ADVERTISEMENT

സാരി ഇഷ്ടമാണ്, പക്ഷേ..! എന്നാണ് പല സ്ത്രീകളും പറഞ്ഞുതുടങ്ങുക. സാരിയോടിഷ്ടം, പക്ഷേ അതുടുക്കൽ വലിയ കഷ്ടം ! എന്നാൽ തിങ്കൾ മുതൽ വെള്ളി വരെ കാക്കനാട് സ്മാർട്സിറ്റിയിൽ പോഗ്രാമിങ്ങിന്റെ തിരക്കിൽവലയുന്ന ഒരു ലീഡ് സോഫ്റ്റ്‌വെയർ എൻജിനീയർ, അവധിദിനങ്ങൾ ഉല്ലാസഭരിതമാക്കുന്നതു പുലർച്ചെ എഴുന്നേറ്റ് സാരിയിൽ ഞൊറിവുകൾ എടുത്തുകൊണ്ടാണ്. വ്യത്യസ്തമായൊരു ഇഷ്ടം, ഏറെ താൽപര്യമുള്ള വീക്കെൻഡ് പാർടം ടൈം ജോലിയാക്കിയതിന്റെ കഥ പറയുന്നു, കാർത്തിക രഘുനാഥ്. 

കാർത്തിയുടെ  ഡ്രേപ് സ്റ്റോറീസ്

കുട്ടിക്കാലത്തു തന്നെ സാരിയുടുക്കാൻ വലിയ ഇഷ്ടമായിരുന്നു. അമ്മ പുറത്തുപോയി വന്നാൽ മാറ്റിയിടുന്ന സാരിയുടുക്കാൻ ശ്രമിക്കാത്ത പെൺകുട്ടികളുണ്ടാകുമോ? അതുപോലെ തന്നെ. അമ്മ കട്ടിലിൽ ആണു സാരിമാറിയിടുക. അങ്ങനെ ബെഡ്ഡിൽ കയറിനിന്ന് സാരിയുടുത്തു നോക്കും. പിന്നീട് സാരിയുടുക്കാൻ ആരും പഠിപ്പിച്ചു തരേണ്ടി വന്നിട്ടില്ല. 

കോളജ് പഠനകാലത്തു സാരിയുടുക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം മുതലാക്കി. സ്വന്തമായി ഉടുക്കാൻ അവസാനത്തെ അ‍ഞ്ചു മിനിറ്റ് മാത്രമേ കിട്ടൂ. അതിനു മുമ്പ് കൂട്ടുകാരുടെ ‘ക്യൂ’ ഉണ്ടാകും. 

സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന ജോലി പണ്ടേ മനസിലുണ്ടായിരുന്നതു തന്നെയാണ്. ആദ്യം കോഗ്നിസെന്റിൽ, പിന്നെ യുഎസ്ടി ഗ്ലോബൽ, ഇപ്പോൾ സ്മാർട്സിറ്റിയിലെ ഗാഡ്ജിയോൺ എന്ന കമ്പനി കമ്പനിയിൽ. എങ്കിലും ജോലിത്തിരക്കും തൊഴിൽരംഗത്തെ അസ്ഥിരതയും സമ്മർദവുമൊക്കെ കാണുമ്പോൾ ഭാവിയിലെന്തുചെയ്യും, െപൻഷൻ പോലുമില്ലല്ലോ എന്ന ചിന്തയുണ്ടായിരുന്നു. 

ഒരു ദിവസം രാത്രി അടുത്ത കൂട്ടുകാരിയുമായുള്ള പതിവു സംസാരത്തിനിടെ അവളാണ് സാരിയോടുള്ള ഇഷ്ടം ജോലിയാക്കിക്കൂടെ എന്ന ഐഡിയ തന്നത്. അങ്ങനെ ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങി – drapestoriesby-karthi. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതുവരെ നൂറിലേറെ പെൺകുട്ടികളെ വിവാഹച്ചടങ്ങുകൾക്കു വേണ്ടി സാരിയുടുപ്പിച്ചൊരുക്കി.

വീക്കെൻഡ് ഡ്രേപിങ്

ബിടെക് ബിരുദമുള്ള, ഐടി പ്രഫഷനലായ മകൾ ഫ്രീലാൻസ് ജോലിക്കു ശ്രമിക്കുന്നു എന്നറിഞ്ഞപ്പോൾ ആദ്യം മാതാപിതാക്കൾ ഞെട്ടി. എന്താണ് പ്രശ്നം, എന്ന ചോദ്യമായി. അച്ഛനെ അടുത്തിരുത്തി ആദ്യം കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അതോടെ കാര്യങ്ങൾ എളുപ്പമായി. 

രാവിലെ നാലുമണിക്കൊക്കെ വിവാഹസ്ഥലത്തെത്തണം. ശനിയും ഞായറും മാത്രമേ ഡ്രേപിങ് ജോലി ഏറ്റെടുക്കാറുള്ളൂ. അവധിദിനങ്ങളായതിനാൽ പ്രശ്നങ്ങളില്ല. അതിരാവിലെ പോകേണ്ടിവരുമെന്നെയുള്ളൂ. പക്ഷേ ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ടു ജോലി തീർത്തു തിരിച്ചെത്താം. വിവാഹമല്ലാതെ മറ്റു വലിയ പ്രോജക്ടുകളാണെങ്കിൽ മാത്രമേ ജോലിസ്ഥലത്തു നിന്നു ലീവ് എടുക്കേണ്ടിവരുന്നുള്ളൂ. സാരി ഇഷ്ടമായതുകൊണ്ടും ഉടുപ്പിക്കുന്നത് ഇഷ്ടമായതുകൊണ്ടും ആസ്വദിച്ചു ചെയ്യുന്നു.

തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് കാർത്തിക രഘുനാഥ്. അച്ഛൻ– രഘുനാഥ്, അമ്മ ശ്രീദേവി, സഹോദരി – കവിത. 

സാരിയുടുക്കാൻ 5 മിനിറ്റ്!

സാരിയുടുപ്പിക്കാൻ 5 മിനിറ്റു മാത്രമേ വേണ്ടൂ. കാഞ്ചീപുരം സാരിയാണെങ്കിൽ വളരെ നന്നായി ഞൊറിവെടുത്ത് ഉടുപ്പിക്കാം. ജോർജെറ്റ് പോലുള്ള മെറ്റീരിയലാണെങ്കിൽ അത്ര പോലും സമയം േവണ്ട. കല്യാണപ്പെണ്ണിനെ 5 മിനിറ്റിൽതന്നെ ഉടുപ്പിച്ചുകഴിയുമെങ്കിലും,  കണ്ടുനില്‍ക്കുന്നവരുടെ തൃപ്തിയ്ക്കു വേണ്ടി കുറച്ചുനേരം കൂടി മിനുക്കി കൂടെ നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com