ADVERTISEMENT

കോവിഡ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തിൽ ഫാഷൻ മേഖലയിലും അത് പ്രതിഫലിച്ചു തുടങ്ങി. രാജ്യാന്തര ടെക്സ്റ്റൈൽസ് ഉൽപാദകരായ ചൈനയും ഇറ്റലിയു‌ം കോവിഡിന്റെ പ്രഹരത്തിൽ വീണുപോയ നിലയിലാണ്. വൈറസ് അതിജീവന പാതയിലാണ് ഇപ്പോൾ ചൈന. ഫാക്ടറികളും സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ലെങ്കിലും കോവിഡ് ഭീതിയിൽ നിന്നും രാജ്യം മുക്തമായി എന്നു പറയാം. വടക്കേ ഇറ്റലി പൂർണമായും അടഞ്ഞ നിലയിലാണ്. ഒപ്പം ഇറ്റലിയുടെ ഫാഷൻ കേന്ദ്രം മിലാനും.

കേമൻ ചൈന

വേൾഡ് ട്രേഡ് സ്റ്റാറ്റിസ്റ്റിക്കൽ റിവ്യു പ്രകാരം ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽസ് ഉൽപാദകർ. ആഗോള വിപണിയുടെ 37.6 ശതമാനവും ചൈനയ്ക്കാണ്. ബട്ടൻസ് മുതൽ നൂലുവരെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ചൈനയിലെ തന്നെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ചൈന ഫാഷൻ മേഖലയിലേക്കുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഇറക്കുമതി ചെയ്ത സാധനങ്ങൾ വളരെ കുറവു മാത്രമേ ഉപയോഗിക്കാറുള്ളൂ. ചൈനീസ് ഫാഷൻ ഉൽപന്നങ്ങളുടെ പ്രത്യേകതയും ഇതുതന്നെയാണ്. 

ചൈനയും ഇറ്റലിയും കഴിഞ്ഞാൽ ഫാഷൻ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഉൽപാദകർ സൗത്ത് കൊറിയയും ജപ്പാനും ആണ്. ഫൈബർ, ഫാബ്രിക്സ്, ലെതർ മുതലായ വസ്തുക്കൾ വൻ തോതിൽ ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഒപ്പത്തിനൊപ്പം ഉണ്ട്. ഇന്ത്യയും ടെക്സ്റ്റൈൽസ് മേഖലയിലെ വൻ ശക്തികളിൽ ഒന്നാണ്.

2.0–2.5 കോടി കിലോഗ്രാം പരുത്തി ആണ് ഇന്ത്യ ഒരുമാസം ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിശ്ചിത കാലത്തേക്ക് ഇന്ത്യയിൽനിന്നു ചൈനയിലേക്ക് കയറ്റുമതി ഉണ്ടാകില്ല.

വീണുപോയി ഇറ്റലിയും

ഇറ്റലിയിലെ ലോംബാർഡി പ്രവിശ്യയെയാണ് കൊറോണ ഏറ്റവുമധികം ബാധിച്ചത്. ടെക്സ്റ്റൈൽസ് മേഖലയിൽ ഏറ്റവും പ്രാധാന്യമുള്ള മേഖലയാണിത്. രാജ്യാന്തര ഫാഷൻ വിപണിയിലും ഇതിന്റെ പ്രഹരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇറ്റലിയുടെ 60 ശതമാനത്തോളം ഫാഷൻ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതും ഫാക്ടറികൾ പ്രവർത്തിക്കുന്നതും ലോംബാർഡിയിലാണ്. മിലാനിലെ ഭൂരിഭാഗം കടകമ്പോളങ്ങളും അടച്ചു. ഉൽപാദനത്തേക്കാൾ ഉൽപന്നങ്ങൾ എങ്ങനെ വിൽപന നടത്തും എന്നതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി.

ലോകോത്തര ബ്രാൻഡുകളായ പ്രദ, വെർസാച്ചി, അർമാനി എന്നിവയുടെ ആസ്ഥാനം ഇറ്റലിയിലെ മിലാനിലാണ്. ഒപ്പംതന്നെ രാജ്യാന്തര ബ്രാൻഡുകളായ ലൂയി വിറ്റൻ, സ്റ്റെല്ല മക് കാർട്ടിനി തുടങ്ങിയവരും ഇവരുടെ വിവിധ ഉൽപന്നങ്ങളുടെ ഉൽപാദനത്തിന് ആശ്രയിക്കുന്നത് ഇറ്റലിയെയാണ്.

മേളങ്ങളില്ലാതെ മിലാൻ ഫാഷൻ വീക്

ലോകത്തിലെ എല്ലാ ഫാഷൻ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ഫാഷൻ മാമാങ്കമാണ് മിലാൻ ഫാഷൻ വീക്. എന്നാൽ ഇത്തവണ ആരാധകരെ നിരാശരാക്കി ആളും മേളവും കുറച്ചാണ് ഫാഷൻ വീക്ക് കടന്നു പോയത്. പ്രശസ്ത ഡിസൈനർ ജോർജിയോ അർമാനി തന്റെ റൺവേ ഷോ റദ്ദാക്കിയതും ആരാധകരെ നിരാശരാക്കി.

പാരിസ് ഫാഷൻ വീക്കിൽ മാസ്ക്കുകൾ അണിഞ്ഞാണ് താരങ്ങളും മോഡലുകളും എത്തിയത്. വേദിയിലും മാസ്ക് താരമായി. മോഡലുകൾ മാസ്ക് അണിഞ്ഞ് വേദിയിലെത്തിയതും വ്യത്യസ്തതയായി.  

സ്പെയ്നിലെ ബാഴ്സിലോനയിൽ നടക്കാനിരുന്ന ബ്രൈഡൽ ഫാഷൻ വീക്കും മാറ്റിവച്ചു. ഏപ്രിൽ 20 മുതൽ 26 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി ജൂൺ 8 മുതൽ 14 വരെ നടത്താനാണ് പുതിയ തീരുമാനം.

മേയിൽ ഓസ്ട്രേലിയൻ ഫാഷൻ വീക്കും മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ഓസ്ട്രേലിയൻ ഫാഷൻ വീക്കിന്റെ 25ാം വാർഷികമാണ് ഈ വർഷം.

English Summary : Covid 19 affected fashion industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com