ADVERTISEMENT

കേരള ചരിത്രത്തിൽ രക്തം കൊണ്ടെഴുതിയ ഒരധ്യായമാണ് മാമാങ്കം. ആ പേരാട്ടത്തിന്റെ ചൂടും പ്രതികാരത്തിന്റെ അഗ്നിയുമായി മാമാങ്കം അഭ്രപാളിയിൽ എത്തിയപ്പോൾ മലയാള സിനിമയുടെ പ്രതീക്ഷകളും നിരവധിയാണ്. ആദ്യ ദിനം മികച്ച കലക്‌ഷനുമായി ചരിത്രം കുറിച്ച് സിനിമ കുതിപ്പ് തുടരുന്നതിന്റെ ആവേശത്തിലാണ് അണിയറ പ്രവർത്തകർ  സങ്കീർണതകളും സാധ്യതകളും ഒരുപാടുള്ള സിനിമയുടെ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ എസ്.ബി സതീശനാണ്.

ചരിത്ര സിനിമകളിൽ വസ്ത്രാലങ്കാരത്തിന് സവിേശഷ സ്ഥാനമുണ്ട്. ചരിത്രത്തിന്റെ പിൻബലമുള്ള കഥാപാത്രങ്ങളെയാണ് അണിയിച്ചൊരുക്കുന്നത്. യുക്തിയും സിനിമയുടെ സൗന്ദര്യവും നിലനിർത്തികൊണ്ടു വേണം അതു ചെയ്യാൻ. വസ്ത്രധാരണത്തിലെ ചെറിയ തെറ്റുകൾ പോലും സ്ക്രീനിൽ തെളിഞ്ഞു കാണും. 400ലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തതിന്റെ അനുഭവസമ്പത്തുള്ള എസ്.ബി സതീശനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അവിചാരിതമായാണ് അദ്ദേഹം മാമാങ്കത്തിന്റെ ഭാഗമാകുന്നത്. എസ്.ബി സതീശൻ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ഇന്ത്യൻ 2 വിൽ നിന്ന് മാമാങ്കത്തിലേക്ക്

പഴയ സംവിധാനയകൻ മാറി പപ്പേട്ടൻ (പദ്മകുമാർ) സിനിമയുടെ സംവിധാനം ഏറ്റെടുക്കുമ്പോൾ ഏതാണ്ട് എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടായി. ആ സമയത്ത് കൺട്രോളർ രാധാകൃഷ്ണൻ ചേട്ടനാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. ഞാനപ്പോൾ ചെന്നൈയിൽ ഇന്ത്യൻ 2വിന്റെ സെറ്റിലായിരുന്നു. മാമാങ്കമാണെന്നു കേട്ടപ്പോൾ എനിക്കു വളരെ താൽപര്യം തോന്നി. ഗുരു, ദയ എന്നീ സിനിമകൾ പോലെ എനിക്കു എടുത്തു പറയാനാകാവുന്ന ഒരു വർക്ക് ആയിരിക്കും ഇതെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അവിടെ കരാർ ഉണ്ടല്ലോ. ഞാൻ അവരോട് കാര്യം പറ‍ഞ്ഞു. കുഴപ്പമില്ലെന്നും ചെയ്തോളൂ എന്നും അവർ പറഞ്ഞു. അങ്ങനെയാണ് മാമാങ്കത്തിലേക്ക് എത്തുന്നത്.

mamangam-costume-2

മുന്നൊരുക്കങ്ങൾ

രണ്ടു വർഷമായി സിനിമകള്‍ക്കു വേണ്ടി നന്നായി ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. 100 വർഷം പശ്ചാത്തലത്തിലൂടെ ഇന്ത്യൻ 2 കടന്നു പോകുന്നുണ്ട്. കളരി സംബന്ധമായ റഫറൻസുകളും ആ സിനിമയില്‍ ഉണ്ട്. ആ ഗവേഷണത്തിലൂടെ കുറേ പുതിയ ആശയങ്ങള്‍ ലഭിച്ചിരുന്നു. ഇതെല്ലാം മാമാങ്കത്തിനു വേണ്ടിയും ഉപയോഗിക്കാൻ സാധിച്ചു. അതൊരു ദൈവകൃപ ആയിട്ടാണ് ഞാൻ കാണുന്നത്. പപ്പേട്ടനുമായി ചർച്ച കഴിഞ്ഞതിനു തൊട്ടടുത്ത ആഴ്ച കോസ്റ്റ്യൂമുകൾ തയാറാക്കാന്‍ തുടങ്ങി. അങ്ങനെ ഷൂട്ടിനു മൂന്നു മാസം മുൻപ് ജോലികൾ ആരംഭിച്ചു.

mamangam-costume-5

എല്ലാം പഴയു പോലെ പകർത്തി വയ്ക്കാനാവില്ലല്ലോ. സിനിമയ്ക്ക് അനുയോജ്യമായി, രംഗങ്ങൾക്ക് അനുസൃതമായി എന്നാൽ അന്നത്തെ രീതിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന ശൈലിയാണ് വസ്ത്രധാരണത്തിൽ പിന്തുടർന്നത്.

വെല്ലുവിളി

mamangam-costume-3

എന്റെ വർക്കുകളിൽ ഗുരുവിനുശേഷം വളരെയധികം ആളുകള്‍ക്ക് വസ്ത്രം തയാറാക്കേണ്ടി വന്നത് ഈ സിനിമയ്ക്കാണ്. 35ലധികം അസിസ്റ്റന്റുകൾ എനിക്കൊപ്പം പ്രവര്‍ത്തിച്ചു. പല വിങ്ങുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. 40–45 ദിവസം രാത്രി ഷൂട്ടായിരുന്നു. ഇതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഷൂട്ട് കഴിഞ്ഞ് വസ്ത്രങ്ങൾ ചിലത് കഴുകേണ്ടതായും മെയിന്റനൻസ് ചെയ്യേണ്ടതായും വരും. ഇതെല്ലാം കഴിഞ്ഞ് പിറ്റേന്ന് ഉച്ച മുതൽ വസ്ത്രം നൽകിയാലേ രാത്രി ഷൂട്ടിന് മുൻപ് ഒരുങ്ങാനാവൂ. പല നിറങ്ങളും ഡൈയിങ് ചെയ്ത് ഉണ്ടാക്കുകയായിരുന്നു.

മമ്മൂക്കയ്ക്ക് സ്പെഷൽ ഒന്നും വേണ്ട

mamangam-costume

മമ്മൂക്കയ്ക്ക് സ്പെഷലായി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം അങ്ങനെ ഒന്നും ആവശ്യപ്പെട്ടതുമില്ല. ഭാരം കുറഞ്ഞ കോറ കാണിച്ചപ്പോൾ അന്ന് ഉപയോഗിച്ചിരുന്നത് ഏതാണോ അതു തന്നെ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രത്തിന് പൂർണമായും അനുയോജ്യമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതെല്ലാം സിനിമയിൽ വ്യക്തമാകും. മമ്മൂക്ക മാത്രമല്ല, ഉണ്ണി മുകുന്ദന്‍, പ്രാചി, സിദ്ധിഖ് തുടങ്ങി പ്രധാന കഥാപാത്രങ്ങൾ ആരും തന്നെ പ്രത്യേകമായി ഒന്നും വസ്ത്രധാരണത്തിൽ ആവശ്യപ്പെട്ടിട്ടില്ല. എല്ലാവരും കഥാപാത്രത്തിനാണ് പ്രാധാന്യം കൊടുത്തത്. 

ഇന്ത്യൻ 2

പണ്ട് ജീന്‍സ് സിനിമ കണ്ട് ശങ്കർ സാറിനൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. ഞാൻ ചെയ്ത ദയ എന്ന സിനിമയ്ക്കൊപ്പമാണ് ജീൻസും പ്രദർശനത്തിന് എത്തുന്നത്. അന്ന് അതിലെ കോസ്റ്റ്യൂമും കണ്ടാണ് അങ്ങനെയൊരു ആഗ്രഹം തോന്നിയത്. വർഷങ്ങൾക്കുശേഷം ഇന്ത്യൻ 2 വിലൂടെ ആ ആഗ്രഹം സഫലമാവുകയാണ്. ഇതുവരെ ഇന്ത്യന്‍ സിനിമയിൽ ചെയ്തിട്ടില്ലാത്തൊരു കോസ്റ്റ്യൂം ഇന്ത്യൻ 2 വിൽ ചെയ്തിട്ടുണ്ട്. ആ ഒരു കോസ്റ്റ്യൂമിന് 20 ലക്ഷം രൂപയോളമാണ് വില വരുന്നത്. സിനിമയിലെ ഒരു സസ്പെൻസ് ഘടകമാണ് ആ വസ്ത്രം. അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല. എന്തായാലും വലിയൊരു വർക്കിന്റെ ഭാഗമായി ഷങ്കർ സാറിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

English Summary : Mamangam malayalam movie costume designer sb satheesan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com