sections
MORE

ലോക്ഡൗണിൽ ട്രെൻഡായി മൊട്ടത്തലകള്‍ ; ചില എവർഗ്രീൻ ‘മൊട്ടകൾ’ ഇതാ

shaved-head-characters-in-malayalam-movies
SHARE

ലോക്ഡൗൺ നീളും തോറും നാട്ടിലെ മൊട്ടത്തലകളുടെ എണ്ണം കൂടുകയാണ്. ബാർബർ ഷോപ്പുകളില്ലാത്തതു കൊണ്ട് സ്വയം മുടിവെട്ടുകയോ വീട്ടിലെ ആരെയെങ്കിലും കൊണ്ട് വെട്ടിക്കുകയേ മാർഗമുള്ളൂ. എന്നാൽ പരീക്ഷണം നടത്തി വൃത്തികേടാക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട് പലരും എവർഗ്രീൻ സ്റ്റൈലായ മൊട്ടത്തല തിരിഞ്ഞെടുത്തു. ഇതോടെ മൊട്ടത്തലകൾ നാട്ടിൽ സുലഭമായി. അങ്ങനെ മൊട്ടത്തലകൾ സംഘടിച്ച് ഗ്രൂപ്പുകൾ വരെ സജീവമായി കഴിഞ്ഞു.

മൊട്ടയടിക്കണോ വേണ്ടയോ എന്നു സംശയത്തിൽ കുടുങ്ങി കിടക്കുന്നവരും നിരവധിയാണ്. ലുക്ക് പോകുമോ എന്നാണ് സംശയം. പക്ഷേ മൊട്ടത്തല എന്നും സ്റ്റൈൽ തന്നെയാണ്. മൊട്ട ലുക്കിലെത്തി നമ്മെ രസിപ്പിച്ച എത്രയോ കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്. മൊട്ടത്തല ട്രെന്‍ഡായി മാറുന്ന ഇക്കാലത്ത് അത്തരം ചില കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കാം. മൊട്ടയടിക്കണോ വേണ്ടയോ എന്നു സംശയിച്ചിരിക്കുന്നവര്‍ക്ക് ഈ മൊട്ടത്തലകൾ പ്രചോദനമാകട്ടേ.

∙ റിംപോഛെ/ ഉണ്ണിക്കുട്ടൻ

ചിത്രം: യോദ്ധാ

siddhartha-lama-in-yodda

ഉണ്ണിയപ്പം പോലത്തെ തലയുള്ള റിംപോഛെയെ മലയാളികൾ എങ്ങനെ മറക്കാനാണ്. 1993ൽ പുറത്തിറങ്ങിയ യോദ്ധയിൽ നേപ്പാളി ബുദ്ധമതക്കാരുടെ ലാമയായ റിംപോഛെയെ അവതരിപ്പിച്ചത് നേപ്പാളി ബാലതാരമായിരുന്ന സിദ്ധാർഥ ലാമയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രം ഉണ്ണിക്കുട്ടനെന്ന് സ്നേഹത്തേടെ വിളിച്ചപ്പോള്‍ മലയാളികള്‍ക്കും റിംപോഛെ ഉണ്ണിക്കുട്ടനായി. കുട്ടിത്തവും വാത്സല്യവും നിറയുന്ന ആ മുഖവും മൊട്ടത്തലയും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. ‘അക്കോസോട്ടോ’ എന്ന റിംപോഛെയുടെ വിളിയും ഒരിക്കലും മറക്കാനാവില്ലല്ലോ. 

∙ കേശവൻ/കേശു

thilakan-in-mookilla-rajayathe

ചിത്രം: മൂക്കില്ലാ രാജ്യത്ത്

‘മൂക്കില്ലാ രാജ്യത്ത്’ എന്ന എവർഗ്രീൻ കോമഡി ചിത്രത്തിലെ കേശവൻ എന്ന കഥാപാത്രം ഓർമയില്ലേ. ചിത്രത്തിൽ കേശവനെന്ന കേശുവിനെ അനശ്വരമാക്കിയത് തിലകനായിരുന്നു. മാനസികരോഗ ചികിത്സാ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുന്ന നാലു പേരുടെ കഥ പറഞ്ഞ ചിത്രത്തിൽ തിലകന്റെ കേശു പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിന്നതിനുള്ള ഒരു പ്രധാന കാരണം മൊട്ടലുക്ക് ആണെന്നു നിസംശയം പറയാം. ഭ്രാന്താശുപത്രിയുടെ അഴിക്കുള്ളിൽ നിന്ന് പുറത്തേു വന്ന് സ്വാതന്ത്ര്യം ആഘോഷമാക്കുന്ന കഥാപാത്രമായിരുന്നു കേശു.

താനൊരു കോടീശ്വരനാണെന്നും തന്റെ പണം മുഴുവൻ സ്വന്തം രാജ്യത്തിനു വേണ്ടി മാത്രമേ ചെലവഴിക്കുകയുള്ളുയെന്നും പറഞ്ഞ് ധരിച്ചിരിക്കുന്ന വിദേശനിർമിത വസ്ത്രങ്ങളെല്ലാം പ്രസംഗ വേദിയിൽ നിന്ന് ഊരിയെറിയുന്ന രംഗമെല്ലാം ഇന്നും പൊട്ടിച്ചിരിപ്പിക്കും. വർഷങ്ങൾക്കിപ്പുറം ട്രോളുകളിലൂടെ ഈ കഥാപാത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. 

∙ ജോൺ ഡോൺ ബോസ്കോ

ചിത്രം: പ്രേതം, പ്രേതം 2

jayasurya-in-pretham

സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ മൊട്ടത്തല ഏതെന്ന കാര്യത്തിൽ സംശയം വേണ്ട, അത് ജയസൂര്യയുടെ ജോൺ ഡോൺ ബോസ്കോ തന്നെ. പ്രേതങ്ങളെ പിടിക്കാൻ ഇറങ്ങുന്ന, അൽപസ്വല്പം വട്ടൊക്കെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു മെന്റലിസ്റ്റ് ആയിരുന്നു ജോൺ ഡോണ്‍ ബോസ്കോ. ആളുകളുടെ മനസ്സു വായിക്കാനും ആത്മാക്കളോടു സംവദിക്കാനും കഴിയുന്ന ജോൺ ഡോൺ ബോസ്കോയ്ക്കു വേണ്ടി ഒരുക്കിയ താടിയോടുകൂടിയ മൊട്ട ലുക്ക് ഒരു ട്രെൻഡ് സെറ്ററായിരുന്നു. 2016 ൽ  പുറത്തിറങ്ങിയ പ്രേതത്തിന് 2018ൽ രണ്ടാം ഭാഗം ഇറങ്ങി.

∙ വട്ടോളി പൊറിഞ്ചു

jagathy-as-vattoli

ചിത്രം: ഒളിംപ്യൻ അന്തോണി ആദം

നാഷനൽ ഇന്റർ സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ എട്ടുനിലയിൽ പൊട്ടി തിരിച്ച് സ്കൂളിലേക്ക് മൊട്ടയടിച്ചെത്തുന്ന വട്ടോളി പൊറിഞ്ചുവിന്റെ കഥാപാത്രം ഇന്നും മലയാളികളെ ചിരിപ്പിക്കും. മൊട്ടത്തലയുടെ പിറകിൽ തന്റെ പേരിന്റെ ആദ്യ അക്ഷരമായ ‘V’ എന്നെഴുതി ഫുട്ബോൾ താരങ്ങളുടേതിനു സമാനമായ സ്റ്റൈലിലാണ് വട്ടോളി തിരിച്ചെത്തുന്നത്. നായക കഥാപാത്രത്തോട് മത്സരിക്കുന്ന, മദ്യപിച്ചാൽ ഷർട്ട് ഊരുകയും തെറി പറയുകയും ചെയ്യുന്ന വട്ടോളി സിനിമയുടെ രസച്ചരടുകളിൽ ഒന്നായിരുന്നു. 

∙ മൊട്ടപ്രതിമ / മാൻഡ്രേക്ക്

ചിത്രം: ജൂനിയർ മാൻഡ്രേക്ക്

junior-mantrak

1997 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജൂനിയർ മാൻഡ്രേക്ക്. സിനിമയിലെ പ്രധാന ആകർഷണം ഒരു മൊട്ടത്തലയൻ പ്രതിമ ആയിരുന്നു. ശാപം പിടിച്ച ആ ‘മൊട്ടത്തലയൻ പ്രതിമ’ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനെ ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളും ചില്ലറയൊന്നുമല്ല മലയാളികളെ ചിരിപ്പിച്ചത്. മാൻഡ്രേക്ക് പ്രതിമയും സിനിമയിൽ  ജൂനിയർ മാൻഡ്രേക്കിനെ അവതരിപ്പിച്ച സിദ്ധരാജിന്റെ മൊട്ട കഥാപാത്രവും ഹിറ്റായി. 2010ൽ സിനിമയുടെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ട്രോളുകളിൽ സ്ഥാനം പിടിച്ച് ആ മൊട്ടത്തലയൻ പ്രതിമ ഇന്നും മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.

∙ വിജയൻ ജോസഫ് മുഹമ്മദ്  

ചിത്രം: പഞ്ചവർണ തത്ത

jayaram-in-panchavarna-thatha

2018ൽ പുറത്തിറങ്ങിയ രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ തത്തയിലെ ജയറാമിന്റെ കഥാപാത്രം അടിമുടി വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. വിജയൻ ജോസഫ് മുഹമ്മദ് എന്നു പേരും മൊട്ടയടിച്ച ലുക്കും പ്രത്യേക സംസാരരീതിയുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടി. ജയറാമിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രം തന്നെയായിരുന്നു ‘വിജയൻ ജോസഫ് മുഹമ്മദ്’.

English Summary : Shaved head hairstyle trending

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA