sections
MORE

9 വര്‍ഷത്തിനുശേഷം ബോസ് കൃഷ്ണമാചാരിയുടെ സോളോ പ്രദര്‍ശനം

HIGHLIGHTS
  • ജീവിതവും ചുറ്റുപാടുകളുമാണ് കലാസൃഷ്ടികള്‍ക്ക് എന്നും പ്രചോദനം
  • ദ് മിറര്‍ സീസ് ബെസ്റ്റ് ഇന്‍ ദ് ഡാര്‍ക്ക്’ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്
artist-bose-krishnamachari-returns-with-solo-show
SHARE

കൊച്ചി-മുസിരിസ് ബിനാലേ സഹസ്ഥാപകനും ലോകപ്രശസ്ത ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി ഒന്‍പത് വര്‍ഷത്തിനു ശേഷം തന്റെ സോളോ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. കൊൽക്കത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയിലുള്ള ഇമാമി ആര്‍ട്ടിലാണ് ബോസിന്റെ പ്രദര്‍ശനം. 9000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഒന്‍പത് പ്രൊജക്ടുകളാണ് സോളോ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ‘ദ് മിറര്‍ സീസ് ബെസ്റ്റ് ഇന്‍ ദ് ഡാര്‍ക്ക്’ എന്നാണ് പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്.

മിനിമലിസം, മാക്‌സിമലിസം ആശയങ്ങള്‍ കോര്‍ത്തിണക്കിയാണ് ബോസ് തന്റെ പുതിയ പ്രദര്‍ശനം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈരുദ്ധ്യാത്മകമായ ഈ രണ്ട് ആശയങ്ങളിലൂടെ നാം ജീവിക്കുന്ന ഇരുണ്ട കാലഘട്ടത്തെയും നമ്മുടെ ബോധത്തിന്റെയും സ്വകാര്യ, പൊതു ജീവിതങ്ങളുടെയും ഭാഗമായി തീര്‍ന്ന തീവ്ര സംവാദങ്ങളെയും ബോസ് ചോദ്യം ചെയ്യുന്നു. ദേശീയത, മുതലാളിത്തം, ദൈവം, പ്രാദേശികവാദം, വംശീയത, അമിതദേശാഭിമാനം, ആത്മരതി തുടങ്ങി നമ്മുടെ അന്തര്‍ബോധത്തെ നിര്‍വചിക്കുന്ന പത്ത് വാക്കുകളാണ് ഈ കലാസൃഷ്ടിയുടെ കേന്ദ്രബിന്ദു. ഇമാമി ആര്‍ട്ട് ഗാലറിയില്‍ പരന്ന് കിടക്കുന്ന വന്‍ കിട ആര്‍ട്ട് പ്രോജക്ടുകള്‍ ഈ വാക്കുകളെ വിവിധ തരത്തില്‍ വ്യാഖ്യാനിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. 

ഗ്രാനൈറ്റ് മുതല്‍ സ്റ്റീല്‍, ചെമ്പ്, ആറന്മുള കണ്ണാടി വരെ നീളുന്ന വിവിധ തരം സാമഗ്രികള്‍ ഉപയോഗിച്ചാണ് ബോസ് ഈ കലാനിര്‍മ്മിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മതവും ദേശീയതയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ സംവേദക്ഷമത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് തന്റെ സൃഷ്ടി വിരല്‍ ചൂണ്ടുന്നതെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഗാലറിയുടെ വിസ്തൃതി മനസ്സില്‍ കണ്ടാണ് ഈ കലാസൃഷ്ടിയുടെ തോത് മനസ്സില്‍ കണ്ടതെന്നും ബോസ് പറയുന്നു. വലിയ തോതിലുള്ള കലാസൃഷ്ടികള്‍ നടത്താന്‍ സാധിക്കുന്ന മ്യൂസിയം പോലുള്ള വലിയ ഗാലറികള്‍ ഇന്ത്യയില്‍ ഇല്ലെന്നത് ഒരു പോരായ്മയാണെന്നും ബോസ് ചൂണ്ടിക്കാട്ടുന്നു. 

‘‘ആര്‍ട് കണ്‍സല്‍ട്ടന്റായ അനുപ മേഹ്തയാണ് 2016ല്‍ ഇമാമി ആര്‍ട്ട് കാട്ടിത്തന്നതും ഇമാമി ആര്‍ട്ട് സിഇഒ റിച്ച അഗര്‍വാളുമായി പരിചയപ്പെടുത്തുന്നതും. അന്ന് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഗാലറി എന്റെ കലാപ്രദര്‍ശനത്തോടെ ആരംഭിക്കണമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അന്നത് ദൗര്‍ഭാഗ്യവശാല്‍ നടന്നില്ല. ഇപ്പോഴത്തെ പ്രദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇമാമി ആര്‍ട്ട് ഗാലറി’’- ബോസ് കൂട്ടിച്ചേര്‍ത്തു. 

മിനിമലിസവും മാക്‌സിമലിസവും

തന്റെ ജീവിതവും ചുറ്റുപാടുകളുമാണ് കലാസൃഷ്ടികള്‍ക്ക് എന്നും പ്രചോദനമായിട്ടുള്ളതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. വ്യവസ്ഥയും വ്യവസ്ഥയില്ലായ്മയും ജീവിതത്തില്‍ സഹവര്‍ത്തിക്കുന്ന രണ്ട് അറ്റങ്ങളാണ്. അവ മാക്‌സിമലിസലും മിനിമലിസവും പോലെ തന്റെ കലയില്‍ ചേര്‍ന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും നമ്മുടെ സംസ്‌കാരത്തിലും ഉള്‍ചേര്‍ന്നിരിക്കുന്നു. ഇഡ്ഡലി പോലൊരു പലഹാരത്തില്‍ നിന്നും സദ്യ പോലെ ഒരു വിശാല ഭക്ഷണത്തിലേക്ക് എത്തുന്ന മിനിമലിസം മാക്‌സിമലിസം ദ്വന്ദ്വങ്ങള്‍. ലളിതമായി വസ്ത്രം ധരിക്കുന്ന ജനസമൂഹമുള്ള നാട്ടില്‍ തെയ്യവും മോഹിനിയാട്ടവും പോലുള്ള നൃത്ത രൂപത്തിലേക്ക് വരുമ്പോഴുള്ള പ്രകടനാത്മപരമായ ധാരാളിത്തം. 

‘10 കമാന്‍ഡ്‌മെന്റ്‌സ് ഇന്‍ സൈലന്‍സ്’ എന്ന തന്റെ കലാസൃഷ്ടിയില്‍ ബോസ് ഉപയോഗിച്ചിരിക്കുന്നത് മിനിമലിസത്തിന്റെ ഭാഷയായി പരിഗണിക്കപ്പെടുന്ന ബ്രെയ്ൻ ലിപിയാണ്. അവിടെ നിന്നും ‘ദ് 9 രസാസ് ആന്‍ഡ് വണ്‍ സോഫ്ട് കട്ടി’ലേക്ക് എത്തുമ്പോള്‍ കലാസൃഷ്ടി മാക്‌സിമലിസത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് എത്തുന്നു. കലാപ്രദര്‍ശനത്തിന്റെ തലവാചകത്തിന് കാരണമായ ‘മിറര്‍ സീസ് ബെസ്റ്റ് ഇന്‍ ദ ഡാര്‍ക്ക്’ എന്ന സൃഷ്ടിയില്‍ ഒന്‍പത് നിറമുള്ള അക്രൈലിക് ഗ്ലാസ് പാനലുകള്‍ക്കുള്ളില്‍ ആറന്മുള കണ്ണാടിയാണ് ഉപയോഗിച്ചിചരിക്കുന്നത്. വരും കാലത്തെ പ്രതിനിധീകരിക്കുന്ന ‘2019+’ എന്ന കലാസൃഷ്ടി കല്ലിലാണ് കൊത്തിയെടുത്തിരിക്കുന്നത്.

English Summary : Bose Krishnamachari returns with a solo show

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA