ADVERTISEMENT

മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി ഷെയ്‌ലോക്ക് തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ബോസ്’ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്കാണ് ആരാധകരിൽ ആവേശം നിറയ്ക്കുന്ന പ്രധാന ഘടകം. മമ്മൂട്ടിയുടെ പഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത്.സി ആണ് ഈ മാസ് ലുക്കിനു പിന്നിൽ. ബ്ലാക് ആൻഡ് ബ്ലാക്കിൽ, ഹെവി ആക്സസറീസ് ധരിച്ച്, സിനിമാ സ്റ്റൈൽ ജീവിതം നയിക്കുന്ന ബോസ് എന്ന പലിശക്കാരൻ. അസുര സ്വഭാവമുള്ള നായകൻ. എങ്ങനെയാണ് ബോസിനെ ഒരുക്കിയതെന്നു ചോദിച്ചാൽ ‘മമ്മൂക്കയുടെ മനസ്സിലുള്ള ആശയം പ്രാവർത്തികമാക്കി’ എന്നായിരിക്കും അഭിജിത്തിന്റെ മറുപടി. ബോസിന്റെ ലുക്കിനെ കുറിച്ച് അഭിജിത്ത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

സ്റ്റൈലിഷ് ‘ബോസ്’

രണ്ട് ലുക്കുകളിലാണ് മമ്മൂക്ക ഷൈലോക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്ന് ഒരു സാധാരണ നാട്ടിൻപുറത്തുകാരന്‍ ആയി. മറ്റൊന്ന് സമ്പന്നനായ പലിശക്കാരന്റെ വേഷത്തിൽ. ഇതിലെ പലിശക്കാരന്റെ സ്റ്റൈലിഷ് ജീവിതം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. പേരിലും ജീവിതത്തിലും സ്റ്റൈലിലും അയാൾ ‘ബോസ്’ തന്നെ. 

ചെയ്യുന്നതെല്ലാം സ്റ്റൈലിഷ് ആയ ആ കഥാപാത്രത്തെ സംവിധായകൻ അജയേട്ടൻ പൂർണമായും മമ്മൂക്കയ്ക്ക് വിട്ടു കൊടുത്തിരുന്നു. വൈറ്റ് ആന്‍ഡ് വൈറ്റ് അല്ലെങ്കിൽ ബ്ലാക് ആൻഡ് ബ്ലാക് കോസ്റ്റ്യൂം ഉപയോഗിക്കാമെന്നു തീരുമാനിച്ചു. ബ്ലാക് ആൻഡ് ബ്ലാക് ആയാൽ നന്നായിരിക്കുമെന്നത് മമ്മൂക്കയുടെ നിർദേശമായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ഈ ലുക്ക് സ്ഥിരീകരിക്കുന്നത്. 

mammootty-with-abhijith-c
ഷെയ്‌ലോക്കിൽ ഉപയോഗിച്ചിരിക്കുന്ന മോതിരങ്ങൾ, അഭിജിത്ത് മമ്മൂട്ടിക്കൊപ്പം ലൊക്കേഷനിൽ

പ്ലെയിൻ ലിനൻ തുണി റോളുകളായി എടുത്ത് അതിലാണ് കോസ്റ്റ്യൂം തയാറാക്കിയത്. ഒരു യൂണിഫോം പോലെ തോന്നരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ഡബിൾ പോക്കറ്റും വെള്ള ബട്ടണും ചേർത്തു വെറൈറ്റിയാക്കി. വെള്ളി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. വിവിധ തരത്തിലുള്ള മാലകളും മോതിരങ്ങളും ബോസ് അണിയുന്നുണ്ട്. ഗ്ലോബിൽ തിരിയുന്ന നാണയമാണ് മാലയിലെ ലോക്കറ്റ്. പണത്തിന് ബോസ് കൊടുക്കുന്ന പ്രാധാന്യമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത ഡിസൈനുകളിലുള്ള മോതിരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കയ്യിൽ തന്നെ ഇത്തരത്തിൽ മൂന്നോ നാലോ മോതിരങ്ങൾ കാണാം. സിൽവർ മിററും സ്റ്റാൻഡുമുള്ള സൺഗ്ലാസ് പ്രത്യേകമായി കസ്റ്റ്മൈസ് ചെയ്യുകയായിരുന്നു. ബ്ലാക്, വൈറ്റ്, സിൽവർ എന്നതാണ് ആ കഥാപാത്രത്തിന്റെ സ്റ്റൈൽ പാറ്റേൺ. ഷൂസ് ആണ് വെള്ള നിറത്തിലുള്ളത്.

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറിലേക്ക്

ഗ്രേറ്റ് ഫാദർ മുതലാണ് മമ്മൂക്കയുടെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു തുടങ്ങിയത്. ആദ്യം ചെയ്തത് പേരൻപ് ആണ്. പക്ഷേ, അത് കുറച്ചു വൈകിയാണ് റിലീസ് ആയത്. മാസ്റ്റർ പീസ്, ആബ്രഹാമിന്റെ സന്തതികൾ, മധുര രാജ എന്നീ സിനിമകളും ചെയ്തു. ‘വർഷം’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റ്ന്റ് ആയാണ് തുടക്കം. 

അപാരമായ സ്റ്റൈൽ സെൻസ് ഉള്ള വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ ഫാഷൻ ഡിസൈൻ പഠിച്ച ആളാണ്. പക്ഷേ എന്നെക്കാൾ കൂടുതൽ അറിവ് അദ്ദേഹത്തിന് ഉണ്ട്. കാരണം അത്രയ്ക്ക് അപ്ഡേറ്റ്ഡ് ആണ് അദ്ദേഹം. മമ്മൂക്കയെ കൃത്യമായി പിന്തുടരാന്‍ സാധിച്ചാല്‍ മതി. പിന്നെ നമ്മൾ മെറ്റീരിയലും വെറൈറ്റിയുമൊക്കെ നോക്കി നന്നായി കോർഡിനേറ്റ് ചെയ്യുക.

സംതൃപ്തി നൽകുന്ന ജോലി

mammootty-and-abhijith

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിഎസ്‌സി ഫാഷൻ ഡിസൈനിങ് പഠിച്ചത്. ശേഷം ഒരു ജർമൻ കമ്പനിയിൽ മെർച്ചന്റൈസർ ആയി ജോലി ചെയ്തു. പിന്നീട് താൽപര്യം കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. മമ്മൂക്കയുടെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റായി. പിന്നീട് മമ്മൂക്ക ഗ്രേറ്റ് ഫാദറിൽ അവസരം തന്നു.

എനിക്കു സംതൃപ്തി നൽകുന്ന ജോലിയാണ് ഇത്. സിനിമകൾ കൂടാതെ മമ്മൂക്ക പങ്കെടുക്കുന്ന ഇവന്റുകൾ, സ്റ്റേജ് ഷോകൾ എന്നിവയ്ക്ക് ഡ്രസ് തയാറാക്കാം. മമ്മൂക്കയുടെ ഒരോ ലുക്കും ആഘോഷമാകുമ്പോൾ സന്തോഷം തോന്നും. നമ്മൾ ഒരുപാട് ആരാധിക്കുന്ന വ്യക്തിക്കൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നത് ഒരു ഭാഗ്യമല്ലേ.

ഷൈലോക്ക്, ഒരു മമ്മൂക്ക ഷോ

ആരാധകർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സിനിമയാണ് ഷൈലോക്ക്. ഇതൊരു മമ്മൂക്ക ഷോ തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. രണ്ടര മണിക്കൂർ ആഘോഷമായി തന്നെ സിനിമ കാണാം.

( 2020 മെഗാസ്റ്റാറിനൊപ്പം; മനോരമ കലണ്ടർ ആപ്പ് തയാർ 
ആൻഡ്രോയിഡ് (https://play.google.com/store/apps/details?id=com.manoramaonline.mmc.free2019) , ഐഒഎസ് (https://apps.apple.com/in/app/manorama-calendar-2019/id1448226707)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com