ശാന്തയെ തേപ്പു പഠിപ്പിച്ച ബാബു മേസ്തിരി; സുമേഷ് മുഖത്തലയുടെ വിശേഷങ്ങളിലൂടെ

comedy-artist-sumesh-mukhathala-interview
സുമേഷ് മുഖത്തല
SHARE

‘ബാബൂ നീ തേക്കെടാ, ബാബൂ നീ തേക്കെടാ’ ബാഹുബലിയെ ബാബു മേസ്തിരി ആക്കിയപ്പോൾ പിറന്ന ഈ ഗാനം കുറച്ചു നാള്‍ മുൻപ് മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ചിരുന്നു. ആ സ്കിറ്റിൽ പണി സൈറ്റുകളിൽ ഓടി നടന്നു പണിയെടുത്ത, ശാന്തയെ തേക്കാൻ പഠിപ്പിച്ച ബാബു മേസ്തിരിയെ ഓർമയില്ലേ. കുടുംബസദസ്സുകളിൽ ചിരിമഴ പെയ്യിച്ചിച്ച സ്കിറ്റിൽ ഗംഭീരപ്രകടനം കൊണ്ടു കയ്യടി നേടിയ കലാകാരൻ, സുമേഷ് മുഖത്തല. കോമഡി സ്റ്റാർസിൽ ടീമുകൾക്ക് സ്പ്പോർട്ടിങ് ആർടിസ്റ്റ് ആയി തുടങ്ങിതാണ് ഈ കലാകാരൻ. പേരില്ലാത്ത നിരവധി കഥാപാത്രങ്ങളായി വിവിധ ചാനലുകളിൽ എത്രയോ സ്കിറ്റുകളിൽ സുമേഷിനെ കണ്ടു. പതിയെ പതിയെ ആ മുഖം മലയാളികളുടെ മനസ്സിൽ പതിഞ്ഞു. ഒടുവിൽ ബാബു മേസ്തിരിയിലൂടെ സുമേഷ് ചിരിപ്പൂരം തീർത്തു. 

സുമേഷ് മുഖത്തലയുടെ വിശേഷങ്ങളിലൂടെ;

കൊല്ലം ജില്ലയിലെ മുഖത്തലയാണ് സ്വദേശം. അവിടെയുള്ള സ്കൂളുകളിലായി വിദ്യാഭ്യാസം. പത്താം ക്ലാസിൽ തോറ്റു. അതിനുശേഷം ആർട്സ് സ്കൂളിൽ ചേർന്നു. അവിടെ പത്തിൽ തോറ്റാലും പഠിക്കാം. വരയായിരുന്നു എന്റെ വിഷയം. സത്യത്തിൽ അതും പൂർത്തിയാക്കാനായില്ല. 

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജോലിക്കു പോയി തുടങ്ങിയിരുന്നു. നാട്ടിലെ പല പണികളും ചെയ്തു. പിന്നീട് അച്ഛന്റെ നാടായ വെളിയത്ത് റബർ ചെത്താൻ പോയി. അതായിരുന്നു കുറച്ച് സ്ഥിരതയാർന്ന ജോലി. പക്ഷേ അതിനിടയില്‍ കലാരംഗത്തു പ്രവർത്തിച്ചു തുടങ്ങി. റബർ ചെത്തു പോലെയുള്ള ജോലികൾക്ക് കൃത്യനിഷ്ഠ അനിവാര്യമാണ്. സ്റ്റേജ് പരിപാടികൾക്ക് പോയി ചിലപ്പോൾ എത്താൻ വൈകും, രാവിലെ ഉണരാൻ വൈകും. അത്തരം സാഹചര്യം വന്നപ്പോള്‍ റബർ ടാപ്പിങ് അവസാനിപ്പിച്ചു. 

sumesh-mukhatala-3

കലാരംഗത്തേക്ക്

സ്കൂളിൽ നിരവധി പരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല. നാടാണ് എന്നെ കലാകാരനാക്കി മാറ്റിയത്. ക്ലബുകൾ ഉണ്ടായിരുന്നു. അവിടെ കലാപരിപാടികളും പ്രവർത്തനങ്ങളും സജീവമായിരുന്നു. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് എടുത്തു പറയേണ്ട രണ്ടു വ്യക്തികളുണ്ട്, എന്റെ ഗുരുക്കന്മാരായ സുദർശന്‍ മുഖത്തലയും ശശാങ്കൻ മയ്യനാടും. സുദർശന്‍ ചേട്ടന്‍ കളിച്ചു കഴിഞ്ഞ കാസറ്റുകള്‍ ഞങ്ങൾക്ക് തരും. ക്ലബിലെ പരിപാടികൾക്ക് അവതരിപ്പിച്ചോളാന്‍ പറയും. അങ്ങനെയായിരുന്നു കൗമാരം. പിന്നീട് പല പരിപാടികളുടെ ഭാഗമാക്കിയും പിന്തുണ നൽകിയും ശശാങ്കൻ ചേട്ടനും സുദർശൻ ചേട്ടനും കൂടി എന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

കോമഡി സ്റ്റാറായി 

ജീവിതം മാറ്റിമറിച്ചത് കോമഡി സ്റ്റാർസ് ആണ്. അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സപ്പോർട്ടിങ് ആർടിസ്റ്റ് ആയാണു തുടങ്ങിയത്. പതിയെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അതിൽ തന്നെ ബാബു മേസ്തിരി ആയതോടെ നിരവധി അഭിനന്ദനങ്ങളും അവസരങ്ങളും ലഭിച്ചു. ആളുകൾ വളരെയേറെ ഇഷ്ടപ്പെടാനും തിരിച്ചറിയാനും ആ സ്കിറ്റ് കാരണമായി. ആ വേഷം ചെയ്യാൻ എനിക്ക് അവസരം തന്ന ഫോർസ്റ്റാർസ് ടീമിനോടും ഗ്രൂമേഴ്സിനോടുമൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബൈജു മേലില സാറിനോടും എത്ര പറഞ്ഞാലും മതിയാവില്ല.

ഇതിനുശേഷം 4 സിനിമകളിലേക്ക് അവസരം ലഭിച്ചു. അതിലുപരി ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണ് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. 

sumesh-mukhatala1

സ്വപ്നങ്ങൾ

ഒരുപാട് സ്റ്റേജ് ഷോകളുടെ ഭാഗമാകണം. സീരിയലായാലും സിനിമയായാലും നല്ല അവസരങ്ങൾ കിട്ടണം. ഒരു കലാകാരനായി ജീവിച്ചു മരിക്കണം. എന്റെ അച്ഛനും അമ്മയ്ക്കും സമാനധാനപൂർണവും സന്തോഷകരമായ ജീവിതം നൽകണം. അമ്മ കശുവണ്ടി ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. രണ്ടു ചേട്ടന്മാരുണ്ട്. മൂത്തചേട്ടനും കൂലിപ്പണിക്കാരനാണ്. രണ്ടാമത്തെ ചേട്ടൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. രണ്ട് പേരും വിവാഹിതരാണ്. എല്ലാവരോടുമൊപ്പം സുഖവും സന്തോഷവുമായി ജീവിക്കണം  എന്നതാണു സ്വപ്നം.

English Summary : Comedy Stars fame Sumesh Mukhathala Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA