ADVERTISEMENT

ഗ്രീൻ ക്രിസ്മസ് സന്ദേശവുമായി നഗരത്തിലൂടെ ചുറ്റിസഞ്ചരിച്ച്, പച്ചനിറമുള്ള സാന്റകൾ. പരിസ്ഥിതി സൗഹൃദ, മാലിന്യരഹിത ക്രിസ്മസ് ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു വെള്ളത്താടിയും പച്ച നീളൻ കുപ്പായവുമണിഞ്ഞ സാന്റകൾ നഗരം ചുറ്റുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിലാണു ഗ്രീൻ സാന്റകളുടെ സഞ്ചാരം.

21 നു പനമ്പിള്ളി നഗർ റോട്ടറി ബാലഭവനിൽ നടക്കുന്ന ഗ്രീൻ ക്രിസ്മസ് കാർണിവലിന്റെ ഭാഗമായാണു ഗ്രീൻ സാന്റകളെ അവതരിപ്പിച്ചത്. തൃപ്പൂണിത്തുറ റിവർ ബോൺ സെന്ററാണു രാവിലെ 10 മുതൽ രാത്രി 10 വരെ ഗ്രീൻ ക്രിസ്മസ് കാർണിവൽ സംഘടിപ്പിക്കുന്നത്.

കാർണിവലിന്റെ ഭാഗമായുള്ള ഗ്രീൻ മാർക്കറ്റിൽ വിവിധ ഹരിതോൽപന്നങ്ങളുടെയും പാഴ്‌വസ്തുക്കളിൽ നിന്നുണ്ടാക്കിയ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും നടക്കും. കളിമൺ പാത്രങ്ങൾ, റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നുണ്ടാക്കിയ ആഭരണങ്ങൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ക്രിസ്മസ് കൂടുതൽ ആരോഗ്യകരമാക്കാൻ ഗ്ലൂട്ടൻ ഫ്രീ, പ്രകൃതിദത്ത ക്രിസ്മസ് കേക്കുകൾ ലഭിക്കുന്ന സ്റ്റാളുകളുമുണ്ട്. ജർമൻ സ്വദേശി മെരിയം മെർക്കിളാണു മൈദയും പഞ്ചസാരയും ചേർക്കാത്ത കേക്കുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. ആരോഗ്യകരമായ ഇത്തരം കേക്കുകൾ എങ്ങനെയുണ്ടാക്കാമെന്നതു സംബന്ധിച്ചു ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്. മുളയരി ഉപയോഗിച്ച് ആരോഗ്യകരമായ പലഹാരങ്ങൾ ലഭ്യമാക്കുന്ന, വയനാട് തൃക്കൈപ്പെറ്റയിൽ നിന്നുള്ള ബാസ ഗ്രൂപ്പിന്റെ സ്റ്റാളും മേളയിലുണ്ട്. മുപ്പതിലേറെ സ്റ്റാളുകൾ മേളയിലുണ്ട്.

കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരം, ന്യൂസ് പേപ്പർ ഫാഷൻ ഷോ തുടങ്ങിയവയും കാർണിവലിന്റെ ഭാഗമായി നടക്കും. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്ന ഗൂഞ്ച് എന്ന എൻജിഒയുടെ സ്റ്റാളും മേളയിൽ പ്രവർത്തിക്കും.

English Summary : Green Santa Claus in Kochi to propagate green Christmas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com