ADVERTISEMENT

സ്വന്തം വീടിനുമുന്നിലെ റോഡിൽപ്പോലും മാലിന്യം തള്ളുന്നവരാണ് പലരും. നാട്ടിലെ റോഡ് മാലിന്യമിടാനുള്ളതാണെന്നാണ് മറ്റു ചിലരുടെ വിചാരം. എന്നാൽ എന്നും അതിരാവിലെ നാലു മണിക്ക് ഒരു ചൂലുമെടുത്ത് പൊതു സ്ഥലങ്ങളും റോഡും വൃത്തിയാക്കാനിറങ്ങുകയാണ് ചക്കുംകടവ് സ്വദേശി മുഹമ്മദ് സാലിഹ്.

പന്നിയങ്കര മേൽപ്പാലത്തിലാണ് അടുത്ത കാലത്ത് സാലിഹ് സ്ഥിരമായി ചൂലുമെടുത്ത് ഇറങ്ങുന്നത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ മേൽപ്പാലം വൃത്തിയാക്കാൻ അധികൃതർ  തയാറായിട്ടില്ല. തുടർന്ന് സാലിഹ് നീളമുള്ള ചൂലുമായെത്തി എല്ലാദിവസവും ശുചീകരണം നടത്തുകയായിരുന്നു.  ഇപ്പോൾ‍ സമീപത്തെ വീടുകളിലെ കുട്ടികളും ഒപ്പംകൂടും. 

കുറ്റിച്ചിറ സ്വദേശിയാണെങ്കിലും ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിലാണ് സാലിഹിന്റെ വീട്. ചക്കുംകടവിലാണ് ഇപ്പോൾ താൽക്കാലികമായി താമസിക്കുന്നത്. ബിനോയ് മാർബിൾ കമ്പനിയിലെ ജീവനക്കാരനാണ്  സാലിഹ്. 2013 മുതൽ എന്നും രാവിലെ നാടു വൃത്തിയാക്കാൻ ചൂലുമായി സാലിഹ് ഇറങ്ങാറുണ്ട്. എന്നാൽ ഈയിടെ അപകടത്തിൽ പരുക്കേറ്റ് മൂന്നുമാസം കിടപ്പിലായതോടെ ശുചീകരണം മുടങ്ങി. വീണ്ടും ഒക്ടോബർ രണ്ടിനാണ് ശുചീകരണം പുനരാരംഭിച്ചത്.

എല്ലാ ഞായറാഴ്ചകളിലും കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന കടപ്പുറ ശുചീകരണ പരിപാടിയിലെ സ്ഥിരം താരവുമാണ് സാലിഹ്. ഇന്നലെ രാവിലെ പന്നിയങ്കര മേൽപ്പാലത്തിലൂടെ കടന്നുപോയ യാത്രക്കാരൻ റേഡിയോ മാംഗോയുടെ കോഴിക്കോട് സൂപ്പർഫാസ്റ്റ് എന്ന പരിപാടിയിലേക്ക് സാലിഹിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു. ഇതോടെ സാലിഹിന്റെ കഥ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

‘‘കോഴിക്കോടിനോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ഒരു പത്തു മിനിറ്റ് നമ്മുടെ നാടിനു വേണ്ടി  ചെലവഴിക്കണം. നാട് വൃത്തിയായി കിടക്കട്ടെ. പന്നിയങ്കര  മേൽപാലത്തിൽ നിൽക്കുമ്പോൾ സ്ഥിരമായി കാണുന്ന കാഴ്ചയുണ്ട്. 32 സെക്കൻഡാണ് ചുവപ്പുസിഗ്നൽ. അത്രയും നേരം കാത്തു നിൽക്കാൻ തയാറല്ലാതെ പലരും സിഗ്നൽ തെറ്റിച്ച് വണ്ടിയെടുത്ത് പോവുന്നതു കാണാം. എത്രകാലം താഴെ റെയിൽവേഗേറ്റിൽ കാത്തുകിടന്നവരാണ് നമ്മൾ. ഒരു 32 സെക്കന്റ് കാത്തുനിന്നൂടേ? ’’ – മുഹമ്മദ് സാലിഹ്, ചക്കുംകടവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com