ഇലയിൽ പുഞ്ചിരിച്ച് പിണറായിയും ഗാന്ധിജിയും; ലോക്ഡൗണിൽ ഹിറ്റായി ജോബിയുടെ ലീഫ് ആര്‍ട്ട്

pinarayi-shailaja-leaf-art-by-jobilal
SHARE

കൊറോണ വൈറസ് എല്ലാവരെയും ലോക്ഡൗണാക്കി വീട്ടിൽ ഇരുത്തിയപ്പോഴാണു പലരുടെയും കഴിവുകൾ പുറത്തുവന്നത്. പാട്ടും പാചകവും നൃത്തവും ചിത്രംവരയുമെല്ലാം വഴങ്ങുമെന്നു നിരവധി മലയാളികൾ തെളിയിച്ച കാലം. ലോക്ഡൗണ്‍ കാലത്തെ കലാവിരുതുകളില്‍ കയ്യടി നേടുകയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ ജോബി ലാലിന്റെ ലീഫ് ആര്‍ട്ടും. കാഴ്ചയില്‍ നിസാരമായി തോന്നുന്ന പച്ചിലയാണു ജോബിയുടെ കാൻവാസ്.

ആദ്യം തയാറാക്കിയതു ഗാന്ധിജിയുടെ ചിത്രമാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അഭിനന്ദനങ്ങള്‍ കിട്ടിയപ്പോഴാണു മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചത്. അതും ഹിറ്റായി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ശ്രീനാരായണ ഗുരു തുടങ്ങിയവർ തുടിക്കുന്ന ചിത്രങ്ങളായി ഇലയിൽ വിരിഞ്ഞപ്പോൾ ഏവർക്കും കൗതുകം. ഏറെ സൂക്ഷ്മതയും ക്ഷമയും വേണ്ടതാണു ലീഫ് ആർട്ടെന്നും മണിക്കൂറുകൾ എടുത്താണ് ഓരോ ചിത്രവും പൂർത്തിയാക്കുന്നതെന്നും ജോബി പറയുന്നു.

jobeelal

ലീഫ് ആര്‍ട്ടിനു തിരഞ്ഞെടുക്കുന്ന ആളുടെ ഫോട്ടോ സ്‌റ്റെന്‍സില്‍ ചെയ്ത് ഇലയില്‍ വരച്ചെടുക്കുന്നതാണ് ആദ്യപടി. മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്തെടുക്കും. കണ്ണടഞ്ഞാലോ കൈ തെറ്റിയാലോ ഇല കീറും, രൂപം നഷ്ടപ്പെടും. പിന്നെ ആദ്യം മുതൽ വീണ്ടും ചെയ്യേണ്ടിവരും. ആഞ്ഞിലിയുടെ ഇലയാണ് പൊതുവെ ഉപയോഗിക്കുന്നത്. ആലിലയിലും പ്ലാവിലയിലും പ്രത്യേക രീതിയില്‍ ഉണക്കിയെടുക്കുന്ന മറ്റിലകളിലും ചിത്രമൊരുക്കാറുണ്ട്.

soap-art

ഇന്റർനെറ്റ് നോക്കിയും മറ്റും സ്വയം പഠിച്ചെടുത്തതാണു ലീഫ് ആർട്ട്. കാർട്ടൂണും ചിത്രംവരയും ഇഷ്ടപ്പെടുന്ന ജോബി, നാട്ടുകാരുടെ പ്രിയപ്പെട്ട മജീഷ്യൻ കൂടിയാണ്. അധികമാരും ചെയ്തിട്ടില്ലാത്ത കലാരൂപമായ സോപ്പിൽ മുടി കൊണ്ടുള്ള ആർട്ടും പരീക്ഷിച്ചു. ഭാര്യ പ്രസീതയും മക്കളായ അളകനന്ദയും കൃഷ്ണേന്ദുവും വലിയ പ്രോത്സാഹനമാണു ജോബിക്കു നൽകുന്നത്.

English Summary: CM Pinarayi Vijayan, KK Shailaja in Leaf Art by Jobilal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA