sections
MORE

പ്രചോദനമായി നിരുപമ, കരുത്തോടെ സീനത്ത്; ഇത് പെൺമിത്രയുടെ വിജയഗാഥ

HIGHLIGHTS
  • ചുറ്റുവട്ടത്തുള്ള സൗകര്യങ്ങളെ മുൻനിർത്തിയാണ് വളരുന്നത്
  • ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകണം
from-house-wife-to-leader-seenath-kokkur-life-story
SHARE

‘ഈ സിനിമയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്. ഇതിന് ജീവിച്ചിരിക്കുന്നുവോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് സ്വാഭാവികം മാത്രം’ ഏതൊരു സിനിമ തുടങ്ങുന്നതിനു മുൻപും ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നമ്മൾ കാണാറുണ്ട്. എന്നാൽ എത്ര സാങ്കൽപികമായാലും ചില സിനിമകളും കഥാപാത്രങ്ങളും മനസ്സിൽ കയറിക്കൂടും. കോക്കൂർ സ്വദേശിനി സീനത്തിന്റെ മനസ്സിലും അങ്ങനെയാരു കഥാപാത്രം കയറിക്കൂടി. ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിലെ മഞ്ജു വാര്യർ അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രം. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് അഞ്ചു വർഷം മുൻപ്.

തീയറ്ററിൽ നിന്നിറങ്ങിയിട്ടും നിരുപമയുടെ വാക്കുകൾ സീനത്തിന്റെ മനസ്സിൽ ഉടക്കി. പണം കൊടുത്ത് വിഷം വാങ്ങി തിന്നുകയാണ് മലയാളികൾ. വീടിനു ചുറ്റും കുറച്ച് പച്ചക്കറി നട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. അങ്ങനെയുള്ളപ്പോൾ പിന്തിരിയുന്നത് ശരിയാണോ ? – പിന്നെ ഒട്ടും വൈകിയില്ല, നിരുപമയെ മാതൃകയാക്കി മട്ടുപ്പാവ് കൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചു.

എന്നാൽ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. സീനത്ത് പച്ചക്കറിയിൽ മാത്രം ഒതുങ്ങി നിന്നില്ല. നെല്‍കൃഷിയും ആരംഭിച്ചു. പിന്നെ കരകൗശല വസ്തുക്കളുടെ നിർമാണം, പശുവളർത്തൽ എന്നിങ്ങനെ സീനത്ത് മുന്നേറി. കോക്കൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളെ ഒപ്പം കൂട്ടി. സ്വന്തമായി വരുമാനമില്ലാതെ വീട്ടിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾ അതോടെ സമ്പാദിക്കാൻ തുടങ്ങി. ആ സംഘത്തിന് ‘പെൺമിത്ര’ എന്ന പേരുമിട്ടു സീനത്ത്. 

‌പെൺകരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി മാറിയ പെൺമിത്രയുടെ കഥ സീനത്ത് കോക്കൂർ പറയുന്നു.

വീട്ടിൽ എത്ര തിരക്കിട്ട ജോലിയുണ്ടായാലും പെണ്ണുങ്ങൾക്ക് കുറച്ചു നേരമെങ്കിലും ബാക്കി കിട്ടും. ആ സമയം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നതായിരുന്നു എന്റെ ചിന്ത. നാലോ അഞ്ചോ ഗ്രോ ബാഗ് വാങ്ങി അതിൽ പച്ചക്കറി നട്ടായിരുന്നു തുടക്കം. വിഷമടിക്കാത്ത നല്ല ഭക്ഷണം കഴിക്കാൻ കിട്ടുകയെന്നാൽ ചെറിയ കാര്യമാണോ. തുടക്കത്തിൽ നട്ട വെണ്ടയും വഴുതനയുമൊക്കെ നല്ല വിളവ് നൽകി. അതു കണ്ടപ്പോൾ അയൽവാസികളായ പെണ്ണുങ്ങൾക്കും കൃഷി ചെയ്യണമെന്ന  ആഗ്രഹം തോന്നി. അങ്ങനെ അവരും ഗ്രോ ബാഗുകളിൽ പച്ചക്കറി വിത്തുകള്‍ നട്ടു. പതിയെ ഓരോ വീട്ടിലും പച്ചക്കറികൃഷി തുടങ്ങി. ഉപയോഗശേഷം ബാക്കി വരുന്ന പച്ചക്കറി വിറ്റാലോ എന്ന് ചിന്തച്ചത് അപ്പോഴാണ്. വരുമാനം വരുന്ന വഴിയാണെന്നു മനസിലായപ്പോൾ എല്ലാവരും കൂടുതൽ കൃഷിയിറക്കി.

seenath-kokkur-penmitra

പെൺമിത്ര ആ പേരിലുണ്ട് എല്ലാം 

കൂട്ടായ്മ രൂപീകരിച്ചപ്പോൾ ഒരു പേര് വേണമല്ലോ, അങ്ങനെയാണ് പെൺമിത്ര എന്ന പേരു സ്വീകരിക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കുന്ന അടുത്ത സുഹൃത്ത് എന്ന അർത്ഥത്തിലാണ് ആ പേരിട്ടത്. പച്ചക്കറി വിളവെടുപ്പ് കഴിയുമ്പോൾ പെൺമിത്രയിൽ ഉള്ളവരെല്ലാം ഒരുമിച്ചുകൂടി വിൽപന നടത്തും. ചുറ്റിലുമുള്ളവർ വന്നു വാങ്ങും. എന്നാൽ കൂടുതൽ വിഭവങ്ങൾ വിൽപനയ്ക്ക് എത്തിയതോടെ നാട്ടുചന്ത എന്ന ആശയമുദിച്ചു. അടുത്തുള്ള എൽ.പി സ്‌കൂൾ ആണ് ഇതിനുള്ള വേദിയായി തിരഞ്ഞെടുത്തത്. മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഞങ്ങളുടെ നാട്ടു ചന്ത. അന്നേ ദിവസം കോക്കൂരിനു അകത്തും പുറത്തുമുള്ളവർ നാട്ടുചന്തയിലെത്തി കീടനാശിനി തളിക്കാത്ത പച്ചക്കറികളും കരകൗശലവസ്തുകകളും ശുദ്ധമായ വെളിച്ചെണ്ണയുമൊക്കെ വാങ്ങുന്നു. പെൺമിത്രയിലെ അംഗങ്ങളാകട്ടെ കൈനിറയെ കാശുമായി മടങ്ങുന്നു. 

seenath-kokkur-penmitra-1

ചിരട്ട പഴയ ചിരട്ടയല്ല 

വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്ന പോലെയാണ് പെൺമിത്രയിലെ അംഗങ്ങളുടെ കാര്യം. ചുറ്റുവട്ടത്ത് ലഭിക്കുന്ന സൗകര്യങ്ങളെ മുൻനിർത്തിയാണ് ഞങ്ങൾ വളരുന്നത്. അങ്ങനെയാണ് ചിരട്ടയിൽ നിന്നും കൗതുക വസ്തുക്കൾ നിർമിക്കാനുള്ള പരിശീലനം നേടിയത്. ഇപ്പോൾ വിളക്ക്, പാത്രങ്ങൾ, തവികൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമിക്കുന്നുണ്ട്. പ്രദർശനങ്ങളും നാട്ടുചന്തകളും ഉപയോഗപ്പെടുത്തിയാണ് വിൽപന. 

seenath-kokkur-penmitra-3

കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വരുന്നതിൽ ഏറെ സന്തോഷമുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ നാടിനു മുഴുവന്‍ പ്രചോദനമാകാന്‍  പെൺമിത്രക്കായി എന്നതാണ് ഞങ്ങളുടെ വിജയം. പാളയും ഓലയും ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കുട്ടികള്‍ പെണ്‍മിത്രയുടെ മറ്റൊരു ആകർഷണമാണ്. കടലാസുകൊണ്ട് പേന, കവര്‍ തുടങ്ങിയവയുടെ നിര്‍മാണപരിശീലനവും നാട്ടുചന്തയുടെ ഭാഗമായുണ്ട്. കൂണ്‍കൃഷി, അക്വാപോണിക്‌സ്, തേനീച്ചവളര്‍ത്തല്‍, മൈക്രോഗ്രീന്‍സ്, തിരിന തുടങ്ങിയവയില്‍ പരിശീലന ക്ലാസുകളുണ്ട്. കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നാട്ടുചന്തയുടെ ഭാഗമായി എത്തുന്നു.

seenath-kokkur-penmitra-5

നെല്ലുവിതക്കാനും കൊയ്യാനും തയ്യാർ 

മറ്റു വനിതാ കാർഷിക സംഘടനകളിൽ നിന്നും ഞങ്ങളെ വ്യത്യസ്തമാക്കുന്നത് നെൽക്കൃഷിയാണ്. ഏക്കറുകണക്കിന് പാടം കോക്കൂരിൽ ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് നെല്ലുവിതയ്ക്കാം എന്നു തോന്നിയത്. മൂന്നു കൊല്ലം മുൻപായിരുന്നു അത്. വിത്ത് വിത്തയ്ക്കാനും വളം ചേർക്കാനും കൊയ്യാനും മെതിക്കാനും എല്ലാം ഞങ്ങൾ പെണ്ണുങ്ങൾ തന്നെ. തരിശുഭൂമിയാണ്, വെള്ളമില്ല എന്നു പറഞ്ഞ് കൃഷി മാറ്റി വച്ച വയലിലാണ് പെൺമിത്ര വിജയം കണ്ടത്. 3 വർഷങ്ങളായി കോക്കൂരിൽ ഞങ്ങൾ കൊയ്ത്തുത്സവം ആഘോഷിക്കുന്നുണ്ട്. ഈ പെൺകൂട്ടായ്മയുടെ വിജയമാണത്. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA