ADVERTISEMENT

വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമായി ’നോ ഷേവ് നവംബർ’ എന്ന പേരിൽ നടന്മാരുടെ താടി ലുക്കിലുള്ള ചിത്രങ്ങൾ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്താണീ നോ ഷേവ് നവംബർ എന്ന് അന്വേഷിച്ചപ്പോഴാണ് ഈ ക്യാംപെയിനിങ്ങിന്റെ യഥാർത്ഥ ലക്ഷ്യം പിടികിട്ടിയത്. കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കാൻസർ രോഗികൾക്കായി ധനസമാഹരണം നടത്തുക എന്നതാണ് ഈ ക്യാംപയിന്റെ ഉദ്ദേശ്യം.

ഒരു മാസം ഷേവ് ചെയ്യാതിരുന്നാൽ എത്രത്തോളം പണം ലാഭിക്കാമോ ആ പണം കാൻസർ രോഗികൾക്കായി സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആർക്കും ബുദ്ധിമുട്ടില്ലാതെ കാൻസർ രോഗികൾക്കായി ഒരു കൈ സഹായം എന്ന നിലയ്‌ക്കാണ്‌ ഈ കാംപെയ്‌നിങിന് തുടക്കം കുറിച്ചിട്ടുള്ളത്. സപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. ഒരു മാസക്കാലം താടിയൊക്കെ നീട്ടി വളർത്തി, ട്രിമ്മിങ്ങിനും ഷേവിങ്ങിനും ഒക്കെ ചിലവാക്കുന്ന തുക കാൻസർ രോഗികൾക്കായി മാറ്റിവയ്ക്കണം എന്നുമാത്രം.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് കാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാംപെയ്ന്‍ നടക്കുന്നത്. 2009 നവംബര്‍ ഒന്നു മുതലാണ് കാംപെയ്‌നിങ്ങിന് തുടക്കം കുറിക്കുന്നത്. ആദ്യ കാലത്ത് വെറും അമ്പത് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സോഷ്യൽമീഡിയ വഴി പ്രവർത്തനം തുടങ്ങിയതോടെ ക്യാംപെയ്ന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേര്‍ നവംബറില്‍ ഷേവ് ചെയ്യാതെ പണം ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നല്‍കുന്നു.

www.no-shave.org എന്ന സൈറ്റിലെത്തി സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ക്യാംപെയ്ന്റെ ഭാഗമാകാനുള്ള ആദ്യപടി. പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം. നവംബര്‍ 30ന് ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് രൂപം മാറ്റാം

എന്താണ് നോ ഷേവ് നവംബർ ?

കാൻസറിനെത്തുടർന്നുള്ള പിതാവിന്റെ മരണം അമേരിക്കൻ സ്വദേശിനി റബേക്ക ഹില്ലിന്റെ ജീവിതം മാറ്റി മറിച്ചു. കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രായഭേദമന്യെ എല്ലാവരെയും എങ്ങനെ പങ്കാളികളാക്കാമെന്നുള്ള റബേക്കയുടെയും സുഹൃത്ത് ബ്രെറ്റ് റിങ്ടലിന്റെയും ശ്രമങ്ങൾ ചെന്നെത്തിയത് ‘നോ ഷേവ് നവംബർ’ എന്ന സംഘടന രൂപീകരിക്കുന്നതിലാണ്. ഇന്റർനെറ്റ് അധിഷ്ഠിതമായ സന്നദ്ധ സംഘടനയായി 2009ൽ ഇവർ സേവനപ്രവർത്തനങ്ങൾ ആരംഭിച്ചു. അൻപതിൽ താഴെ അംഗങ്ങളുള്ള ഒരു ഫെയ്സ്ബുക് ഫാൻ പേജിൽ തുടങ്ങിയ ശ്രമങ്ങൾ ഇന്നു ലോകമെമ്പാടുമായി ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന പ്രസ്‌ഥാനമായി വളർന്നു. 

നോ ഷേവ് നവംബറിൽ പങ്കാളികളാകുന്നവർ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ മാസം താടിയും മുടിയും സ്വതന്ത്രമായി വളരാൻ അനുവദിക്കുക, ഷേവിങ്ങിനായി ചെലവഴിക്കുമായിരുന്ന തുക കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകുക. ഇതിൽ പങ്കാളിയായി മുടി വളർത്തുക, ഒപ്പം കാൻസർ അവബോധവും നേടുക.

നവംബറിലെ താടി വളർത്തലിന്റെ കാര്യത്തിൽ കുറച്ചുകൂടി കണിശമായ നിയമങ്ങളാണ് ഓസ്ട്രേലിയയിൽ ആരംഭിച്ച ‘മൊവെംബർ’ ഫൗണ്ടേഷനുള്ളത്. 2003 ൽ ട്രവിസ് ഗരോണും ലൂക്ക് സ്‌‌‌‌‌‌‌‌‌ലാറ്ററിയും ചേർന്നു തുടങ്ങിയ മൊവെംബർ പ്രസ്‌ഥാനം താടിയെ ‘പ്രകൃതിയുടെ പരസ്യ’മായാണു കണക്കാക്കുന്നത്. മാസാരംഭത്തിൽ മുഖം ക്ലീനാക്കി, തുടർന്നുള്ള 30 നാൾ വന്യതയോടെ വളർത്താനാണ് മൊവെംബർ ആഹ്വാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com