sections
MORE

വർണപ്പെട്ടി തുറന്ന് ഡെയ്സി അമ്മൂമ്മ; ലോക്ഡൗണിൽ പേരക്കുട്ടികളുടെ സൂപ്പർസ്റ്റാർ !

grandmother-daisy-lock-down-activities
SHARE

പ്രതിസന്ധികൾ നൽകി കോവി‍ഡ് കാലത്ത്, മറന്നു പോയതിനേയും മാറ്റി വെച്ചതിനേയും തിരിച്ചു പിടിച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് മനുഷ്യർ. കൊച്ചു കുട്ടികളും യുവാക്കളും മാത്രമല്ല മുത്തശ്ശിമാരും മുത്തച്ഛൻമാരുമൊക്കെ ലോക്ഡൗണിൽ താരങ്ങളാവുന്നുണ്ട്. തൃശൂർ ചേർപ്പ് സ്വദേശിനി ഡെയ്സി അമ്മൂമ്മ തന്റെ വർണപ്പെട്ടി തുറന്നാണ് ഇക്കാലം പിന്നിടുന്നത്. ഗെയിമുകളും മൊബൈലും നൽകിയ രസച്ചരട് ദിവസങ്ങൾ പിന്നിട്ടപ്പോള്‍ മുറിഞ്ഞതോടെ ദുഃഖിച്ചിരിക്കുകയുമായിരുന്ന പേരക്കുട്ടികൾക്ക് മുന്നിലാണ് 86കാരി അമ്മൂമ്മയുടെ വർണ വിസ്മയം.

വെള്ളത്തുണികൾ തൂവാല വലുപ്പത്തിൽ വെട്ടിയെടുത്ത്, അതിന്റെ അരികിലൂടെ നൂലും സൂചിയുമായി അമ്മൂമയുടെ കൈകൾ ഓടി നടക്കും. എല്ലാം കഴിയുമ്പോൾ സുന്ദരമായ തൂവാല റെ‍‍ഡി ! കാഴ്ചയിലെ ഭംഗിയേക്കാൾ ഓർമകളുടെ സുഖവും മനസ്സിന്റെ സംതൃപ്തിയുമാണ് ഡെയ്സി അമ്മൂമയ്ക്ക് ഇത്. പാവാട പ്രായത്തിൽ ചെയ്തു തുടങ്ങിയതാണ് തുന്നൽ. അന്ന് ഡെയ്സിയുടെ കയ്യിൽ കിട്ടുന്ന തുണിയിലെല്ലാം പൂവും പൂമ്പാറ്റയും നിറയും. പഴയ തുണികൾക്ക് പുത്തൻ ഭാവം നൽകുമ്പോൾ അഭിനന്ദനങ്ങളുമായി അമ്മ റോസ അടുത്തുണ്ടാകും. ക്രോഷ്യ സൂചികളിൽ നൂലു കോർത്ത് തുന്നുമ്പോൾ ആ ഓർമകൾ ഇന്നും ഡെയ്സി അമ്മൂമ്മയെ തേടി എത്തുന്നു.

ഭർത്താവ് കുന്നത്ത് ആന്റോയുടെ അഞ്ചു വർഷം മുമ്പുള്ള വിയോഗം അമ്മൂമ്മയെ മാനസികമായി തളർത്തി. ഓടിച്ചാടി നടന്നിരുന്ന ആൾ ഒതുങ്ങിക്കൂടാൻ തുടങ്ങി. അതോടെ ആ വർണപ്പെട്ടിയും അടഞ്ഞിരിപ്പായി. എന്നാല്‍ ഈ ലോക്ഡൗണിൽ മനസ്സു മടുത്തിരുന്ന പേരക്കുട്ടികളെ കണ്ടപ്പോൾ ഡെയ്സി അമ്മൂമ്മ നൂലും സൂചിയും സൂക്ഷിച്ച നിധിപ്പെട്ടി വീണ്ടും തുറക്കുകയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച്, പഴയ ഊർജസ്വലതയോടെ ഡെയ്സി അമ്മൂമ്മയുടെ കൈകൾ സൂചിയുമായി തുണികളിലൂടെ കുതിച്ചു പാഞ്ഞു.

അമ്മൂമ്മ സമയം ചെലവിടുമ്പോൾ അതിന്റെ ഫലം മനോഹരമായ തൂവാലകൾ. അതോടെ പേരക്കുട്ടികൾക്ക് അമ്മൂമ്മ സൂപ്പർസ്റ്റാറായി. തുന്നൽ പഠിക്കാൻ അവർ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ‘‘മക്കളേ ഇതു പഠിക്കാൻ താല്‍പര്യം വേണം, പിന്നെ ക്ഷമയും. പഴയ പോലെയല്ല ഡിസൈനൊക്കൊ യൂട്യൂബിൽ നിന്ന് കിട്ടുമല്ലോ അല്ലേ’’ – ഒരു ന്യൂജൻ ഉപദേശവും അമ്മൂമ്മ പേരക്കുട്ടികൾക്ക് നൽകി.

വിൻസി, ജോയ്സി, ജോസ്, റോബ്സൺ, ജെയിംസ്, ജാൻസി, ഫേൻസി എന്നിങ്ങനെ 7 മക്കളുണ്ട് ‍ഡെയ്സി അമ്മൂമ്മയ്ക്ക്. പേരക്കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും തുന്നൽ പഠിപ്പിച്ചുമൊക്കെ ഈ കാലം പിന്നിടുകയാണ് അമ്മൂമ്മ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA