sections
MORE

സൂര്യ ഫെസ്റ്റിവൽ വേദിയിലെ വീൽചെയർ കലാകാരൻമാർ

wheelchair-artists-drama-in-surya-festival
SHARE

ഏതൊരു കലാകാരന്മാരുടെയും സ്വപ്നവേദിയാണ് ലോകത്തിലെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സൂര്യ ഫെസ്റ്റിവൽ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കൂടിയാണിത്. യേശുദാസിന്റെ കച്ചേരിയും മഞ്ജുവാര്യരുടെ നൃത്തവും ഒക്കെയായിട്ടാണ് 44–ാം സൂര്യാ ഫെസ്റ്റിവൽ തുടങ്ങിയത്.

ഇതിലാണ് ഞങ്ങളെപ്പോലെ തുടക്കക്കാർക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാട്ടും മറ്റു കലാപ്രകടനങ്ങളും സ്റ്റേജില്‍ അവതരിപ്പിക്കുന്നവരാണ്. തണൽ പാരാപ്ലീജിക് വെൽഫെയർ സൊസൈറ്റിയിലെ അംഗങ്ങളായ ഞങ്ങൾ . പക്ഷെ ഇത്തവണ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലെത്തുമ്പോൾ ഞങ്ങളുടെ വിലാസം നാടക നടന്മാർ എന്നതാണ്.

സൂര്യഫെസ്റ്റിവലിനൊപ്പം തന്നെ പാരമ്പര്യമുള്ള വളയന്‍ചിറങ്ങര സുവര്‍ണ്ണാ തീയറ്റേഴ്സിന്റെ ബാനറിലാണ് "ഛായ " എന്ന നാടകം അവതരിക്കപ്പെട്ടത് . ഇന്ത്യയിൽ തന്നെ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നവരെല്ലാം വീൽ ചെയറിൽ ഉള്ളവരാവുന്നവരായി എന്നത് തന്നെയാണ് ഇതിലെ പ്രത്യേകത, അതുതന്നെ ഞങ്ങളെ സെലക്ട് ചെയ്തതിനുള്ള കാരണവും!

നാടകമായാലും മെഗാഷോ ആയാലും ദൂരെയുള്ള പ്രോഗ്രാമിനു പോകുന്നത് എല്ലാവർക്കും പ്രത്യേക താല്പര്യമുള്ള കാര്യമാണ്. കാര്യം വേറൊന്നുമല്ല, എല്ലാവരും കൂടി ഒരു വണ്ടിയിലാവും യാത്ര എന്നത് തന്നെ. അടുത്താണെങ്കിൽ എല്ലാവരും സ്വന്തം നിലക്കാവും എത്തുക, എന്നാൽ ദൂരെ ആണെങ്കിൽ എല്ലാവരും ഒന്നിച്ചു ഒരു വണ്ടിയിലാണ് .

surya-festival-3

ട്രാവലർ പോലുള്ള വണ്ടിയിൽ എല്ലാവരെയും കയറ്റുന്നതും ഇറക്കുന്നതും അദ്ധ്വാനവും സമയവും കൂടുതലെടുക്കുന്ന സംഗതിയാണെങ്കിലും കയറിക്കഴിഞ്ഞാൽ പിന്നെ പാട്ടും തമാശയും അങ്ങനെ നേരംപോകുന്നതറിയാത്ത ഹരംപിടിപ്പിക്കുന്ന യാത്രകൾ എല്ലാവരും ആസ്വദിക്കും . സൂര്യാ ഫെസ്റ്റിവലിനുള്ള ഞങ്ങളുടെ യാത്രയും അങ്ങനെ ഒറ്റ വണ്ടിയിലായിരുന്നു, പരിപാടിയുടെ തലേദിവസം. പെരുമ്പാവൂർ നിന്നും രാവിലെ തന്നെ സാധനങ്ങളൊക്കെ കെട്ടിവച്ച് പലസ്ഥലങ്ങളിൽ നിന്നുമായി ഓരോരുത്തരെയായി കയറ്റി അവസാന ബാച്ച് കലാകാരന്മാർ എറണാകുളത്തുനിന്നും കയറിയപ്പോഴേക്കും ഉച്ചകഴിഞ്ഞു. ഉച്ചഭക്ഷണവും കഴിച്ചു നേരെ തിരുവനന്തപുരത്തേക്ക്. അവിടെ ചെന്നപ്പോൾ രാത്രിയായി, തൈക്കാട് കെടിഡിസിയുടെ യാത്രി നിവാസിലായിരുന്നു എല്ലാവർക്കും താമസമൊരുക്കിയിരുന്നത്. യാത്രാക്ഷീണം കാരണം എല്ലാവരും നേരെ കയറിക്കിടന്നു.

പിറ്റേന്ന് രാവിലെ ഫ്രഷായി പ്രഭാതഭക്ഷണത്തിന് ശേഷം നാടകത്തിൻറെ ഡയലോഗുകൾ ഓർത്തും പറഞ്ഞും കുറെ നേരം അങ്ങനെ പോയി. ചിലരൊക്കെ വിശ്രമിച്ചു ചിലരൊക്കെ അതിലെ കറങ്ങി നടന്നപ്പോൾ ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങി, തൊട്ടടുത്തുള്ള കേരള ഗാന്ധി സ്മരക് നിധി മന്ദിരത്തിലും അടുത്തുള്ള ഒന്നുരണ്ടു മറ്റു സ്ഥലങ്ങളിലും ഒക്കെ ചുറ്റിയടിച്ചു തിരികെ ചെന്നപ്പോഴേക്കും ഉച്ചഭക്ഷണം റെഡി ആയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും പതുക്കെ സൂര്യ ഫെസ്റ്റിവൽ നടക്കുന്ന ഗണേശം നാടകശാലയിലേക്ക് നീങ്ങി. എട്ടൊമ്പത് വീൽചെയറുകൾ പോകുന്നത് കണ്ടു വഴിയുടെ ഇരുവശത്തും ആൾക്കാർ അത്ഭുതം കൂറുന്നുണ്ടായിരുന്നു.

ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിലേക്ക് കയറി. പേരിനെ അന്വർത്ഥമാക്കുന്ന വിധം എവിടെയും ഗണപതി ഭഗവാന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും ആയി "ഗണേശം" ഓഡിറ്റോറിയം ഞങ്ങളെ എതിരേറ്റു. സൈഡിലൂടെ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറി നോക്കുമ്പോൾ സർവ്വം കറുപ്പുമയം. ബ്ലാക്ക് ബോക്സ് സങ്കൽപത്തിലുള്ള, 400 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമാണ് ആ നാടകക്കളരി. സ്റ്റേജിലും ഉണ്ട് ഒരു വലിയ ഗണപതി പ്രതിമ. എല്ലാവർക്കും സന്തോഷവും ഒപ്പം ചെറിയ ഭയവും തോന്നി. ഇത്രവലിയ ഒരു സ്റ്റേജിൽ ഇത്രയും വലിയ സദസ്സിന് മുന്നിൽ ഞങ്ങൾ ആദ്യം ആണല്ലോ...

കൂടെ ഉള്ളവർ നാടകത്തിൻറെ സെറ്റ് ലൈറ്റ് ഒക്കെ ശരിയാക്കുന്നുണ്ടായിരുന്നു. സ്റ്റേജിൽ കയറി ഒന്ന് പ്രാക്ടീസ് നോക്കാൻ  സംവിധായകൻ പറഞ്ഞ പ്രകാരം ഞങ്ങൾ സ്റ്റേജിൽ കയറി- ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വിശാലമായ സ്റ്റേജ്! അതിൻറെ നടുക്കുള്ള കുറച്ചു ഭാഗം മാത്രമേ നാടകത്തിനായി ഉപയോഗിക്കാൻ പറ്റൂ എന്നും സംവിധായകൻ ഓർമ്മിപ്പിച്ചു. ആ ഏരിയ പ്രത്യേകം മാർക്ക് ചെയ്തിട്ടു,

അതിനുള്ളിൽ വേണം ഞങ്ങളുടെ ചലന സ്വാതന്ത്ര്യം വിനിയോഗിക്കാൻ... റിഹേഴ്സൽ കഴിഞ്ഞപ്പോൾ വീണ്ടും എല്ലാവർക്കും കൺഫ്യൂഷൻ...  നന്നായോ ഇല്ലയോ? ഇപ്പോൾ ടെൻഷൻ പലരുടെയും മുഖത്ത് കാണാം. മാനേജർ വന്നു കണ്ടു വീണ്ടും ഓർമ്മിപ്പിക്കുന്നു ആറെമുക്കാൽ എന്നു പറഞ്ഞാൽ ഒരു സെക്കന്റ് വൈകാതെ തുടങ്ങും അതാണ്‌ അവിടത്തെ രീതി എന്ന്. മൂർത്തി സാറിന്റെ അനൗൺസ്മെന്റോടെ ആവും തുടക്കം എന്നും. ശരത് എന്നെ നോക്കി, ഞാൻ പറഞ്ഞു നോ പ്രോബ്ലം മാൻ.. നിസാരം! നമ്മളെക്കൊണ്ട്... അപ്പോഴേക്കും നല്ല ഒരു മഴ വന്നു. ശുഭലക്ഷണം!

ചില സുഹൃത്തുക്കളും മറ്റും അപ്പോഴേക്കും എത്തിയിരുന്നു അവരുമായി അല്പനേരം കുശലം പറഞ്ഞു. കസേരകളിൽ പതുക്കെ ആൾക്കാർ നിറയാൻ തുടങ്ങി. അവിടെ ആൾക്കാർ കയറുന്തോറും ഇവിടെ പരിഭ്രമവും കൂടിത്തുടങ്ങി. ഓരോരുത്തരായി മേക്കപ്പിനും ഡ്രസ്സിങ്ങിനുമായി നീങ്ങി. അപ്പോഴേക്കും ടിക്കറ്റ് കൗണ്ടർ ക്ളോസ് ചെയ്തിരുന്നു. പല ഫ്രണ്ട്സും ഫോണിൽ വിളിക്കുകയും ചെയ്തു, പക്ഷെ താമസിച്ചെത്തിയ കുറെപ്പേർക്ക് അകത്തുകയറാനാവാതെ പോകേണ്ടിവന്നു. അതിനിടയിൽ മാനേജർ വീണ്ടും ഓർമ്മിപ്പിച്ചു, കൃത്യസമയത്ത് തന്നെ തുടങ്ങുന്നതിനെപ്പറ്റി. സൂര്യ കൃഷ്ണമൂർത്തി സാർ തന്നെ അനൗൺസ് ചെയ്യും തുടർന്ന് നാടകം തുടങ്ങുക അതിനിടയിൽ ഒന്നും പാടില്ല.

surya-festival-1

ഇതൊക്കെ കേട്ടപ്പോൾ വീണ്ടും ടെൻഷൻ! എന്തായാലും സമയം ആറര കഴിഞ്ഞു എല്ലാവരും പ്രാർത്ഥനയും കഴിഞ്ഞ് അനൗൺസ്മെന്റ് കേൾക്കാൻ സ്റ്റേജിലെ ബാക്ക് കർട്ടനു പിറകിൽ റെഡിയായി ഇരിക്കുന്നു. അപ്പോഴതാ പുറകിലെ വാതിലിലൂടെ സാക്ഷാൽ സൂര്യകൃഷ്ണമൂർത്തി ഞങ്ങളുടെ അടുത്തേക്ക് വരുന്നു! അദ്ദേഹം  എല്ലാവരെയും ഒന്ന് ആശംസിച്ചു പുറകിൽ വച്ചിരുന്ന മൈക്കിന് അടുത്തേക്ക് നടന്നു.

ഞങ്ങൾ കരുതിയത് പോലെ സ്റ്റേജിൽ നിന്നല്ല പുറകിൽ ഞങ്ങളുടെ ഒപ്പം അവിടെ നിന്നാണ് അദ്ദേഹം അനൗൺസ്മെൻറ് ചെയ്തത്. ഞങ്ങളുടെ പരിപാടി തുടങ്ങുന്നതിനെക്കുറിച്ച് ചെറുതായി ഒരു ആമുഖം പറഞ്ഞു ഞങ്ങളെ സ്വാഗതം ചെയ്തശേഷം അദ്ദേഹം സദസ്സിലേക്ക് മടങ്ങി. തുടർന്ന് സ്റ്റേജിൽ അവിടത്തെ ഒരാൾ കുറേക്കൂടി വിശദമായി ഞങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്‌തു, അടുത്ത മിനിറ്റിൽ ആദ്യ രംഗത്തിനായി ഞങ്ങൾ സൂര്യയുടെ സ്റ്റേജിൽ!

പാട്ടും മിമിക്രിയും സ്‌പെഷ്യൽ പെർഫോമൻസും ഒക്കെ അവതരിപ്പിക്കുന്ന ഫ്രീഡം ഓൺ വീൽസ് എന്ന ഭിന്നശേഷിക്കാരായ വീൽചെയറിൽ ഉള്ളവരുടെ ട്രൂപ്പുമായി മൂന്നു വര്‍ഷം മുന്നേ വളയഞ്ചിറങ്ങര സുവര്‍ണ്ണാ തീയറ്റേഴ്സിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന് ഗാനമേള അവതരിപ്പിക്കാന്‍ ചെന്നപ്പോഴാണ് ഞങ്ങൾക്ക് ചെയ്യാൻ ഒരു നാടകം എന്ന ആശയം അവര്‍ മുന്നോട്ടു വച്ചത്. എന്തിനും നോ പറയുന്ന ശീലം.

ഇല്ലാത്ത ഞങ്ങൾ അപ്പോൾ തന്നെ യെസ് പറയുകയായിരുന്നു. അപ്പോഴങ്ങനെ ഒരു ബ്ലൈൻഡ് യെസ് പറയുമ്പോഴും നടക്കുമെന്ന് ഞങ്ങൾക്കുപോലും അത്ര ഉറപ്പില്ലാതിരുന്നു എന്നതാണ് സത്യം.

പക്ഷെ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പോ അവരുടെ കോൾ വന്നു, നിങ്ങൾക്കു പറ്റിയ ഒരു നാടകം റെഡി ആയിട്ടുണ്ട്, ഒന്ന് കേൾക്കാൻ വരുമോ എന്ന്. ഒരുദിവസം ശരത്തിന്റെ വീട്ടിൽ കൂടി, രചന നിർവ്വഹിച്ച രതീഷ് വി ടി നാടകം വായിച്ചു കേൾപ്പിച്ചപ്പോൾത്തന്നെ സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഫണ്ടിനായി കൊച്ചിൻ ഷിപ്യാർഡിന്റെ സഹായം ഉണ്ടാവുമെന്നും അറിഞ്ഞപ്പോൾ ഞങ്ങൾക്ക് ഉത്സാഹമായി.

surya-festival-0

ഒരു സമയം ഏഴുപേർ വരെ വീൽചെയറിൽ രംഗത്തുവരുന്ന കഥ അവതരിപ്പിക്കുക എന്നത് സംവിധായകനെ സംബന്ധിച്ചു ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു. എന്നാൽ ഫ്രീഡം ഓൺ വീൽസ് എന്ന  ട്രൂപ്പിന്റെ ഇച്ഛാശക്തിയും  രംഗവേദിയില്‍  പ്രകടിപ്പിക്കുന്ന ഊര്‍ജ്ജവും അച്ചടക്കവും ആത്മാര്‍ത്ഥതയും നാടകമെന്ന മാധ്യമത്തിന് ഏറെ അനുയോജ്യമാണെന്ന തിരിച്ചറിവാണ് ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം നൽകിയതെന്നാണ് സംവിധായകന്റെ അഭിപ്രായം.

രചന നിർവ്വഹിച്ച രതീഷ് തന്നെയാണ് ഞങ്ങൾക്കനുയോജ്യമായ രീതിയിൽ "ഛായ " സംവിധാനം ചെയ്തിരിക്കുന്നത്. 2019 മാർച്ച് 19ന് എറണാകുളത്തായിരുന്നു "ഛായ"യുടെ ആദ്യ അവതരണം. സൂര്യ ഫെസ്റ്റിവൽ പോലൊരു വലിയ സ്റ്റേജിൽ അവതരണം തന്നെ സാധ്യമായതിൽ ടീമംഗങ്ങൾ സന്തോഷത്തിലാണ്  . മികച്ച പ്രതികരണമായിരുന്നു അവിടെ ലഭിച്ചത്. എല്ലായിടത്തും ലഭിക്കുന്ന നിറഞ്ഞ സദസിന്റെ കൈയ്യടിയാണ്  ഞങ്ങളുടെ മുന്നോട്ടുള്ള പ്രചോദനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA