ADVERTISEMENT

ലോക്ഡൗൺ പ്രതിന്ധി മറികടക്കാനായി സാഹചര്യം ആവശ്യപ്പെടുന്ന മാറ്റങ്ങൾ പലയിടങ്ങളിലുമുണ്ടായി. വിവാഹവേദികളും അത്തരം മാറ്റങ്ങൾക്കു സാക്ഷിയായി. ആളുകളുടെ എണ്ണം കുറച്ച്, ലളിതമായി ചടങ്ങുകളോടെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. ഇതോടൊപ്പം വിവാഹമാലകളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആവശ്യമായ പൂവ് ലഭിക്കാതെ വന്നതോടെ രാമച്ചവും പച്ചിലകളുമൊക്കെ വിവാഹമാലകളിൽ സ്ഥാനം നേടിയിരിക്കുകയാണ്.

അത്തരത്തിൽ രാമച്ചം കൊണ്ടു വിവാഹ മാലകൾ നിർമിച്ചു നൽകി വരുമാനം ഉണ്ടാക്കുകയാണ് 75 കാരി ഇന്ദിരാമ്മ. വിവാഹ സീസൺ ആയതിനാൽ പലരും മാല ബുക്ക് ചെയ്തിരുന്നു. എന്നാൽ നിനച്ചിരിക്കാതെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പൂവ് ലഭിക്കാതായി. വിവാഹത്തിനു കൃത്യസമയത്തു മാല എത്തിച്ചു കൊടുക്കാൻ മറ്റുവഴി ഇല്ലാതെ വന്നപ്പോഴാണു രാമച്ചംകൊണ്ടു മാല നിർമിക്കാൻ തീരുമാനിച്ചത്. ഈ വേറിട്ട നിർമാണം ക്ലച്ച് പിടിക്കുകയും ചെയ്തു. 90ളം വിവാഹങ്ങള്‍ക്കു വേണ്ടി 180ളം മാലകൾ ഇന്ദിരാമ്മ ഇതുവരെ ഒരുക്കി.

പണ്ടുമുതല്‍ രാമച്ചമാലകൾ ഉണ്ടായിരുന്നു. എന്നാൽ കെട്ടി എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും സമയനഷ്ടവും  ലാഭം കുറവായതും രാമച്ച മാലയുടെ പ്രാധാന്യം കുറച്ചു. ഒരു കിലോ രാമച്ചത്തിന് ഇപ്പോഴത്തെ വില 200 രൂപയാണ്. എട്ടു കിലോ രാമച്ചമെങ്കിലും വേണം ഒരു മാല കെട്ടി എടുക്കാൻ. രാമച്ചം വൃത്തിയാക്കി എടുക്കുമ്പോൾ പകുതി മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്.

രണ്ടു മണിക്കൂർ വേണം മാല കെട്ടിഎടുക്കാൻ. കെട്ടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് രാമച്ചം വൃത്തിയാക്കിയെടുക്കുന്നതിനെന്ന് ഇന്ദിരാമ്മ പറയുന്നു. ചുവടു കളഞ്ഞു, കഴുകി ഉണക്കി, മുറിച്ചെടുക്കുന്നതിനു വളരെ സമയവും അധ്വാനവും ആവശ്യമാണ്. പിന്നീടു രാമച്ചം വിടർത്തിയെടുത്തു മുറുക്കിക്കെട്ടണം. അരമണിക്കൂറോളം വെള്ളത്തിലിട്ടുവച്ച് നിറം നഷ്ടപ്പെടാതെ കഴുകി ഉണക്കിയെടുക്കുകയാണു ചെയ്യുന്നത്. കൊച്ചുമകന്റെ സഹായത്തോടെയാണു മാല ഒരുക്കുന്നത്. തിരുവല്ല പെരിങ്ങര ശ്രീ വിനായക ഫ്ലവേഴ്സ് ഉടമയാണ് ഇന്ദിരാമ്മ. 

vetiver-garland-2

സൂക്ഷിച്ചുവച്ചാലും ഉപയോഗശൂന്യമായി പോകാത്തതിനാൽ രാമച്ചം നേരത്തെ കരുതിവച്ചിരുന്നു. ചങ്ങനാശേരി ചന്തയിൽ നിന്നാണു രാമച്ചം എടുക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ച് ഇപ്പോഴും കല്യാണങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ രാമച്ചമാലയ്ക്കു നല്ല ഡിമാൻഡാണ്. 1500 മുതൽ 3000 വരെയാണ് ഒരു സെറ്റ് മാലയ്ക്കു വില. 

വര്‍ഷങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം

ലോക്ഡൗൺ കാലത്തു കല്യാണങ്ങൾക്കു രാമച്ചമാല വാങ്ങുന്നവർ വലിയ സന്തോഷത്തിലാണ്. 20– 25 വർഷത്തിലധികം രാമച്ചമാല കേടുകൂടാതെ ഇരിക്കുമെന്ന് ഇന്ദിരാമ്മ പറയുന്നു. കല്യാണസാരിയും ആഭരണങ്ങളും സൂക്ഷിക്കുന്നതു പോലെ രാമച്ചമാലയും സൂക്ഷിച്ചുവയ്ക്കാം. ദീർഘകാലം കേടുകൂടാതെ ഇരുക്കുമെന്നതുമാത്രമല്ല, ഒൗഷധഗുണവും രാമച്ചത്തിനുണ്ട്. സുരക്ഷിതമാണെന്നതിനാൽ പലരും രാമച്ചമാലയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ മാലകെട്ടി നൽകുന്നത് ഇന്ദിരാമ്മയാണ്. വർഷങ്ങളായുള്ള ഈ ശീലം ലോക്ഡൗൺ കാലത്തും മുടങ്ങാതെ തുടരുന്നു. ഇതിനായി വീട്ടിൽ ചെറിയ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ചെത്തി, ചെമ്പരത്തി, തുളസി, നന്ത്യാർവട്ടം തുടങ്ങിയ പൂക്കളെല്ലാം വീട്ടുമുറ്റത്തു തന്നെയുണ്ടെന്ന്  പെരിങ്ങര പേരകത്ത് ഇന്ദിരാമ്മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com