ADVERTISEMENT

120 വർഷത്തെ പാരമ്പര്യമുണ്ട് കല്യാൺ ഗ്രൂപ്പിന്റെ കച്ചവട ശൃംഖലയ്ക്ക്. ഒരു ചെറിയ തുണിക്കടയിൽ തുടങ്ങിയ ആ കച്ചവടം ഇന്ന് ലോകമെങ്ങും ഷോറൂമുകളുള്ള കല്യാൺ ജ്വല്ലേഴ്സ് എന്ന വൻകിട ബിസിനസ് ഗ്രൂപ്പായി പരിണമിച്ചിരിക്കുന്നു. ടി. എസ്. കല്യാണരാമൻ എന്ന ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് വെറും 25 കൊല്ലം കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി കല്യാൺ മാറിയത്. പക്ഷേ അന്നും ഇന്നും കല്യാണരാമന്റെ മനസ്സിലെ ക്യാപ്റ്റൻ കസ്റ്റമറാണ്. ജീവിത–കച്ചവട നാൾവഴികളെക്കുറിച്ച് മനസ്സു തുറന്ന ഇൗ അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചു പറഞ്ഞ വാചകം ഒന്നു മാത്രമാണ് – ‘കസ്റ്റമർ ഇൗസ് ദ് കിങ്’. 

മസാലദോശയ്ക്കു വേണ്ടി തുടങ്ങിയ കച്ചവടം

ഞങ്ങൾ വ്യാപാര രംഗത്ത് വന്നിട്ട് 120 കൊല്ലത്തോളം ആയി. മുത്തച്ഛൻ‌ ആരംഭിച്ച ചെറിയൊരു തുണിക്കടയിലായിരുന്നു തുടക്കം. അച്ഛന്റെ വിദ്യാഭ്യാസത്തിനു ശേഷം ആ കട അച്ഛനാണ് നടത്തിയത്. 12 ാമത്തെ വയസ്സു മുതൽ ഞാൻ കടയിൽ പോയിത്തുടങ്ങി. അന്നൊക്കെ അച്ഛൻ കടയിൽ ചെന്നാൽ മസാലദോശ വാങ്ങിത്തരാം എന്നു പറയും. മസാലദോശ കിട്ടും എന്ന ഒറ്റ കാരണത്താലാണ് അന്ന് കടയിൽ പോകുന്നത്. അങ്ങനെ പോയിപ്പോയി കടയോടും കസ്റ്റമേഴ്സിനോടും വലിയ ഇഷ്ടമായി. വൈകുന്നേരമാകുമ്പോള്‍ അച്ഛൻ ഞങ്ങളെ ക്രിക്കറ്റ് കളിക്കാൻ വിടും. അങ്ങനെ 1972–ൽ എന്റെ കോളജ് വിദ്യാഭ്യാസത്തിനുശേഷം മുനിസിപ്പല്‍‌ ഓഫിസ് റോഡിൽ കല്യാൺ െടക്സ്റ്റൈൽസ് എന്നൊരു കട തുടങ്ങി‌. അതിന്റെ മുഴുവൻ മേൽനോട്ടവും എനിക്കായിരുന്നു. ചെറുപ്പത്തിലേ കടയിൽ പോയുള്ള പരിചയം ഉള്ളതുകൊണ്ട് അച്ഛന് എന്നിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാലും വൈകുന്നേരം ആകുമ്പോൾ അച്ഛൻ അന്നത്തെ കണക്കും സെയിലും ഒക്കെ നോക്കാനായി വരും. അങ്ങനെ 1972 മുതൽ 1993 വരെ ഞാൻ ആ കടയിൽ ആയിരുന്നു. 

കസ്റ്റമേഴ്സിന്റെ സ്വാമിക്കുട്ടി

ആ കാലഘട്ടത്തിൽ ധാരാളം കസ്റ്റമേഴ്സുമായി പരിചയപ്പെടാനുള്ള അവസരം എനിക്കുണ്ടായി. അവരുടെ ഒക്കെ പേരു പോലും എനിക്കിന്നും ഓർമയുണ്ട്. എനിക്കന്ന് ചെറുപ്പമായിരുന്നതു കൊണ്ട് അവരൊക്കെ എന്നെ സ്വാമിക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. ആരെയും ഒരു സാധനവും നിർബന്ധിച്ചേൽപ്പിക്കരുതെന്നും നല്ല ക്വാളിറ്റിയുള്ള സാധനങ്ങളേ വിൽക്കാവൂ എന്നും അച്ഛൻ പറയും. എന്തെങ്കിലും കംപ്ലെയിന്റ് വന്നാൽ അത് മാറ്റിക്കൊടുക്കും. 1993 ഒക്കെ ആയപ്പോഴേക്കും വൈവിധ്യമുള്ള മറ്റേതെങ്കിലും കാര്യം ചെയ്യണമെന്നു തോന്നി അങ്ങനെയാണ് സ്വർണക്കട എന്ന ആശയം മനസ്സിൽ വരുന്നത്. അതിനുള്ള പ്രചോദനം കിട്ടിയതും ഞങ്ങളുടെ റഗുലർ കസ്റ്റമേഴ്സിൽനിന്നു തന്നെയാണ്. അവരൊക്കെ ചോദിക്കും ‘ സ്വാമിക്കുട്ടി അച്ഛനോട് പറഞ്ഞിട്ട് ഒരു സ്വർണക്കടയും കൂടി തുടങ്ങിക്കൂടെ, അപ്പോൾ ഞങ്ങൾക്ക് തുണി വിശ്വാസത്തോടെ എടുക്കുന്നതു പോലെ സ്വർണവും എടുക്കാമല്ലോ’ എന്ന്. ഒരുപാട് വർഷം അതങ്ങനെ മനസ്സിൽ ആലോചിച്ചു നടന്നു. അച്ഛന്റെ അനുമതിയും പിന്നെ സാമ്പത്തികവും വേണമല്ലോ. 

കല്യാൺ ജ്വല്ലേഴ്സിന്റെ പിറവി

കട തുടങ്ങുന്നതിനു മുൻപ് േകരളത്തിലും തമിഴ്നാട്ടിലും ഉള്ള സ്വർണക്കടകൾ സന്ദര്‍ശിച്ചു. അന്ന് എല്ലായിടത്തും ചെറിയൊരു കടമുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർക്കിങ് സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കസ്റ്റമേഴ്സ് വരുമ്പോൾ അവർക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കണം എന്ന് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ പാറമേക്കാവ് അമ്പലത്തിനടുത്ത് ഒരു കട കണ്ടെത്തി. പാർക്കിങ് സൗകര്യമുള്ള, എയർ കണ്ടീഷനൊക്കെ ചെയ്ത കെട്ടിടം. കസ്റ്റമേഴ്സ് സന്തോഷത്തോടെ പർച്ചേസ് ചെയ്തു പോകണം എന്നതായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. അന്നത്തെ ഞങ്ങളുടെ ഇൻവെസ്റ്റ്മെന്റ് 50 ലക്ഷം രൂപയായിരുന്നു. അന്ന് 382 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. 25 ലക്ഷം സ്വന്തമായും ബാക്കി 25 ലക്ഷം ലോണെടുത്തുമാണ് കട തുടങ്ങിയത്. 1993 ഏപ്രിൽ 8–ാം തീയതി ആണ് കട തുടങ്ങിയത്. നടൻ മുരളിയും നടി ഗീതയുമാണ് അന്ന് ആ കട ഉദ്ഘാടനം ചെയ്തത്. 

വിശ്വസ്തതയും വ്യത്യസ്തതയും

അന്ന് ഡയമണ്ട് ഒരു കടയിലും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഇവിടെ ഡയമണ്ടിനും ലക്കി സ്റ്റോൺസിനും വേണ്ടി പ്രത്യേക സെക്‌ഷൻ ഒരുക്കി. ഒരു ജ്യോത്സ്യനെ ഇരുത്തി കസ്റ്റമേഴ്സിന്  ഓരോ നാളിനും ചേരുന്ന സ്റ്റോൺസ് തിരഞ്ഞെടുക്കാനുള്ള സമ്പ്രദായം കൊണ്ടുവന്നു. കസ്റ്റമേഴ്സിനെ വഞ്ചിക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അവർക്ക് നല്ല ക്വാളിറ്റി സാധനങ്ങൾ കൊടുക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. തുണിയിൽ ഞങ്ങൾക്ക് പാരമ്പര്യമായി അറിവുണ്ടായിരുന്നു. പക്ഷേ സ്വർണത്തിന്റെ ക്വാളിറ്റി കണ്ടുപിടിക്കാൻ ആ കാലഘട്ടത്തിൽ ഒരു സംവിധാനം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് BIS 916 എന്ന മുദ്ര വച്ച് സ്വർണം വിൽക്കാൻ ആരംഭിച്ചത്. മറ്റു കടക്കാരും അത് പിന്തുടർന്നു. പിന്നീടാണ് എംആർപി പ്രൈസ് എന്തുകൊണ്ട് സ്വർണത്തിനു കൊടുത്തുകൂടാ എന്നു ചിന്തിച്ചത്. അങ്ങനെ അതും നടപ്പിലാക്കി. ഇന്നും അത് തുടരുന്നു. അത് കസ്റ്റമേഴ്സിന്റെ വിശ്വാസം കൂട്ടി. അന്ന് കസ്റ്റമേഴ്സ് പറഞ്ഞത് ഞങ്ങൾക്ക് വിശ്വാസത്തോടെ വാങ്ങിക്കാമല്ലോ എന്നാണ്.  ആ വാക്കുകൾ തന്നെയാണ് ഞങ്ങൾ പരസ്യത്തിലും എടുത്തത് ‘വിശ്വാസം, അതല്ലേ എല്ലാം’. 

ഒന്നിൽ നിന്ന് നൂറ്റി നാൽപത്തി ഒന്നിലേക്ക്

ഇന്നും ആഴ്ചയിൽ മൂന്നോ നാലോ കസ്റ്റമേഴ്സിനോട് ഞാൻ ഫോണിൽ സംസാരിക്കാറുണ്ട്. 1993–ൽ ഈ കട തുടങ്ങിയ ശേഷം 2000–ൽ പാലക്കാട് രണ്ടാമത്തെ കട തുടങ്ങി. എനിക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണുള്ളത്. ഞങ്ങളുടെ അച്ഛൻ ഞങ്ങൾ അഞ്ചു മക്കൾക്കും കട തുടങ്ങിത്തന്നതു പോലെ എന്റെ മക്കൾക്കും ഞാൻ രണ്ടു കട ഇട്ടു കൊടുത്തു. ഒരാൾക്ക് തൃശൂരും മറ്റേയാൾക്ക് പാലക്കാടും. അതും വൻ വിജയമായിരുന്നു. ഈശ്വരാനുഗ്രഹവും കസ്റ്റമേഴ്സിന്റെ പ്രചോദനവും ഞങ്ങൾ ഒരിക്കലും മറക്കില്ല. 2001–ൽ പെരിന്തൽമണ്ണയിൽ തുടങ്ങി. അതിനുശേഷം കോയമ്പത്തൂരിൽ തുടങ്ങാന്‍ സാധിച്ചു. ഈശ്വരാനുഗ്രഹവും ജനങ്ങളുടെ പിന്തുണയും ആണ് ഇതിനു പിന്നിൽ. എന്റെ അച്ഛൻ ഞങ്ങളെ കടയിൽ തുണി എടുത്തുകൊടുക്കാനും മുറിച്ചുകൊടുക്കാനും തുണി അളക്കാനും മടക്കി വയ്ക്കാനും കസ്റ്റമേഴ്സിനോട് എങ്ങനെ സംസാരിക്കണമെന്നും ഒക്കെ പഠിപ്പിച്ചിരുന്നതുപോലെ എന്റെ മക്കളെയും ഞാൻ സ്വര്‍ണം എടുത്തു വയ്ക്കാനും കസ്റ്റമേഴ്സിനോട് എങ്ങനെ ഇടപെടണമെന്നും പഠിപ്പിച്ചിട്ടുണ്ട്. കൗണ്ടര്‍ തുടയ്ക്കുന്ന ജോലി അടക്കം അവരന്ന് ചെയ്തിട്ടുണ്ട്.  ഇന്ന് ഇന്ത്യയിൽ മൊത്തം ഞങ്ങൾക്ക് 104 ഷോറൂമുകളായി. മിക്കവാറും എല്ലാ സ്റ്റേറ്റിലും ഞങ്ങൾക്ക് കടകളുണ്ട്. ഇന്ത്യയ്ക്കു പുറത്ത് 37 ഷോറൂമുകളുണ്ട്. ദുബായ്, ഷാർജ, അബുദാബി, ഖത്തർ, ഒമാന്‍ എന്നിവിടങ്ങളിലുമായി മൊത്തം 141 ഷോറൂമുകൾ. ഇപ്പോൾ ഇടയ്ക്ക് ഞാൻ ആലോചിക്കാറുണ്ട് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന്. എനിക്കിപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റാറില്ല. 

തൃശൂർ എന്ന ‘തലസ്ഥാനം’

പലരും ചോദിക്കാറുണ്ട് നിങ്ങൾ എന്തുകൊണ്ടാണ് തൃശൂരിൽ കോർപറേറ്റ് ഓഫിസ് തുടങ്ങിയത് എന്ന്. അവരോടൊക്കെ ഞാൻ പറയും തൃശൂരിനോട് ഞങ്ങൾ ഒരു സെന്റിമെന്റൽ വാല്യു ഉണ്ട്. ഞങ്ങൾ എല്ലാം തുടങ്ങിയത് തൃശൂരിൽ നിന്നാണ്. ഞങ്ങൾ പഠിച്ചതും ആദ്യമായി ജ്വല്ലറി രംഗത്തേക്കു വന്നതും ഇവിടെ നിന്നാണ്. ഈശ്വരന്റെ പൂർണമായ അനുഗ്രഹം കിട്ടിയത് തൃശൂരിൽ നിന്നാണ്. എന്റെ മുത്തച്ഛനും അച്ഛനും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. Business should be a pleasure and not a pressure. ജനങ്ങളെ സേവിക്കുക. അതിലൂടെ നിങ്ങൾക്ക് എന്തെങ്കിലും ഒരു വരുമാനം ജനങ്ങളില്‍ നിന്ന് കിട്ടും. അതുകൊണ്ട് നിങ്ങൾ തൃപ്തിപ്പെടുക. അതിൽ ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നു. ലാഭത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കു നൽകണം എന്ന് മുത്തച്ഛൻ ആ കാലഘട്ടം മുതലേ പറയാറുണ്ട്. അത് ഞങ്ങൾ ഇന്നും തുടർന്നു പോരുന്നു. ഞങ്ങളുടെ ഏറ്റവും വലിയ  കൈമുതൽ എണ്ണായിരത്തിൽ പരം ഉള്ള ഞങ്ങളുടെ സ്റ്റാഫാണ്. അവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ആണ്. അവർക്ക് എന്തു ബുദ്ധിമുട്ടുകളുണ്ടെങ്കിലും തീർത്തു കൊടുക്കും. അവർക്ക് എപ്പോൾ വേണമെങ്കിലും എന്നെ കാണാം. എന്തും എന്നോടു പറയാം. ഞങ്ങളെക്കൊണ്ട് ആവുന്നതുപോലെ ചെയ്യും. കാരണം ഇന്ന് ഞങ്ങളുടെ അസറ്റ് അവരാണ്,  അടിത്തറ അവരുടെ കൈയിലാണ്. അതൊരിക്കലും മറക്കില്ല. അത് ഞങ്ങൾ കാത്തു സൂക്ഷിക്കും. ‌

ബിസിനസ് തിരഞ്ഞെടുക്കുന്നവരോട് 

ബിസിനസ് രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ആളുകളോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. സത്യസന്ധത, വിശ്വാസം ഇത് കൈമുതലാക്കി ഏറ്റവും മികച്ച പ്രോഡക്ട് എത്രത്തോളം കുറഞ്ഞ വിലയിൽ കൊടുക്കാൻ സാധിക്കുന്നുവോ അത് മുന്നേറാനുള്ള സ്റ്റെപ്പാണ്. എന്തു പ്രതിസന്ധി വന്നാലും ഈ വിശ്വാസവും സത്യസന്ധതയും കൈവിടാതെ സൂക്ഷിക്കുക. എത്രത്തോളം ജനങ്ങൾക്ക് ലളിതമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുവോ അത്രയും ചെയ്യുക.

English Summary : Journey Kalyan Jewellers Owner TS Kalyannraman 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com