ്ചര വർഷത്തോളം പരിപാടി അവതരിപ്പിച്ചു. നല്ല ഭക്ഷണം കിട്ടുന്ന കേരളത്തിലെ മിക്ക ഷാപ്പുകളിലും കയറിയിറങ്ങി.

അവാർഡ് തിളക്കം

‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലിലെ പ്രകടനത്തിനാണ് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ 2018ലെ അവാർഡ് ലഭിച്ചത്. സീരിയലിലെ സഹതാരമായ അപ്സരയ്ക്ക് മികച്ച ഹാസ്യ നടിക്കുള്ള അവാർഡും ലഭിച്ചു. വളരെയധികം സന്തോഷം നൽകിയ ഒന്നായിരുന്നു ആ നേട്ടം.

kishore-apsara
സഹതാരമായ അപ്സരയോടൊപ്പം

കൃഷി, ഫാം, ഭക്ഷണശാല

50 സെന്റിനു താഴെ ഭൂമിയിൽ പശു വളർത്തലും കൃഷിയുമുണ്ട്. ആട് ഫാമിനുള്ള പണികൾ നടക്കുകയാണ്. സംയോജിത കൃഷിരീതിയാണ് പിന്തുടരുന്നത്. 

ഒരു നാടൻ ഭക്ഷണശാല തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ‘ഷാപ്പിലെ കറിയും നാവിലെ രുചി’യും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികൾ ബന്ധപ്പെടുകയും എന്റെ പേരിൽ കട തുടങ്ങാം എന്നു പറയുകയും ചെയ്തിരുന്നു. ഗൾഫിലും നാട്ടിലും അതിനുവേണ്ടി ചില സ്ഥലങ്ങൾ പോയി കാണുകയും ചെയ്തു. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അതൊന്നും നടന്നില്ല. 

രുചികരമായ ആരോഗ്യമുള്ള ഭക്ഷണം എന്നതാണ് എന്റെ നിലപാട്. രുചി മാത്രം നോക്കുന്നതു കൊണ്ടാണ് മലയാളികൾക്ക് ഇത്രയും അധികം രോഗങ്ങൾ. എന്തായാലും നാടൻ വിഭവങ്ങളുള്ള, ആരോഗ്യകരമായ ഭക്ഷണം നൽകുന്ന ഒരു ഭക്ഷണശാല തുടങ്ങും.

ഒന്നിനും ‘സമയക്കുറവില്ല’

സമയം കുറവാണ് എന്നു ചിന്തിക്കണമെങ്കില്‍ പണ്ട് ഒരു ദിവസം 24 മണിക്കൂറിൽ കൂടുതൽ ഉണ്ടാകണം. എന്നാൽ അന്നും ഇന്നും ഒരു ദിവസത്തിൽ 24 മണിക്കൂർ തന്നെയല്ലേ ഉള്ളൂ. എന്തെല്ലാം ചെയ്യണമെന്ന് മനസ്സിൽ തീരുമാനിച്ചാൽ മതി. 

kishore-family
ഭാര്യ അശ്വതിക്കും മകൻ ആദികേശവിനും ഒപ്പം കിഷോർ

എല്ലാം ആസ്വദിച്ച് ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഷൂട്ടൊന്നും ഇല്ലെങ്കിൽ പണിക്കാരോടൊപ്പം പറമ്പിൽ ഇറങ്ങും. വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുക്കാൻ പോകാറുണ്ട്. അതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. അഭിനയിക്കാന്‍ അവസരങ്ങൾ ഇല്ലെങ്കിലും നമുക്ക് അറിയാവുന്ന മറ്റു ജോലികൾ ഉള്ളതിനാൽ സമാധാനമുണ്ട്. 

കുടുംബം

ഭാര്യ അശ്വതി നഴ്സിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകൻ ആദികേശവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA