ADVERTISEMENT

10 ലക്ഷം ടിക് ടോക്കിലെ ഒരു മാന്ത്രിക സംഖ്യയാണ്. ഇത്രയും ഫോളോവേഴ്സ് ആയാൽ ടിക്ടോക് അക്കൗണ്ടിൽ ‘1 M’ (ഒരു മില്യൻ) എന്നു തെളിയും. പിന്നെ ഒരു സൂപ്പർ താരത്തിന്റെ പരിവേഷമാണ്. ‍അഭിമാനത്തോടെ തന്നെ ഇക്കാര്യം പറയാം. ഈ മാന്ത്രിക സംഖ്യയിലെത്തുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട് ടിക്ടോക്കിൽ. എന്നാൽ ഭാര്യയും ഭർത്താവും 1 മില്യൻ ഫോളോവേഴ്സിനെ സ്വന്തമാക്കിയാലോ ? അതേ, ടിക്ടോക് വിഡിയോകളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദമ്പതികളായി അനുരാജ് രാജനും പ്രീണ അനുരാജും. രണ്ടു പേരും ഏതാനും ദിവസത്തെ വ്യത്യാസത്തിലാണ് ടിക്ടോക്കിൽ 10 ലക്ഷം ഫോളോവേഴ്സിനെ നേടിയിരിക്കുന്നത്.

അനുരാജിന്റെ ‘പാറൂ’ വിളിയും പ്രീണയുടെ ‘ഏട്ടാ’ വിളിയും കുട്ടിക്കുറുമ്പൻ റിഷിക്കുട്ടനുമെല്ലാം ഇവരുടെ വിഡിയോകളിലൂടെ മനസ്സിൽ സ്ഥാനം നേടും. തമാശയോടൊപ്പം സന്ദേശവും മുന്നറിയിപ്പും നൽകുന്ന സൂപ്പർ കോംബോ എന്ന് ഇവരുടെ വിഡിയോകളെ വിശേഷിപ്പിക്കാം. ടിക്ടോക്കിൽ ഹിറ്റായതോടെ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു. നിരവധി സുഹൃത്തുക്കളെ കിട്ടി. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ ഇതു മാത്രമാണ് ജോലിയെന്ന സംശയം ആർക്കും വേണ്ട. അടൂരിൽ ഒരു ജ്വല്ലറി നടത്തുകയാണ്. ടിക്ടോക് ഫാമിലിയുടെ വിശേഷങ്ങൾ അനുരാജ് പങ്കുവയ്ക്കാൻ തുടങ്ങി.

ഞായറാഴ്ച ‘ടിക്ടോക് ഡേ’

ഞായറാഴ്ചകളിലാണ് കൂടുതലും ടിക്ടോക് ചെയ്യാൻ സമയം കണ്ടെത്തുന്നത്. മറ്റു ദിവസങ്ങളിൽ ബിസിനസ് തിരക്കുകളായിരിക്കും. ഒരാഴ്ചയ്ക്കു വേണ്ട വിഡിയോകൾ അന്ന് ഷൂട്ട് ചെയ്യുന്നതാണ് രീതി. ഒരുപാട് വിഡിയോ ചെയ്യാറില്ല. ഡബ് വിഡിയോകൾ തീരെയില്ല. സ്വയം ശബ്ദം നൽകി അഭിനയിക്കുന്ന വിഡിയോകളേ ഇപ്പോഴുള്ളൂ. നല്ല ആശയങ്ങളുള്ള വിഡിയോകൾ ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരു ആശയം കിട്ടിയാൽ അതിനെ വിപുലീകരിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുക. ഷൂട്ട് കഴിഞ്ഞാൽ പ്രീണ വിഡിയോ എഡിറ്റ് ചെയ്യും. ജോലി കഴിഞ്ഞു വന്നാൽ ഞാനും എഡിറ്റിന് ഇരിക്കും.

റൊണാൾഡോ ‘ഗോളായി’

ഷൈജു ദാമോദരന്റെ കമന്ററി അനുകരിച്ച് ചെയ്ത ഒരു ഡബ്സ്മാഷ് വൈറലായതാണ് വഴിത്തിരിവായത്. ലോകകപ്പിൽ റൊണാൾഡോ നേടിയ ഗോളിന് ഷൈജു നൽകിയ കമന്ററിയായിരുന്നു അത്. ഞാനും പ്രീണയും കൂടിയാണ് അതു ചെയ്തത്. സംഭവം ഹിറ്റായി. എന്നാൽ  പിന്നീട് ഡബ് വിഡിയോകൾ വേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചു. സ്വന്തമായി ആശയങ്ങള്‍ കണ്ടെത്തി വിഡിയോകൾ ചെയ്യാൻ തുടങ്ങി. ഭാര്യയെ വ്യാജ വജ്ര മോതിരം കൊടുത്തു പറ്റിക്കാൻ ശ്രമിക്കുന്ന ഒരു ഭർത്താവിന്റെ കഥ വിഡിയോ സീരിസ് ആയി ചെയ്തതും ഹിറ്റായി. അങ്ങനെനെയാണ് ടിക്ടോക്കിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഫാമിലിയാണ്, സൂക്ഷിച്ച് മാത്രം

കുടുംബത്തോടൊപ്പം വിഡിയോ ചെയ്യുന്നതു കൊണ്ട് സൂക്ഷിച്ച് മാത്രമേ ആശയങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. ആരും മോശം പറയരുതെന്ന് ആഗ്രഹമുണ്ട്. അധികം ട്രോളുകളോ നെഗറ്റിവ് കമന്റ്സോ ഉണ്ടായിട്ടില്ല. ആരോഗ്യകരമായ വിമർശനങ്ങൾ സ്വീകരിക്കാറുമുണ്ട്. 

മകൻ റിഷി യുകെജിയിൽ പഠിക്കുകയാണ്. ആദ്യമൊക്കെ അവൻ വിഡ‍ിയോകളുടെ ഭാഗമായിരുന്നു. ഇപ്പോള്‍ കുറച്ച് മടിയാണ്. അവനെ അഭിനയിക്കാൻ നിര്‍ബന്ധിക്കാറില്ല. ആൾക്ക് താല്‍പര്യമുണ്ടെങ്കിൽ വന്നു ചെയ്യും. ടിക്ടോക് ചെയ്യുന്നത് കൂടുതലും കുടുംബത്തിനൊപ്പം ആയിതാനാൽ അതൊരു സുഖമാണ്. അവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നു എന്ന സന്തോഷം എപ്പോഴുമുണ്ടാകും. 

preena-anuraj-family

10 ലക്ഷം ഫോളോവേഴ്സ്

എല്ലാവരേയും പോലെ വളരെ സന്തോഷമുള്ള നിമിഷമാണത്. ഒരു മില്യൻ ഫോളോവേഴ്സ് ഉള്ള ദമ്പതികൾ അധികമില്ല.  പ്രീണയുടെ അക്കൗണ്ടിലാണ് ആദ്യം ഒരു മില്യൻ ഫോളോവേഴ്സ് തികഞ്ഞത്. രണ്ട് മൂന്നു ദിവസങ്ങൾക്കുള്ളിൽ എനിക്കും മില്യൻ ആയി. മോഡലായ അജ്മൽ ഖാനും ഭാര്യ ജുമാന ഖാനുമാണ് ഇതേ നേട്ടം സ്വന്തമാക്കിയിട്ടുള്ള മലയാളികൾ. താരങ്ങളിൽ ജെനീലിയ ഡിസൂസയും റിതേഷ് ദേശ്‌മുഖും മില്യൻ നേട്ടം സ്വന്തമാക്കിയ ദമ്പതികളാണ്. 

നിലവാരം നിലനിർത്തി, വളരെ ശ്രദ്ധയോടെയാണ് വിഡിയോകൾ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സമയമെടുത്താണ് ഒരു മില്യൻ എത്തിയത്. പക്ഷേ, അതിൽ സന്തോഷമേയുള്ളൂ. എന്നും ഒപ്പം നിൽക്കുന്നവരാണ് കൂടെയുള്ളത്. എന്റെ അക്കൗണ്ടിൽ 95 ശതമാനവും മലയാളികളാണ്. പ്രീണയെ പിന്തുടരുന്നവരിൽ തമിഴ്നാട്ടിൽ നിന്നുള്ളവരുമുണ്ട്.

ടിക്ടോക്കും ജീവിതവും

എവിടെപ്പോയാലും ഞങ്ങളെ തിരിച്ചറിയുന്ന ആളുകൾ. നിരവധി സുഹൃത്തുക്കളെയും ലഭിച്ചു. പ്രീണ ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി. വേറെയും ഷോകളിലേക്ക് വിളിച്ചിരുന്നു. പക്ഷേ, ബിസിനസ് മാറ്റിവെച്ച് അധിക ദിവസം മാറി നിൽക്കാനവില്ല. അതുകൊണ്ട് പലതും ഒഴിവാക്കുകയാണ്. അങ്ങനെ വളരെ നല്ല മാറ്റങ്ങളാണ് ടിക് ടോക് നൽകിയത്. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. IM4U എന്ന പേരില്‍ ഒരു യുട്യൂബ് ചാനലുമുണ്ട്.

സ്മ്യൂളിലും ആക്ടീവ് 

സ്മ്യൂൾ ആപ്പിലും ഞങ്ങൾ വളരെയധികം ആക്ടീവ് ആണ്. പ്രീണ നന്നായി പാട്ടുപാടും. കേരളത്തില്‍ ഏറ്റവും കൂടുതൽ ഫോളോവേഴേസ് ഉള്ള സ്ത്രീയുടെ അക്കൗണ്ട് പ്രീണയുടേതാണ്. സ്മ്യൂൾ വേരിഫൈ ചെയ്തിട്ടുള്ള അക്കൗണ്ട് ആണത്. ഒരിക്കൽ സ്മ്യൂളിലെ കമ്യൂണിറ്റിയുടെ ഒത്തുച്ചേരൽ ഞങ്ങൾ സംഘടിപ്പച്ചിരുന്നു. അതിന് സ്മ്യൂൾ അധികൃതർ ഞങ്ങളെ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്മ്യൂൾ കമ്യൂണിറ്റിയായി അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. 

ലൈക്കും ഫോളോവേഴ്സും കൂട്ടാൻ

ലൈക്കും ഫോളോവേഴ്സിനെയും കൂട്ടാന്‍ എന്തു ചെയ്യണം എന്ന ചോദ്യം ധാരാളം നേരിടേണ്ടി വരുന്നുണ്ട്. വിഡിയോ ചെയ്യാൻ തുടങ്ങുമ്പോള്‍ തന്നെ വൈറലാകണം, ലൈക്ക് കിട്ടണം എന്നൊക്കെ ആഗ്രഹിച്ചിട്ട് അതു ലഭിച്ചില്ലെങ്കിലാണ് പ്രശ്നം. നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ടെന്നാണ്. കമന്ററി വിഡിയോ ഹിറ്റായപ്പോഴാണ് ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. അതിനു മുമ്പും ധാരാളം വി‍ഡിയോകൾ ചെയ്തിരുന്നു. ചെയ്യുന്നതെല്ലാം വൈറലാകില്ല. ഒരു തവണ ശ്രദ്ധ േനടിയാൽ പിന്നെ കൂടുതൽ നല്ല വിഡിയോകൾ ചെയ്യാൻ ശ്രമിക്കുക. അങ്ങനെ മാത്രമേ, ടിക്ടോക്കിൽ നിലനിൽക്കാനാകൂ.

ഏതൊരു സംഭവത്തിനും നല്ലതും മോശമായ തലങ്ങളുണ്ട്. നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥനമാക്കിയാണ് എല്ലാം. ടിക്ടോക്കിന് ആവശ്യം കണ്ടന്റ് ക്രിയേറ്റേഴ്സിനെ ആണ്. നല്ല കണ്ടന്റ് ഉണ്ടായാലേ ടിക്ടോക്കും നിലനിൽക്കൂ. അതുകൊണ്ട് തന്നെ ക്രിയേറ്റേഴ്സിനു വേണ്ട സഹായങ്ങളെല്ലാം ചെയ്യാൻ ടിക്ടോക്കിന്റെ ടീം പ്രവർത്തിക്കുന്നുണ്ട്.

English Summary : Anuraj Rajan and Preena Anuraja followers reached 1 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com