വണ്ടിക്ക് കൈകാണിച്ചാൽ സുരേഷ് പറയും: ‘അനിയാ... നിൽ’... ആദ്യം കൈ കഴുകൂ, പിന്നെയാകാം സവാരി

SHARE

‘സുരേഷണ്ണാാാാ...ഒന്ന് കഴക്കൂട്ടം വരെ..’ എന്നു പറഞ്ഞ് സുരേഷിന്റെ ഒാട്ടോയിൽ കയറിയാൽ സുരേഷ് പറയും ‘അനിയാ... നിൽ’. ആദ്യം കൈ കഴുകാൻ പറയും, പിന്നെ ഒാട്ടോയിൽ കയറ്റി പറയുന്ന സ്ഥലത്ത്  കൊണ്ടു വിടും. കോവിഡ് പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പ് അനുശാസിക്കുന്ന എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കി മാതൃകയാവുകയാണ് തിരുവനന്തപുരം പേട്ടയിലെ ജനമൈത്രി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സുരേഷ് കുമാർ. രണ്ടു മാസമായി തുടരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളാൽ ഒാട്ടോ ജീവനക്കാരുടെ ജീവിതം ദുസ്സഹമായി. പലരുടെയും വാഹനവായ്പാ തവണ മുടങ്ങിയതും കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ വാഹനങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ ഏറ്റുവമധികം ആശ്രയിക്കുന്നത് ഒാട്ടോറിക്ഷകളെയാണ്. പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുന്നതിനാൽ മുൻകരുതൽ എടുക്കാൻ തീരുമാനിച്ച സുരേഷ് തന്റെ ആകുലത എൻജീനിയറിങ് വിദ്യാർഥിയായ മകൻ അഖിലുമായി പങ്കുവച്ചു. അഖിലിന്റെ ആശയമാണ് ഒാട്ടോയിലെ കൈകഴുകൽ സംവിധാനം.

സവാരി പോകാൻ സുരേഷിനു ചില ചിട്ടവട്ടങ്ങളുണ്ട്. യൂബർ ഗോ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാരോട് എത്ര ആളുകളുണ്ടെന്നു തിരക്കും. പരമാവധി രണ്ടു പേരെ മാത്രമേ സുരേഷ് ഒരു യാത്രയിൽ കയറ്റൂ. യാത്രക്കാരൻ ആദ്യം കൈ കഴുകണം. അതിനുള്ള വെള്ളവും സോപ്പും ഓട്ടോയിൽ റെഡിയാണ്. ഒരു മീറ്റർ നീളവും നാലിഞ്ചു വ്യാസവുമുള്ള പിവിസി പൈപ്പ്, അതിന്റെ  മുകളിലും താഴെയും രണ്ട് അടപ്പ്, ഒരു ടാപ്പ്, ഒന്നര ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്ക്. വെള്ളം തീരുമ്പോൾ വീണ്ടും ടാങ്ക് നിറയ്ക്കും. കഴുകിയശേഷം സാനിറ്റെസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കണം. മാസ്ക് ധരിക്കാത്ത ആരെയും സുരേഷ് ഒാട്ടോയിൽ കയറ്റില്ല. അത്യാവശ്യമായി ഓടി വരുന്നവരോട് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാൻ സുരേഷ് നിർദേശിക്കും.

ഓരോ യാത്രക്കാരനും ഇറങ്ങിക്കഴിഞ്ഞാൽ യാത്രക്കാരൻ തൊടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അണുനാശിനി സ്പ്രേ ചെയ്ത് അണുവിമുക്തമാക്കും. പണം കൈപ്പറ്റുമ്പോൾ കൊറോണ പകരില്ലേ എന്ന ആശങ്കയ്ക്കും സുരേഷിനു പ്രതിവിധിയുണ്ട്. സ്മാർട് ഫോണിൽ ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്തു ‘ഡിജിറ്റൽ പേമെന്റ്’ നടപ്പാക്കി. സാമൂഹിക പ്രതിബന്ധതയിൽ സുരേഷ് മുൻപുതന്നെ മാതൃകയാണ്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക് പോകുന്ന നിർധനരായ രോഗികൾക്ക് സുരേഷും കൂട്ടുകാരും ചേർന്ന് സൗജന്യയാത്രയും ഒരുക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധിയിലും സുരേഷ് പറയുന്നു – ഇൗ കാലവും കഴിഞ്ഞു പോകും, കൊറോണയെ നാം തോൽപിക്കും.

English Summary : Suresh Kumar's autorickshaw is equipped with hand wash facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA