sections
MORE

ഇൻസ്റ്റഗ്രാം കിങ് ‘ഡാൻ ബിൽസേറിയൻ’ ; ആഡംബര ജീവിതത്തിന്റെ അവസാന വാക്ക് !

HIGHLIGHTS
  • ചൂതാട്ട കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേര്
  • ആത്മനിയന്ത്രണമുണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും സമ്പാദിക്കാം
dan-bilzerian-luxury-life-style
SHARE

ആഡംബരത്തിനൊരു അവസാന വാക്കുണ്ടെങ്കിൽ അതിനെ ഡാനിയൽ ബ്രാൻഡൻ ബിൽസേറിയൻ എന്നു വിളിക്കാം. എന്നാല്‍ ഡാനിനെക്കുറിച്ച് അറിയാത്തവർക്ക് ഇതു കേള്‍ക്കുമ്പോൾ നിരവധി സംശയങ്ങളാകും മനസ്സില്‍ നിറയുക. ആരാണയാൾ ? എന്തു ചെയ്യുന്നു ? എന്താണിത്ര ആഡംബരം എന്നിങ്ങനെ നീളും ആ സംശയങ്ങൾ.

മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് ഒരു പ്രമുഖ അമേരിക്കൻ ഫാഷൻ മാധ്യമം ഒരിക്കൽ എഴുതി.

ലൊസാഞ്ചലസിലെയും ലാസ്‌ വേഗസിലെയും ചൂതാട്ട കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേര്, ഹോളിവുഡ് സുന്ദരിമാരുടെയും പ്രമുഖ മോഡലുകളുടെയും കൂട്ടുകാരൻ, യുഎസിലേയും അർമേനിയയിലെയും യുവാക്കളുടെ ആരാധനാ പുരുഷൻ, ദിനം പ്രതി 20000 ൽ പരം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് വർധിച്ചുവരുന്ന, നിലവിൽ 31 മില്യനിൽ അധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം കിങ്.... വിശേഷണങ്ങൾ ഇനിയുമുണ്ട് ഡാൻ ബിൽസേറിയന്. കുപ്രസിദ്ധികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ഇന്റർനെറ്റ് സെലിബ്രിറ്റിയായി വളരുകയും ചെയ്തയാളാണ് ഡാൻ ബിൽസേറിയൻ എന്ന മുപ്പത്തിയൊൻപതുകാരൻ. 

Dan-Bilzerian-4

സിനിമയെ വെല്ലും ‘എൻട്രി’

വർഷം 2013. ലൊസാഞ്ചലസിലെ ഒരു നിശാക്ലബിൽ പോക്കർ (ചൂതാട്ടം) നടക്കുന്നു. ടേബിളിനു ചുറ്റും സ്ഥലത്തെ ചില പ്രമാണിമാർ. പെട്ടെന്ന് ബെറ്റിങ് ടേബിളിലേക്ക് ഒരു മില്യൻ ഡോളർ (ഏകദേശം 7.5 കോടി രൂപ) മൂല്യമുള്ള കോയിനുകൾ വന്നുവീഴുന്നു. രണ്ടു റഷ്യൻ സുന്ദരിമാരുടെ തോളിൽ തൂങ്ങി നടന്നുവരുന്ന ആ യുവാവ് ആരെന്നറിയാൻ എല്ലാവരും തടിച്ചുകൂടി. അയാൾ സ്വയം പരിചയപ്പെടുത്തി ‘‘ഞാൻ ഡാൻ ബിൽസേറിയൻ, ഒരു പാവം ചൂതാട്ടക്കാരൻ’’. ലെസാ‍ഞ്ചലസിലെ പ്രമുഖ ചൂതാട്ടക്കാര്‍ അന്നവിടെയുണ്ടായിരുന്നു. സിനിമാ രംഗങ്ങളെ തോൽപ്പിക്കുന്ന മികവോടെ അവരെയെല്ലാം നിഷ്പ്രഭരാക്കി ഡാൻ അന്നത്തെ മത്സരം തൂത്തുവാരി. അതിൽ പിന്നെ യുഎസിലെ ചൂതാട്ടക്കാരുടെ പേടിസ്വപ്നമായി ആ പേര് വളർന്നു. പണമെറിഞ്ഞ് പണം വാരി ഡ‍ാൻ അവിടെ രാജാവായി വിലസി.

Dan-Bilzerian-2

യുഎസിലെ പ്രമുഖ കോർപറേറ്റ് റൈഡറായ പോൾ ബിൽസേറിയന്റെയും ടെറി സ്റ്റെഫിന്റെയും മൂത്ത മകനായി ജനിച്ച ഡാനിന് ചെറുപ്പത്തിൽ ഒരു നേവൽ ഓഫിസറാകാനായിരുന്നു ഇഷ്ടം. നേവൽ ബേസിൽ ഗ്രാജ്വേഷൻ കോഴ്സിനായി ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. പിന്നീട് അനുജൻ ആഡത്തിനൊപ്പം ഗാംബ്ലിങ്ങും പോക്കറും കളിക്കുന്നതിലായി ശ്രദ്ധ. 2009 ഓടെ പ്രഫഷനല്‍ പോക്കർ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി ഡാൻ മാറി.

Dan-Bilzerian-3

ആഡംബരത്തിന്റെ കൊടുമുടിയിൽ

സ്വന്തമായി കപ്പലുകള്‍, പ്രൈവറ്റ് ജെറ്റ്, ബീച്ചിലേക്ക് തുറന്നു കിടക്കുന്ന എണ്ണമറ്റ കൊട്ടാരങ്ങൾ, ചുറ്റിലും എപ്പോഴും പത്തിൽ കുറയാതെ സുന്ദരിമാർ, എണ്ണിയാലൊടുങ്ങാത്ത ബാങ്ക് ബാലൻസ്... ഒരു അതിമാനുഷ കഥ കേൾക്കുന്ന അമ്പരപ്പോടെയല്ലാതെ ഡാനിന്റെ ജീവിതത്തെക്കുറിച്ച് കേൾക്കാനാകില്ല. മദ്യത്തിൽ കുളിക്കുക, സ്വന്തം കാറുകൾ വെടിവച്ചു തകർക്കുക, ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് മത്സരങ്ങൾ നടത്തി പണം നൽകുക എന്നിങ്ങനെ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങൾ ചെയ്യുന്നതിലാണ് അയാൾ രസം കണ്ടെത്തുന്നത്. സിനിമകളിലെ കാസനോവമാർ പോലും ഡാനിനു മുമ്പിൽ നിഷ്പ്രഭരാകും. ഇതെല്ലാം ചൂതാട്ടത്തിലൂടെയും വാതുവയ്പ്പിലൂടെയും മാത്രം നേടിയതാണെന്നു കേൾക്കുമ്പോള്‍ വീണ്ടും അദ്ഭുതം. എന്നാൽ അച്ഛൻ പോൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നാണ് ഡാൻ മൂലധനം സ്വരൂപിച്ചതെന്നും ആരോപണമുണ്ട്. ‘ആത്മനിയന്ത്രണമുണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും സമ്പാദിക്കാം’ എന്ന തത്വമാണ് വിജയ മന്ത്രം എന്നു ഡാൻ പറയാറുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കണ്ണോടിച്ചവരൊന്നും അങ്ങനെ പറയാൻ ഇടയില്ല..!!

Dan-Bilzerian-5

വിവാദങ്ങളുടെ നായകൻ

ഡാൻ തീരുമാനിക്കുന്നതാണ് അയാളുടെ ജീവിതത്തിലെ നിയമങ്ങൾ. അതുകൊണ്ടുതന്നെ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്. പോക്കറുമായി ബന്ധപ്പെട്ടുണ്ടായ നിരവധി നിയമ നടപടികൾക്കിടയിലും മറ്റു മേഖലകളിലെ വിവാദങ്ങളാണ് കൂടുതൽ ശ്രദ്ധേയം. അതിൽ പ്രധാനം 2014 സിനിമാ വിവാദമാണ്.

സിനിമ അഭിനയത്തോടു പണ്ടേ ആസക്തിയുണ്ടായിരുന്ന ഡാൻ 2014ൽ പുറത്തിറങ്ങിയ ‘ലോൺ സർവൈവർ’ എന്ന ചിത്രത്തിൽ ഒരു വേഷത്തിനായി നിർമാതാക്കൾക്ക് ഒരു മില്യൻ ഡോളർ നൽകി. 8 മിനിറ്റ് സ്ക്രീൻ പ്രസൻസും 80 വാക്കുകളിൽ കുറയാത്ത സംഭാഷണവും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പടം ഇറങ്ങിയപ്പോൾ ഡാനിനെ സ്ക്രീനിൽ കാണിച്ചത് ഒരു മിനിറ്റിൽ താഴെ മാത്രം. ഇതിൽ പ്രതിഷേധിച്ച് ഡാൻ നിർമാതാക്കൾക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസുകൊടുത്തു.

ഡാനിന് ഏറ്റവും കൂടുതൽ (കു)പ്രസിദ്ധി നേടികൊടുത്ത സംഭവമായിരുന്നു ഒരു പോൺ സ്റ്റാറിനെ സ്വിമ്മിങ് പൂളിലേക്ക് എടുത്തെറിഞ്ഞത്. 2014ൽ ഒരു പാർട്ടിക്കിടയിലായിരുന്നു സംഭവം. വീഴ്ചയിൽ തന്റെ കാലൊടിഞ്ഞെന്നും ഇനി അഭിനയിക്കാൻ സാധിക്കില്ലെന്നും കാണിച്ച് അവർ കേസ് കൊടുത്തു. കോടികൾ നഷ്ടപരിഹാരം നൽകിയാണ് ഡാൻ അതിൽനിന്ന് ഊരിപ്പോന്നത്.

അതേ വർഷം തന്നെ നിശാ ക്ലബിൽ വച്ച് ഒരു മോഡലിന്റെ മുഖത്തു ചവിട്ടിയതിന്റെ പേരിലും ഡാനിനു കോടതി കയറേണ്ടിവന്നു. തന്റെ കാമുകിയെ ഉപദ്രവിക്കാൻ നോക്കിയ മോഡലിനെ പ്രതിരോധിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു ഡാൻ അതിനു നൽകിയ വിശദീകരണം. എന്നാൽ ഇവർ രണ്ടുപേരും ഡാനിന്റെ കാമുകിമാർ ആയിരുന്നെന്നാണ് പിന്നീടറിഞ്ഞത്.

മയക്കമരുന്നും രോഗങ്ങളും

മയക്കുമരുന്നുകൾ ഡാനിന് എന്നുമൊരു ദൗർബല്യമായിരുന്നു. അതിന്റെ അമിതോപയോഗവും ചിട്ടയില്ലാത്ത ജീവിതരീതിയും ഡാനിന് പല ആരോഗ്യ പ്രശ്നങ്ങളും നൽകിയിട്ടുണ്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 25 വയസ്സിനുള്ളിൽ ഡാൻ രണ്ടുതവണ ഹൃദയാഘാതം നേരിട്ടു. മൈക്കൽ ജാക്സനെ ചികിത്സിച്ചിരുന്ന ഡോക്ടർ കോൺറഡ് മുറെയായിരുന്നു ഡാനിനെയും ചികിത്സിച്ചത്. പൾമണറി എംബോളിസം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഡാനിനെ അലട്ടുന്നുണ്ട്.

എന്നാൽ ഇതൊന്നും ഡാനിൽ യാതൊരുവിധ മാറ്റവും ഉണ്ടാക്കുന്നില്ല. അത്യാഡംബര ജീവിതശൈലി തുടർന്ന് ഇപ്പോഴും അമേരിക്കയിലെ യുവാക്കളുടെ സ്വപ്ന നായകനായി ഡാൻ ജീവിതം ആഘോഷമാക്കുകയാണ്.

English Summary : Dan Bilzerian Luxurious lifestyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA