‘തൃശൂരിന്റെ തനിത്തങ്കം’! ജോയ് ആലുക്കാസിന്റെ വളർച്ചാവഴികൾ

HIGHLIGHTS
  • കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് അച്ഛനിൽ നിന്ന്
  • കഠിനാധ്വാനം ചെയ്യുക അതിന് ഫലം ഉണ്ടാവും.
SHARE

42000 സ്ക്വയർ ഫീറ്റ് വലുപ്പമുണ്ട് തൃശൂർ ശോഭാ സിറ്റിയിലെ ജോയ് ആലുക്കാസ് മാൻഷൻ എന്ന വീടിന്. ആ വീട് പോലെ തന്നെ വിശാലമാണ് ആ വീട്ടിലെ ഗൃഹനാഥന്റെ മനസ്സും ചിന്തകളും. അത്തരം ചില ചിന്തകളെ മനസ്സിലിട്ട് താലോലിച്ച് വളർത്തി അതിനെ പ്രാവർത്തികമാക്കി ജോയ് ആലുക്കാസ് എന്ന വ്യക്തി പടുത്തുയർത്തിയത് വലിയൊരു ബിസിനസ്സ് സാമ്രാജ്യമാണ്. കച്ചവടക്കാരനായ പിതാവിന്റെ പാരമ്പര്യത്തിലൂന്നി ആരംഭിച്ച ‘സ്വർണസാമ്രാജ്യം’ ഇന്ന് അതിർവരമ്പുകൾ ലംഘിച്ച് മറ്റു പല മേഖലകളിലും എത്തി നിൽക്കുന്നു. ഒരു ചെറു പുഞ്ചിരിയോടെ അമിതാവേശമില്ലാതെ തനതു തൃശൂർ ശൈലിയിൽ അദ്ദേഹം തന്റെ യാത്രാ വഴികളെക്കുറിച്ച് പറയുന്നു. 

ബിസിനസ്സിന്റെ തുടക്കം ?

1956–ല്‍ എന്റെ ഫാദറാണ് ആലുക്കാസ് ജ്വല്ലറി തുടങ്ങിയത്. അദ്ദേഹം വളരെ ദീർഘവീക്ഷണം ഉള്ള വലിയ കച്ചവടക്കാരനായിരുന്നു. കുടയുടെ നിർമ്മാണവും വിതരണവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബിസിനസ്സ്. ഒരു സൈഡ് ബിസിനസ്സ് എന്ന രീതിയിലാണ് ജ്വല്ലറി തുടങ്ങിയത്. പഠിക്കുന്ന കാലം മുതൽ തന്നെ ഞങ്ങൾ സഹോദരങ്ങൾ അഞ്ചുപേരും കച്ചവടത്തിന് അച്ഛന്റെ കൂടെ ഉണ്ടായിരുന്നു. കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് അച്ഛനിൽ നിന്നാണ്.

തൃശ്ശൂരിൽ നിന്ന് മാറി ഞങ്ങൾ കട തുടങ്ങിയത് 1982–ല്‍ കോഴിക്കോട്ടാണ്. അതിനുശേഷം എറണാകുളത്തും പീന്നീട് കേരളത്തിലെ പല സ്ഥലങ്ങളിലും കട തുടങ്ങി. 1986–ൽ ഞാൻ ഗൾഫിലേക്ക് പോയി. 1987–ൽ ഗൾഫിൽ ആദ്യ കട തുടങ്ങി. 2000–2001 ആയപ്പോഴേക്കും ഞങ്ങൾ അഞ്ചു പേരും വേർപിരിഞ്ഞു. ഞാൻ ജോയ് ആലുക്കാസ് എന്ന പേരിൽ കട തുടങ്ങി. ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 160 റീട്ടെയിൽ ജൂവലറി ഷോപ്പുകൾ എനിക്ക് പതിനേഴ് വർഷം കൊണ്ട് തുടങ്ങാൻ സാധിച്ചു. ഒപ്പം തന്നെ ഞങ്ങൾക്ക് മണിഎക്സ്ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്സ് എന്ന പേരില്‍ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. ഇതൊക്കെയാണ് മൊത്തത്തിലുള്ള ബിസിനസ്സ്. 8500–നു മേലെ തൊഴിലാളികളുള്ള ഒരു പ്രസ്ഥാനമാണ് ഇന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ്. 

ഇത്രയധികം സ്ഥലങ്ങളിലേക്ക് വളർന്നിട്ടും ഇപ്പോഴും ‘തൃശൂർ പ്രേമം’ തുടരുന്നത് ?

ഞങ്ങളുടെ കുടുംബക്കാരെല്ലാവരും തൃശൂർ ചുറ്റുപാടിൽ ജീവിക്കുന്നവരാണ്. വീട്ടുകാരോടും തൃശൂരിനോടും ഉള്ള താല്പര്യം കൊണ്ടാണ് തൃശ്ശൂരിൽ വീട് വച്ചത്. ഞാൻ പഠിച്ചതും വളർന്നതും ഇവിടെയാണ്. എന്റെ സുഹൃത്തുക്കളും എന്റെ പരിചയക്കാരുമെല്ലാം തൃശൂരാണുള്ളത്. കമ്പനിയുടെ കേരളത്തിലെ ആസ്ഥാനവും തൃശൂരിൽ തന്നെയാണ്. പിന്നെ തൃശൂർ പൂരം, പുലിക്കളി അങ്ങനെ തൃശൂരുമായി അത്രയും അടുത്തറിഞ്ഞ് ജീവിച്ചിട്ടുള്ള ഒരാളായതു കൊണ്ട് ഇവിടം അത്രയും ഇഷ്ടമാണ്. 

ഒരു ചെറിയ ചാപ്പലിന്റെ വലുപ്പമുണ്ടല്ലോ വീട്ടിലെ പ്രാർഥനാമുറിക്ക് ?

ഇൗ വീട് പണിതപ്പോൾ വിശാലമായ പ്രാർഥനാമുറി വേണമെന്ന് ആഗ്രഹിച്ചിരുന്നു. പണിത് വന്നപ്പോൾ ഇങ്ങനെയായതാണ്. അതിനു പക്ഷേ ഒരു കാരണമുണ്ട്. ഈ വീട്ടിൽ രണ്ടാഴ്ച കൂടുമ്പോൾ ഏതെങ്കിലുമൊരു ഓർഫനേജിൽ നിന്നോ ഓൾഡ് ഏജ്ഹോമിൽ നിന്നോ കുട്ടികളോ പ്രായമായവരോ ഒക്കെ വരാറുണ്ട്. കുട്ടികളാണ് കൂടുതലും ഒരു വൺഡേ പ്രോഗ്രാം പോലെ. രാവിലെ വന്നാൽ അവരുടെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും അതിനുശേഷം ശോഭ മാളിൽ അവർക്ക് ഒരു സിനിമ കാണാനുള്ള സൗകര്യവും ചെയ്തു കൊടുക്കാറുണ്ട്. പിന്നെ അവർക്കിഷ്ടമുള്ള കളികളും എല്ലാം ഇവിടെ കളിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ഒരു വിധം എല്ലാ ഓർഫനേജിൽ നിന്നും കുട്ടികൾ ഇവിടെ വന്നിട്ടുണ്ട്. അത് ഞങ്ങളുടെ ഒരു ആഘോഷമാണ്. അതൊക്കെ നടക്കുന്നത് ഇൗ മുറിയിലാണ്. 

ബിസിനസ്സുകാരാകാൻ മോഹിക്കുന്നവരോട് പറയാനുള്ളത് ?

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് കച്ചവടക്കാരനോ മറ്റെന്തെങ്കിലുമൊക്കെയൊ ആകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവർ കഠിനാധ്വാനം െചയ്യുന്നില്ല. നന്നായി ഹാർഡ് വർക്ക് ചെയ്തു കഴിഞ്ഞാൽ അതിനൊരു റിസല്‍ട്ടുണ്ടാവും. ഒരു കച്ചവടം ചെയ്യണമെന്നുണ്ടെങ്കിൽ അത് നന്നായി െചയ്യുന്ന ഒരു ഗ്രൂപ്പിന്റെ കൂടെ നിന്ന് ആറുമാസമെങ്കിലും ട്രെയിനിങ്  കോഴ്സ് അറ്റന്‍ഡ് െചയ്യുകയോ പഠിക്കുകയോ ചെയ്യണം. സ്വന്തമായി ബിസിനസ്സ് ചെയ്യാനുള്ള അവസരങ്ങൾ ഇന്നത്തെക്കാലത്ത് ധാരാളമുണ്ട്. ടെക്നോളജി ഒക്കെ ഒരുപാട് വളർന്നു. ഇന്റർനെറ്റിൽ കൂടി എന്തു കാര്യവും അറിയാൻ സാധിക്കും. താല്പര്യം ഉള്ളവർക്ക് ധാരാളം അവസരങ്ങളും ഉണ്ട്. ഒരു കാര്യം മാത്രമേ പറയാനുള്ളു. ഹാർഡ് വർക്ക് ചെയ്യുക അതിനൊരു റിസൽട്ട് ഉണ്ടാവും. 

ഇൗ തിരക്കിനിടയിലെ വിനോദങ്ങൾ എന്തൊക്കെയാണ് ?

ഞാൻ അങ്ങനെ അധികം പുറത്തു പോകാറില്ല. വീട്ടിൽ സുഹൃത്തുക്കളുമായി കൂടാറുണ്ട്. നാട്ടിൽ വന്നാൽ അധികവും വീട്ടിൽ തന്നെയായിരിക്കും. ഫുട്ബോളാണ് ഇഷ്ടം. ടിവിയിൽ വരുന്ന നല്ല ടീമിന്റെ കളികൾ മിസ് ചെയ്യാതെ കാണാറുണ്ട്. തമാശ ആസ്വദിക്കാൻ ഇഷ്ടമാണ്. ടിവിയിൽ വരുന്ന തമാശയുള്ള പരിപാടികൾ കാണാറാണ് പതിവ്. അരമണിക്കൂർ വാർത്ത കാണും. പത്രം വായിക്കും. സിനിമ കാണാറില്ല. 

ആരോഗ്യത്തിൽ വളരെ ശ്രദ്ധാലുവാണല്ലോ, വീട്ടിൽ രണ്ടു ഹാളുകൾ ജിമ്മിനായി മാറ്റി വച്ചിരിക്കുന്നു ?

ബിസിനസ്സിന്റെ ഏത് തിരക്കിനിടയിലും ആരോഗ്യം ശ്രദ്ധിക്കാറുണ്ട്. രാവിലെ അരമണിക്കൂർ നടക്കാൻ പോകാറുണ്ട്. ജിമ്മിൽ വർക്കൗട്ട് െചയ്യാറുണ്ട്. സ്ഥിരമായി ഒരു ഇൻസ്ട്രക്ടർ എനിക്കുണ്ട്. ഞാനും വൈഫും ദിവസം ഒന്നു രണ്ടു മണിക്കൂർ ഇതിനായി മാറ്റിവയ്ക്കാറുണ്ട്. വലിയ രീതിയിൽ ഇല്ലെങ്കിലും ഞങ്ങളുടെ പ്രായം അനുസരിച്ചുള്ള എക്സർസൈസുകള്‍ ചെയ്യാറുണ്ട്. 

കുടുംബവും കുട്ടികളും ?

ഭാര്യ ജോളി. മൂന്ന് മക്കൾ. ജോൺപോൾ, മേരി, എൽസ. ജോൺപോളിന്റെയും മേരിയുടെയും വിവാഹം കഴിഞ്ഞു. നാല് പേരക്കുട്ടികൾ ഉണ്ട്. നാല് പെൺകുട്ടികൾ. മൂന്നാമത്തെ മകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഗ്രാജുവേഷൻ കഴിഞ്ഞിട്ടിരിക്കുകയാണ്. മക്കളെല്ലാം ബിസിനസ്സിൽ ഉണ്ട്. പ്രത്യേകിച്ചും മകൻ എന്റെ ഗൾഫിലുള്ള സ്ഥാപനങ്ങൾ നോക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA