ADVERTISEMENT

മുംബൈയിൽ ഒരു ട്രെയിൻ അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ടപ്പോൾ ഏറെ പാടുപെട്ടാണ് മയൂർ ധൂമാസ്യ. തന്റെ ജീവിതം തിരികെ പിടിച്ചത്. രണ്ടു പ്രാവശ്യം ആത്മഹത്യാ ശ്രമം. ഒടുവിൽ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത് നിരവധി തിരിച്ചറിവുകളുമായി. ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കൈ കൊണ്ട് 1600 കിലോമീറ്റർ സൈക്കിൾ ചവുട്ടി സാമൂഹിക ബോധവൽക്കരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്ല്‍ ധൂമാസ്യ. വൈകല്യങ്ങളെ കീഴടക്കാൻ മനക്കരുത്താണ് മുഖ്യം എന്ന് ലോകത്തോട് വിളിച്ചോതിക്കൊണ്ടാണ് ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബൈസിക്കിൾ പരേഡ് 2020ൽ ഇദ്ദേഹം പങ്കാളിയാകുന്നത്. സൈക്കിൾ പ്രോത്സാഹിപ്പിക്കുക, വിവിധ സൈക്കിൾ ക്ലബുകളെയും ഗ്രൂപ്പുകളെയും ഒരു പ്ലാറ്റ്‌ഫോമിൽ അണിനിരത്തുക എന്നതും ബൈസിക്കിൾ പരേഡിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു.

ജനുവരി 26 നാണ് 3500 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ ബൈസിക്കിൾ പരേഡ് കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ 1995 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് തുർക്ക്‌മെനിസ്‌ഥാൻ നേടിയ റെക്കോഡ് മറികടക്കുകയാണ് പരേഡ് ലക്ഷ്യമിടുന്നതെന്ന് ഈവന്റ് ഡയറക്റ്റർ നിഥിൻ പലാൽ പറഞ്ഞു. ഇതിനകം 2000  പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അഞ്ച് കിലോമീറ്റർ ദൂരമാണ് വരിവരിയായി ഒന്നിന് പിന്നാലെ ഒന്നായി സൈക്കിളിസ്റ്റുകൾ പരേഡിൽ അണിനിരക്കുക. ചണ്ഡീഗഡ്, ജമ്മു, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, അഗർത്തല, പൂനെ എന്നിവിടങ്ങളിൽ നിന്ന് ഇതിനോടകം നിരവധിപേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പരേഡിൽ പങ്കെടുക്കൻ താത്പര്യം ഉള്ളവർക്ക് http:// bicycleparade.com എന്ന വെബ്‌സൈറ്റിൽ ജനുവരി അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. സൈക്കിൾ വിത്ത് പ്രൈഡ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ബൈസിക്കിൾ പരേഡിൽ പങ്കെടുക്കുന്നവർക്ക് സൈക്ക്ലിസ്റ്റ്‌ ഓഫ് ദി ഇയർ, യങ് സൈക്ക്ലിസ്റ്റ് ഓഫ് ദി ഇയർ (18 വയസിൽ താഴെ), മാസ്റ്റർ സൈക്ക്ലിസ്റ്റ് ഓഫ് ദി ഇയർ (40 വയസിന് മുകളിൽ) അവാർഡുകളും ലഭിക്കും. ഇതുൾപ്പെടെ സൈക്കിളിസ്റ്റുകൾക്ക്  18 വിഭാഗങ്ങളിലായി ഗോൾഡ് മെഡൽ നൽകും. മത്സരിക്കുന്നവർക്കെല്ലാം മെഡലും സർട്ടിഫിക്കറ്റും നൽകും. പരേഡിൽ പങ്കെടുക്കുന്നവർ നിർബന്ധമായും തലേ ദിവസം രാവിലെ എട്ട് മണിക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് സൈക്കിൾ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് മോക്ക് റൈഡ് നടക്കും.ജനുവരി 26 ന് രാവിലെ ആറ് മണിക്ക് ലൈൻ അപ്പ് ആരംഭിക്കും. വില്ലിങ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നിന്നായിരിക്കും പരേഡ് ആരംഭിക്കുക. പരേഡിനോട് അനുബന്ധിച്ച് 25, 26 തീയതികളിൽ എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സൈക്കിൾ ബ്രാൻഡുകളും ആക്‌സസറീസ് കമ്പനികളും എക്സ്പോയിൽ പങ്കെടുക്കും.

മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗതയിലാണ് സൈക്കിൾ ചവുട്ടേണ്ടത്. ഇതിനായി സൈക്ളോ മീറ്റർ ഘടിപ്പിച്ച സൈക്കിൾ ഉപയോഗിക്കാൻ സംഘാടകർ നിർദേശിച്ചിട്ടുണ്ട്. പരേഡിൽ പങ്കെടുക്കുന്നവർക്ക് ഹെൽമെറ്റും ഔദ്യോഗിക ജേഴ്‌സിയും നിർബന്ധമാണ്. കൊച്ചിയിൽ നടക്കുന്ന ബൈസിക്കിൾ പരേഡിന് സമാന്തരമായി രാജ്യത്തുടനീളം അതെ സമയം തന്നെ സാറ്റലൈറ്റ് ഈവന്റുകൾ സംഘടിപ്പിക്കും. പല കാരണങ്ങളാൽ കൊച്ചിയിൽ എത്താൻ കഴിയാതെ പോയ സൈക്കിൾ പ്രേമികൾക്ക് അവരുടെ നഗരങ്ങളിൽ താനെ ബൈസിക്കിൾ പരേഡിന്റെ പേരിൽ സൈക്കിളിങ് സംഘടിപ്പിച്ചിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ സൈക്കിൾ ക്ലബുകൾ / ഗ്രൂപ്പുകൾ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ഇത് സംഘടിപ്പിക്കുക.

സ്റ്റാർട്ടപ്പ് സംരംഭമായ സലുബ്രിസ് ടെക്‌നോളജീസാണ് ബൈസിക്കിൾ പരേഡ് സംഘടിപ്പിക്കുന്നത്. ഐസ്ക്യൂബ്സ് ഈവന്റ്‌സാണ് ഈവന്റ് മാനേജ് ചെയ്യുന്നത്. ദിവസേന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും അഞ്ച് കിലോമീറ്റർ മുതൽ എട്ട് കിലോമീറ്റർ വരെയാണ് ശരാശരി സഞ്ചരിക്കുന്നത്. വാഹനങ്ങൾക്ക് പകരം സൈക്കിൾ ഉപയോഗിക്കാൻ ഇവരെ പ്രേരിപ്പിക്കുകയും അത് വഴി പ്രകൃതി സംരക്ഷണവുമാണ് ബൈസിക്കിൾ പരേഡിലൂടെ ലക്ഷ്യമിടുന്നത്. ദിവസേന വാഹനം ഉപയോഗിക്കുന്നവരിൽ അൻപത് ശതമാനം പേരെങ്കിലും സൈക്കിളിലേക്ക് മാറിയാൽ പ്രതിവർഷം അഞ്ഞൂറ് കോടി ലിറ്റർ ഇന്ധനമാണ് രാജ്യത്തിന് ലാഭിക്കാൻ കഴിയുകയെന്ന് നിഥിൻ പലാൽ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലൂടെ മാത്രം 19 കോടി ലിറ്റർ ഇന്ധനം ലഭിക്കാൻ കഴിയും. ഇന്ധന ചെലവ് കുറയുന്നതിലൂടെ മാത്രം പ്രതിവർഷം പതിനഞ്ച് ലക്ഷം കോടി റോപ്പയാണ് രാജ്യത്തിന് ലാഭിക്കാൻ കഴിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com