ADVERTISEMENT

കൊറോണ വൈറസ് വ്യാപനവും അതേതുടർന്ന് മാസങ്ങളായി നീണ്ടുനിൽക്കുന്ന ലോക്ഡൗണും ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് നാടകരംഗം. നാടകങ്ങൾക്ക് ഏറ്റവുമധികം വേദി ലഭിക്കുന്ന ഉത്സവകാലം ലോക്ഡൗണിനെ തുടർന്ന് ഇല്ലാതായതോടെ നാടക കലാകാരന്മാരും ആശങ്കയിലാണ്. ഈ അവസരത്തിൽ നാടകരംഗത്തിന് പുത്തൻ ഉണർവേകാൻ ഓൺലൈനിൽ അരങ്ങൊരുക്കുകയാണ് കണ്ണൂരിലെ ‘ഭുവി നാടക വീട്’. 35 വർഷങ്ങളായി നാടകരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന രാധൻ കണ്ണപുരം, മിനി രാധൻ എന്നീ ദമ്പതികളാണ് ഭുവി നാടക വീട് എന്ന പേരിൽ നാടക പ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

2020ന്റെ തുടക്കത്തിൽ ‘ആദം ഹാജി’ എന്ന രണ്ടാൾ നാടകം അരങ്ങിലെത്തിക്കുന്നതിന് വേണ്ടിയാണ് ഭുവിനാടക വീട് എന്ന പേരിൽ സമിതി രൂപീകരിച്ചത്. എന്നാൽ ലോക്ഡൗൺ ആരംഭിച്ചശേഷം നാടക മേഖല സ്തംഭിച്ചതോടെ കേരളത്തിലെ വിവിധഭാഗങ്ങളിലുള്ള പ്രവർത്തകർക്ക് നാടകങ്ങളെകുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓൺലൈൻ കൂട്ടായ്മയായി ഭുവി രൂപപ്പെടുകയായിരുന്നു. വാട്സാപ്പ്  കൂട്ടായ്മയായി ആരംഭിച്ച ഭുവിയിൽ ഇപ്പോൾ കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി നാടക സമിതികൾ അംഗങ്ങളാണ്.

നാടകങ്ങൾ അവതരിപ്പിക്കാൻ സാധിക്കാതെ വന്നതോടെ മാനസിക പിരിമുറുക്കത്തിലായ, ഈ രംഗം ഉപജീവനമാർഗമാക്കിയ കൂട്ടായ്മയിലെ അംഗങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നാടക വീട് ഒരുക്കുന്നത്. ഓൺലൈൻ നാടകമത്സരമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് രണ്ട് മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യത്തിൽ അഞ്ച് പേർ ഉൾപ്പെടുന്ന നാടകങ്ങളുടെ മത്സരം എന്ന രീതിയിലാണ് അത് സംഘടിപ്പിച്ചത്. വിവിധ സമിതികളും വ്യക്തികളും ഒരുക്കിയ 40 നാടകങ്ങളാണ് ഈ ഓൺലൈൻ നാടക മത്സരത്തിൽ പങ്കെടുത്തത്. ഇതിനുപുറമേ നാടകവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഈ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും ഒക്കെയായി സജീവമാണ് ആണ് കൂട്ടായ്മ.

പ്രശസ്ത നാടക രചയിതാക്കളായ ഇബ്രാഹിം വേങ്ങര, ജയൻ തിരുമന, ഹേമന്ത് കുമാർ, നാടക സംവിധായകനായ രാജീവൻ മംപിള്ളി തുടങ്ങി നാടക നിർമ്മാണ മേഖലയിലും സാങ്കേതിക മേഖലയിലും പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും കൂട്ടായ്മയുടെ ഭാഗമാണ്. നാടകാഭിനയത്തിൽ നിരവധി തവണ സംസ്ഥാന അവാർഡ് ജേതാക്കളായ രാധൻ കണ്ണപുരം, മിനി രാധൻ എന്നീ ദമ്പതികൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആദം ഹാജി എന്ന നാടകം ഓണത്തിന് മുമ്പായി അരങ്ങിൽ എത്തിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കൂട്ടായ്മയിലെ അംഗങ്ങൾ.

ലോക്ഡൗണിന് ശേഷവും ഭുവിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടരാനാണ് തീരുമാനം. നാടക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി ഭാവിയിൽ ഭുവി നാടക വീട് ഒരു നാടക കളരിയായി മാറ്റുന്നതിനും പദ്ധതി ഉള്ളതായി രാധൻ കണ്ണപുരം പറയുന്നു.  വരുന്ന കാലത്ത് നാടകങ്ങൾക്ക് വേദി ലഭിക്കുമോ എന്ന ആശങ്കയാണ് കൂട്ടായ്മയിലെ അംഗങ്ങൾ പങ്കുവയ്ക്കുന്നത്. നാടകങ്ങൾക്ക് ഓൺലൈൻ വേദികൾ ഒരുക്കുക എന്ന നൂതന ആശയത്തിലൂടെ മറ്റു കലാരംഗങ്ങൾ പോലെ തന്നെ നാടക മേഖലയെയും പിടിച്ചുനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com