sections
MORE

ഞങ്ങ കാസ്രോട്ട്കാരാണ് ഭായി...

HIGHLIGHTS
  • മുംബൈയുമായുള്ള ബന്ധം പണ്ടു മുതലേ ഉണ്ട്
  • കേരളത്തിലെ ആദ്യ ജൈനമത ക്ഷേത്രം മഞ്ചേശ്വരത്താണ്
attractions-of-kasaragod
SHARE

കാസർകോടൻ ഭാഷയെക്കുറിച്ചു പല തമാശകളും പലരും ഇറക്കുന്നുണ്ട്. സിനിമകളിലും മറ്റും കാസർകോടിനെ കളിയാക്കുന്നതുതന്നെ ഇവിടുത്തെ ഭാഷയുടെ പേരിലും കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയുമൊക്കെയാണ്.

പക്ഷേ, കാസർകോടിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം....???

കാസർകോട് ജില്ല ഒരു ഭാഷാസംഗമ ഭൂമിയാണ്‌. മലയാളത്തിനു പുറമേ, കന്നഡ, തുളു, കൊങ്കിണി, മറാഠി, തമിഴ്, ഉറുദു തുടങ്ങിയവയും ഇവയിൽ പല ഭാഷകൾ തമ്മിൽ ഇടകലർത്തിയും സംസാരിക്കുന്നുണ്ട്. പലർക്കും ഒന്നിലധികം ഭാഷ സംസാരിക്കാനറിയാമെന്നുള്ളതും എടുത്ത‌ു പറയേണ്ടതാണ്. കൂടാതെ ഉത്തരേന്ത്യൻ ഭാഷയായ ഹിന്ദിയും അറിയുന്നവരാണ് ഏറെയും.

ഒരു കാലത്ത് ഉരു നിർമാണത്തിനു പേരുകേട്ട സ്ഥലം കൂടിയായിരുന്നു തളങ്കര.

Bakel-Fort
ബേക്കൽ കോട്ട

തൊട്ടടുത്ത് മംഗലാപുരവും തുറമുഖവും ഉള്ളതുകൊണ്ടു തന്നെ പണ്ടു മുതലേ ഇവിടങ്ങളിലുള്ളവർ പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്നുണ്ട്. കശുവണ്ടിയും അടയ്ക്കയും പുകയിലയുമൊക്കെയായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന കയറ്റുമതിയും വരുമാനമാർഗവും. 

മുംബൈയുമായുള്ള ബന്ധം പണ്ടു മുതലേ ഉണ്ട്. ഗൾഫ് എന്ന സങ്കൽപത്തിനും മുമ്പേ ‘ബോംബെ’യിലേക്കായിരുന്നു ജീവിതമാർഗം തേടിയുള്ള ഓട്ടം. അവിടെ നിന്ന് പലരും ഗൾഫ് നാടുകളിൽ എത്തി. മുംബൈയുമായുള്ള ഈ ബന്ധം കാസർകോട് ജില്ലയെ കൂടുതൽ ഫാഷനബിളാക്കി. ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും ഏറ്റവും പുതിയ ആഡംബര കാറുകളുമെല്ലാം കടലു കടന്ന് കാസർകോട് ആദ്യം എത്തി.

Thalangara-Malik-Deenar-Juma-Masji
മാലിക് ദിനാൽ ജുമാ മസ്ജിദ്

ഇക്കേരി നായ്ക്കൻമാർ പണിത് ടിപ്പു സുൽത്താൻ തന്റെ പടയോട്ടത്തിൽ കീഴടക്കിയ ബേക്കൽ കോട്ടയും കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരവും വിദേശികൾക്കു പ്രിയപ്പെട്ടതായി, ലോക പൈതൃക സ്ഥാനമായി വിദേശസഞ്ചാര ഭൂപടത്തിൽ ഇടവും നേടി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്‌ലിം ‌പള്ളികളിൽ ഒന്നായ മാലിക് ദിനാർ ജുമാ മസ്ജിദാണ് ഏറ്റവും പുരാതനമെന്നു വിശേഷിപ്പിക്കുന്ന മുസ്‌ലിം പള്ളി. കുളത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം അനന്തപുരം അനന്തപത്മനാഭ ക്ഷേത്രമായിരിക്കാം. ക്ഷേത്രക്കുളത്തിലെ എഴുപത്തിയഞ്ചു വയസ്സിലധികം പ്രായം വരുന്ന ബബിയ എന്ന മുതലയും ഒരദ്ഭുതം തന്നെ. കേരളത്തിലെ ആദ്യ ജൈനമത ക്ഷേത്രം മഞ്ചേശ്വരത്താണ്.

കാസർകോട് ജില്ലയിലെ കൊങ്കണി കന്നഡ ക്രൈസ്തവർ ആരാധിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ബേള പള്ളി. ജില്ലയിലെ ഏറ്റവും പുരാതനമായ പള്ളിയാ‍യ ഇത് 1890 ൽ ആണ് നിർമിച്ചത്. ഗോഥിക്ക് വാസ്തുവിദ്യാ ശൈലിയിലാണിത്.

BELA CHURCH
ബേള പള്ളി

കോട്ടയത്തു നിന്നും മറ്റും കുടിയേറി കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ റബർ കൃഷി തുടങ്ങിയവരാണ് ക്രിസ്ത്യാനികളിൽ അധികവും. ക്രിസ്ത്യൻ പള്ളികൾ അധികവും പുതുതായി പണിതവയും. ഒപ്പം റബ്ബറിന്റെ വ്യാപാരം കൂടിക്കൂടി വന്നു.

ഇന്ന് കാസർകോട് ജില്ലയിൽ ടൂറിസം മേഖല നല്ല രീതിയിൽ വളരുന്നതിന്റെ തെളിവാണ് താജ് ഹോട്ടലും ലളിതും നീലേശ്വരം ഹെർമിറ്റേജ്, നളന്ദ റിസോർട്ട് പോലുള്ള സ്റ്റാർ ഹോട്ടലുകളും. കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് അകലെ പറക്കളായി എന്ന സ്ഥലത്തുള്ള പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളജ്, പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ്‍, നീലേശ്വരം പടന്നക്കാടുള്ള കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളും ഉണ്ട്.

കാസർകോട് ജില്ലയിലെ കാർഷിക ഗവേഷണ സ്ഥാപനമാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation Crops Research Institute - ICAR-CPCRI). തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട ദേശീയ കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത്. ദേശീയ കാർഷിക ഗവേഷണ കൗൺസിൽ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ന്റെ കീഴിൽ 1970 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

Anantha-Padmanabha-Temple
അനന്തപുരം അനന്തപത്മനാഭ ക്ഷേത്രം

ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (HAL) ഏവിയോണിക്‌സ് ഡിവിഷന്റെ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്സ് ഫാക്ടറി സീതാംഗോളി കിൻഫ്രാ പാർക്കിലാണ്. സർവീസ് വിമാനങ്ങൾക്ക് ആവശ്യമായ മെഷീൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രോസസ് തുടങ്ങിയവയാണ് ഏവിയോണിക്‌സ് ഡിവിഷൻ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സിൽ നിർമിക്കുന്നത്. യുദ്ധവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന എയർബോൺ കംപ്യൂട്ടറിന്റെ ഭാഗങ്ങളും ഇവിടെ നിർമിക്കുന്നു. 

അറബിക് സർവകലാശാല അടുത്തുതന്നെ വരുമെന്നു പ്രതീക്ഷിക്കാം...

രാമദാസ് സ്വാമികൾ സ്ഥാപിച്ച ആനന്ദാശ്രമം ഒട്ടേറെ അന്തേവാസികളുടെ അഭയ കേന്ദ്രമാണ്. പലതരം പശുക്കളും ഇവിടെയുണ്ട്. തൊട്ടടുത്തുതന്നെ നിത്യാനന്ദ സ്വാമികളുടെ ആശ്രമവും ഉണ്ട്. നീലേശ്വരം കൊട്ടാരവും മായിപ്പാടി പാലസും രാജാവും പേരിനെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. ഒട്ടേറെ നാലുകെട്ടുകൾ, കുളങ്ങൾ എന്നിവയുമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ (12 എണ്ണം) ഒഴുകുന്നതും കാസർകോട് ജില്ലയിൽ തന്നെയാണ്.

ഉത്തര കേരളത്തിൽ മാത്രം കണ്ടു വരുന്ന തെയ്യക്കോലങ്ങളുടെ ഉത്ഭവ സ്ഥാനവും കാസർകോട് ആണ്. ഇതോടൊപ്പം മാപ്പിള തെയ്യങ്ങളും ഉണ്ട്.

cap
തളങ്കര തൊപ്പി

തളങ്കരയിലെ പ്രശസ്തമാ‌യ ‌തളങ്കര തൊ‌പ്പി കൈകൊണ്ടാണ് തുന്നുന്നത്. മുസ്‌ലിം മത വിഭാഗങ്ങ‌ൾ സാധരണ ധരിക്കാറുള്ള ഈ ‌‌തൊപ്പി ഗൾഫ് രാജ്യങ്ങളിലും പേരുകേട്ടതാണ്.

എൻഡോസൾഫാൻ എന്ന കൊടുംവിഷത്തിന്റെ ദുരിതമനുഭവിക്കുന്നതും കാസർകോടുകാരാണെന്നു പറയാതിരിക്കാനാവില്ല. എൻഡോസൾഫാൻ ദുരിതബാധിതരെ മുന്നിൽ കണ്ടും കാസർകോട് ജില്ലയുടെ ആരോഗ്യരംഗത്തെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടുമാണ് ഉക്കിനടുക്കയിൽ പ്രവർത്തനമാരംഭിച്ച കാസർകോട് മെഡിക്കൽ കോളേജ്.

മറ്റൊരു എടുത്ത് പറയേണ്ട കാര്യം കാസർകോടൻ സാരിയാണ്. കൈകൊണ്ട് നൂൽനൂറ്റ് കൈത്തറികളിൽ നെയ്തെടുക്കുന്ന നൂറ് ശതമാനം കോട്ടൻ സാരികളാണ് കാസർകോട് വീവേഴ്‌സ് കോഓപ്പറേറ്റിവ് പി ആൻഡ് എസ് സൊസൈറ്റിയുടേത്. ലോകത്താകമാനം വൻ ഡിമാൻഡുള്ള സാരികളിൽ ഒന്നാണിവ.

മനുഷ്യ നിർമിത വനവും കാസർകോട്ടുണ്ട്. അബ്ദുൽ കരീം എന്ന മനുഷ്യൻ വർഷങ്ങളായി നട്ടുനനച്ചുണ്ടാക്കിയതാണ് കോട്ടപ്പുറത്തിനടുത്തുള്ള ഈ വനം.

Karimchamundi
തെയ്യം

വർഷം മുഴുവനും പക്ഷികളെ തുടർച്ചയായി കാണുന്ന, വനമേഖലകൾക്കു പുറത്തുള്ള ഏക സ്ഥലമാണ് കുമ്പളയിലെ കിദൂർ എന്ന് അടുത്തിടെ കണ്ടെത്തുകയുണ്ടായി. പക്ഷിസംരക്ഷണത്തിലേക്കുള്ള ഒരു പുതിയ ചുവടുവയ്പ്പിൽ, കുംബ്ല ഗ്രാമപഞ്ചായത്ത് അധികാരികൾ ഒരു റോഡിന് പേരും നൽകി. കുന്തൻഗെരഡ്ക മുതൽ ബെജപ്പേ വരെ. ഒപ്പം മൊഗ്രാലിലെ അതിപുരാതനമായ പക്ഷിപാട്ട്  ഇപ്പോഴും നിലനിൽക്കുന്നു എന്നത് ഇതിന്റെ കൂടെ കൂട്ടിച്ചേർക്കാവുന്നതാണ്.

അതിപുരാതനമായ ഒരു തുളുനാടൻ സംസ്കാരം ഇവിടെയുണ്ട്. യക്ഷഗാനബയലാട്ടവും പോത്തോട്ടവും കാളപ്പോരും കോഴിപ്പോരും ദഫ് മുട്ട്, ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, പൂരക്കളി, പാവക്കൂത്ത്, മംഗലം കളി തുടങ്ങിയവയും ജില്ലയുടെ ടൂറിസം വികസനത്തിന് മാറ്റുകൂട്ടുന്നവയാണ്.

സ്നേഹിച്ചാൽ ഹൃദയം കൊടുക്കുന്നവരാണ്‌ കാസർകോടുകാർ.

ഞങ്ങ കാസ്രോട്ട്കാരാണ് ഭായി... നിങ്ങ ഏട....!!!

English Summary : Specialities of Kasaragod

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA