sections
MORE

രാജ്യത്തെ ഏറ്റവും വലിയ സലൂണിന്റെ സ്ഥാപക; ഇത് വീണയുടെ വിജയഗാഥ

HIGHLIGHTS
  • രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സലൂണ്‍ ഉടമ
  • 650 പാർലറുകളാണ് ഇന്നു നാച്വറൽസിനുള്ളത്
naturals-beauty-saloon-owner-veena-kumaravel-success-story
വീണ കുമരവേൽ
SHARE

കുട്ടികളെ നോക്കാനൊരു പ്ളേ സ്കൂൾ തുടങ്ങാനായിരുന്നു വീണ കുമരവേലിനു മോഹം. അതു നടന്നില്ല. പക്ഷെ, കൺമുന്നിൽ കുട്ടികൾ വളരുന്നതുപോലെ സ്വന്തം ബിസിനസ് വളരുന്നതു കണ്ടു വീണ ചിരിച്ചുകൊണ്ടു നിൽക്കുന്നു. 

രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സലൂണായ നാച്വറൻസിന്റെ സ്ഥാപകയും ചെയർമാനുമായ വീണ കുമരവേൽ എന്ന ചെന്നൈ വീട്ടമ്മ ഒരു സ്ത്രീയുടെ വിജയകഥയാണ്. സ്വന്തം ആവശ്യങ്ങൾക്കു സ്വന്തമായിത്തന്നെ എന്തെങ്കിലും സമ്പാദിക്കണമെന്നു മോഹിച്ചാണു ചെന്നൈയിലൊരു പ്ളേ സ്കൂൾ തുടങ്ങാൻ തീരുമാനിച്ചത്. അന്വേഷിച്ചപ്പോഴാണ് അറിയുന്നതു ചെന്നൈയിൽ വെറുതെയിരിക്കുന്ന വീട്ടമ്മമാരെല്ലാം ആദ്യം തുടങ്ങുന്നതു പ്ളേ സ്കൂളും ബുട്ടീക്കുമാണെന്ന്. അതോടെ ആലോചനയുടെ വഴിമാറി. 

ബ്യൂട്ടി സലൂണുകൾ അന്നു വളർന്നു വലുതായിട്ടില്ല. നല്ല സലൂണുകൾ കുറവ്. അങ്ങിനെയാണു ആണിനു പെണ്ണിനും ഒരു പോലെ പോകാവുന്ന നാച്വറൽസ് എന്ന സലൂൺ തുടങ്ങാൻ തീരുമാനിച്ചത്. 19 വർഷത്തിനു ശേഷം വീണ രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സലൂൺ ശൃംഖലയുടെ ഉമടയായി. 650 പാർലറുകളാണ് ഇന്നു നാച്വറൽസിനുള്ളത്.  9000 പേർക്കു നേരിട്ടു ജോലി നൽകുന്നു. 5000 സ്ത്രീകൾക്കും 4000 പുരുഷന്മാർക്കും .ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു പേർക്കു വേറെയും അവസരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ നാച്വറൽസ് ഷോറൂം തൃശൂർ എംജി റോഡിൽ  ഉദ്ഘാടനം ചെയ്യാനെത്തിയ വീണ കുമരവേൽ സംസാരിക്കുന്നു.

‘പല സ്ത്രീകൾക്കും വീട്ടിൽ ആവശ്യത്തിനു പണമുണ്ട്. പക്ഷെ അവർ സ്വയം സമ്പാദിക്കുന്ന പണത്തിനു തിളക്കം കൂടും. ഞാൻ അതിനുവേണ്ടി കൂടിയാണു പാർലർ തുടങ്ങിയത്. ഇപ്പോൾ എത്രയോ സ്ത്രീകൾ അഭിമാനത്തോടെ തല ഉയർത്തി എന്നൊടൊപ്പം നിൽക്കുന്നതു ഞാൻ കാണുന്നു. പണം മുടക്കിയവർ മാത്രമല്ല. ഇവിടെ ജോലി ചെയ്യുന്നവരും. നാച്വറൽസിൽ ജീവനക്കാരെ ഞങ്ങൾ സ്റ്റാഫ് എന്നല്ല വിളിക്കുന്നത്.‘സ്മൈൽ പ്രൊവൈഡേഴ്സ്’ എന്നാണ്. പുഞ്ചിരി നൽകുന്നവർ. ഓരോ ഉപഭോക്താവിനും അവർ നൽകുന്നതു പുഞ്ചിരിയാണ്.

ഞാനിതു തുടങ്ങിയ കാലത്തു സാധാരണ പാർലറുകളിൽ മിക്കതും വലിയ വൃത്തിയൊന്നും ഇല്ലാത്തവയായിരുന്നു. വൻ കിട പാർലറുകളാകട്ടെ പണക്കാർക്കുപോലും അത്യാവശ്യത്തിനു മാത്രം പോകാവുന്നവ. ഞങ്ങളിതു തുടങ്ങിയപ്പോൾ നല്ല വൃത്തിയും സ്നേഹവമുള്ള പാർലർ അത്ര അധികം പണം നിങ്ങൾക്കു നൽകുമെന്നാണു പറഞ്ഞത്. അതുതന്നെ ഇന്നും ചെയ്യുന്നു. ആണുങ്ങളുടെ മുടിവെട്ടാൻ ഇന്നും നാച്വറൽസ് വാങ്ങുന്നതു 150 രൂപയാണ്. എല്ലാവർക്കും ഇത്തരം വലിയ സൗകര്യങ്ങൾ കിട്ടണമെന്നതുതന്നെയാണു എന്റെ സ്വപ്നം. വില കൂടിയ സൗകര്യങ്ങളുമുണ്ട്. അതു താങ്ങാനാകുന്നവർ അതെടുത്തോട്ടെ.

‘സ്ത്രീകളെ ശക്തിപ്പെടുത്തുക’ എന്നു ഞങ്ങളുടെ പരസ്യങ്ങളിൽപ്പോലും ഞങ്ങൾ പ്രധാന്യത്തോടെ പറയുന്നു. 5000 സ്ത്രീകൾ ഞങ്ങളുടെ സ്ഥാപനത്തിലൂടെ സ്വന്തം കാലിൽ നിൽക്കുന്നുവെന്നു പറയുമ്പോൾ 5000 കുടുംബങ്ങളാണു അന്തസ്സോടെ നിൽക്കുന്നത്. എം.ജി.റോഡിലെ പാർലർ തുടങ്ങിയ കെ.ഉമാദേവി എന്ന വീട്ടമ്മ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പാർലറായി ഇതിനെ മാറ്റുമ്പോൾ അതൊരു സ്ത്രീ കൂട്ടായ്മയുടെയും അവരുടെ പുഞ്ചിരിയുടെയും വിജയമാണ്.  എത്രയോ ജീവനക്കാരെ അവർ സ്വന്തം ഹൃദയത്തോടു ചേർ‌ത്തു നിർത്തുന്നു. ഇതു ബിസിനസ് മാത്രമല്ല. 5 പാർലറുകൾ സ്വന്തമായി തുടങ്ങിയതോടെ ഭർത്താവ് കുമരവേലും ബിസിനസിക്കിലേക്കു വന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് രാജ്യത്ത് ആദ്യമായി ചെറിയ സാഷെയിൽ (പ്ളാസ്റ്റിക് പാക്കറ്റ്) 50 പൈസയ്ക്കു ഷാംപൂ നിറച്ചു വിറ്റത്. അതുവരെ കുപ്പിയിൽ മാത്രമായിരുന്നു ഷാംപൂ. അദ്ദേഹം മുഴുവൻ സമയം എന്റെ കൂടെ ചേർന്നതോടെ ബിസിനസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഞങ്ങൾ വലിയ പരസ്യം കൊടുത്തു ഫ്രാഞ്ചൈസി തുടങ്ങാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വലിയ ബ്രാൻഡല്ലാത്ത ഞങ്ങളെ ആരും വിശ്വസിച്ചില്ല.പക്ഷെ 3 വർഷത്തിനു ശേഷം പലരും ഞങ്ങളെ തേടിവന്നു. മിക്കതും വീട്ടമ്മമാർ. ഇപ്പോൾ 650 പാർലർ ശൃംഖലയുമായി ഞങ്ങൾ തലയുയർത്തി നിൽക്കുന്നു. 90% നടത്തുന്നതു സ്ത്രീകളാണ്.

ഇനിയും ലക്ഷ്യങ്ങൾ ഏറെയാണ്. ആയുർവേദ വിദഗ്ധരുമായി ചേർന്നു പാർലറുകളും ഉൽപ്പന്നങ്ങളും മാർക്കറ്റിലെത്തിക്കും. രാസ പദാർഥം കഴിവതും കുറഞ്ഞ വസ്തുക്കൾ മാത്രമെ ഇന്നും ഞങ്ങൾ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ടാണു വർഷങ്ങളായി പലരും ഞങ്ങളുടെ അടുത്തു വരുന്നത്. വിവാഹത്തിനു മാത്രമായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മേക്കപ്പ് ഒരിക്കലും ഭാരമാകാത്ത വിധത്തിലുള്ള ഒരുക്കം. വിവാഹം കുടുംബത്തിന്റെ ഉത്സവമാണ്. അവരോടൊപ്പം ചേർന്നു നിൽക്കാൻ ഞങ്ങളും ഒരുങ്ങുന്നു. 

ഞങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽപ്പോയി പെൺകുട്ടികളെ കണ്ടെത്തി പരിശീലനം നടത്തിയാണു ശൃഖല വികസിപ്പിച്ചത്. ഇന്നു രാജ്യത്തെ ഏറ്റവും മികച്ച ബ്യൂട്ടി തെറാപ്പി പരിശീലന കേന്ദ്രങ്ങളിലൊന്നു ചെന്നൈയിലെ ഞങ്ങളുടെ അക്കാദമിയാണ്. കൈത്തൊഴിൽ പരിശീലന പദ്ധതിയിൽ കേന്ദ്ര സർക്കാർ ഞങ്ങളെക്കൂടി പങ്കാളികളാക്കിയിരിക്കുന്നു.. ഒരോ സ്ത്രീയ്ക്കുമൊരു സ്വപ്നമുണ്ട്. ഓരോ കുടുംബത്തിനുമൊരു സ്വപ്നമുണ്ട്. അതാണ് നാച്വറൻസിലൂടെ ഞങ്ങൾ കാണുന്ന സ്വപ്നം. വീണ പറഞ്ഞു.

English Summary : Natural Beauty Parlour Chairman Veena Kumaravel Success Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA