sections
MORE

ആ സിനിമയിൽ നിന്ന് ഒഴിവാക്കിയത് സഹിച്ചില്ല; അന്നു ഞാൻ മരിക്കാൻ തീരുമാനിച്ചു: വിനോദ് കോവൂർ

HIGHLIGHTS
  • കലാകാരന് പെണ്ണു കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്
  • കലാരംഗത്ത് കഴിവിനെക്കാൾ കൂടുതൽ ഭാഗ്യം വേണം
SHARE

ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ കഥാപാത്രത്തിന് ജീവൻ വച്ച പോലെയാണ് വിനോദ് കോവൂർ എന്ന നടൻ. മറിമായത്തിലെ മൊയ്ദുവിനെയും എം80 മൂസയിലെ മൂസാക്കായിയേയും ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ പ്രേക്ഷകരും ഇക്കാര്യം സമ്മതിക്കും. ഗ്രാമീണത നിറയുന്ന കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതിൽ വിനോദ് കോവൂർ എന്ന നടന് പ്രത്യേകമൊരു മിടുക്കുണ്ട്. നാട്ടുഭാഷയിൽ പറയുന്ന ഡയലോഗുകൾ കൂടിയാകുമ്പോൾ കഥാപാത്രങ്ങൾക്കു മികവു കൂടും. സ്റ്റേജ് പരിപാടികളിലൂടെ കാണികളെ ചിരിപ്പിച്ച് സീരിയലിലേക്കും സിനിമയിലേക്കും നടന്നു കയറിയ വിനോദ് കോവൂർ പിന്നിട്ട വഴികളെക്കുറിച്ച് മനസ് തുറക്കുന്നു. 

എന്തിനാണ് ആ പേരിട്ടത്? അമ്മയോട് കുഞ്ഞുണ്ണി മാഷ് ചോദിച്ചു 

ഞാൻ ഒരു കലാകാരനായി മാത്രമെ ജീവിക്കൂ എന്ന തീരുമാനമെടുക്കുന്നത് കവി കുഞ്ഞുണ്ണിമാഷിന്റെ മുന്നിൽ വച്ചാണ്. അദ്ദേഹത്തിന്റെ നാടായ വലപ്പാടിലെ ഒരു സ്കൂളിൽ ചെറിയൊരു പരിപാടിക്കു പോയപ്പോഴാണ് മാഷെ ആദ്യമായി കാണുന്നത്. കുട്ടികളുമായി ഞാൻ സംവദിക്കുന്നത് ശ്രദ്ധിച്ച മാഷ് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളുടെയും ഓരോ കോപ്പി തന്നു. പിന്നീടൊരു ദിവസം അദ്ദേഹം കോഴിക്കോട് വന്നപ്പോൾ എന്റെ വീട്ടിൽ വന്നു. ആ സമയത്ത് ഞാൻ വീട്ടിലുണ്ടായിരുന്നില്ല. അന്നു രാത്രി എന്റെ വീട്ടിൽ താമസിച്ച് പിറ്റെ ദിവസമാണ് മാഷ് മടങ്ങിയത്. മാഷ് ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്റെ അമ്മ പറഞ്ഞു, ഞാൻ ജോലിക്കൊന്നും ശ്രമിക്കാതെ കലാപരിപാടികൾ എന്നു പറഞ്ഞു നടക്കുകയാണ്; മാഷൊന്നു ഉപദേശിക്കണം എന്ന്. അപ്പോൾ മാഷ് ചോദിച്ചു–'നിങ്ങൾ എന്താണ് നിങ്ങളുടെ മകന് പേരിട്ടിരിക്കുന്നത്?' അമ്മ പറഞ്ഞു, 'വിനോദ്'! എന്തിനാണ് എനിക്ക് അങ്ങനെയൊരു പേരിട്ടതെന്നായി മാഷ്. അമ്മ ആകെ അമ്പരന്നു. അതുകഴിഞ്ഞ്, ചെറിയൊരു ചിരിയോടെ മാഷ് പറഞ്ഞു. 'ഈ വിനോദ് എന്നു പറഞ്ഞാൽ ബാക്കിയുള്ളവരെ വിനോദിപ്പിക്കുന്നവൻ എന്നാണ് അർത്ഥം. അവൻ ആളുകളെ വിനോദിപ്പിക്കാൻ വേണ്ടി ഭൂമിയിൽ ഉണ്ടായ ആളാണ്. അവൻ വേറെ ജോലിക്കൊന്നും പോകണ്ട. അവൻ കലാകാരനായി നിങ്ങൾക്കു കുറെ പേരുണ്ടാക്കി തരും! 'ആ വാക്കുകൾ എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. അതോടെ അമ്മയും അച്ഛനും എന്റെ കലാജീവിതത്തിന് പച്ചക്കൊടി കാണിച്ചു. 

vinod-kovoor-2

ഓഡിഷന് പോയി കുറെ പറ്റിക്കപ്പെട്ടു

കലാകാരനായി ജീവിക്കാൻ തീരുമാനിച്ചെങ്കിലും അതു അത്ര എളുപ്പമായിരുന്നില്ല. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞു വരുന്ന എല്ലാ പരസ്യങ്ങളിലേക്കും ഫോട്ടോ അയയ്ക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. കുറെ പറ്റിക്കപ്പെട്ടു എന്നല്ലാതെ മറ്റൊന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് എം.ടി സാറിന്റെ ഒരു സിനിമയിലേക്ക് വിളി വന്നു. ഞാൻ ഇന്റർവ്യൂന് പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്നു കാണിച്ച് ഒരു കത്ത് വീട്ടിലേക്ക് വന്നു. ഞാൻ വലിയ സന്തോഷത്തിലായി. നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. എല്ലാവർക്കും സന്തോഷം. ഒരു മാസത്തെ ഷൂട്ടിങ്. എന്നോടു ഷൊർണൂർ ഗസ്റ്റ് ഹൗസിൽ എത്താൻ പറഞ്ഞിട്ടാണ് കത്ത്. പക്ഷെ, ഈ അവസരം എനിക്ക് നഷ്ടമായി. ഞാൻ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, എന്നെ ആ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന്. ഞാനാകെ തകർന്നു പോയി. ഇന്നത്തെപ്പോലെ മനക്കരുത്ത് ഒന്നുമില്ല. വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ! ഞാൻ ആകെ വല്ലാതെയായി. ഒരു കത്തെഴുതി വച്ച് മരിക്കാൻ തീരുമാനിച്ചു. അങ്ങനെ കത്തെഴുതി വച്ച് റെയിൽവെ ട്രാക്കിലേക്ക് പോയി കിടന്നു. പക്ഷെ, ട്രെയിൻ എത്തുന്നതിന് തൊട്ടു മുൻപ് ഏതോ ഒരു ശക്തി എന്നെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ആദ്യത്തെ അനുഭവമല്ലേ, ഇനിയും എത്രയോ ജീവിതം മുന്നിൽ കിടക്കുന്നു, എന്നൊക്കെ ആലോചിച്ചു. അച്ഛന്റെയും അമ്മയുടെയും മുഖം മനസിൽ തെളിഞ്ഞു. അങ്ങനെ ഞാൻ ആ കത്ത് കീറിക്കളഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു നടന്നു. പിന്നീടൊരിക്കലും ജീവിതം അവസാനിപ്പിക്കണമെന്നു തോന്നിയിട്ടില്ല. 

കലാകാരന് മാസശമ്പളം ഇല്ല

കലാകാരന് പെണ്ണു കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. നമുക്ക് മാസശമ്പളം ഇല്ലല്ലോ! കലാകാരന് കൂലി അല്ലേ കിട്ടുന്നത്. പ്രൈവറ്റ് സ്ഥാപനത്തിലായാലും ഒരു ജോലിയുണ്ടെങ്കിൽ മകളെ കെട്ടിച്ചു തരാമെന്നായിരുന്നു വിവാഹാലോചന നടത്തുമ്പോൾ കിട്ടുന്ന മറുപടി. ഇതുകേൾക്കുമ്പോൾ വലിയ സങ്കടം തോന്നും. ഞാൻ വിവാഹം ചെയ്തത് ദേവു എന്ന പെൺകുട്ടിയെയാണ്. ആ ആലോചന വന്നപ്പോഴും അവരുടെ വീട്ടുകാർക്ക് ചെറിയ ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഞാൻ ദേവൂനെ പോയി കണ്ടു സംസാരിച്ചു. ഞാനൊരു കലാകാരനാണെന്നും കലയിലൂടെ മാത്രമെ ജീവിക്കൂ എന്നും പറഞ്ഞു. കലാകാരനാണെങ്കിലും ദേവൂനെ പട്ടിണി ഇല്ലാതെ പോറ്റുമെന്നും ഞാൻ വാക്കു കൊടുത്തു. ആ വാക്ക് ഇന്നും ഞാൻ പാലിക്കുന്നു. ദേവു ഇപ്പോൾ എന്റെ ഭാര്യയാണ്. വളരെ സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു.

അങ്ങനെയാണ് ഞാൻ രണ്ടാമതും കെട്ടിയത്

എനിക്ക് ഗുരുവായൂർ വച്ച് വിവാഹം കഴിയ്ക്കണമെന്നു വലിയൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, വീട്ടുകാരുടെ നിർബന്ധം കൊണ്ട് ദേവൂന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് കറന്റ് പോയതുകൊണ്ട് ഫോട്ടോയും വിഡിയോയുമെല്ലാം മങ്ങിപ്പോയി. ഇടയ്ക്ക് ഗുരുവായൂർ പോകുമ്പോൾ ഞാൻ ദേവൂന്റെ അടുത്ത് പഴയ മോഹം പറയും. അങ്ങനെ ഒരു ദിവസം മൂകാംബികയിൽ പോയപ്പോൾ അവിടെ വച്ചു കണ്ട സ്വാമിയോടു ഇക്കാര്യം യാദൃച്ഛികമായി പറഞ്ഞപ്പോൾ അദ്ദേഹമാണ് ഗുരുവായൂരിൽ പോയി വിവാഹം ചെയ്യാൻ നിർദേശിച്ചത്. അങ്ങനെ  വിവാഹവാർഷികത്തിന് ഞങ്ങൾ ഗുരുവായൂർ നടയിൽ വച്ച് ഒരിക്കൽക്കൂടി വിവാഹതിരായി. മനസിന് ഇഷ്ടമുള്ള വേഷം ധരിച്ച് തുളസിമാലയിട്ട് വിവാഹം ചെയ്തത് പ്രത്യേക അനുഭവമായിരുന്നു. അതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞാൻ രണ്ടാമതും വിവാഹം ചെയ്തു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. സത്യത്തിൽ, ഞാൻ വിവാഹം ചെയ്തത് എന്റെ ഭാര്യ ദേവൂനെ തന്നെയാണ്. 

vinod-kovoor-and-family

വിവാദങ്ങളെ ഭയക്കുന്നില്ല

ഞാനൊരു കലാകാരൻ ആകുന്നതിനു മുൻപെ എന്നിലൊരു സാമൂഹ്യപ്രവർത്തകൻ ഉണ്ട്. പ്രതികരിക്കേണ്ട ഇടങ്ങളിൽ ഞാൻ പ്രതികരിക്കും. ചില സുഹൃത്തുക്കൾ എന്നെ ഉപദേശിക്കാറുണ്ട്. ഓരോ കാര്യങ്ങളിൽ ഇടപെട്ട് വിവാദങ്ങൾ വിളിച്ചു വരുത്തേണ്ട ആവശ്യമുണ്ടോ എന്ന്! വിവാദമല്ല, ആ വിഷയത്തിൽ സത്യമുണ്ടെങ്കിൽ ഞാൻ പ്രതികരിക്കും. കോഴിക്കോട് ഇന്ത്യൻ യൂത്ത് അസോസിയേഷൻ എന്നൊരു സംഘടനയുണ്ട്. വളരെ ചെറുപ്പം മുതൽ അതിലൂടെയാണ് ഞാൻ പ്രവർത്തിച്ചു വളർന്നത്. മദ്യപാനമോ പുകവലിയോ മറ്റു ദുശ്ശീലങ്ങളോ എനിക്കില്ലാത്തതിന് കാരണം ഈ സംഘടനയാണ്. ഇതിലൂടെയാണ് കോഴിക്കോടുള്ള ഒരു അനാഥമന്ദിരത്തിൽ എത്തിച്ചേരുന്നത്. അവിടെയുള്ള കുട്ടികൾക്കെല്ലാം എന്നെ വലിയ കാര്യമാണ്. അവർക്ക് കൗൺസലിങ് നൽകാനും ക്ലാസ് നൽകാനുമൊക്കെ ഞാൻ പോകാറുണ്ട്. അവിടെയുള്ള കുട്ടികളുടെ വിവാഹം എന്റെ കുടുംബത്തിലെ വിവാഹം പോലെയാണ് എനിക്ക്. വിവാഹത്തിനു ശേഷം അവർ പങ്കാളിയെയും കൂട്ടി എന്റെ വീട്ടിൽ വിരുന്നിന് വരാറുണ്ട്. എന്നെ ഒരു വല്ല്യേട്ടന്റെ സ്ഥാനത്താണ് അവർ കാണുന്നത്.

എന്റെ ഒറിജിനൽ പേര് പലർക്കും അറിയില്ല

മഴവിൽ മനോരമ തുടങ്ങുന്ന സമയത്ത് മറിമായത്തിന്റെ സംവിധായകനായിരുന്ന ഉണ്ണികൃഷ്ണൻ സാറാണ് എന്നെ അതിലേക്ക് വിളിക്കുന്നത്. എനിക്ക് വേറൊരു ചാനലിൽ വച്ച് അദ്ദേഹത്തെ പരിചയം ഉണ്ട്. അങ്ങനെ ഞാൻ മറിമായത്തിലെ മൊയ്ദു ആയി. അതു നല്ലൊരു ടീം ആയിരുന്നു. അഞ്ചു പേരുടെ കെമിസ്ട്രി നല്ലപോലെ വർക്ക് ഔട്ട് ആയി. ആ പരിപാടി നല്ല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോൾ എട്ടു വർഷമായി മറിമായത്തിലെ മൊയ്ദുവായി ജീവിക്കുന്നു. ഇനി കെട്ടാത്ത വേഷങ്ങളൊന്നുമില്ല. കള്ളൻ മുതൽ കലക്ടർ വരെ എല്ലാ വേഷങ്ങളും ചെയ്തു. ലോകത്തെവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നത് മറിമായത്തിലെ മൊയ്ദു ആയിട്ടാണ്. അതുപോലെ തന്നെയാണ് എം80 മൂസയിലെ കഥാപാത്രവും. ആ കഥാപാത്രത്തിൽ ഞാനുണ്ട്. സുരഭി ലക്ഷ്മി എന്നെ വിളിക്കുന്നതുപോലെ മൂസാക്കായി എന്നാണ് പലരും എന്നെ വിളിക്കുന്നതു പോലും. എന്റെ ഒറിജിനൽ പേര് പലർക്കും അറിയില്ല. മൊയ്ദുവും മൂസയും എനിക്ക് കിട്ടിയ വലിയ ലോട്ടറിയാണ്.   

കഴിവിനെക്കാൾ ഭാഗ്യം വേണം

കലാരംഗത്ത് കഴിവിനെക്കാൾ ഭാഗ്യം കൂടി വേണമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹരീഷ് കണാരൻ എന്റെയൊപ്പം മിമിക്രി ചെയ്തു നടന്നിരുന്ന ആളായിരുന്നു. അവനിപ്പോൾ സിനിമയിൽ സജീവസാന്നിധ്യമാണ്. ഞാൻ ചെയ്ത ജാലിയൻ കണാരൻ എന്ന സ്കിറ്റ് ഹരീഷിന് വലിയൊരു വഴിത്തിരിവായി. മഴവിൽ മനോരമയിൽ കോമഡിക്ക് റിയാലിറ്റി ഷോ വന്നപ്പോൾ ഞാൻ മറിമായത്തിൽ ഉള്ളതുകൊണ്ട് എനിക്ക് മത്സരിക്കാൻ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് സങ്കടമായി. കുറെ സ്കിറ്റുകൾ ചെയ്യണമെന്നൊക്കെ കരുതിയതായിരുന്നു. കൂട്ടുകാർക്കും സങ്കടമായി. അങ്ങനെ എനിക്കു പകരം കോഴിക്കോടു നിന്ന് മറ്റൊരു ആർടിസ്റ്റിനെ ആ സ്കിറ്റിൽ ഉൾപ്പെടുത്തി. ഹരീഷ്! എന്റെ കഥാപാത്രം ഹരീഷിന് കൊടുത്തു. അതോടെ ഹരീഷിന് ഭാഗ്യമായി. അതുപോലെ നിർമൽ പാലാഴി. എന്റെ ട്രൂപ്പിൽ നിർമൽ വരുമ്പോൾ താരങ്ങളെ മാത്രം അനുകരിച്ചിരുന്ന ആളായിരുന്നു. നിർമലിനെ കോമഡി ചെയ്യാന്‌ ഞാനൊക്കെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇപ്പോൾ എന്നെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നിർമലൊക്കെ കാഴ്ച വയ്ക്കുന്നത്. അതു കാണുമ്പോൾ വലിയ സന്തോഷം. 

vinod-kovoor-1

അതു കണ്ട് സത്യൻ അന്തിക്കാട് വിളിച്ചു

സംവിധായകൻ സത്യൻ അന്തിക്കാട് എന്നെ വിളിക്കുന്നത് ജാലിയൻ കണാരൻ എന്ന എന്റെ സ്കിറ്റ് കണ്ടിട്ടാണ്. ആ സ്കിറ്റ് എഴുതിയത് ഞാനാണ് എന്നു മനസിലാക്കിയിട്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. നിർമൽ പാലാഴിയും ദേവരാജും ഞാനും ചേർന്നാണ് കോമഡി സ്കിറ്റുകൾ എഴുതാറുള്ളത്. അവർ ഒപ്പമുള്ളത് വല്ലാത്തൊരു ശക്തിയാണ്. ആ സ്കിറ്റ് വലിയൊരു ഹിറ്റായി. അതു വഴിയാണ് പുതിയ തീരങ്ങൾ എന്ന സിനിമയിലേക്ക് സത്യൻ അന്തിക്കാട് എന്നെ വിളിച്ചത്. ഷൂട്ടിന്റെ ഇടവേളകളിൽ അദ്ദേഹം പലരെയും വിളിച്ച് ജാലിയൻ കണാരൻ എന്ന സ്കിറ്റ് പലരെയും കാണിക്കും. എനിക്ക് വലിയൊരു അംഗീകാരമായിരുന്നു അത്. 

ഗൗരവമുള്ള വേഷങ്ങളിൽ വരുമ്പോൾ

അതേ കാരണത്താൽ, ആകസ്മികം എന്നിങ്ങനെ രണ്ടു ഹ്രസ്വചിത്രങ്ങളിൽ അഭനിയിച്ചിട്ടുണ്ട്. അതിൽ ആകസ്മികം എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഞാൻ തന്നെയാണ് നിർവഹിച്ചത്. ഈ രണ്ടു സിനിമകളിലും അൽപം ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിച്ചത്. തമാശ ചെയ്യുന്നവർ ഗൗരവമുള്ള വേഷങ്ങൾ ചെയ്യുമ്പോൾ അതിന് പ്രത്യേക ഇംപാക്ട് ഉണ്ട്. എന്റെ കോമഡി കാണുന്ന, അത് ഇഷ്ടപ്പെടുന്ന ആളുകൾ ഇത്തരം വേഷങ്ങൾ കാണുമ്പോൾ പറയും, വിനോദ് ഇങ്ങനെ കഥാപാത്രങ്ങൾ ചെയ്യണ്ട... കോമഡി മതി. അതാണ് ഞങ്ങൾക്ക് ഇഷ്ടം എന്ന്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഗൗരവമുള്ള വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. സിനിമയിലും അഭിനയസാധ്യതയുള്ള വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൊച്ചിയിലേക്ക് താമസം മാറ്റിയതിനുശേഷം ഒരുപാടു സിനിമ അവസരങ്ങൾ ലഭിക്കുന്നുണ്ട്. പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും ആണ് എന്നെ കലാരംഗത്ത് നിലനിറുത്തുന്നത്. അത് ഇനിയുമുണ്ടാകണം എന്നാണ് എന്റെ പ്രാർത്ഥന. 

English Summary : Marimayam fame Vinod Kovoor Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA