sections
MORE

കേരളത്തിലും ജനപ്രീതി നേടി ഡിസൈനർ മാസ്ക്കുകൾ

fashion-masks-are-gaining-popularity
SHARE

പരസ്പരം കാണുമ്പോൾ ഒരു പുഞ്ചിരി പോലും കൈമാറാൻ കഴിയാത്ത കോവിഡ്19 കാലത്ത് ആദ്യം കണ്ണുടക്കുക മുഖത്തെ മാസ്കിൽ തന്നെ. വൈറസ് ഭീതി പൂർണമായും വിട്ടൊഴിയും വരെ മുഖാവരണം ധരിക്കുന്നതു ജീവിതശൈലിയാകുമ്പോൾ അൽപം ഫാഷനബിൾ ആകുന്നതല്ലേ നല്ലത്. സ്റ്റൈലും ട്രെൻഡും വേണമെന്നു നിർബന്ധമില്ലാത്തവർ പോലും ഏതാനും മണിക്കൂറുകളുടെ ഉപയോഗശേഷം ഒഴിവാക്കേണ്ട ‘പച്ച‌യും നീലയും’ മാസ്കുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല. മാലിന്യപ്രശ്നം സൃഷ്ടിക്കാത്ത കോട്ടൺ മാസ്കുകളിലേക്ക് ഏറെപ്പേരും മാറിക്കഴിഞ്ഞു. കഴുകി ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്കുകള്‍ ധരിക്കാനും സുഖപ്രദം. ഇനി യാത്രകളിലും ജോലി സ്ഥലത്തുമെല്ലാം മാസ്ക് സന്തതസഹചാരിയാകുമ്പോൾ വസ്ത്രങ്ങൾ പോലെ മാസ്കിന്റെ നിറത്തിലും പ്രിന്റിലും ചിത്രത്തുന്നലുകളിലും ശ്രദ്ധിക്കാം.

മാസ്കിൽ കൂടുതൽ അലങ്കാരങ്ങൾ അസൗകര്യമാണെങ്കിലും ചെറിയ പ്രിന്റുകളും എംബ്രോയ്ഡറിയും പുതുമ നൽകും. ഇത്തരത്തിലുളള മാസ്കുകളുമായി ഡിസൈനർമാരും രംഗത്തുണ്ട്. 

പൂക്കൾ, പ്രിന്റുകൾ

കോവിഡ് പ്രതിരോധ രംഗത്തുളളവർക്കും മാസ്ക് വാങ്ങാൻ കഴിയാത്തവർക്കും സൗജന്യമായി വിതരണം ചെയ്യാൻ വേണ്ടിയാണ് രേവതി ഉണ്ണിക്കൃഷ്ണൻ തന്റെ ബുത്തീക്കിലെ തുണികൾ വെട്ടിയൊരുക്കിയത്. സസ്റ്റെനബിൾ ഫാഷൻ പിന്തുടരുന്നതിനാൽ രേവതിയുടെ ‘ജുഗൽബന്ദി’ ബ്രാൻഡ് ഉപയോഗിക്കുന്നതു കോട്ടൺ തുണികൾ മാത്രം. ഡിസൈനർ അനാർക്കലിയുടെയും ഡ്രസുകളുടെയുമെല്ലാം കട്ട്പീസുകൾ വെറുത കളയാതെ വ്യത്യസ്തമായി ഉപയോഗപ്പെടുത്താറുള്ള രേവതി പിന്നെ കൂടുതൽ ചിന്തിച്ചില്ല, പക്ഷേ ചെറിയൊരു സംശയമുണ്ടായി, പ്രിന്റഡ് മാസ്കുകൾ ആളുകൾക്ക് ഇഷ്ടപ്പെടാതെ വരുമോ? എങ്കിലും രോഗപ്രതിരോധത്തിനുള്ള മാർഗമെന്ന നിലയിൽ കൂടുതൽ പേര്‍ മാസ്ക് ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

mask-fashion-trend

കോട്ടൺ തുണിയിലെ പ്രിന്റഡ് മാസ്കുകൾക്ക് പക്ഷേ ആവശ്യക്കാരേറെയുണ്ടായി. സൗജന്യമായി വേണ്ട, വില നൽകി വാങ്ങാമെന്നു പറഞ്ഞാണ് പലരും വിളിച്ചത്. യഥാർഥ ആവശ്യക്കാർക്ക് സൗജന്യമായി നൽകാനും മറ്റുള്ളവർക്ക് 10 രൂപ വിലയീടാക്കി നൽകാനും തുടങ്ങി. പിന്നീടാണ് അൽപം കൂടി വ്യത്യസ്തമാക്കാൻ ചെറിയ പൂക്കളും ഇലകളും തുന്നിച്ചേർത്തത്. സിംപിൾ ആകണമെന്നുള്ളവർക്ക് ഫ്രഞ്ച് നോട്ടും കാന്ത സ്റ്റിച്ചും ലെയ്സി ഡെയ്സിയും ഉൾപ്പെടുത്തിയ മാസ്കും ഒരുക്കി. ഇവയെല്ലാം മൂന്നുലെയർ ആയി ചെയ്ത മാസ്കുകളാണ്. ഇതിനു വില 50. കുട്ടികൾക്കുള്ള മാസ്കുകളും ചെയ്യുന്നുണ്ട്.

variety-design-mask

കുട്ടികൾക്ക് കാർട്ടൂൺ മാസ്ക്

മാസ്ക് വയ്ക്കാൻ മടിയുള്ള വികൃതികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളും സ്മൈലികളും അലങ്കാരങ്ങളും തുന്നിപ്പിടിച്ചു മനോഹരമാക്കിയ മാസ്കുകളുമുണ്ട്. നെട്ടുരിലെ ‘ലാസ് ഡിസൈൻസ്’ ബുത്തിക്ക് ഉടമ ഷെൽസിയ ജൂഡ് മാസ്കുകൾ ഒരുക്കിയത് ആവശ്യക്കാർക്ക് സൗജന്യമായി നൽകാൻ വേണ്ടിയാണ്. കയ്യിലുള്ള കട്പീസുകളും തുണിത്തരങ്ങളും ഉപയോഗിച്ച് മുതിർന്നവർക്കുള്ള സൗജന്യ മാസ്കുകളാണ് ആദ്യമൊരുക്കിയത്. പിന്നീട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് കുട്ടികൾക്കായി സ്പെഷൽ മാസ്കുകൾ ചെയ്തത്. കണ്ണും മൂക്കുമുള്ള നാവു പുറത്തേക്കു നീട്ടുന്ന കുസൃതി മാസ്കുകളും ചിത്രത്തുന്നലുകളും ഉള്ള മാസ്കുകൾക്കൊപ്പം സ്റ്റേ ഹോം സേഫ് എന്ന് തുന്നിയെടുത്ത മാസ്കും ഷെൽസിയ ഒരുക്കിയിട്ടുണ്ട്. വില 60 രൂപ. 

ഖാദി, കൈത്തറി

ഖാദി, കൈത്തറി തുണിയിൽ ഒരുക്കിയ മാസ്കുകളും വിപണിയിലുണ്ട്. ധരിക്കാൻ സുഖപ്രദമായ ഈ മാസ്കുകൾക്കും ആവശ്യക്കാരേറെയുണ്ട്.

English Summary : Fashion mask gaining popularity in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA