ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ നവവത്സര ആഘോഷം എന്ന് ഫോര്‍ട്ടു കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലിനെ വിശേഷിപ്പിക്കാം. ഇത്തവണയും ഗംഭീരമായി തന്നെ പപ്പായി കത്തിക്കൽ നടത്താനാണ് കൊച്ചിൻ കാർണിവൽ സമതിയുടെ തീരുമാനം. കൊച്ചിയുടെ സാംസ്കാരിക ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ് ഈ ആഘോഷം. 

പപ്പാഞ്ഞി എന്നതൊരു പോർച്ചുഗീസ് വാക്കാണ്. മുത്തച്ഛൻ എന്നാണ് അർഥം. മുത്തശ്ശിയെ സൂചിപ്പിക്കാൻ മമ്മാഞ്ഞി എന്ന വാക്കാണ് പോർച്ചുഗീസിൽ ഉപയോഗിക്കുന്നത്. 1503 മുതൽ 1663 വരെയുള്ള കാലഘട്ടത്തിൽ കൊച്ചിയിൽ പോർച്ചുഗീസ് ഭരണസാന്നിധ്യമുണ്ടായിരുന്നു. അന്നത്തെ രാജാവിന്റെ അനുമതിയോടെ അവർ ‘ഫോർട്ട് ഇമ്മാനുവൽ’ എന്ന കോട്ട പണിത് അവിടെ ‘സാന്താക്രൂസ്’ എന്ന നഗരം സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായിരുന്നു അത്. അവിടെ പള്ളികളും മറ്റു സ്ഥാപനങ്ങളും പണിതു.

Cochin-Carnival-rally-2
കൊച്ചിൻ കാർണിവൽ∙ ഫയൽ ചിത്രം

കത്തോലിക്ക ക്രിസ്ത്യാനികളായിരുന്ന അവർ ക്രിസ്മസും പുതുവത്സരവും ഗംഭീരമായി ആഘോഷിച്ചിരുന്നു. പിന്നീട് ഈ സംസ്കാരത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് കൊച്ചി രൂപം കൊടുത്തതാണ് പപ്പാഞ്ഞി കത്തിക്കല്‍ എന്ന ആഘോഷം. ഡിസംബർ 31ന് രാത്രി പന്ത്രണ്ടു മണിക്ക് പപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി പുതുവർഷത്തെ വരവേൽക്കും. കഴിഞ്ഞു പോകുന്ന വർഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ആ വർഷത്തെ എരിച്ചു തീർത്ത്, ശുഭപ്രതീക്ഷയുടെ പുതുവര്‍ഷത്തിലേക്ക്.

പപ്പാഞ്ഞിയെ സാന്താക്ലോസ് ആയി തെറ്റിദ്ധരിക്കുന്ന നിരവധിപ്പേരുണ്ട്. കോട്ടും സ്യൂട്ടും തൊപ്പിയുമൊക്കെ ധരിച്ച ഒരു വൃന്ദരൂപമാണ് പപ്പാഞ്ഞി. 40 അടിയലധികം ഉയരത്തിലാണ് ഇപ്പോൾ പപ്പാഞ്ഞിയെ നിർമിക്കുന്നത്. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് ആണ് ഇത്തവണ പപ്പാഞ്ഞിയെ രൂപകല്പന ചെയ്യുന്നത്. 

കൊച്ചിയിൽ ജനിച്ചു വളർന്ന ബോണി തോമസ് കുട്ടിക്കാലം മുതലേയുള്ള പപ്പാഞ്ഞി ആഘോഷം ഓർത്തെടുക്കുന്നു;

പപ്പാഞ്ഞിയുടെ 2020ലെ രൂപരേഖ
2019ലെ പപ്പാഞ്ഞിയുടെ രൂപരേഖ

എന്റെ കുട്ടിക്കാലത്ത് ഇത്രയും വലിയ ആഘോഷമായിരുന്നില്ല. ചെറിയ ചെറിയ പപ്പായിമാരെ കുട്ടികള്‍ വഴികളിൽ പലയിടത്തായി ഉണ്ടാക്കി വയ്ക്കും. പുതുവത്സര ദിനത്തിൽ ഞങ്ങൾ പാട്ടു പാടി ഡാൻസ് ചെയ്യും. അങ്ങനെയായിരുന്നു ഞങ്ങളുടെ ആഘോഷം. അന്ന് ഞങ്ങൾക്ക് ഒരു പാട്ട് ഉണ്ടായിരുന്നു. ഏതു വർഷമാണോ അത്, അതുവച്ചായിരിക്കും ആ പാട്ട് തുടങ്ങുക.

‘‘2019ലെ മഞ്ഞു കൊണ്ട് വിറച്ചൊരു വെള്ള പപ്പാഞ്ഞി

കേക്കു വേണോ, വൈൻ വേണോ വെള്ള പപ്പാഞ്ഞി

റൊട്ടി വേണോ, ജാം വേണോ വെള്ള പപ്പാഞ്ഞി................

അങ്ങനെ പോകുന്ന വരികൾ. ഇന്ന് എല്ലാ വരികളും എനിക്ക് ഓർമയില്ല. അങ്ങനെ ചെറിയ ചെറിയ കൂട്ടങ്ങൾ പണ്ടു മുതലേ പപ്പാഞ്ഞി ആഘോഷം നടത്തി വന്നിരുന്നു. 1980 കളിൽ കൊച്ചി കാർണിവൽ ആരംഭിച്ചു. 1984ൽ പപ്പാഞ്ഞിയെ കൊച്ചിൻ കാർണിവൽ ഏറ്റെടുത്തതോടെ വിപുലമായി ആഘോഷമായി ഇത് മാറി. അന്ന് കടൽത്തീരത്ത് പപ്പാഞ്ഞിയെ കത്തിച്ചു. പതിയെ പപ്പാഞ്ഞി കത്തിക്കലിന് കൂടുതൽ പ്രചാരം ലഭിച്ചു. അങ്ങനെ വലിയൊരു ആഘോഷമായി ഇതു മാറി. 

മറ്റ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മതപരമായ ചില വേരുകൾ കാണും. എന്നാൽ ഈ ആഘോഷത്തിന് ജാതിയോ മതമോ ഇല്ല. ഇത് കൊച്ചിക്കാരുടെ ആഘോഷമാണ്. തുറമുഖ നഗരമായിരുന്നുതു കൊണ്ടു തന്നെ കുടിയേറി വന്ന, പല ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സമൂഹങ്ങൾ ഒന്നിച്ചു താമസിക്കുന്നിടമാണ് കൊച്ചി. എല്ലാവരും ഈ ആഘോഷത്തിന്റെ ഭാഗമാകും. വിദേശികൾ ഉൾപ്പടെയുള്ളവർ പപ്പാഞ്ഞി കത്തിക്കലിന്റെ ഭാഗമായി. ഇത്തരത്തിലുള്ള നവവത്സരം ആഘോഷമോ, ഇങ്ങനെ ആഘോഷിക്കുന്ന മറ്റൊരു നാടോ ഉള്ളതായി എനിക്കു തോന്നുന്നില്ല.  

boney-thomas-pappanji-2017
ബോണി തോമസ്(ഇടത്), 2017ലെ പപ്പാഞ്ഞി(വലത്)

2012ൽ കൊച്ചിയിൽ ബിനാലെ ആരംഭിച്ചു. ബിനാലെ നടക്കുന്ന വർഷങ്ങളിൽ പപ്പാഞ്ഞിയെ കലാകാരന്മര്‍ നിർമിക്കാൻ തുടങ്ങി. അതോടെ കലാപരമായ മികവും പപ്പാഞ്ഞിക്ക് ലഭിച്ചു. യൂറോപ്യൻ വൃന്ദന്റെ രൂപത്തിൽ പലതരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഉണ്ടായി.

മൂന്നാം തവണയാണ് പപ്പാഞ്ഞിയെ നിർമിക്കാൻ എനിക്ക് അവസരം കിട്ടുന്നത്. 2017ൽ ആയിരുന്നു ആദ്യം. ആ വർഷം ഓഖി വന്നതോടെ ആഘോഷം നടത്തണമോ എന്ന സംശയമുണ്ടായി. എങ്കിലും നടത്തി. സാധാരണ സന്തോഷവാനായി നിൽക്കുന്ന പപ്പാഞ്ഞിയെ ആണ് കത്തിച്ചിരുന്നത്. എന്നാൽ ആ വർഷം ദുഃഖിതനായ പപ്പാഞ്ഞിയെ കത്തിച്ചു. കഴിഞ്ഞ വർഷം പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്ന പപ്പാഞ്ഞിയെ ആണ് ഒരുക്കിയത്. അങ്ങനെ പപ്പാഞ്ഞിക്ക് ഓരോ വർഷവും പുതിയ രൂപങ്ങളും മാനങ്ങളും നൽകികൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ പപ്പാഞ്ഞിയുടെ രൂപരേഖ തയാറാക്കി കഴിഞ്ഞു.

COCHIN CARNIVAL
കൊച്ചിൻ കാർണിവൽ∙ ഫയൽ ചിത്രം

40 അടിക്ക് മുകളില്‍ ഉയരമുണ്ടായിരിക്കും. കത്തിക്കുന്നതു കൊണ്ട് പ്ലാസ്റ്റിക് വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കില്ല. സ്റ്റീൽ കൊണ്ടായിരിക്കും ഫ്രെയിം ഉണ്ടാക്കുക. തുണി, ചാക്ക്, കടലാസ്, കയർ എന്നിവയായിരിക്കും ഉപയോഗിക്കുക. ചില സ്കൂളിലെ കുട്ടികൾക്ക് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നതിൽ സഹായിക്കാൻ താൽപര്യം ഉള്ളതായി അറിയിച്ചിട്ടുണ്ട്. അവരെ കൂടി ഉൾപ്പെടുത്തിയായിരിക്കും നിർമാണം. ഡിസംബർ 20ന് പപ്പാഞ്ഞിയെ ഉണ്ടാക്കി തുടങ്ങും.

English Summary : History of Pappanji Burning and New year celebration at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com