ADVERTISEMENT

ലോക്ഡൗണിനിടയിലും ശ്രീരഞ്ജന്റെ കരവിരുതിൽ ബസുകൾക്ക് പുതുജീവൻ. ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും സ്വകാര്യ ബസ് ഡ്രൈവറായ തണ്ണിത്തോട് ഇടക്കണ്ണം രഞ്ജിനി കോട്ടേജിൽ ശ്രീരഞ്ജൻ തിരക്കിലാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ബസുകളുടെ മാതൃക (മിനിയേച്ചർ) നിർമിച്ച് സജീവമാകുകയാണ്.

പിവിസി ഫോം ഷീറ്റ് ഉപയോഗിച്ചാണ് ബസുകൾ നിർമിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്നപ്പോൾ വിരസതയകറ്റാൻ ആദ്യം കാർഡ് ബോർഡിൽ ബസ് നിർമിച്ച് പരീക്ഷിച്ചു. പിന്നീടാണ് ബോർഡുകൾ നിർമിക്കുന്ന പിവിസി ഫോം ഷീറ്റ് ഉപയോഗിച്ചുള്ള നിർമാണത്തിലേക്ക് തിരിഞ്ഞത്.

ബസിനുള്ളിൽ സീറ്റുകൾ, ചവിട്ടുപടി ഉൾപ്പെടെയാണ് തയാറാക്കുന്നത്. വാതിലുകൾ തുറക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വാഹനം തയാറാക്കാൻ സാധാരണ ഗതിയിൽ 5 ദിവസം വേണ്ടിവരും. ഇതിൽ ബസിലെ സീറ്റുകൾ നിർമിച്ച് ഉറപ്പിക്കാൻ മാത്രം ഒരു ദിവസം വേണ്ടിവരും. ഒറിജിനൽ വാഹനത്തിന്റെ അളവ് സ്കെയിൽ അളവിലേക്ക് മാറ്റിയാണ് നിർമിക്കുന്നത്. അതിനു ശേഷം പെയിന്റ് ചെയ്യും. നിർമിച്ചുവച്ച ടൂറിസ്റ്റ് ബസിന്  64 സെ.മീറ്റർ നീളവും 15 സെ.മീറ്റർ വീതിയും 18 സെ.മീറ്റർ ഉയരവുമുണ്ട്. ആവശ്യമനുസരിച്ച് വാഹനത്തിനുള്ളിൽ ലൈറ്റ് ക്രമീകരണവും ചക്രങ്ങൾ തിരിക്കാവുന്ന സംവിധാനവും ഒരുക്കും.

നിർമിച്ചുവച്ച ബസിന്റെ ചിത്രം സുഹൃത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഇതോടെ ശ്രീരഞ്ജന്റെ ബസുകൾ നാട്ടിലും പുറത്തും ശ്രദ്ധ നേടുകയാണ്. ബസുകളുടെ മാതൃക നിർമിക്കുന്നതിനായുള്ള അന്വേഷണങ്ങൾ ഏറെയാണ്. ഏത് മോഡൽ ബസുകളുടെയും മാതൃക നിർമിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ശ്രീരഞ്ജൻ.

ഡ്രൈവിങ് ജോലിയുടെ ഇടവേളകളിൽ പരസ്യ ബോർഡുകളും സ്റ്റിക്കറുകളും ആർട് വർക്കുകളും ചെയ്യാറുള്ള ശ്രീരഞ്ജൻ മുൻപ് തടിയിലും തകിടിലും  വാഹനങ്ങളും തെർമോകോളിൽ രൂപങ്ങളും ചിത്രങ്ങളും ചിരട്ടയിൽ കാഴ്ച വസ്തുക്കളും നിർമിച്ചിട്ടുണ്ട്. പരേതനായ ശ്രീധരന്റെയും അങ്കണവാടി വർക്കർ രാധാമണിയുടെയും മകനാണ് ശ്രീരഞ്ജൻ. 9020688176.

English Summary : Sreeranjan's Bus Models trending in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com